മലയാളികള്‍ക്ക്‌ ആയുസ്സ് കൂടുന്നുണ്ട്; പക്ഷേ അത് ആരോഗ്യത്തോടെയാണോ?


സി.സജില്‍

വാര്‍ധക്യം ആരോഗ്യകരമാകണം. എന്നാല്‍ അതിന് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യം ഗൗരവത്തോടെ പരിഗണിക്കേണ്ട സംസ്ഥാനമാണ് കേരളം

Representative Image| Photo: Gettyimages

യുസ്സ് കൂടുന്നത് നല്ല കാര്യമാണ്. പക്ഷേ, അതുകൊണ്ട് മാത്രമായില്ല. അതിന്റെ ഗുണഫലം കിട്ടണമെങ്കില്‍ വാര്‍ധക്യത്തില്‍ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയണം. വാര്‍ധക്യം ആനന്ദകരമായിരിക്കണം. അതിന് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യം ഗൗരവത്തോടെ പരിഗണിക്കേണ്ട സംസ്ഥാനമാണ് കേരളം. കാരണം രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 16.5 ശതമാനം പേര്‍ വയോജനങ്ങളാണെന്ന് സ്റ്റാറ്റിസ്റ്റിക് പദ്ധതിനിര്‍വഹണ മന്ത്രാലയം-എം.ഒ.എസ്.പി.ഐ. പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല പത്തുവര്‍ഷംകൂടി കഴിയുമ്പോള്‍ വയോജനങ്ങളുടെ എണ്ണം ജനസംഖ്യയുടെ 20.9 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അറുപതുവയസ്സും അതിന് മുകളിലുമുള്ള 50 ലക്ഷത്തിലധികം വരുന്ന വയോജനങ്ങളുടെ ആരോഗ്യസംരക്ഷത്തിന് ഫലപ്രദമായ, ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവശ്യമാണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നുണ്ട്.

വയോജനങ്ങളുടെ ആരോഗ്യാവസ്ഥ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വയോജനങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്ഥാനത്ത് വിവരശേഖരണം നടത്തിയിരുന്നു. വയോജനങ്ങളില്‍ 60 ശതമാനംപേര്‍ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകഴിക്കുന്നവരാണെന്നാണ് ഈ വിവരശേഖരണത്തില്‍നിന്ന് കണ്ടെത്തിയ ഒരു കാര്യം. ഇതില്‍ 10.20 ശതമാനം പേര്‍ ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല വയോജനങ്ങളുടെ ജീവിതനിലവാര സൂചികകൂടി ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. 50 ലക്ഷത്തില്‍ താഴെ വയോധികരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ജീവിതനിലവാരസൂചികയില്‍ കേരളത്തിന് ഏഴാംറാങ്കാണ്.

പരിചരണത്തിന് ആളുവേണം

വയോജനങ്ങളുടെ എണ്ണം കൂടുന്നത് മാത്രമല്ല. കുട്ടികളുടെ എണ്ണം കുറയുന്നു എന്നതും കാണാതിരിക്കാനാവില്ല. 2031 ആകുമ്പോഴേക്കും രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 41 ശതമാനമുയര്‍ന്ന് 91.4 കോടിയാകുമെന്നാണ് അനുമാനം. ഇത് പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലായിരിക്കും. സമാനമായ സാഹചര്യംതന്നെയാണ് കേരളത്തിലും. ഇങ്ങനെ സാമൂഹികഘടനയില്‍ വരുന്ന മാറ്റം വയോധികരെ ബാധിക്കുക എങ്ങനെയായിരിക്കും? കുറച്ചുകാലം കഴിയുമ്പോള്‍ നേരിടേണ്ടിവരാവുന്ന പ്രതിസന്ധി അവരെ പരിചരിക്കാന്‍ വേണ്ടത്ര ആളുകളുണ്ടാവില്ല എന്നതാണ്. അതിനൊപ്പം ഇതിനകംതന്നെ അണുകുടുംബമായി മാറിക്കഴിഞ്ഞ ജീവിതരീതിയെയും പരിഗണിക്കേണ്ടതുണ്ട്. മക്കള്‍ വിദേശങ്ങളിലും മറ്റും കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന വയോധികരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും കുറവൊന്നുമില്ല. ഇതെല്ലാം ചേര്‍ത്തുവെച്ചുവേണം വയോജനപരിചരണത്തിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണംചെയ്യാന്‍.

