രു ഡോക്ടര്‍ രോഗി സംഭാഷണം. 
ഡോക്ടര്‍: പ്രഷര്‍ മരുന്നൊക്കെ ശരിക്കും കഴിക്കാറില്ലേ? 
രോഗി: ഇല്ല ഡോക്ടറെ. തലവേദന കൂടുമ്പോള്‍ മാത്രമേ കഴിക്കാറുള്ളൂ. 
ഡോക്ടര്‍: അതെന്താ? ദിവസവും ഗുളിക കഴിക്കണം എന്ന് പറഞ്ഞിട്ടില്ലേ? 
രോഗി: പറഞ്ഞിരുന്നു. പക്ഷേ ആ മരുന്ന് വെറുതെ കഴിക്കുമ്പോള്‍ എനിക്ക് ഭയങ്കര ക്ഷീണമാണ്. എനിക്ക് അങ്ങനെ കൂടുതല്‍  പ്രഷര്‍ ഒന്നുമില്ല. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം നോക്കിയപ്പോള്‍ മാത്രമാണ് പ്രഷര്‍ കൂടുതല്‍ കണ്ടത്. 
ഡോക്ടര്‍: അതെങ്ങനെ മനസ്സിലാവുന്നത് പ്രഷര്‍ കൂടുതലാണോ കുറവാണോ എന്ന്? 
രോഗി: പ്രഷര്‍ കൂടുമ്പോള്‍ എനിക്ക് തലവേദന ഉണ്ടാവാറുണ്ട്. അപ്പോ തലവേദന വരുന്ന ദിവസം മാത്രം  ഞാന്‍ മരുന്നു കഴിക്കും. ഒരാഴ്ച ആയിട്ട് തലവേദന ഉണ്ട് അതുകാരണം ഞാന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നിട്ടും തലവേദന മാറുന്നില്ല. 
ഡോക്ടര്‍: തലവേദന പ്രഷറിന് ഒരു സൂചന തന്നെയാണ്. പക്ഷേ ഒരുപാട് കൂടുമ്പോഴാണ് തലവേദന വരുന്നത്. ശരീരത്തിലെ ശരിക്കുമുള്ള ബ്ലഡ് പ്രഷര്‍ 120/80 mm Hg ആണ്. അത് 140/90 ആയാലും കൂടുതല്‍ ആണ്. ഒരിക്കല്‍ മരുന്നു തുടങ്ങി അത് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ പ്രഷര്‍ നോര്‍മല്‍ ആയിരിക്കും. എന്നു കരുതി നോര്‍മല്‍ ആയതുകൊണ്ട് മരുന്ന് നിര്‍ത്തണം എന്നല്ല. ചില രോഗികള്‍ക്ക് പ്രഷര്‍ ഒരുപാട് കൂടുമ്പോള്‍ മാത്രമാണ് ആണ് തലവേദന ഛര്‍ദ്ദി, ക്ഷീണം എന്നിവ ഉണ്ടാക്കുന്നത്. അവരുടെ പ്രഷര്‍  120/ 80 ല്‍ നിന്നും അല്പം കൂടിയാല്‍ ഈ സൂചനകള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ കുറേ കാലം പ്രഷര്‍ ശരീരത്തില്‍ കൂടി നിന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും സ്‌ട്രോക്കിനും ഒരു കാരണമായേക്കാം. കാഴ്ചശക്തി നഷ്ടപ്പെടാനും കാരണമായേക്കാം. അതുകൊണ്ടുതന്നെ എന്നെ പരിശോധിക്കുമ്പോള്‍ പ്രഷര്‍ നോര്‍മല്‍ ആണെന്ന് കരുതി മരുന്ന് നിര്‍ത്തരുത്. പ്രഷറിന് മരുന്ന് കഴിക്കാന്‍ തലവേദന വരുന്നതുവരെ കാത്തു നില്‍ക്കുന്നത് ശരിയായ നടപടിയല്ല.

