ഹീമോഫീലിയ രോഗികള്‍ക്ക് സഹായമുണ്ടോ? രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍


ഡോ. ഷീല. ടി.എ.

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ക്യത്യമായി എടുക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേക നിബന്ധനകള്‍ പാലിച്ചുവേണം ഇത് ചെയ്യാന്‍

Photo: Pixabay

ന്ന് ലോക ഹീമോഫീലിയ ദിനം. കോവിഡ്‌-19 ലോകമാകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഹീമോഫീലിയാ രോഗബാധിതര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ മുന്‍കരുതല്‍ ആവശ്യമാണ്. ഏതൊരു വ്യക്തിയെയും പോലെ ആരോഗ്യപരിചരണം, സാമൂഹിക അകലം പാലിക്കല്‍, ശുചിത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് തന്നെയാണ് ഈ കോവിഡ് കാലത്തെ അതിജീവിക്കേണ്ടത്.

കുത്തിവെപ്പുകള്‍ എടുക്കുമ്പോള്‍

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ക്യത്യമായി എടുക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേക നിബന്ധനകള്‍ പാലിച്ചുവേണം ഇത് ചെയ്യാന്‍. ഒന്നോ രണ്ടോ ആഴ്ച വൈകിയാലും പിന്നീട് ക്രമം തെറ്റാതെ എടുക്കാന്‍ ശ്രദ്ധിക്കണം. കുത്തിവെപ്പുകള്‍ എടുക്കുമ്പോള്‍ സബ്ക്യൂട്ടേനിയസ് ഇഞ്ചക്ഷന്‍ ആയിട്ടാണ് നല്‍കേണ്ടത്. ഇഞ്ചക്ഷന്‍ എടുക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ആ ഭാഗത്ത് ഐസ് വെക്കണം. അല്ലെങ്കില്‍ ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ രക്തസ്രാവം ഉണ്ടാകാന്‍ ഇടയുണ്ട്.

അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍

ആദ്യമായി രക്തസ്രാവമുണ്ടാകുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രഥമ ശുശ്രൂഷയും ചികിത്സാരീതികളും അറിഞ്ഞിരിക്കേണ്ടതാണ്. എന്തെങ്കിലും പരിക്കുകള്‍ ഉണ്ടായാല്‍ ആ ഭാഗം ശരീരനിലയില്‍ നിന്ന് ഉയര്‍ത്തി പെട്ടെന്നു തന്നെ അനക്കാതെ വെക്കണം. തുടര്‍ന്ന് ചലനം നിയന്ത്രിക്കാന്‍ സ്ലിങ് ഇടണം. ബാന്‍ഡേജ് ഉപയോഗിച്ച് ചെറിയ മര്‍ദത്തില്‍ പരിക്കേറ്റ ഭാഗം പതിയെ കെട്ടിവെക്കണം. നീരും വേദനയും കുറഞ്ഞാല്‍ സന്ധികള്‍ ചലിപ്പിച്ചു തുടങ്ങാം. ദിവസത്തില്‍ രണ്ട്-മൂന്ന് തവണയായി 5-15 മിനിറ്റ് നേരം തുണിയില്‍ പൊതിഞ്ഞ ഐസ് വെക്കണം. ദീര്‍ഘനേരം കൂടുതല്‍ തവണ ഐസ് വെക്കരുത്. ലോക്ക്ഡൗണ്‍ കാലത്ത് സന്ധിയില്‍ വേദന തുടങ്ങുമ്പോള്‍ തന്നെ ഫാക്ടര്‍ ഇഞ്ചക്ഷന്‍ എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

ആന്തരിക രക്തസ്രാവം തിരിച്ചറിയലും ചികിത്സയും

കുട്ടികള്‍ക്ക് തുടര്‍ച്ചയായ ഛര്‍ദി, തലവേദന, സ്വഭാവമാറ്റം, കൂടുതല്‍ ഉറക്കം, അപസ്മാരം എന്നിവ തലയിലുണ്ടാകുന്ന രക്തസ്രാവത്തിന്റെ ലക്ഷണങ്ങളായേക്കാം. പ്രത്യേകിച്ച് ശിശുക്കളുടെ കാര്യത്തില്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. പല്ലില്‍ നിന്നുള്ള നേരിയ രക്തസ്രാവത്തിന് പൊടിച്ച് നല്‍കാവുന്നതും കഴിക്കാവുന്നതുമായ മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കേണ്ടതാണ്.

