വേണം, കുറ്റമറ്റ രോഗനിരീക്ഷണ സംവിധാനം


കെ.കെ. ശൈലജ

കുറ്റമറ്റ രോഗനിരീക്ഷണസംവിധാനം, ആരോഗ്യ സ്ഥാപനങ്ങളുടെ ആധുനികീകരണം, തുടര്‍ച്ചയായ പരിശീലനപദ്ധതികള്‍, കൃത്യമായ വിവരശേഖരണവും റിപ്പോര്‍ട്ടിങ്ങും, കാലികമായ മുന്നൊരുക്കങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ മാനസികവും ശാരീരികവുമായ സുസ്ഥിരത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ഭാവിയിലെ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായി നാം തുടരേണ്ടത്...

കെ.കെ. ശൈലജ| ഫോട്ടോ: ശംഭു വി.എസ്.

കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. ലോകരാഷ്ട്രങ്ങള്‍ അത് മനസ്സിലാക്കി ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുമോ എന്നത് കാത്തിരുന്നുകാണാം.

കോവിഡിനുശേഷവും വൈറസ്ബാധകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. വിമാനത്താവളങ്ങളും തുറമുഖങ്ങളും കരമാര്‍ഗമുള്ള നവീന ഗതാഗതസൗകര്യങ്ങളും വേഗമേറിയ വാഹനങ്ങളും മനുഷ്യന്റെമാത്രമല്ല, പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളുടെ സഞ്ചാരസൗകര്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരിടത്ത് പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധി മണിക്കൂറുകള്‍ക്കുള്ളില്‍ അനേകം ഇടങ്ങളിലേക്ക് പറന്നെത്താന്‍ കഴിയുന്നു. ഇത്തരമൊരവസ്ഥയില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ നിയതമായ ചില തന്ത്രങ്ങളും നിബന്ധനകളും ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും തീരുമാനിക്കേണ്ടതുണ്ട്. അതിപകര്‍ച്ചശേഷിയുള്ള വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ അവിടെനിന്ന് മറ്റിടങ്ങളിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. രോഗം വ്യാപിച്ചശേഷം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രയോജനമില്ല. രോഗം പകരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഓരോ വ്യക്തിക്കും ആരോഗ്യപരിപാലനവും അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തണം.

രോഗബാധിതരെ ആശുപത്രിയിലേക്കുമാറ്റി വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ കഴിയണം. അത് ഓരോ മനുഷ്യന്റെയും അവകാശമായി അംഗീകരിക്കണം. ദുര്‍ബലസംവിധാനമുള്ള രാജ്യങ്ങളാണെങ്കില്‍ ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ സംവിധാനങ്ങളൊരുക്കണം. മനുഷ്യരുടെ മാത്രമല്ല, മറ്റുജീവജാലങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുന്ന ഏകാരോഗ്യ സമീപനം ഉറപ്പുവരുത്തണം. വൈറസ്ബാധകള്‍ ഉണ്ടാവുന്നതിനുമുമ്പ് ഓരോ രാജ്യത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം.

ചൈനയിലെ വുഹാനില്‍ സാര്‍സ് കൊറോണ വൈറസ്-2 പടരാന്‍ തുടങ്ങിയ സമയത്ത് വൈറസ് പുറത്തേക്കുപോകുന്നതിന് പ്രതിരോധനടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ലോകമാകെ പ്രതിസന്ധിയിലാകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ 2018-ല്‍ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ ചില പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞത് ഏറെ ഗുണംചെയ്തു.

പകര്‍ച്ചവ്യാധികളുടെ വ്യാപനസാധ്യത മനസ്സിലാക്കുകയും തടയുകയും ചെയ്യുന്നതിനായി 2004-ല്‍ കേന്ദ്രസര്‍ക്കാര്‍ സംയോജിത രോഗനിരീക്ഷണപദ്ധതി (Integrated Disease Surveillance Programme (IDSP)) പ്രഖ്യാപിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഇത് വേണ്ടത്ര ശ്രദ്ധയോടെ നടപ്പാക്കിയില്ല. കേരളത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് രോഗനിരീക്ഷണനടപടികള്‍ ശക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ലബോറട്ടറികള്‍ ശക്തമാക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരന്തരമായ പരിശീലനം നല്‍കുക, പരിശീലനം സിദ്ധിച്ച പകര്‍ച്ചവ്യാധി വിദഗ്ധരെയും പൊതുജനാരോഗ്യവിദഗ്ധരെയും വിന്യസിച്ച് രോഗനിരീക്ഷണം ശക്തമാക്കുക എന്ന നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലും അത് റിപ്പോര്‍ട്ട്‌ചെയ്യുന്നതിലും നാം സുതാര്യമായ നടപടികള്‍ സ്വീകരിച്ചു. നിപയെ പ്രതിരോധിക്കുന്നതില്‍ ഏറെ ഗുണംചെയ്തത് ഈ നടപടിക്രമമായിരുന്നു. എല്ലാ ദിവസവും നടത്തിയ പത്രസമ്മേളനത്തിലൂടെ ജനങ്ങളുമായി ആശയവിനിമയം നടത്തി. അസാധാരണമായ അനുഭവങ്ങളില്‍ അമാന്തിച്ചുനില്‍ക്കാതെ പെട്ടെന്ന് തീരുമാനങ്ങളെടുത്തു. വ്യാജവാര്‍ത്തകളുടെ വ്യാപനം തടയാന്‍ ശ്രമിച്ചു. ഇങ്ങനെയെല്ലാം ചെയ്യുമ്പോഴും എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. വിമര്‍ശനങ്ങള്‍ രണ്ടുതരത്തിലുണ്ട്. അതിലൊന്ന് നാം ചെയ്യാന്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന ക്രിയാത്മകമായ വിമര്‍ശനങ്ങളാണ്. എന്നാല്‍, മനപ്പൂര്‍വം തെറ്റിദ്ധാരണകള്‍ പടര്‍ത്താനുള്ള സംഹാരാത്മക വിമര്‍ശനങ്ങളും ഉണ്ടാവാറുണ്ട്.

കോവിഡിന്റെ കാര്യത്തിലും കേരളം ഇതേ ജാഗ്രതതന്നെയാണ് പാലിച്ചത്. വുഹാനില്‍ കോവിഡ് വ്യാപനം ഉണ്ടെന്നറിഞ്ഞമാത്രയില്‍ കേരളം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. 2020 ജനുവരിയില്‍ കണ്‍ട്രോള്‍ റും, വിദഗ്ധടീമുകള്‍, നിരന്തരമായ ആശയവിനിമയം, കൃത്യതയുള്ള ആസൂത്രണങ്ങള്‍ എന്നിവ പെട്ടെന്നുതന്നെ ആരംഭിച്ചതുകൊണ്ടാണ് മറ്റാളുകളിലേക്ക് വ്യാപിക്കാതെ ആദ്യത്തെ കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. പ്രത്യേക ചികിത്സ പ്രോട്ടോക്കോളോ മരുന്നുകളോ പ്രതിരോധവാക്‌സിനുകളോ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് കേരളം പ്രതിരോധപ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിച്ചത്. നാം മുന്‍ഗണന കൊടുത്തത് രോഗനിരീക്ഷണത്തിനും പ്രതിരോധത്തിനുമാണ്. വെളിയില്‍നിന്ന് വരുന്നവരെ ക്വാറന്റീന്‍ചെയ്ത് നിരീക്ഷിക്കുക, രോഗലക്ഷണമുള്ളവരെ ടെസ്റ്റ്‌ചെയ്യുക, പോസിറ്റീവാകുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുക എന്ന തന്ത്രമാണ് നാം സ്വീകരിച്ചത്. ഇതോടൊപ്പം രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ (Break the chain) സ്വീകരിച്ചു. സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സ് എന്ന പ്രചാരണം ശക്തമാക്കി ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചു.

2021 ജനുവരിമുതല്‍ രണ്ടാംതരംഗത്തിന്റെ ഘട്ടമായിരുന്നു. തിരഞ്ഞെടുപ്പും ഓണാഘോഷപരിപാടികളുമെല്ലാം ഇടയില്‍വന്നപ്പോള്‍ രണ്ടാം തരംഗത്തിന്റെ വേഗംകുറയ്ക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വൈറസിന്റെ ജനിതകവകഭേദം (ഡെല്‍റ്റ) രോഗവ്യാപനത്തോത് വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ചയും മരണങ്ങളുമുണ്ടായത് ഈ ഘട്ടത്തിലാണ്. 2021 ജനുവരിമുതല്‍ ഓഗസ്റ്റ്വരെ 25 ലക്ഷത്തിലേറെ കേസുകളും പതിനൊന്നായിരത്തിലേറെ മരണവുമുണ്ടായി. എന്നാല്‍, കേരളം നേരത്തേ തുടര്‍ന്നുപോന്ന എല്ലാ നടപടിക്രമങ്ങളും ശക്തമായി തുടരുകയും പുതിയ സാഹചര്യം നേരിടാന്‍ ഒരുങ്ങുകയുംചെയ്തതിന്റെ ഫലമായാണ് മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ കഴിഞ്ഞത്.

പലരും മിറ്റിഗേഷന്‍രീതി സ്വീകരിച്ച് എല്ലാവര്‍ക്കും രോഗംവന്നുപോയി പ്രതിരോധമാര്‍ജിക്കണമെന്ന് വാദിച്ചപ്പോള്‍ നാം പരമാവധി ആളുകളെ രോഗബാധയില്‍നിന്ന് മാറ്റിനിര്‍ത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിറ്റിഗേഷന്‍ രീതി സ്വീകരിച്ച അമേരിക്കയിലും ബ്രിട്ടനിലും സ്വീഡനിലുമൊക്കെ ആദ്യഘട്ടത്തിലുണ്ടായ മരണത്തിന്റെ കണക്ക് ഭയാനകമായിരുന്നു.

കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് ചര്‍ച്ചകളുയരുന്നുണ്ട്. രണ്ടാംതരംഗം മാസങ്ങളോളം നീണ്ടുനിന്നതിനാല്‍ പ്രതീക്ഷിച്ച മൂന്നാംതരംഗവും ഇതിന്റെകൂടെത്തന്നെ കടന്നുപോകാനാണ് സാധ്യത. തരംഗത്തിന്റെ ഉയര്‍ച്ച താമസിപ്പിക്കുക എന്നതിനുപകരം തരംഗത്തെ തകര്‍ക്കുകയെന്ന രീതിയാണ് നാം ഇപ്പോള്‍ പ്രയോഗിക്കുന്നത്. ചിട്ടയോടെ പ്രവര്‍ത്തിച്ചാല്‍ മൂന്നാംതരംഗത്തിന് ഉയര്‍ച്ചയെയും നമുക്ക് തടയാന്‍ സാധിക്കും. നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് കുറ്റമറ്റ രോഗനിരീക്ഷണസംവിധാനം, ആരോഗ്യ സ്ഥാപനങ്ങളുടെ ആധുനികീകരണം, തുടര്‍ച്ചയായ പരിശീലനപദ്ധതികള്‍, കൃത്യമായ വിവരശേഖരണവും റിപ്പോര്‍ട്ടിങ്ങും, കാലികമായ മുന്നൊരുക്കങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ മാനസികവും ശാരീരികവുമായ സുസ്ഥിരത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങളിലാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം, ഏതു വലിയ പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷതന്നെയാണ് നല്‍കുന്നത്.

Content Highlights: Former Kerala Health Minister K.K. Shylaja writes about Kerala Health system, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented