തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി നട്ടെല്ല് നിവര്‍ത്തുന്ന ശസ്ത്രക്രിയ നടത്തി. പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടില്‍ ഷണ്‍മുഖത്തിന്റെ മകന്‍ 13-കാരനായ ജിത്തുവിനാണ് സൗജന്യമായി സ്‌കോളിയോസിസ് ശസ്ത്രക്രിയയിലൂടെ പുതിയ ഒരു ജീവിതം സമ്മാനിച്ചത്.

ജന്മനാ നട്ടെല്ലുവളഞ്ഞ കുട്ടിയായ ജിത്തു കോവിഡിനു മുന്‍പായിരുന്നു മെഡിക്കല്‍ കോളേജിലെത്തിയത്. നാലര അടി ഉയരമുള്ള ജിത്തു വളവുമൂലം വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിച്ചിരുന്നത്. പഠനത്തിലും വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. നട്ടെല്ല് നിവര്‍ത്തിത്തരാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയെങ്കിലും പെട്ടെന്ന് കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു.

പത്തുദിവസം മുന്‍പ് മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരമാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഫിസിയോ തെറാപ്പിയും പൂര്‍ത്തിയാക്കി നട്ടെല്ല് നിവര്‍ന്നാണ് ജിത്തു വീട്ടിലേക്ക് മടങ്ങിയത്. ഒമ്പതുമണിക്കൂര്‍ സമയമെടുത്തായിരുന്നു ശസ്ത്രക്രിയ. സര്‍ക്കാര്‍ തലത്തില്‍ ഈ ശസ്ത്രക്രിയ വിരളമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം സ്വകാര്യ ആശുപത്രിയെയായിരുന്നു വീട്ടുകാര്‍ സമീപിച്ചത്. എന്നാല്‍, പത്തുലക്ഷം രൂപയോളം ചെലവ് വരുമെന്നറിഞ്ഞതിനാല്‍ പിന്‍വാങ്ങുകയായിരുന്നു.

ദേശീയ ആരോഗ്യമിഷനു കീഴിലുള്ള രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്വ കാര്യക്രം പദ്ധതി വഴിയാണ് ജിത്തുവിന് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നല്‍കിയത്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ആര്‍. ബിജു കൃഷ്ണന്റെയും അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗത്തിന്റെയും നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ.എം. സുനില്‍, ഡോ. വിജയകുമാര്‍ നഴ്‌സുമാരായ സരിത, രമ്യ, സുമികോ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

എന്താണ് സ്‌കോളിയോസിസ്

ജന്മനാ ഉള്ള വൈകല്യമാണ് സ്‌കോളിയോസിസ്. അപകടങ്ങള്‍ പറ്റിയാലും അപൂര്‍വമായി സ്‌കോളിയോസിസ് ഉണ്ടാകാം. നട്ടെല്ല് വളഞ്ഞിരിക്കുന്ന അവസ്ഥയാണ്. ശസ്ത്രക്രിയ വഴി സുഖപ്പെടുത്താന്‍ കഴിയും. ശസ്ത്രക്രിയ വിജയകരമാക്കുന്നതിന് ബാല്യത്തില്‍ നടത്തുന്നതിനെക്കാള്‍ എല്ലുകള്‍ക്ക് വളര്‍ച്ച പ്രാപിച്ച സമയത്ത് നടത്തുന്നതാണ് കൂടുതല്‍ നല്ലത്.

Content Highlights: Free Scoliosis surgery at thrissur medical college