ശ്രദ്ധിക്കണം വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

ഹീമോഫീലിയാ രോഗികള്‍ പാരസിറ്റമോള്‍ ഒഴികെയുള്ള വേദനാസംഹാരികള്‍ കഴിക്കരുത്. നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്‌സ് (NSAIDS) ഹീമോഫീലിയ രോഗികള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ഫാക്ടര്‍ ഇഞ്ചക്ഷന്‍ സ്വയം എടുക്കാന്‍ ഹോം തെറാപ്പി

പ്രതിരോധ ചികിത്സയിലുള്ള കുട്ടികള്‍ ക്യത്യമായി മരുന്ന് എടുക്കേണ്ടതാണ്. ഇല്ലെങ്കില്‍ രക്തസ്രാവത്തിനുള്ള സാധ്യത കൂടും. മുതിര്‍ന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തമായി ഫാക്ടര്‍ എടുക്കുന്ന ഹോംതെറാപ്പി രീതി അവലംബിക്കുന്നത് ഇത്തരം ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വളരെ ഗുണകരമാണ്.

വെയിനിലേക്ക് നേരിട്ടുള്ള ഇഞ്ചക്ഷന്‍ രൂപത്തിലാണ് ഫാക്ടര്‍ എടുക്കുന്നത്. ഇത് മുതിര്‍ന്ന കുട്ടികളെയും രക്ഷിതാക്കളെയും ഡോക്ടര്‍മാര്‍ പരിശീലിപ്പിക്കുന്നുണ്ട്. ഇതുവഴി ആഴ്ചയില്‍ രണ്ടു ദിവസം ആശുപത്രിയില്‍ വന്ന് ഫാക്ടര്‍ ഇഞ്ചക്ഷന്‍ എടുക്കുന്നത് ഒഴിവാക്കാം. ഈ ലോക്ക്ഡൗണ്‍ കാലത്ത് ചികിത്സയ്ക്ക് വരുമ്പോള്‍ രോഗവിവരങ്ങള്‍, ഇന്‍ഹിബിറ്ററിന്റെ സാന്നിധ്യം, മരുന്നിന്റെ അലര്‍ജി തുടങ്ങിയ വിവരങ്ങള്‍ കരുതേണ്ടതാണ്.

ഹീമോഫീലിയ രോഗികള്‍ക്ക് കോവിഡ്-19 ബാധിച്ചാല്‍ പ്രത്യേക പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. കോവിഡ്-19 ബാധിക്കുന്ന സാധാരണ ഒരാള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവര്‍ക്കും ഉണ്ടാകാറുള്ളൂ.

സഹായം കാരുണ്യ വഴി

കേരളത്തില്‍ മാത്രം ഹീമോഫീലിയയും മറ്റ് അനുബന്ധ അസുഖങ്ങളുള്ള രണ്ടായിരത്തോളം പേരുണ്ട്. ത്യശ്ശൂര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിഭാഗത്തില്‍ ഇതുവരെ 48 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ഥിരമായി ചികിത്സതേടുന്നതാണ്. വളരെ വിലയേറിയതാണ് ഹീമോഫീലിയ്ക്കുള്ള ചികിത്സ. ഇത്തരത്തില്‍ ഒരു തവണ രക്തസ്രാവമുണ്ടായാല്‍ 8-10 വയല്‍ ഫാക്ടര്‍ നല്‍കേണ്ടി വരും. ഇന്‍ഹിബിറ്ററിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ചിലവ് ഇതിനേക്കാള്‍ കൂടുതലാണ്‌.

ഫാക്ടര്‍ 8, 9, ഇന്‍ഹിബിറ്റര്‍ ഉള്ള രോഗികള്‍ക്ക് വേണ്ട ഫേയ്ബ (FEIBA), ഫാക്ടര്‍ 7 എന്നിവ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിവഴി ലഭ്യമാണ്. ഗുരുതരമായ ഹീമോഫീലിയാ രോഗമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ ചികിത്സയും 2018 മുതല്‍ ത്യശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ മെഡിക്കല്‍ കോളജില്‍ നടന്നുവരുന്നു. ഇതിനായി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വര്‍ഷം തോറും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഈ ലോക്ക്ഡൗണ്‍ കാലത്ത് രക്തസ്രാവമുണ്ടായാല്‍ നല്‍കേണ്ട ഓണ്‍ ഡിമാന്‍ഡ് ചികിത്സ അടുത്തുള്ള ഹെല്‍ത്ത് സെന്റര്‍ വഴി ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

വ്യായാമം ചെയ്യണം

ഹീമോഫീലിയാ ബാധിതരില്‍, പ്രത്യേകിച്ച് തുടര്‍ച്ചയായി സന്ധികളിലും പേശികളിലും രക്തസ്രാവം ഉണ്ടായിട്ടുള്ള കുട്ടികള്‍ക്ക് ശരീരഭാരം കൂടുന്നത് നല്ലതല്ല. അതിനാല്‍ അമിതഭക്ഷണം നിയന്ത്രിച്ച്, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും അതുവഴി അവരുടെ ആത്മവിശ്വാസം വളര്‍ത്താനും വേണ്ട കാര്യങ്ങള്‍ മാതാപിതാക്കള്‍ ചെയ്യണം.

