Representative Image | Photo: Canva.com
വേനല്‍ക്കാലം മാമ്പഴക്കാലം കൂടിയാണ്. തേന്‍ കിനിയുന്ന മധുരമുള്ള മാമ്പഴത്തിന്റെ സ്വാദ് ഇഷ്ടമല്ലാത്തവര്‍ കുറവാണ്. നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുക മാത്രമല്ല, അനേകം ആരോഗ്യനേട്ടങ്ങളുമുണ്ടിതിന് എന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍. മാങ്ങ കഴിക്കുന്നത് മുഖക്കുരുവുണ്ടാക്കും, ശരീരഭാരം വര്‍ധിപ്പിക്കും മുതലായ ധാരണകള്‍ മൂലം ഇത് ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍, മിതമായ അളവില്‍ കഴിക്കുമ്പോള്‍ മാമ്പഴം നല്‍കുന്ന ആരോഗ്യനേട്ടങ്ങള്‍ അനവധിയാണ്. അതിനാല്‍, ഈ വേനല്‍ക്കാലത്ത് സന്ദേഹങ്ങളേതുമില്ലാതെ മാമ്പഴം കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍.
കുറച്ചുകാലമായി ആളുകളുടെ ഭക്ഷണത്തിലെ തിരഞ്ഞെടുപ്പ് മൊത്തത്തില്‍ ട്രാക്ക് മാറുന്നതായാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. നാരുള്ള ഭക്ഷണമെന്ന് പറഞ്ഞാല്‍ നേരെ ഓട്‌സിലേക്കാണ് ആളുകള്‍ തിരിയുന്നത്. പോളിഫെനോളുകള്‍ക്ക് ഗ്രീന്‍ ടീയാണ് മികച്ച ഓപ്ഷനായി തിരഞ്ഞെടുക്കുക. അതുപോലെ, ഭക്ഷണത്തില്‍ ആന്റി-ഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞാല്‍ ഉടന്‍ ഡാര്‍ക്ക് ചോക്കളേറ്റിന്റെ പിന്നാലെ പോകും. എന്നാലിവയെല്ലാം ഒന്നിച്ചുലഭിക്കുന്ന പ്രകൃതിദത്തമായ ഫലമാണ് മാങ്ങ.
മാങ്ങയിലടങ്ങിയിരിക്കുന്ന നാര്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ സി, ഫോളേറ്റ്, കോപ്പര്‍, വിറ്റാമിന്‍ ബി-6, വിറ്റാമിന്‍ ഇ, പൊട്ടാഷ്യം തുടങ്ങിയവ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകങ്ങളാണ്.
മാങ്ങയുടെ ആരോഗ്യനേട്ടങ്ങള്‍:
ശരീരഭാരം കുറയ്ക്കാന്‍ നോക്കുമ്പോള്‍ പലരും മാങ്ങ ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാല്‍, സത്യത്തില്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. മാങ്ങയിലടങ്ങിയിരിക്കുന്ന നാര് നമ്മുടെ മൊത്തത്തിലുള്ള കലോറി ഉപയോഗം കുറയ്ക്കുകയും വേണ്ട ന്യൂട്രിയന്റുകള്‍ ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, വളരെ കുറച്ച് കലോറി മാത്രമടങ്ങിയിരിക്കുന്ന ഒരു പഴവര്‍ഗമാണിത്. ഒരു കപ്പ് മാങ്ങയില്‍ 100-ല്‍ താഴെ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
മാത്രമല്ല, മാങ്ങ കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും കാരണമാകും. ഫോളേറ്റ്, വിറ്റാമിന്‍ സി, കോപ്പര്‍ മുതലായ ന്യൂട്രിയന്റുകള്‍ പ്രതിരോധശക്തി ഉത്തേജിപ്പിക്കുന്നതാണ്. കൂടാതെ, നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും കണ്ണുകള്‍ക്കും ദഹനവ്യവസ്ഥയ്ക്കും ഗുണകരമാണ്.
Content Highlights: health benefits of mango explained by nutritionist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..