പ്രസവം കഴിഞ്ഞയുടനെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ മുലയൂട്ടുന്ന സമയത്ത് ഡയറ്റിങ്ങിന് ശ്രമിക്കുന്നത് നല്ലതല്ല. പകരം പോഷകസമൃദ്ധമായ ആഹാരരീതിയിലൂടെ ഭാരം നിയന്ത്രിക്കാം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആഹാര ക്രമീകരണമാണ് വേണ്ടത്. 

മുലപ്പാലിന് പാലും വെള്ളവും

മുലയൂട്ടുന്ന അമ്മമാര്‍ ഒരുദിവസത്തെ ഭക്ഷണത്തില്‍ 75 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം. ചെറുപയര്‍, പീസ്, പരിപ്പുകള്‍, മുട്ട, മീന്‍, മാംസം, ബദാം, കശുവണ്ടി, നിലക്കടല എന്നിവയിലെല്ലാം ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രസവസമയത്ത് നഷ്ടമായ രക്തത്തിന്റെ വീണ്ടെടുക്കലിനും കോശനിര്‍മാണത്തിനും രക്തചംക്രമണത്തിനും ഇവ സഹായിക്കുന്നു. 

രക്തത്തോടൊപ്പം ശരീരത്തിലെ അയേണും നഷ്ടമായിട്ടുണ്ടാവാം.  അയേണിന്റെ അംശം കൂടുതലുള്ള ഇലക്കറികള്‍, ഈത്തപ്പഴം, ശര്‍ക്കര, അവല്‍, നട്‌സ് എന്നിവ കഴിക്കുന്നത് വിളര്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കാം. ഇവയില്‍ അയേണിനൊപ്പം വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നിവയുമുണ്ട്. ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ ഇവ മതി. തവിടോടു കൂടിയുള്ള അരി കഴിക്കുന്നതിലൂടെ ബി.വിറ്റാമിനുകളും ശരീരത്തിലെത്തും. 

കാല്‍സ്യം ധാരാളം അടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, മത്തി, എന്നിവ ഒഴിവാക്കരുത്. അമ്മയുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതിനൊപ്പം മുലപ്പാലിലൂടെ കുഞ്ഞിന്റെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കാല്‍സ്യം സഹായിക്കുന്നു. ദിവസവും മൂന്നു ഗ്ലാസ് പാല്‍ കുടിക്കുന്നതും നല്ലതാണ്.

റാഗി, ഓട്‌സ്, എള്ള്, നട്‌സ് എന്നിവ മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിന് നല്ലതാണ്. ജീരകം, ഉലുവ, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഇതേ ഫലം ചെയ്യും. ഒലിവ് ഓയില്‍, എള്ളെണ്ണ എന്നിവയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. 

ഒരുദിവസം 15 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നത് പാലുല്‍പ്പാദനത്തെ സാരമായി ബാധിക്കും. 

griha
പുതിയ ലക്കം
ഗൃഹലക്ഷ്മി വാങ്ങാം

നെയ്യും ചായയും സൂക്ഷിച്ച്

കാപ്പി, ചായ, ആല്‍ക്കഹോള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, പ്രോസസ്ഡ് ഫുഡ്, പ്രിസര്‍വ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. മിക്ക സ്ത്രീകളും പ്രസവശേഷം ധാരാളം ഊര്‍ജം അടങ്ങിയ നെയ്യ്, വെണ്ണ, പഞ്ചസാര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രസവഷേശമുള്ള ശുശ്രൂഷയുടെ ഭാഗമായി നെയ്യ്, വെണ്ണ എന്നിവ ചേര്‍ത്തുള്ള ലേഹ്യങ്ങള്‍ കഴിക്കുന്നത് പരമ്പരാഗതമായുള്ള രീതിയാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ഡയബറ്റിക്‌സ്, അമിതവണ്ണം, അമിതരക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. 

കടപ്പാട്: ലക്ഷ്മി പി.എസ്. & ജുവല്‍ സി.ആന്റണി,
ഡയറ്റീഷ്യന്‍സ്, ഡോ: കരുണ ഡയറ്റ് കെയര്‍ സെന്റര്‍
കോവിലകത്തുംപാടം, തൃശൂര്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content Highlights: Food and Nutrition for New Moms After Delivery