Representative Image | Photo: Gettyimages.in
പൊതുവേ കുട്ടികളിൽ കാണുന്ന രോഗാവസ്ഥയാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.). അടുത്തകാലത്തായി തക്കാളിപ്പനി എന്നപേരിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്. കുമിളകൾക്ക് ചുവപ്പ് നിറമായതുകൊണ്ടാകാം ഈ പേര് വന്നത്. രോഗിയുടെ സ്രവങ്ങൾ, അവർ സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെയെല്ലാം രോഗം പകരാം.
1957-ൽ ന്യൂസീലൻഡിലാണ് ഈ രോഗത്തെ ആദ്യം കണ്ടെത്തിയത്. എന്ററോ വൈറസ് വിഭാഗത്തിൽപെട്ട കോക്സാകി വൈറസ് എ-16 (coxsackievirus A16), എന്ററോവൈറസ് 71 എന്നീ വൈറസുകളാണ് ഈ രോഗത്തിന് കാരണം. ഇതിൽ കോക്സാകി വൈറസ് എ-16 താരതമ്യേന ആക്രമണസ്വഭാവം കുറഞ്ഞതാണ്. എന്നാൽ എന്ററോവൈറസ് 71 കുറച്ചുകൂടി ഗൗരവമുള്ളതാണ്.
ലക്ഷണങ്ങൾ
സാധാരണയായി 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കാണുന്നത്. എന്നാൽ മുതിർന്നവരിലും കാണാറുണ്ട്. നേരിയ പനിയോടെയാവും തുടക്കം. ഒന്നോരണ്ടോ ദിവസത്തിനുള്ളിൽ ചർമത്തിൽ ചെറിയ കുമിളകൾ പൊങ്ങിവരും. കൈകാലുകളുടെ അഗ്രഭാഗങ്ങൾ, വായ്ക്കുള്ളിലും പുറത്തും, കാൽമുട്ടുകൾ, പൃഷ്ഠഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കുമിളകൾ
കാണാറ്.
ചിക്കൻപോക്സിലെ കുമിളകളിൽനിന്ന് ഇവ വ്യത്യസ്തമാണ്. ചിക്കൻപോക്സിൽ തെളിഞ്ഞ നിറത്തിലുള്ള കുമിളകളാണ് എങ്കിൽ ഇതിൽ കലങ്ങിയപോലുള്ള നിറത്തിലാണ് കാണുന്നത്. കൂടാതെ കുമിളകൾക്കുചുറ്റും നേരിയ ചുവപ്പുനിറവും കാണാം. എന്നാൽ ചർമത്തിന്റെ നിറവ്യത്യാസത്തിനനുസരിച്ച് ഇത് പ്രകടമാകുന്നതിൽ വ്യത്യാസം വരാം.
സാധാരണ രീതിയിൽ 7-10 ദിവസംകൊണ്ട് രോഗം ഭേദമാകാറുണ്ട്. സങ്കീർണതകൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ് പ്രധാനം. രോഗം പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വം പ്രധാനമാണ്. രോഗം പൂർണമായും ഭേദമായതിനുശേഷമേ കുട്ടികളെ മറ്റ് കുട്ടികളുമായി ഇടപെടാൻ അനുവദിക്കാവൂ.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ചർമരോഗ വിഭാഗം മുൻ പ്രൊഫസറും മേധാവിയുമാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..