ഹോട്ടല്‍ ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ സംഭവിക്കാറുണ്ട്. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നത്.

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ചമൂലമോ ഭക്ഷ്യവിഷബാധയുണ്ടാവാം. പൊടിപടലങ്ങളില്‍നിന്നും മലിന ജലത്തില്‍നിന്നും ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.

ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കുശേഷമോ ലക്ഷണം പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം.

ചികിത്സ

അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ രണ്ട്, മൂന്ന് മണിക്കൂറില്‍ ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം.

ഛര്‍ദ്ദി ആവര്‍ത്തിക്കുക, ഒരുദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആസ്പത്രിയില്‍ എത്തിക്കണം.

മുന്‍കരുതലുകള്‍

• ശുചിത്വമാണ് പ്രധാനം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

• കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയശേഷമേ ഭക്ഷണം പാചകംചെയ്യാവൂ.

• ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കണം.

• പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകംചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ വേസ്റ്റ് ബാസ്‌കറ്റിലിട്ട് യഥാസമയം പുറത്തുകളയണം. വേസ്റ്റ് ബാസ്‌കറ്റ് എല്ലാ ദിവസവും വൃത്തിയാക്കി വെക്കണം.

• ഈച്ചശല്യം ഒഴിവാക്കണം.

• ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കരുത്.

• പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തിലിട്ട് നന്നായി കഴുകി ഉപയോഗിക്കുക.

• കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

• പാചകംചെയ്ത ആഹാരപദാര്‍ഥങ്ങള്‍ തുറന്നുവെക്കരുത്.

• കുടിക്കാനും പാചകംചെയ്യാനുമായി ശുദ്ധവെള്ളം മാത്രം ഉപയോഗിക്കുക.

• കാലാവധി കഴിഞ്ഞ ആഹാര പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.

• പൊതുചടങ്ങുകള്‍ക്ക് ഭക്ഷണം പാചകംചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പുപാത്രങ്ങളാണെങ്കില്‍ ഈയം പൂശിയിട്ടുള്ളതാണെന്നും ഉറപ്പാക്കണം.

• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍നിന്നു മാത്രം ആഹാരം കഴിക്കുക.

• യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.

Content Highlights: Food poisoning Diagnosis and treatment