മറവിരോഗമുള്ളവരെ ശുശ്രൂഷിക്കണമെങ്കില്‍ പ്രത്യേകമായ കരുതല്‍ വേണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടികാണിക്കുന്ന ഇവര്‍ നേരിടുന്ന ഏറ്റവും വലിയ ശാരീരിക പ്രശ്നം നിര്‍ജലീകരണമാണ്. അനുദിനം ഓരോ കാര്യങ്ങള്‍ മറന്നുപോകുന്ന ഇവര്‍ വിശപ്പും ദാഹവുമറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ മറക്കും. നിര്‍ജലീകരണം മറവിരോഗികളില്‍ ഉറക്കക്കുറവിനും ആശയക്കുഴപ്പത്തിനും കാരണമാവുകയും ചെയ്യുന്നു.
മറവിരോഗം ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ മറവിരോഗികളിലെ നിര്‍ജലീകരണം തടയുന്നതിന് പുതിയ മാര്‍ഗവുമായെത്തിയിരിക്കുകയാണ് ലണ്ടനിലെ ലെവിസ് ഹോണ്‍ബി എന്ന 25-കാരന്. മിഠായി പോലെ ആകര്‍ഷകമായ നിറങ്ങളില്‍ തയ്യാറാക്കിയ ജെല്ലി ബോളുകളാണ് ഹോണ്‍ബി രൂപകല്പന ചെയ്തത്. ഓരോ ബോളുകളിലും 90 ശതമാനം വെള്ളമടങ്ങിയിരിക്കും. മടികാണിക്കുന്ന രോഗികളെ ആകര്‍ഷിച്ച് വെള്ളംകുടിപ്പിക്കാന്‍ ഒരു പുതിയ ആശയം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ഹോണ്‍ബി.
തുടങ്ങിയത് മുത്തശ്ശിക്കുവേണ്ടി
2018-ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്സ് വിദ്യാര്‍ഥിയായിരിക്കെയാണ് ഹോണ്‍ബിയുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയമുദിക്കുന്നത്. അന്ന് ഹോണ്ബിക്ക് 24 വയസ്സായിരുന്നു. ഹോണ്‍ബിയുടെ മുത്തശ്ശിക്ക് മറവിരോഗമുണ്ട്. മുത്തശ്ശി സ്ഥിരമായി വെള്ളംകുടിക്കാന്‍ മടികാണിക്കുന്നത് ഹോണ്‍ബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിര്‍ജലീകരണം കൊണ്ടുള്ള ബുദ്ധിമുട്ടും അവര്‍ക്കുണ്ടായിരുന്നു. അപ്പോഴാണ് മുത്തശ്ശിയെ എങ്ങനെ വെള്ളം കുടിപ്പിക്കുമെന്ന് ഹോണ്‍ബി ചിന്തിക്കുന്നത്. പിന്നീടിത് പഠനത്തിന്റെ ഭാഗവുമാക്കി.
കഴിക്കാനും കുടിക്കാനും പറ്റുന്ന കുഴമ്പുരൂപത്തിലുള്ള ബോളുകള്‍ ഉണ്ടാക്കിയാല്‍ എളുപ്പത്തില്‍ കഴിപ്പിക്കാമെന്ന് ഹോണ്ബിക്കു തോന്നി. ബോളുകള്‍ രോഗികള്‍ കഴിക്കാന്‍ തയ്യാറാവണമെങ്കില്‍ അവ രൂപത്തിലും ആകര്‍ഷകമാകണമെന്ന് ഹോണ്‍ബി മനസ്സിലാക്കി.
മറവിരോഗമുള്ളവരുടെ സ്വഭാവങ്ങളും ശീലങ്ങളും കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഹോണ്‍ബി ഡോക്ടര്‍മാരുടെയും മനഃശാസ്ത്രജ്ഞന്മാരുടെയും നിര്‍ദേശങ്ങള്‍ തേടി. മറവി രോഗം ബാധിച്ചവരോട് രണ്ടാഴ്ചയോളം അടുത്തിടപഴകി. കുടിക്കുന്നതിനേക്കാന് തിന്നാനാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നതെന്ന് നിരീക്ഷിച്ചു. ഭക്ഷണം കൊടുത്തപ്പോള്‍ കഴിക്കാതിരുന്ന രോഗികള്‍ ഒരു പാക്കറ്റ് ചോക്ലേറ്റ് നല്കിയപ്പോള് ആവേശത്തോടെ പാക്കറ്റ് തുറന്ന് കഴിക്കാന്‍ തുടങ്ങിയെന്ന് ഹോണ്‍ബി പറയുന്നു.
മഴവില്‍ നിറങ്ങളില്‍ ജെല്ലി ബോളുകള്‍
ആദ്യഘട്ടത്തില്‍ മഴവില്‍ നിറങ്ങളില്‍ ജെല്ലിബോളുകള് തയ്യാറാക്കി. മിഠായിപോലെ പാക്കറ്റിലാക്കിയശേഷം ഹോണ്ബിയത് മുത്തശ്ശിക്കു നല്കി. പത്തുമിനിറ്റിനുള്ളില്‍ ഏഴ് ജെല്ലി ബോളുകളാണ് മുത്തശ്ശി തിന്നുതീര്‍ത്തത്. ഒരു കപ്പ് വെള്ളത്തിന് തുല്യമാണിതെന്നും സാധാരണ വളരെ നിര്‍ബന്ധിച്ചാല്‍ മാത്രം മണിക്കൂറുകള്‍ എടുത്തേ മുത്തശ്ശി ഇത്രയും വെള്ളം കുടിക്കാന്‍ തയ്യാറാവാറുള്ളൂവെന്നും ഹോണ്‍ബി പറയുന്നു. ജെല്ലി ബോളുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്മിച്ചിട്ടേയുള്ളൂവെങ്കിലും ഇതിനകം രണ്ടു പുരസ്കാരങ്ങള്‍ ഹോണ്‍ബിയെ തേടിയെത്തിയിട്ടുണ്ട്. സ്നോഡന് അവാര്‍ഡ് ഫോര്‍ ഡിസെബിലിറ്റിയും സാമൂഹികനേട്ടത്തിനുള്ള ഡൈസണ്‍ സ്കൂള്‍ ഓഫ് ഡിസൈന്‍ എന്‍ജിനിയറിങ് ഡിസേര്‍ പുരസ്കാരവും.
Content Highlight: Solution For Dehydration In Alzheimer's Patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..