കൊറോണയുടെ ജനിതകമാറ്റത്തില്‍ അമിതഭയം വേണ്ട


ഡോ. ബി. ഇക്ബാല്‍

ഇപ്പോള്‍ സംഭവിച്ച ജനിതകവ്യതിയാനം സ്‌പൈക്ക് പ്രോട്ടീന്‍ തലത്തിലാണ് സംഭവിച്ചിട്ടുള്ളതെങ്കിലും പ്രോട്ടീന്റെ ത്രിമാന ഘടനയില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയില്ലാത്തിനാല്‍ വാക്‌സിന്റെ ഫലസിദ്ധിയെ ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

Representative Image | Photo: Gettyimages.in

കൊറോണ വൈറസ് ഒറ്റ തന്തുക്കളുള്ള ഒരു ആര്‍.എന്‍.എ. വൈറസാണ്. (മനുഷ്യരില്‍ രോഗകാരണമായ വസൂരി, ഹെര്‍പിസ്, പാപ്പിലോമ വൈറസുകള്‍ എന്നിവ ഡി.എന്‍.എ. വൈറസുകളാണ്). ആര്‍.എന്‍.എ. വൈറസുകള്‍ നിരന്തരം ജനിതകമാറ്റത്തിന് (Mutation) വിധേയമായികൊണ്ടിരിക്കും. ഡി.എന്‍.എ. വൈറസുകളിലും അങ്ങനെ സംഭവിക്കാം. ജനിതകമാറ്റം സംഭവിക്കുമ്പോള്‍ അത് തിരുത്തി ശരിയാക്കാനുള്ള സംവിധാനം (പ്രൂഫ് റീഡിങ്) വൈറസുകളിലുണ്ട്. എന്നാല്‍, ആര്‍.എന്‍.എ. വൈറസുകളില്‍ പ്രൂഫ് റീഡിങ് പലപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ല. ജനിതക മാറ്റം സംഭവിക്കുമ്പോള്‍ വൈറസിന്റെ രോഗവ്യാപനനിരക്ക്, തീവ്രത എന്നിവ വര്‍ധിക്കാം. മാത്രമല്ല വൈറസിനെതിരേ അതിനകം വാക്‌സിന്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് ഫലപ്രദമായില്ലെന്നും വരാം. ഫളൂ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാവുന്നതുകൊണ്ടാണ് ജനിതകമാറ്റം കണക്കിലെടുത്ത് ഓരോവര്‍ഷവും പുതിയ വാക്‌സിന്‍ നിര്‍മിക്കുന്നത്.

ഇപ്പോള്‍ കൊറോണ വൈറസിന്റെ കാര്യത്തില്‍ ബി 1.1.1.7 എന്ന് പേരിട്ടിട്ടുള്ള ഉപവിഭാഗമാണുണ്ടായിട്ടുള്ളത്. മനുഷ്യകോശങ്ങളില്‍ വേഗം കയറിക്കൂടി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ ഈ ഉപവിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ക്ക് കഴിയുമെന്ന് അറിവായിട്ടുണ്ട്. മാറ്റം സംഭവിച്ചിരിക്കുന്നത് കോശങ്ങളിലേക്ക് കടക്കാന്‍ വൈറസുകളെ സഹായിക്കുന്ന വൈറസിന്റെ താക്കോല്‍ എന്നു പറയാവുന്ന സ്‌പൈക്ക് പ്രോട്ടീന്‍ ഘടനയിലായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. സ്‌പൈക്ക് പ്രോട്ടീന്‍ എന്ന താക്കോലുപയോഗിച്ച് എ.സി.ഇ.2 (Angiotensin Converting Enzyme 2: ACE2)എന്ന പൂട്ട് തുറന്നാണ് വൈറസ് കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനില്‍ എന്‍ 501 വൈ (N501Y), പി 681 എച്ച് (P681H) എന്നീ ജനിതകവ്യതിയാനങ്ങളാണുണ്ടായിട്ടുള്ളത്. രോഗവ്യാപനം വര്‍ധിക്കുമെന്നല്ലാതെ ഇതിലൂടെ ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും രോഗവ്യാപനം കൂടിയാല്‍ അപകടസാധ്യതയുള്ളവരെ (പ്രായാധിക്യമുള്ളവരും മറ്റു രോഗമുള്ളവരും) രോഗം ബാധിക്കാനുള്ള സാധ്യത വര്‍ധിക്കും എന്നത് കണക്കിലെടുത്ത് കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

വാക്‌സിന്‍ ഫലപ്രദം

പുതിയ ജനിതകമാറ്റം ഇപ്പോള്‍ നിര്‍മിച്ചുകഴിഞ്ഞ വാക്‌സിനുകളുടെ ഫലസിദ്ധിയെ ബാധിക്കുമോ എന്നതാണ് അടുത്ത പ്രശ്‌നം. വാക്‌സിനുകള്‍ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിച്ച് ശരീരത്തില്‍ പ്രതിവസ്തുക്കള്‍ (Antibody) നിര്‍മിച്ചാണ് രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ സംഭവിച്ച ജനിതകവ്യതിയാനം സ്‌പൈക്ക് പ്രോട്ടീന്‍ തലത്തിലാണ് സംഭവിച്ചിട്ടുള്ളതെങ്കിലും പ്രോട്ടീന്റെ ത്രിമാന ഘടനയില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയില്ലാത്തിനാല്‍ വാക്‌സിന്റെ ഫലസിദ്ധിയെ ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. (ഘടനയാണ് പ്രവര്‍ത്തനത്തെ നിശ്ചയിക്കുന്നത്: Structure Decides the Function)

