Representative Image| Photo:Canva.com
ഗര്‍ഭപാത്രത്തിന്റെ അകത്തേ പാളിയാണ് എന്‍ഡോമെട്രിയം. സാധാരണഗതിയില്‍ ഗര്‍ഭധാരണം നടക്കാത്ത മാസങ്ങളില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയവും കൊഴിഞ്ഞുപോകുകയും അടുത്ത ആര്‍ത്തവചക്രത്തില്‍ പുതിയ പാട രൂപപ്പെടുകയുമാണ് ചെയ്യുക. ഈ പാളി ഗര്‍ഭപാത്രത്തിലല്ലാതെ മറ്റവയവങ്ങളിലും കാണപ്പെടുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയടോസിസ്. അണ്ഡാശയങ്ങളിലും, അണ്ഡവാഹിനിക്കുഴല്‍, ഉദരത്തിന്റെ ഉള്‍ഭാഗം എന്നിവിടങ്ങളില്‍ ഈ കോശങ്ങള്‍ പ്രത്യക്ഷപ്പെടാം.
സ്ത്രീകളില്‍ പൊതുവേ 30-40 വയസ്സെത്തുമ്പോഴാണ് എന്‍ഡോമെട്രയോസിസിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. എങ്കിലും ഏതു പ്രായക്കാരായ സ്ത്രീകളിലും എന്‍ഡോമെട്രയോസിസ് ബാധിക്കാം. കഠിനമായ ഉദരവേദന, തീവ്രമായ ആര്‍ത്തവസമയം, വന്ധ്യത തുടങ്ങിയവ എന്‍ഡോമെട്രിയോസിസിന്റെ ഭാഗമായി സംഭവിക്കാം. സ്ത്രീകളുടെ ശാരീരികവും പ്രത്യുത്പാദനപരവും വൈകാരികവുമായ ആരോഗ്യത്തെ ഇത് വല്ലാതെ ബാധിക്കാറുണ്ട്.
ഈസ്ട്രജന്റെ അളവ് കൂടുന്നതാണ് എന്‍ഡോമെട്രിയോസിസിനു പിന്നിലുള്ള ഒരു കാരണമെന്നാണ് ന്യൂട്രീഷനിസ്റ്റ് ആയ ലോവ്‌നീത് ബെത്ര പറയുന്നത്. ഈസ്ട്രജന്റെ അളവ് കൂടുന്നതനുസരിച്ച് ടിഷ്യൂവിന്റെ വളര്‍ച്ചയും വീക്കവും കൂടുകയും ഇത് വേദന വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍, ഭക്ഷണക്രമത്തില്‍ ഒരല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ എന്‍ഡോമെട്രിയോസിസിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കും. എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ കഴിക്കേണ്ട ഏതാനും ഭക്ഷണപദാര്‍ഥങ്ങളെപ്പറ്റി പറയുകയാണ് ലോവ്‌നീത് ബെത്ര.
മഞ്ഞളാണ് ആദ്യത്തെ ഭക്ഷണം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന പദാര്‍ഥം എസ്ട്രാഡിയോളിന്റെ ഉത്പാദനം കുറയ്ക്കുന്നു. കൂടാതെ, ഗര്‍ഭപാത്രത്തിന്റെ പാളിയിലുള്ള ടിഷ്യൂ മൈഗ്രേഷന്‍ തടയുന്നതിനും കുര്‍ക്കുമിന്‍ സഹായിക്കുന്നു. വീറ്റ്ഗ്രാസാണ് മറ്റൊരു പച്ചക്കറി. ഇതിലടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ വീക്കം കുറയ്ക്കുകയും എന്‍ഡോമെട്രിയോസിസിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങയാണ് എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണം. എന്‍ഡോമെട്രിയത്തിന്റെ കട്ടി കുറയ്ക്കാന്‍ ഇതിന് സാധിക്കും. ഇത്തരക്കാര്‍ പരീക്ഷിക്കേണ്ട മറ്റൊരു സംഗതിയാണ് അശ്വഗന്ധ. എന്‍ഡോമെട്രിയോസിസ് ഉള്ളവരിലെ മാനസിക സമ്മര്‍ദത്തിന്റെ തോതും ഉയര്‍ന്നതായിരിക്കും. മാനസിക സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ അശ്വഗന്ധയ്ക്ക് കഴിയുമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. ശതാവരിയാണ് മറ്റൊന്ന്. എന്‍ഡോമെട്രിയോസിസിന്റെ തീവ്രത കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് ലോവ്നിത് കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: food items that should be eaten by women with endometriosis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..