ചികിത്സാസൗകര്യങ്ങള്‍ എങ്ങനെയൊക്കെ

വയോജനങ്ങളെ സംബന്ധിച്ച് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാന കാര്യമാണ്. അതിനാവശ്യമായ സംവിധാനങ്ങള്‍ നമുക്കുണ്ടോ? വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനുള്ള ജെറിയാട്രിക് കെയര്‍ എന്ന പ്രത്യേക വൈദ്യശാസ്ത്രശാഖതന്നെയുണ്ട്. എന്നാല്‍ അത് നമ്മുടെ നാട്ടില്‍ ഇപ്പോഴും ശൈശവദശയില്‍തന്നെയാണ്. കുട്ടികള്‍ക്കുള്ള പ്രത്യേക ചികിത്സാവിഭാഗം വലിയ പുരോഗതി നമ്മുടെ നാട്ടില്‍ നേടിയിട്ടുണ്ട്. എന്നാല്‍ രണ്ടാം ശൈശവം എന്ന് വിശേഷിപ്പിക്കുന്ന വാര്‍ധക്യകാലത്ത് പ്രത്യേക ചികിത്സയ്ക്ക് വേണ്ടത്ര പരിഗണന കിട്ടാതെപോവുകയും ചെയ്യുന്നു.

നാഷണല്‍ പ്രോഗ്രാം ഫോര്‍ ദി ഹെല്‍ത്ത് കെയര്‍ ഓഫ് ദി എല്‍ഡേര്‍ലി (എന്‍.പി.എച്ച്.സി.ഇ.) മാര്‍ഗരേഖയില്‍ പറയുന്നു-സബ്‌സെന്റര്‍ തലംമുതല്‍ മെഡിക്കല്‍ കോളേജ് വരെ വയോജനങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സാസംവിധാനങ്ങള്‍ വേണമെന്ന്. സബ് സെന്ററുകളില്‍ വാര്‍ധക്യകാലത്തെക്കുറിച്ചുള്ള ബോധവത്കരണവും വയോജനങ്ങളെ വീട്ടിലെത്തി കണ്ട് പരിചരണവും ഒപ്പം പരിചരിക്കുന്നവര്‍ക്ക് പരിശീലനവും നല്‍കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

പ്രാഥമിക ആരോഗ്യതലങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ജെറിയാട്രിക് കെയര്‍ ക്ലിനിക് നടത്തണം. സി.എച്ച്.സി. തലത്തില്‍ ഫസ്റ്റ് റെഫറല്‍ യൂണിറ്റുകളും ആഴ്ചയില്‍ രണ്ടുദിവസം ജെറിയാട്രിക് ക്ലിനിക്കുകളും നടത്തണം. ജില്ലാ ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് കിടത്തിച്ചികിത്സാസൗകര്യത്തിന് പത്ത് കിടക്കകളുള്ള ജെറിയാട്രിക് വാര്‍ഡ് വേണം. മെഡിക്കല്‍ കോളേജുകളിലാകട്ടെ മുപ്പത് കിടക്കകളുള്ള ജെറിയാട്രിക് വാര്‍ഡ് വേണം എന്നൊക്കെയാണ് മാര്‍ഗരേഖയില്‍ പറയുന്നത്. ചില സംവിധാനങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായ അര്‍ഥത്തില്‍ അത് എത്തിയിട്ടുമില്ല. മാത്രമല്ല കോവിഡ് കാലത്ത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും പ്രതിസന്ധിയിലാവുകയും ചെയ്തു.

പ്രത്യേക ചികിത്സാ സംവിധാനം എന്തിന്

വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ചികിത്സാസംവിധാനം ആവശ്യമുണ്ടോ എന്ന സംശയം ഉയരാം. തീര്‍ച്ചയായും ആവശ്യമുണ്ട് എന്നുതന്നെയാണ് ഉത്തരം. ''വയോജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ ചെറുപ്പക്കാരുടെതുമായി താരതമ്യംചെയ്യാനാവില്ല. അത് തികച്ചും വ്യത്യസ്തമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന് സമഗ്രമായ സമീപനം വേണം''. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു.

