Representative Image| Photo: Gettyimages
നാളികേരവും വെളിച്ചെണ്ണയും ചേര്‍ക്കാത്ത ആഹാരങ്ങളെക്കുറിച്ച് ശരാശരി കേരളീയര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. രുചി മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട് ഇവയ്ക്ക്.
വെളിച്ചെണ്ണയുടെ ഗുണങ്ങള്‍
വെളിച്ചെണ്ണ ചേര്‍ത്തിട്ടുള്ള വളരെയധികം ഔഷധങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ഏതൊരു ഔഷധയോഗം വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുന്നുവോ അതിന്റെ ഗുണം ആ വെളിച്ചെണ്ണയ്ക്ക് ലഭിക്കുന്നതാണ്.
വെളിച്ചെണ്ണ വാജീകരണമാണ്. ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ്. രസം, രക്തം മുതലായ സപ്തധാതുക്കളെ പോഷിപ്പിക്കുന്നതുമാണ് വെളിച്ചെണ്ണ. വാതപിത്ത രോഗങ്ങളെ ഇല്ലാതാക്കും. വെളിച്ചെണ്ണയ്ക്ക് പൂപ്പലുകളെ നശിപ്പിക്കാന്‍ കഴിവുള്ളതുകൊണ്ട് ചില ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കും.
ഉന്മേഷത്തിന് എണ്ണതേപ്പ്
രാവിലെ എഴുന്നേറ്റ് തലയിലും ദേഹത്തും ശുദ്ധമായ വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നത് നവോന്മേഷമുണ്ടാക്കുന്നു. ശരീരത്തിന് കുളര്‍മയും ചര്‍മത്തിന് കാന്തിയും തലമുടിക്ക് ആയുസ്സും ലഭിക്കുന്നു. എണ്ണതേപ്പ് ക്ഷീണത്തെയും യൗവനക്ഷയത്തെയും നീക്കി സുഖവും ബലവും സൗന്ദര്യവും ആയുസ്സും ശരീരപുഷ്ടിയും വര്‍ധിപ്പിക്കും. ശരിയായ ഉറക്കവുമുണ്ടാകും.
ചൂടുകുരു മാറാന്‍
തലേദിവസം വൈകുന്നേരം നാളികേരം പിഴിഞ്ഞ് പാല് എടുക്കുക. പുതിയ നാളികേരപ്പാലില്‍ അല്പം ഉപ്പ് ചേര്‍ത്ത് പുതിയ ചിരട്ടയില്‍ ഒഴിച്ച് മൂടിവെക്കുക. അടുത്ത ദിവസം കുളിക്കുന്നതിന് മുന്‍പായി ഇത് ദേഹത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനുശേഷം കുളിക്കുക.
വേനല്‍ക്കാലത്ത് ശരീരത്തിലുണ്ടാകുന്ന ചൂടുകുരു കരിഞ്ഞുപോകാന്‍ സഹായിക്കും. കുട്ടികള്‍ക്കും വലിയവര്‍ക്കും ഇത് ഒരുപോലെ ഫലപ്രദമാണ്. ചര്‍മ സൗന്ദര്യത്തിനും നല്ലതാണ്.
ശരീരബലം നേടാന്‍
നാളികേരം 50 ഗ്രാം വീതം ദിവസവും കഴിക്കുക. ശരീരബലം വര്‍ധിക്കാന്‍ ഇത് സഹായിക്കും. ഇളനീരിന്റെ കാമ്പും വെളളവും കഴിക്കുന്നതും പോഷകപ്രദമാണ്.
ചര്‍മസൗന്ദര്യത്തിന്
ശുദ്ധമായ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ സൗന്ദര്യത്തിനും സംരക്ഷണത്തിനും നല്ലതാണ്.
വെളിച്ചെണ്ണ പ്രധാനമായും രണ്ടുവിധത്തിലാണ് ഉണ്ടാക്കിയെടുക്കുന്നത്. നാളികേരപ്പാല് തിളപ്പിച്ച് എടുക്കുന്നതാണ് ഒരിനം. കൊപ്ര ആട്ടിയെടുക്കുന്നതാണ് മറ്റൊന്ന്. നാളികേരപ്പാല് തിളപ്പിച്ച് എടുക്കുന്ന വെളിച്ചെണ്ണയ്ക്ക് പാകം ചെയ്ത വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ എന്ന് പറയുന്നു. ഇത് കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയേക്കാള്‍ കൂടുതല്‍ പരിശുദ്ധമാണ്. ഈ വെളിച്ചെണ്ണ ചെറിയ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
ചര്‍മത്തിലെ ചുളിവ് തടയാന്‍
വെളിച്ചെണ്ണയില്‍ ഏതാനും തുള്ളി ചെറുനാരങ്ങനീരും സമം ചുണ്ണാമ്പുവെള്ളത്തിന്റെ തെളിയും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച് ചെറിയ അളവില്‍ തൊലിപ്പുറമേ പുരട്ടുന്നത് ചര്‍മത്തിലെ ചുളിവ് തടയാന്‍ സഹായിക്കും.
ശരീരവളര്‍ച്ചയ്ക്ക്
വെളിച്ചെണ്ണയില്‍ സമം വെണ്ണ ചേര്‍ത്ത് ശിശുക്കളുടെ ദേഹത്ത് പുരട്ടി തടവിയശേഷം പ്രഭാതത്തിലെ ഇളം സൂര്യരശ്മികള്‍ ദേഹത്തില്‍ അല്പസമയം ഏല്ക്കുന്നതിന് അനുവദിച്ചശേഷം കുളിപ്പിക്കുക. കുട്ടികളുടെ ഊര്‍ജസ്വലതയ്ക്കും ശരീരവളര്‍ച്ചയ്ക്കും നല്ലതാണ്.
മൂത്രതടസ്സം പരിഹരിക്കാന്‍
കരിക്കിന്‍വെള്ളത്തില്‍ ഒരു ഏലയ്ക്കായയുടെ കുരു പൊടിച്ചുചേര്‍ത്ത് കുടിക്കുന്നത് മൂത്രതടസ്സം മാറുന്നതിന് ഔഷധമാണ്.
നെഞ്ചെരിച്ചില്‍
നാളികേരത്തിന്റെ ചിരട്ട കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് നെഞ്ചെരിച്ചിലിന് ശമനം നല്‍കും. ഔഷധപ്രയോഗങ്ങളെല്ലാം വൈദ്യനിര്‍ദേശപ്രകാരം ചെയ്യുക.
ചില നാട്ടറിവുകള്‍
- നാളികേരപ്പാല് ചിരകിയതില് പുളിങ്കുരുവിന്റെ പുറത്തെ തൊലി പൊടിച്ചുചേര്ത്തശേഷം പാല് പിഴിഞ്ഞെടുക്കുക. അത് പാകപ്പെടുത്തിയെടുക്കുന്ന വെളിച്ചെണ്ണ പുരട്ടുന്നത് വ്രണങ്ങള്‍ക്ക് ഔഷധമാണ്.
- വെറ്റില അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലമുടിയില്‍ പുരട്ടിയാല്‍ താരന് മാറാന്‍ സഹായിക്കും.
- വെളിച്ചെണ്ണയില്‍ ഉലുവയിട്ട് കുതിര്‍ത്തെടുക്കുന്ന തൈലം തലയില്‍ പുരട്ടുന്നത് തലമുടിക്ക് ബലം നല്‍കും.
Content Highlights: Health benefits of coconut oil- ayurveda benefits of coconut oil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..