Representative Image|Gettyimages.in
ഇക്കാലത്ത് സ്ത്രീകളുടെ ഇടയിൽ സർവ്വസാധാരണയായുള്ള ഒരു ആവലാതിയാണ് മുടികൊഴിച്ചിൽ. തറയിലും കിടക്കയിലും മുടി, ചീകിയാൽ കൈ മുഴുവൻ മുടി, പകുതിയിൽ കൂടുതൽ മുടിയുടെ കട്ടി കുറഞ്ഞു എന്നിങ്ങനെ നീളുന്നു ആശങ്കകൾ. ഉണ്ടാകുന്നതിനേക്കാൾ പൊഴിയുന്നത് കൂടുമ്പോൾ മുടിയുടെ ഉള്ള് കുറയുന്നു. പലരിലും പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിയുന്നത്. തലയിൽ ചിലയിടത്ത് നിന്ന് മാത്രം മുടിപോകുക, എല്ലായിടത്ത് നിന്നും ഒരുപോലെ മുടിപൊഴിയുക എന്നിങ്ങനെ പല തരത്തിലാവും മുടികൊഴിച്ചിൽ സംഭവിക്കുക.
കഴിക്കുന്ന ആഹാരം വേണ്ടവിധത്തിൽ ദഹിച്ച് ആഗിരണം ചെയ്യുക വഴി ശരീരകോശങ്ങൾക്ക് ആവശ്യമായ പോഷകം ലഭിക്കുന്നു, അങ്ങനെ സംഭവിക്കുന്ന സമഗ്രമായ ഒരു ആരോഗ്യവ്യവസ്ഥിതിയുടെ പ്രതിഫലനമാണ് ആരോഗ്യമുള്ള മുടിയും. അതുകൊണ്ട് തന്നെ, തലമുടി ധാരാളം പോകുന്നത് അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. തൈറോയ്‌ഡ് സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ, മാനസികപിരിമുറുക്കം, പി സി ഒ എസ്, തലയിലുള്ള താരൻ , ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം. ദഹനവ്യവസ്ഥ തകരാറായവരിലും അമിതമായ രക്തസ്രാവം ഉളളവരിലും മുടികൊഴിച്ചിലുണ്ടാകാം. ശക്തമായ പനിക്കുശേഷമോ മറ്റുരോഗങ്ങൾകൊണ്ടുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾക്കൊപ്പമോ മുടികൊഴിച്ചിൽ കാണപ്പെടാം. പ്രസവശേഷം, അതുപോലെ ആർത്തവവിരാമത്തോടനുബന്ധിച്ച് ഒക്കെ മുടികൊഴിയുന്നത് പലപ്പോഴും ആശങ്കയുണർത്താറുണ്ട്.
എന്തെല്ലാം ശ്രദ്ധിക്കാം?
1. അവനവന്റെ ദഹനശേഷി മെച്ചപ്പെടുത്തുക. അതനുസരിച്ച് ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, മോര്, നെല്ലിയ്ക്കാ, ഇലക്കറികൾ, ഏത്തയ്ക്കാ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എള്ളിന്റെ ഉപയോഗവും പ്രയോജനപ്രദമാണ്. പട്ടിണി കിടക്കുക, ആഹാരം അമിതമായി നിയന്ത്രിക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കാം. കട്ടൻചായ, കട്ടൻകാപ്പി തുടങ്ങിയവയുടെ അമിതോപയോഗം ഒഴിവാക്കുക.
2. ആരോഗ്യപരിപാലനത്തിൽ വ്യായാമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അവനവന്റെ ശരീരബലമനുസരിച്ചുള്ള വ്യായാമരീതി ശീലമാക്കുക. അങ്ങനെ പതിവായി ചെയ്യുന്ന വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരിയായ ഉറക്കവും.
3. മുടിയുടെ ആരോഗ്യത്തിനും ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ചില കരുതലുകൾ ആവശ്യമാണ്. തല കഴുകിയുടനെ തന്നെ ഇറുകിയ വിധത്തിൽ കെട്ടിവയ്ക്കാതിരിക്കുക. തലമുടി ഉണങ്ങാൻ മറ്റുപാധികൾ സ്വീകരിക്കാതിരിക്കുക. അനാരോഗ്യകരമായ രാസവസ്തുക്കളടങ്ങിയ ജെല്ലുകളോ മറ്റുത്‌പന്നങ്ങളോ ഉപയോഗിക്കുന്നവരാണെങ്കിൽ അവ ഒഴിവാക്കുക.
4. എണ്ണ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല അകാലനര ഒഴിവാക്കാനും സഹായിക്കുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും തലയോട്ടിയിൽ എല്ലായിടവും വിരലുകൾ കൊണ്ട് നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ കഴുകികളയുക. ശീലമുള്ള എണ്ണ ഏതാണോ അതുതന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ വെളിച്ചെണ്ണയോ ചെമ്പരത്തിയിട്ട് കാച്ചിയ വെളിച്ചെണ്ണയോ ആവാം.
5. തലയിൽ താരൻ, ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അതിനനുസരിച്ച് വൈദ്യസേവനം തേടുക.
6. ഹെൽമറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ ഹെൽമറ്റ് ധരിക്കുന്നതിനുമുൻപ് കോട്ടൺതുണി ഉപയോഗിച്ച് മുടി മൂടിവയ്ക്കുക.
7. മാനസികാരോഗ്യം മെച്ചപ്പെടുത്തുക. അനാവശ്യചിന്ത ഒഴിവാക്കി ശ്വസനവ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുക. ചിത്രരചന, വായന, എഴുതുക അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും സർഗ്ഗാത്മകവും താത്‌പര്യവുമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുക.
8. അമിതമായ മുടികൊഴിച്ചിൽ ഉള്ളവർ ഡോക്ടറിനോട് തങ്ങളുടെ ആരോഗ്യസ്ഥിതി ധരിപ്പിച്ച് അതിനനുസരിച്ചുള്ള ചികിത്സ സ്വീകരിക്കാൻ ശ്രദ്ധിക്കുക.
(കൂറ്റനാട് അഷ്ടാംഗം ആയർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിത ആൻഡ് സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
Content Highlights:hair fall and lifestyle ayurvedic remedies home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..