കൗമാരക്കാര്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയം കംപ്യൂട്ടറിനും ടി.വിയ്ക്കും മുന്‍പില്‍ ചെലവഴിക്കാനും സാധ്യതയുണ്ട്. അത്തരത്തില്‍ ചടഞ്ഞുകൂടാതെയിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വ്യായാമവും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്. അടിക്കടി രക്തസ്രാവമുണ്ടായിട്ടുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചതുപോലെയുള്ള പതിവുവ്യായാമങ്ങള്‍ തുടരണം. ഇത് അവരുടെ പേശികളെ ശക്തിപ്പെടുത്താനും രക്തസ്രാവത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും സഹായകമാകും. വീടിനുള്ളിലോ വീടിന്റെ പരിസരത്തോ ഉള്ള നടത്തം, സൈക്കില്‍ ചവിട്ടല്‍, ടേബിള്‍ ടെന്നീസ്, സൗകര്യമുള്ളവര്‍ക്ക് മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ നീന്തല്‍ എന്നിവ പരിശീലിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്: കളികള്‍ക്കിടയില്‍ തമ്മില്‍ കൂട്ടിമുട്ടാനും ശരീരത്തിന് ക്ഷതമോ ചതവോ ഉണ്ടാകാന്‍ സാധ്യതയുള്ള കളികള്‍ ഒഴിവാക്കണം.

ദന്താരോഗ്യത്തില്‍ ശ്രദ്ധ വേണം

പല്ലിന്റെയും മോണയുടെയും ആരോഗ്യം ഹീമോഫീലിയാ രോഗികളില്‍ വളരെ പ്രധാനപ്പെട്ടതാണ്. പലകുട്ടികള്‍ക്കും പല്ലില്‍ നിന്നുള്ള രക്തസ്രാവം അടിക്കടി ഉണ്ടാവാറുണ്ട്. കൃത്യമായ ബ്രഷിങ്, ഫ്ളോസിങ് എന്നിവ കുട്ടികളെ പരിശീലിപ്പിക്കണം.

വേണം പോഷകാഹാരം

ഹീമോഫീലിയാ ബാധിതരായ കുട്ടികള്‍ക്ക് പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഉറപ്പാക്കണം. പയറുവര്‍ഗങ്ങള്‍, മുട്ട, പാല്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. എന്നാല്‍ അമിത കൊഴുപ്പ് ഒഴിവാക്കണം.കുട്ടികള്‍ക്ക് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അപകടമുണ്ടാകാതെ നോക്കണം

മുറിവുകള്‍ ഉണ്ടാകാനിടയാക്കുന്ന കത്തി, ബ്ലേഡ്, കത്രിക പോലെയുള്ള മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കുട്ടികളുടെ കൈവശം ലഭിക്കാതെ നോക്കണം. എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയുന്ന ഈ ലോക്ക്ഡൗണ്‍ കാലത്ത് അസ്വസ്ഥരായി കുട്ടികള്‍ അസാധാരണമായ പല വിനോദങ്ങളിലും മുഴുകിയേക്കാം. ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാം.

വേണം കൈത്താങ്ങ്

രോഗാവസ്ഥയിലുള്ളവര്‍ക്ക് മാനസിക സന്തോഷം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇതേ രോഗാവസ്ഥയിലുള്ള ആളുകളുമായുള്ള കൂടിച്ചേരലുകള്‍, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധങ്ങള്‍ എന്നിവ കൗമാരക്കാരിലും യുവാക്കളിലും മാനസിക സന്തോഷത്തിന് സഹായിക്കും. ഇത്തരം കൂടിച്ചേരലുകളിലൂടെ ആ ഗ്രൂപ്പുകളിലുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടാനും മാനസിക സന്തോഷം നേടാനും സഹായിക്കും.

(തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഹീമോഫീലിയ നോഡല്‍ ഓഫീസറുമാണ് ലേഖിക)

Content Highlights: Haemophilia affected Kids parents needs to know, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented