കഠിനമായ വ്യായാമമുറകള്‍ക്കുശേഷം ശരീരഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ചില സമയങ്ങളില്‍ സന്ധികള്‍ കൂടിച്ചേരുന്ന ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേദന സഹിക്കാന്‍ പറ്റാത്തതിനു അപ്പുറത്തായിരിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഈ വേദന കുറയ്ക്കുന്നതിന് മരുന്നു കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമായ ചില വഴികള്‍ വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. അവയില്‍ ചിലത് പരിചയപ്പെടാം.

ഐസ് പാക്ക്

വേദന സഹിക്കാവുന്നതിനും അപ്പുറമാണെങ്കില്‍ വേദനയെടുക്കുന്ന ഭാഗത്ത് ഐസ് പാക്ക് എടുത്ത് പതിയെ തടവിക്കൊടുക്കുക. പേശി വേദന വളരെ വേഗം മാറിക്കിട്ടും.

ധാരാളം വെള്ളം കുടിക്കുക

മികച്ച ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമം ചെയ്യാന്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ധാരാളം വെള്ളം കുടിക്കുന്നത് വേദനകളില്‍നിന്ന് ശരീരത്തിന് മുക്തി നല്‍കും. ദിവസവും ജ്യൂസോ അല്ലെങ്കില്‍ അല്ലെങ്കില്‍ ആരോഗ്യപ്രദമായ മറ്റ് പാനീയങ്ങളോ ശീലമാക്കുന്നത് നന്നായിരിക്കും. 

കുളിക്കാന്‍ ചൂടുവെള്ളം

പേശികളുടെ വേദന കുറയ്ക്കുന്നതിന് ചൂടുവെള്ളം നല്ലതാണ്. ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരവേദന കുറയ്ക്കും. വെള്ളത്തില്‍ കല്ലുപ്പ് ചേര്‍ത്ത് കുളിക്കുന്നത് വേദന വേഗത്തില്‍ കുറയാന്‍ സഹായിക്കും.

ചെറി ജ്യൂസ്

ശരീരവേദന കുറയ്ക്കുന്നതിന് ചെറി ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയ പഴവര്‍ഗമാണ് ചെറി. കൂടാതെ, ശരീരവേദനയും നീരും കുറയ്ക്കുന്നതിനുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Content highlights: four ways to rid your body of pain after exercise