രോഗനിര്‍ണയത്തിനായി ഉപയോഗിച്ചുവരുന്ന ആര്‍.ടി.പി.സി.ആര്‍., ആന്റിജന്‍ ടെസ്റ്റുകള്‍ വഴി പുതിയ ഉപവിഭാഗത്തില്‍പ്പെട്ട വൈറസുകളെ കണ്ടെത്താന്‍ കഴിയാതെ വരുമോ എന്നതാണ് മറ്റൊരു ആശങ്ക. അങ്ങനെ ഭയപ്പെടേണ്ടതില്ലെന്നും ഇപ്പോഴുള്ള രോഗനിര്‍ണയ സങ്കേതങ്ങള്‍വഴി വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്നും വ്യക്തമായിട്ടുണ്ട്.

ലോകത്ത് ഇതുവരെ പല രാജ്യങ്ങളിലായി 20,000-ത്തോളം ജനിതക ശ്രേണീകരണം നടന്നിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ജീന്‍ ബാങ്ക് എന്ന പൊതുവിവരസങ്കേതത്തില്‍ (ഡേറ്റാബേസില്‍) ലഭ്യമാക്കുന്നുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സാര്‍വദേശീയ ന്യൂക്ലീയോറ്റൈഡ് ശ്രേണീകരണ ഡേറ്റാബസ് സഹകരണത്തിന്റെ (International Nucleotide Sequence Database Collaboration) ഭാഗമായി ഡി.എന്‍.എ. ഡേറ്റാബങ്ക് ജപ്പാന്‍ (DNA DataBank of Japan (DDBJ), യൂറോപ്യന്‍ ന്യൂക്ലീയോറ്റൈഡ് ആര്‍ക്കൈവ് (European Nucleotide Archive (ENA), എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജീന്‍ബാങ്ക് സംഘടിപ്പിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഡേറ്റാബേസില്‍ (Global Initiative on Sharing All Influenza Data GISAID). 12,000 സാര്‍സ് കൊറോണ വൈറസ് 2-ന്റെ ശ്രേണീകരണവിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

വംശാവലികള്‍

ഇതിനകം ലോകത്തെമ്പാടുമായി പത്തു പ്രധാന വംശാവലികള്‍ (CLADES) ആണ് കാണപ്പെട്ടുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുവംശാവലികള്‍ക്ക് പ്രാദേശികമായി ജനിതകമാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെടുകയും ഉപവിഭാഗങ്ങളുണ്ടാവുകയും (Haplogroups) ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസിന്റെ വ്യാപനസാധ്യതയിലും തീവ്രതയിലും മാറ്റങ്ങള്‍ വരാം. രോഗികളില്‍ നിന്നും ലഭിക്കുന്ന രോഗലക്ഷണങ്ങളുടെയും ചികിത്സാ പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ ജനിതകമാറ്റങ്ങളുടെ പ്രസക്തി പരിശോധിക്കപ്പെടും. ഇത്തരം പഠനങ്ങളെയെല്ലാം ചേര്‍ത്ത് ജനിതക രോഗവ്യാപന ശാസ്ത്രം വളര്‍ന്നുവന്നിട്ടുണ്ട്.

ഇന്ത്യയില്‍ സി.എസ്.ഐ.ആറിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസ് ജനിതക പഠനത്തിനായി ഇന്‍ഡികോവ്ജെന്‍ (IndiCovGen: Indian Cov 2 Genomes and Genetic Epidemiology Consortium) എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ സി.എസ്.ഐ.ആറിന്റെ ഗവേഷണശാലകള്‍ 2000-ലധികം കോവിഡ് വൈറസുകളുടെ ജനിതകശ്രേണീനിര്‍ണയം നടത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നടന്ന വൈറസ് പഠനത്തില്‍നിന്നും ലോക വംശാവലികളില്‍ ആറെണ്ണം ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ (A2a),സവിശേഷ ഉപവിഭാഗമായ ഐ/എ3ഐ (I/A3i) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയാണെന്നും അറിയാന്‍ കഴിഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിന്റെ ജനിതകപഠനം നടന്നിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായിട്ടുള്ള എ2എ എന്ന വംശാവലിയാണ് കേരളത്തിലുള്ളത്. ബഹുഭൂരിപക്ഷം വൈറസിന്റെ ജനിതകശ്രേണിയിലും ഡി614ജി (D614G) എന്ന ജനിതകവ്യതിയാനം സ്ഥിതീകരിക്കപ്പെട്ടു.

ഈ വ്യതിയാനം വര്‍ധിച്ച വ്യാപനശേഷിക്കു (Infectivtiy) കാരണമായേക്കാം വടക്കന്‍ ജില്ലകളില്‍ നിന്നുള്ള സാംപിളുകള്‍ മാത്രമാണ് പഠനവിധേയമാക്കിയിയത്. എല്ലാ ജില്ലകളില്‍നിന്നുമുള്ള സാംപിളുകള്‍ ഉപയോഗിച്ചും ജനിതകപഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Genetic variation of Corona Virus all things you needs to know, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented