-
മഴക്കാലത്ത് വെള്ളവുമായി സമ്പര്‍ക്കം കൂടുതലുണ്ടാവുന്നതുകൊണ്ട് പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ പാദസംരക്ഷണം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഫംഗല്‍ അണുബാധ
പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതു വഴി ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു അസുഖമാണ് ഫംഗല്‍ അണുബാധ. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം.
ലക്ഷണങ്ങള്‍
വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവ വായുസഞ്ചാരമില്ലാത്ത, മൂടി നില്ക്കുന്ന ഷൂസ് പോലെയുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരില്‍ കൂടുതലായി കാണപ്പെടുന്നു. പ്രമേഹരോഗികളില്‍ ഇതുകാരണം സെല്ലുലൈറ്റിസ് പോലുള്ള അണുബാധകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
- നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നുതന്നെ മാറ്റുക.
- തുറന്നതും ഈര്‍പ്പം കെട്ടിനില്‍ക്കാത്തതുമായ ചെരിപ്പുകള്‍ ഉപയോഗിക്കുക.
- വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം തുണികൊണ്ട് ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍കം പൗഡര്‍ ഇടുക.
- ചെരിപ്പുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക.
- നഖങ്ങളുടെ വശങ്ങള് ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.
കുട്ടികളിലും പ്രമേഹരോഗികളിലും ഇത് കൂടുതലായി കാണുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍
വേദനയോടു കൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവ കാണാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ചെളിവെള്ളത്തില്‍ ചവിട്ടുന്നത് ഒഴിവാക്കുക.
- കാലുകളില്‍ മുറിവുണ്ടെങ്കില്‍ അതുണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
- സ്വന്തം നിലയിലുള്ള ചികിത്സ(ആണിരോഗങ്ങള്) കാല്‍പാദത്തിലെ തൊലി സ്വയം ചെത്തുന്നത് എന്നിവ ഒഴിവാക്കുക.
പ്രായമുള്ളവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് എക്സിമ. ഇത് വരാന്‍ പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്നത് വരണ്ട ചര്‍മം എന്ന കാരണമാണ്.
ലക്ഷണങ്ങള്‍
ചൊറിച്ചില്‍, തൊലിപൊളിച്ചില്, ഒലിപ്പ്, ചുവന്നുതടിപ്പ്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുളിക്കാന്‍ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക.
കാലുകള്‍ ഉരച്ചുകഴുകുന്നത് ഒഴിവാക്കുക.
കുളിച്ചുകഴിഞ്ഞ ഉടനെ മോയ്സ്ചറൈസിങ് ക്രീം പുരട്ടുക. വിരലുകളുടെ ഇടയില്‍ മോയിസ്ചറൈസര്‍ ഒഴിവാക്കുക.
പ്രമേഹരോഗികള്‍ ശ്രദ്ധിക്കാന്‍
പ്രമേഹമുള്ളവര്‍ക്കും പ്രമേഹം കാരണം സ്പര്‍ശശേഷി കുറഞ്ഞവര്‍ക്കും പാദങ്ങളില്‍ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചെറിയ മുറിവുകളും അതിലൂടെയുണ്ടാവുന്ന അണുബാധയും ഇവരുടെ ശ്രദ്ധയില്‍ പെടാതെ പോവാനും പിന്നീട് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാവാനുമുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എല്ലാ ദിവസവും കിടക്കുന്നതിനുമുന്‍പായി നല്ല വെളിച്ചത്തില്‍ പാദങ്ങള്‍ സ്വയം പരിശോധിക്കേണ്ടതാണ്.
- വിരലുകളുടെ ഇടയിലുള്ള ചര്‍മത്തില്‍ പൊടിയോ ചെറിയ കല്ലുകളോ മുള്ളോ ഇല്ലെന്ന് ഉറപ്പാക്കണം.
- പാദങ്ങളില്‍ വിള്ളലുകള്‍, ചുവപ്പുനിറം, മുറിവുകള്‍, കുമിളകള്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കണം.
- ചെരിപ്പുകളില്‍ കൂര്‍ത്ത ഭാഗങ്ങള്‍ ഉയര്‍ന്നുനിന്ന് തൊലി ഉരഞ്ഞ് മുറിവ് വരാന്‍ സാധ്യതയില്ല എന്ന ഉറപ്പുവരുത്തണം,
- കാലില്‍ എന്തെങ്കിലും തരത്തിലുള്ള നിറംമാറ്റമോ മറ്റോ കണ്ടാല്‍ ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.
ഡോ. സിനിഗ്ധ ഒ.
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
Content Highlights: Foot Care Health Diabetes patients during rainy season, Health, skin health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..