Representative Image| Photo: Canva.com
കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യങ്ങൾ എത്തിക്കുന്ന കാഴ്ച ഞരമ്പിന് തകരാർ സംഭവിക്കുന്നതു മൂലം വരുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനകത്തെ പ്രഷർ ഉയർന്ന അളവിൽ ആകുമ്പോൾ നേത്രനാഡിക്ക് ക്ഷതം സംഭവിക്കുകയും അത് കാഴ്ച വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
യഥാര്‍ഥത്തിൽ ഗ്ലോക്കോമ ബാധിതരായ പലർക്കും അതിനെക്കുറിച്ച് അറിവുണ്ടാകില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കാതെയും തുടർന്നാൽ ഗ്ലോക്കോമ അന്ധതയ്ക്കു കാരണമാകും.
WHOയുടെ കണക്കുകൾ പ്രകാരം ലോകത്താകമാനം 60 മില്യൺ ഗ്ലോക്കോമ രോഗികൾ ഉണ്ട്. അന്ധത ഉണ്ടാക്കുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനം ഗ്ലോക്കോമയ്ക്ക് ആണ്. ഇന്ത്യയിലാകമാനം 12 മില്യൺ ആളുകൾ രോഗബാധിതരാണ്. ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വളരെ വൈകാറുണ്ട്. അപ്പോഴേക്കും കാഴ്ച നഷ്ടമായേക്കും. അതുകൊണ്ടാണ് കാഴ്ചയുടെ നിശബ്ദ കൊലയാളി - sneak thief of sight - എന്ന് ഗ്ലോക്കോമ അറിയപ്പെടുന്നത്.
എന്താണ് ഗ്ലോക്കോമ ?
കണ്ണിനകത്തെ പ്രഷർ തുലനാവസ്ഥയിൽ നിർത്തുന്നത് അക്വസ് ഹ്യൂമർ എന്ന ദ്രാവകം ക്രമമായി ഒഴുകുന്നത് മൂലമാണ്. ഇത് സാധാരണഗതിയിൽ കണ്ണിന്റെ മുൻവശത്തെ അറയായ Anterior Chamber-ലൂടെ ഒഴുകി കണ്ണിന്റെ ഡ്രെയിനേജ് ആംഗിളിലൂടെ കടന്ന് രക്തത്തിലേക്ക് എത്തുന്നു. ഈ സംവിധാനം തകരാറിലാകുമ്പോൾ അക്വസ് ഹ്യൂമർ കൃത്യമായി ഒഴുകി പോകാൻ സാധിക്കാതിരിക്കുകയും അത് കെട്ടിനിന്ന് കണ്ണിൽ മർദ്ദം കൂടാനിടയാക്കുകയും നേത്ര നാഡി തകരാറിലാകുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കുറച്ചുകാലത്തിനകം സ്ഥിരമായി തന്നെ കാഴ്ച നഷ്ടപ്പെടാൻ കാരണമാകും.
ഗ്ലോക്കോമ പലതരം
പ്രധാനമായും രണ്ട് തരത്തിൽ വരാം
- ഓപ്പൺ ആംഗിൾ ഗ്ലോക്കോമ
- ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
നോർമൽ ടെൻഷൻ ഗ്ലോക്കോമ
IOP കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥ. നേത്രനാഡിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ മൃദുവായ നേത്രനാഡിയോ കാരണമാകാം. ഇതുകൂടാതെ നവജാതശിശുക്കളിൽ കൺജെനിറ്റൽ ഗ്ലോക്കോമ ഉണ്ടാകാം.
1. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ
ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് ആരംഭത്തിൽ കാര്യമായ ലക്ഷണങ്ങൾ കാണില്ല. നേത്ര നാഡിക്ക് തകരാർ ഉണ്ടാകുമ്പോൾ കാഴ്ചയുടെ പരിധിയിൽ ശൂന്യ മേഖലകൾ (scotomas) ഉണ്ടാകുന്നു. ഇത് തുടക്കത്തിൽ വശങ്ങളിലെ കാഴ്ചയെ ബാധിക്കൂ. അതുകൊണ്ട് രോഗിക്ക് കാഴ്ചക്കുറവ് അനുഭവപ്പെടാറില്ല. എന്നാൽ രോഗം സങ്കീർണ്ണം ആകുമ്പോൾ കാഴ്ചയുടെ പരിധി ചുരുങ്ങി ഒരു കുഴലിനുള്ളിലൂടെ കാണുന്ന അവസ്ഥയിലേക്ക് പോകുന്നു. ഈ സ്റ്റേജിനെ ടണൽ വിഷൻ എന്ന് പറയുന്നു. അപ്പോഴേക്ക് കാഴ്ച മങ്ങി തുടങ്ങും.
2. ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
കടുത്ത തലവേദന, കണ്ണുകഴപ്പ്, ചുവപ്പ്, ഓക്കാനവും ഛർദിയും ഉണ്ടായി കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങൾ. ഐറിസ് മുന്നോട്ടു തള്ളിവന്ന് അക്വസ് ഹ്യൂമർ ദ്രാവകം ഡ്രെയിനേജ് ആംഗിളിലൂടെ പുറത്തേക്ക് ഒഴുകുന്നതിനെ തടയുന്നു. അങ്ങനെ കണ്ണിന് മർദ്ദം കൂടുകയും ചെയ്യുന്നു. ഈ അവസ്ഥ ഉടനെ ചികിത്സിച്ചില്ലെങ്കിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടേക്കാം.
ആർക്കെല്ലാം ഗ്ലോക്കോമ വരാം?
നവജാത ശിശുക്കൾ മുതൽ മുതിർന്നർ വരെ ആർക്കും ഗ്ലോക്കോമ ഉണ്ടാകാം. എന്നാൽ സാധാരണയായി അപകടസാധ്യത ഉള്ളവർ.
- 40 വയസ്സിനു മുകളിൽ പ്രായം
- ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം (family history)
- പ്രമേഹം, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
- മയോപ്പിയ അഥവാ Short sight ഉള്ള വ്യക്തികൾ
- കണ്ണിന് എന്തെങ്കിലും പരിക്കോ ശസ്ത്രക്രിയയോ ചെയ്തിട്ടുള്ളവർ
- വളരെക്കാലം സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിച്ചിട്ടുള്ളവർ
ഗ്ലോക്കോമ ടെസ്റ്റുകൾ
വിശദമായ നേത്ര പരിശോധന
- കാഴ്ചശക്തി ഞരമ്പിന്റെ Dilated Fundus examination ആവശ്യമാണ്
- ടോണോമെട്രി - കണ്ണിന്റെ നോർമൽ IOP (ഇൻട്രാ ഒക്കുലർ പ്രഷർ )12-20 ആണ്. ടോണോമീറ്റർ എന്ന ഉപകരണം കണ്ണിൻറെ മർദ്ദം അളക്കുന്നു.
- പെരിമെട്രി അഥവാ Visual Field:
ഇതുകൂടാതെ പാക്കിമെട്രി (Pachymetry) കോർണിയയുടെ കട്ടി അളക്കൽ, കണ്ണിന്റെ ഡ്രെയിനേജ് ആംഗിൾ പരിശോധിക്കുന്ന gonioscopy എന്നിവയും ആവശ്യമാണ്.
ചികിത്സ
പ്രമേഹം, ബി.പി. എന്നീ ജീവിതശൈലി രോഗങ്ങൾ പോലെ തന്നെ ജീവിതകാലം മുഴുവൻ ചികിത്സ വേണ്ട ഒരു രോഗമാണ് ഗ്ലോക്കോമ. പ്രാരംഭ ഘട്ടത്തിൽ പ്രാഥമിക ചികിത്സയ്ക്കായി Eye drops കണ്ണിന്റെ മർദ്ദം നിയന്ത്രിക്കാനും നേത്രനാഡിയുടെ കേടുപാടുകൾ തടയാനും വിജയകരമായി സഹായിക്കുന്നു.
ലേസർ ചികിത്സ - കണ്ണിന്റെ ഡ്രെയിനേജ് ആംഗിളിലേക്ക് വേദനാരഹിതമായ ലേസർ രശ്മി കടത്തിവിട്ട് സുഷിരങ്ങൾ ഉണ്ടാക്കുന്നു. Laser trabeculoplasty എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.
ശസ്ത്രക്രിയ - തുള്ളി മരുന്നും ലേസറും ഫലപ്രദമല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ഡ്രെയിനേജ് ചാനൽ സൃഷ്ടിച്ച് കണ്ണിന്റെ പ്രഷർ കുറയ്ക്കാം. MIGS – Minimally Invasive glaucoma surgery - കണ്ണിന്റെ മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഉപകരണം ഘടിപ്പിച്ച് കണ്ണിൽ നിന്ന് അക്വസ് ഹ്യൂമർ ദ്രാവകം ഒഴുകുവാൻ സഹായിക്കുന്ന രീതിയാണ്.
ലോക ഗ്ലോക്കോമ വാരം
ലോകമെമ്പാടുമുള്ള അന്ധതയുടെ ഒരു പ്രധാന കാരണമായ ഗ്ലോക്കോമയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു അതുല്യ യജ്ഞമാണ് ഗ്ലോക്കോമ വാരാചരണം. ഈ വർഷം മാർച്ച് 12-18 ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 12 World Glaucoma Day ആയി ആചരിക്കുന്നു.
World is Bright; save your sight ലോകം ശോഭയുള്ളതാണ് നിങ്ങളുടെ കാഴ്ച സംരക്ഷിക്കുക എന്നതാണ് ഈ പ്രാവശ്യത്തെ World Glaucoma Day theme.
പ്രത്യേകിച്ച് അപായ സൂചനകൾ ഇല്ലാതെ കാഴ്ച അപഹരിക്കുന്ന ഒരു രോഗമാണ് ഗ്ലോക്കോമ. എന്നാൽ കൃത്യമായി പരിശോധന നടത്തി രോഗം പ്രാരംഭഘട്ടത്തിൽ നിയന്ത്രിക്കാൻ ആയാൽ കാഴ്ചശക്തി സംരക്ഷിക്കുവാൻ സാധിക്കും. അതിനാൽ നേത്രരോഗ വിദഗ്ധനെ കണ്ട് നിരന്തരമായ പരിശോധനകൾ നടത്തുകയും നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി ഉപയോഗിക്കുകയും ചെയ്യേണ്ടത് രോഗികളെ സംബന്ധിച്ച് പ്രധാനമാണ്.
( പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ആണ് ലേഖിക )
Content Highlights: glaucoma symptoms causes and treatment, glaucoma awareness week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..