നിങ്ങളുടെ ശരീരത്തില്‍ പ്രഷര്‍ കൂടുതലാണെന്ന് പറഞ്ഞ് ഏതെങ്കിലും ഡോക്ടര്‍ മരുന്ന് നിര്‍ദ്ദേശിച്ചാല്‍ അത് ഡോക്ടര്‍ പറയുന്നത് വരെ ദിവസം മരുന്ന് കഴിക്കുക. ഇടയ്ക്കുവെച്ച് സ്വന്തമായി മരുന്ന് നിര്‍ത്തരുത്. കഴിക്കുന്ന മരുന്ന് ഡോക്ടര്‍ പറയുന്ന പ്രകാരം തന്നെ കഴിക്കണം. തലവേദന, ഛര്‍ദ്ദി എന്നിവ ഉള്ളപ്പോള്‍ മാത്രം പ്രഷറിന് മരുന്ന് കഴിക്കാന്‍ ഒരു ഡോക്ടറും നിര്‍ദേശിക്കുകയില്ല. ഒരു രോഗിക്ക് പ്രഷറിന് മരുന്ന് തുടങ്ങുന്നതിനുമുമ്പ് മുമ്പ് രണ്ടുതവണ പ്രഷര്‍ പരിശോധിച്ചു കൂടുതലാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമാണ് ആണ് തുടങ്ങുന്നത്. അങ്ങനെയാണ് അന്തര്‍ദേശീയ തലത്തിലുള്ള നിര്‍ദേശങ്ങളും. ഒരു രോഗിക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത് ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഒരിക്കല്‍ പ്രഷറിന് മരുന്ന് തുടങ്ങി കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ അത് നിര്‍ത്തരുത്. 

രോഗി: എനിക്ക് ആദ്യം പ്രഷറിന് മരുന്ന് തന്നു. പത്ത് ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞത്. പക്ഷേ പ്രശ്‌നം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ പോയില്ല. 
ഡോക്ടര്‍: മരുന്ന് തുടര്‍ന്ന് കഴിച്ചിരുന്നോ? 
രോഗി: എനിക്ക് കുഴപ്പം ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ മരുന്ന് നിര്‍ത്തി. 
ഡോക്ടര്‍: മരുന്ന് നിര്‍ത്തിയതുകൊണ്ടാണ് പ്രഷര്‍ കൂടിയത്. ഇനിയിങ്ങനെ ഡോക്ടറുടെ അടുത്ത് പോകാന്‍ വൈകിയാലും മരുന്ന് നിര്‍ത്തരുത്. ഏതെങ്കിലും കാരണവശാല്‍ ഡോക്ടറുടെ അടുത്ത് പോകുന്ന ദിവസം വൈകിയാല്‍ മരുന്നു വാങ്ങി തുടര്‍ന്നു കഴിക്കുക. എന്നിട്ട് അടുത്ത ദിവസം തന്നെ ചെന്നു കാണാനും ശ്രമിക്കുക. ഡോക്ടര്‍ പ്രഷര്‍ പരിശോധിച്ചശേഷം മരുന്നിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌തേക്കാം. ചുരുക്കിപ്പറഞ്ഞാല്‍ തലവേദന കൂടുമ്പോള്‍ മാത്രം കഴിക്കാനുള്ള മരുന്നല്ല പ്രഷറിന്റേത്. 

ഒരുപക്ഷേ പ്രഷറിന്റെ ഈയൊരു ചെറിയ മരുന്ന് ദിവസവും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക്,സ്‌ട്രോക്ക് എന്നീ രോഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കാം. ദിവസവും 5-6 മരുന്നുകള്‍ ജീവിത കാലം മുഴുവന്‍ കഴിക്കേണ്ട അവസ്ഥകളെ പ്രതിരോധിക്കാം. 

(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: Headache and abnormal blood pressure, Health, Blood Pressure