''ചെറുപ്പക്കാരില്‍നിന്ന് വ്യത്യസ്തമായി വയോജനങ്ങള്‍ക്ക് നല്‍കുന്ന മരുന്നിന്റെ ഡോസ് വ്യത്യസ്തമാണ്. അസുഖത്തിന്റെ സ്വഭാവത്തില്‍പോലും മാറ്റങ്ങള്‍ ഉണ്ടാകും. ഇതെല്ലാം ഉള്‍ക്കൊണ്ടുള്ള ചികിത്സാസൗകര്യങ്ങള്‍ എത്രമാത്രം പര്യാപ്തമാണിപ്പോള്‍ എന്ന് വിലയിരുത്തേണ്ടതുണ്ട്'' - അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വയോജനങ്ങളുടെ സാമൂഹികസംരക്ഷണവും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വയോജനങ്ങള്‍ക്കായി സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രപരിചരണസംവിധാനം ആവശ്യമാണെന്ന് തിരുവനന്തപുരത്തെ റീജണല്‍ ജെറിയാട്രിക് സെന്ററിന്റെ ചുമതല വഹിക്കുന്ന ഡോ. രേണു ആര്‍. പറയുന്നു. ''വയോജനങ്ങളെ മാത്രം ബാധിക്കുന്ന ശാരീരികവും മാനസികവുമായ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയെല്ലാം പരിഗണിക്കാന്‍ കഴിയുന്നവിധത്തിലായിരിക്കണം ചികിത്സാസംവിധാനം ഒരുക്കേണ്ടത്. വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുന്നത് ചികിത്സയില്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. വയോജനങ്ങളുടെ പരിചരണത്തില്‍ അവബോധം ഇപ്പോള്‍ കൂടിവരുന്നുമുണ്ട്'' - ഡോ. അരുണ പറഞ്ഞു.

പരിചരിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാം

വയോജനങ്ങളെ പരിചരിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത് ഗുണകരമാകും. അവരെ ശുശ്രൂഷിക്കുന്നത് മക്കളോ അടുത്ത ബന്ധുക്കളോ ആയാലും പരിചരണം സംബന്ധിച്ച അടിസ്ഥാനമായ അറിവുകള്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്. പരിചരണവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയേറെ സഹായിക്കും. മാത്രമല്ല വീടിനകത്തും പുറത്തുമെല്ലാം വയോജനസൗഹൃദാന്തരീക്ഷം നിലനിര്‍ത്തേണ്ടതും ആവശ്യമാണ്.

''വയോജനങ്ങള്‍ക്കായി സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സമ്രഗമായ പരിചരണസംവിധാനം ആവശ്യമാണ്. വയോജനങ്ങളെ മാത്രം ബാധിക്കുന്ന ശാരീരികവും മാനസികവുമായ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയെല്ലാം പരിഗണിക്കാന്‍ കഴിയുന്നവിധത്തിലായിരിക്കണം ചികിത്സാസംവിധാനം
ഒരുക്കേണ്ടത്.

- ഡോ. അരുണ ആര്‍.
പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം

''വയോജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ ചെറുപ്പക്കാരുടേതുമായി താരതമ്യം ചെയ്യാനാവില്ല. അസുഖത്തിന്റെ സ്വഭാവംപോലും ചെറുപ്പക്കാരില്‍നിന്ന് വ്യത്യസ്തമാണ്. ഇതെല്ലാം ഉള്‍ക്കൊണ്ടുള്ള ചികിത്സാസൗകര്യങ്ങള്‍ ഇപ്പോള്‍ എത്രമാത്രം പര്യാപ്തമാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്.''

- ഡോ. ബി. പദ്മകുമാര്‍
പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്
ആലപ്പുഴ

ശ്രദ്ധിക്കേണ്ട ചില കണക്കുകള്‍

  • 50 ലക്ഷത്തില്‍ താഴെ വയോധികരുള്ള സംസ്ഥാനങ്ങളുടെ ജീവിതനിലവാര സൂചികയില്‍ കേരളത്തിന് ഏഴാംറാങ്ക്.
  • രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതല്‍ കേരളത്തില്‍. 16.5 ശതമാനംപേരാണ് ഈ വിഭാഗത്തില്‍ കേരളത്തിലുള്ളത്. 2031 ആകുമ്പോഴേക്കും ഇത് 20.9 ശതമാനമായി ഉയരാം
  • 2031 ഓടെ രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 41 ശതമാനമുയര്‍ന്ന് 91.4 കോടിയാകുമെന്നാണ് അനുമാനം. ഇത് പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലായിരിക്കും
  • 2014-18 എസ്.ആര്‍.എസ്. (സാമ്പിള്‍ റെജിസ്ട്രേഷന്‍ സിസ്റ്റം) റിപ്പോര്‍ട്ട് അനുസരിച്ച് ജീവിതദൈര്‍ഘ്യം കൂടുതല്‍ കേരളത്തിലാണ്. പുരുഷന്മാരില്‍ 72.5 വര്‍ഷവും സ്ത്രീകളില്‍ 77.9 വര്‍ഷവും
  • കേരളത്തില്‍ ഉറ്റവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം 26.1 ശതമാനം. 2011-ല്‍ ഇത് 19.6 ശതമാനമായിരുന്നു. 2031ല്‍ അത് 34.3 ശതമാനമായി ഉയരാം
Content Highlights: Geriatric care, Life expectancy for Malayalees is increasing, Needs healthy ageing

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented