ഷീലാറാണി
പുഴുവരിച്ച് കിടക്കുന്ന രോഗികൾ തുടങ്ങി ആരോരും നോക്കാനില്ലാത്തവർ... ഷീലാറാണിയുടെ പല ദിവസങ്ങളും ആരംഭിക്കുന്നത് ഇവരെ കരുതലോടെ പരിപാലിച്ചാണ്. ഒടുവിൽ അതിനൊരു അംഗീകാരവും ഷീലയെ തേടിയെത്തി. കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സായ വി.എസ് ഷീലാറാണി ഈ വിഭാഗത്തിലെ ആദ്യ ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവായിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ഈ മാസം പുരസ്കാരം ഏറ്റുവാങ്ങുന്ന ഷീലാറാണിക്ക് ഇത് വെറുമൊരു തൊഴിൽ മാത്രമല്ല മറിച്ച് ഓരോ രോഗിയിലും ഷീല കാണുന്നത് തന്റെ മുഖം തന്നെയാണ്. ആ അർപ്പണബോധവും ആത്മാർഥതയുമാണ് പാലിയേറ്റീവ് നഴ്സുമാർക്ക് ഉണ്ടാകേണ്ടതെന്നും ഷീല പറയുന്നു. പുരസ്കാരത്തെക്കുറിച്ചും പാലിയേറ്റീവ് നഴ്സിങ് മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഷീലാറാണി.
ഈ അംഗീകാരം വിലമതിക്കാനാവാത്തത്
കിടപ്പുരോഗികളെ പരിചരിക്കുന്ന, മറ്റ് നഴ്സുമാരുടെ ആനുകൂല്യങ്ങളൊന്നുമില്ലാത്ത ഞങ്ങളെപ്പോലുള്ള നഴ്സുമാർ അംഗീകരിക്കപ്പെടുന്നു എന്നതാണ് ഈ പുരസ്കാര നേട്ടത്തിൽ പറയാനുള്ളത്. ജെപിഎച്ച്എൻ കോഴ്സ് പാസായതിനു ശേഷം മഹാരാഷ്ട്രയിലും കോട്ടയത്തും എറണാകുളത്തുമായി വിവിധ ഹോസ്പിറ്റലുകളിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞ് കുഞ്ഞായതോടെ ജോലിക്കൊരു ഇടവേള കൊടുത്തു. അപ്പോഴും ഗ്രാമത്തിന് സമ്പൂർണ കംപ്യൂട്ടർ സാക്ഷരത നേടിക്കൊടുക്കാനും മുന്നിൽ നിന്നു. പഞ്ചായത്തിൽ നിന്ന് ഒരു കുടുംബത്തിലെ ഒരംഗത്തെ കമ്പ്യൂട്ടർ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം തന്റേതായിരുന്നു. പിന്നീട് കമ്പ്യൂട്ടർ സെന്റർ സ്വന്തമായി തുടങ്ങി. അപ്പോഴാണ് പഞ്ചായത്തിലൂടെ പാലിയേറ്റീവ് നഴ്സുമാരെ വിളിക്കുന്ന വിവരം അറിഞ്ഞത്. കിടപ്പുരോഗികളുടെ പ്രഷറും ഷുഗറുമൊക്കെ ഇടയ്ക്ക് നോക്കിയാൽ മതിയെന്ന വിവരം ലഭിച്ചാണ് അഭിമുഖത്തിന് പോകുന്നത്. തിരഞ്ഞെടുപ്പിനു ശേഷം പാലിയേറ്റീവിന്റെ മൂന്നുമാസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തു. ജോലിക്ക് ചേരുമ്പോൾ 3000 രൂപ ശമ്പളമേ പാലിയേറ്റീവ് നഴ്സുമാർക്കുള്ളു. പക്ഷേ നാട്ടിൽ തന്നെ നിൽക്കാമല്ലോ, നൈറ്റ് ഡ്യൂട്ടികൾ വേണ്ടല്ലോ എന്നെല്ലാം ഓർത്താണ് പാലിയേറ്റീവ് നഴ്സിങ് മേഖലയിലേക്ക് തിരിയുന്നത്.
ആദ്യമൊക്കെ ഈ മേഖലയിൽ നിൽക്കുന്നതിന്റെ ഭാഗമായി നിരവധി കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടിരുന്നു. ചിലപ്പോൾ ചില രോഗികളുടെ അടുത്തെല്ലാം കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. നാലുമണിക്ക് ഡ്യൂട്ടി കഴിഞ്ഞാലും ഏഴുമണിവരെയൊക്കെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ തിരികെ വരുമ്പോൾ ഇവൾ ഇത്ര നേരം എവിടെയായിരുന്നു, ഇതെവിടെയാണ് പോകുന്നത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അവരുടെ വാക്കുകൾക്ക് വിലകൊടുക്കേണ്ടെന്ന് പറഞ്ഞ് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടായിരുന്നതിനാൽ അതൊന്നും ബാധിച്ചിരുന്നില്ല.
ചീത്തവിളികൾ, പുഴുവരിച്ച രോഗികൾ.. മറക്കില്ല ആ മുഖങ്ങൾ
രോഗീസന്ദർശന വേളകളിൽ നിരവധി മറക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ 54 വയസ്സുള്ള വീണുകിടക്കുന്ന ഒരു രോഗിയുടെ വീട്ടിൽ പോയി. രണ്ട് ആൺമക്കളാണ് അവർക്കുള്ളത്. അമ്മയുടെ മലമൂത്ര വിസർജനം നീക്കം ചെയ്യാനോ ഒന്നും അവർക്ക് കഴിയുന്നില്ല. ഞങ്ങൾ പോകുമ്പോൾ അവർ ആ അമ്മയെ ഒരു ബെഡ്ഷീറ്റ് ഇട്ട് കിടത്തിയിരിക്കുകയാണ്. അതുമാറ്റി നോക്കുമ്പോൾ ആ അമ്മ വിസർജനത്തിൽ കുളിച്ചുകിടക്കുകയാണ്. കട്ടിലിലൊക്കെ പുഴു അരിക്കുന്നുണ്ടായിരുന്നു. അതൊക്കെ ഭീകരത വ്യക്തമാക്കുന്ന അനുഭവങ്ങളാണ്.
അതുപോലെ തന്നെ ഒരു വീട്ടിൽ ചെല്ലുമ്പോൾ ദേഹമൊക്കെ ചെളിയും മറ്റും നിറഞ്ഞ് ഉണങ്ങിപ്പിടിച്ച് കിടക്കുന്ന രീതിയിൽ ഒരു അമ്മയെ കണ്ടു. നന്നായി ഉരച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം അലമാര നോക്കുമ്പോൾ നിറയേ പുതിയ നൈറ്റികൾ കണ്ടു. പക്ഷേ മക്കൾക്ക് അവരെ എങ്ങനെ വൃത്തിയോടെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ധാരണയില്ല. ഉടൻ തന്നെ ഞങ്ങൾ അവരെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ഒരാഴ്ചയ്ക്കുള്ളിൽ അവർ മരിക്കുകയും ചെയ്തു. മറ്റൊരു വീട്ടിൽ ചെന്നപ്പോൾ വെള്ളം കുടിക്കാൻ ദാഹിച്ചിട്ട് മുറിയിൽ നിന്നെഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന ഒരമ്മയെ കണ്ടു. വീട്ടുകാരെല്ലാം ജോലിക്ക് പോയിരുന്നു. വീണ് കാല് ഫ്രാക്ചറായി കിടക്കുന്ന അമ്മയായിരുന്നു അത്. ബെഡ്പാനൊക്കെ അഴുക്കായി കിടക്കുകയായിരുന്നു. ഞങ്ങൾ ചെന്നയുടൻ വെള്ളമൊക്കെ കൊടുത്ത് ആ ബെഡ്പാൻ മാറ്റി പുതിയതൊന്ന് നൽകി. ഇനിയൊരു രോഗിക്കും ഇങ്ങനെ അവസ്ഥ ഉണ്ടാകരുത് എന്ന് ആലോചിച്ചാണ് ഓരോ വീട്ടിൽ നിന്നും ഇറങ്ങുന്നത്. അവരുടെ വേദന നമ്മുടേതുമാവുകയാണ്.
സ്റ്റാഫ് നഴ്സും പാലിയേറ്റീവ് നഴ്സും
ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി പ്രവർത്തിക്കുന്നതും പാലിയേറ്റീവ് നഴ്സായി പ്രവർത്തിക്കുന്നതും രണ്ട് അനുഭവങ്ങളാണ്. ഹോസ്പിറ്റലിൽ ഡോക്ടർ പറയുന്നതെന്തോ അതു മാത്രം ചെയ്താൽ മതി. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ നൽകുകയും പരിചരിക്കുകയും ചെയ്യുകയാണ് സ്റ്റാഫ് നഴ്സ് എന്ന നിലയിൽ ചെയ്തിരുന്നത്. അല്ലാതെ അവരുടെ കുടുംബാന്തരീക്ഷമോ, സാമ്പത്തിക പ്രതിസന്ധിയോ ഒന്നും അറിയേണ്ട ആവശ്യമില്ല. എന്നാൽ പാലിയേറ്റീവ് നഴ്സാകുമ്പോൾ ആ വീട്ടിലെ ഒരംഗത്തെപ്പോലെ ആവുകയാണ്. അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ടറിയുകയാണ്. രോഗികളോടുള്ള വീട്ടുകാരുടെ മനോഭാവവും മനസ്സിലാകും. രോഗികൾക്കൊപ്പം രോഗികളെ പരിചരിക്കുന്ന വീട്ടുകാർക്കും കരുതൽ കൊടുക്കേണ്ടതുണ്ട്. അവർ എന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്, എന്തെല്ലാം സഹായങ്ങളാണ് വേണ്ടത് എന്നെല്ലാം അന്വേഷിക്കാറുണ്ട്. നമ്മുടെ തന്നെ പ്രതിരൂപങ്ങളായി ഓരോ രോഗികളെയും കാണാൻ കഴിയണം. എന്നാൽ മാത്രമേ ഈ മേഖലയിൽ ആത്മാർഥതയോടെ പ്രവർത്തിക്കാനാവൂ. ചിലരൊക്കെ വീട്ടിൽ കയറിച്ചെല്ലുമ്പോൾ തന്നെ രോഗികളെ ചീത്തവിളിക്കുന്നതും കുറ്റം പറയുന്നതും കാണാറുണ്ട്. അവരെയൊക്കെ പരമാവധി പറഞ്ഞു മനസ്സിലാക്കും. ആരോഗ്യമുള്ള സമയത്ത് അവർ നിങ്ങൾക്ക് ചെയ്തിട്ടുള്ള ഒരു നല്ലകാര്യത്തെ ഓർത്ത് അവരോട് കരുതലോടെ പെരുമാറാൻ ആവശ്യപ്പെടും. ലൈബ്രറികളിലും ക്ലബുകളിലും സന്നദ്ധ സംഘടനകളിലുമൊക്കെ സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളുടെ വിവരം അറിയിച്ച് സഹായിക്കാൻ അഭ്യർഥിക്കാറുണ്ട്. കാരണം ഒരുനാട്ടിലെ രോഗികളുടെ ക്ഷേമം ആ നാടിന്റെ മൊത്തം ഉത്തരവാദിത്തമാണല്ലോ.
ചില വീടുകളിൽ കയറിച്ചെല്ലുമ്പോൾ പഞ്ചായത്തിൽ നിന്നാണെന്നു പറയുമ്പോൾ തന്നെ തർക്കവുമായി വരും. പഞ്ചായത്തിൽ ഇന്നയിന്ന കാര്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല, അതുകൊണ്ട് നിങ്ങളാരും ഇങ്ങോട്ട് വരണ്ട് എന്നു പറഞ്ഞ് പല വീട്ടുകാരും ചീത്തവിളിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ തിരിച്ച് തർക്കിക്കാൻ കഴിയില്ല, ഇറക്കിവിട്ടാലും അവരെ കാര്യങ്ങൾ സംയമനത്തോടെ പറഞ്ഞു മനസ്സിലാക്കണം. ആ ദിവസം രോഗിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ദിവസം വീണ്ടും പോകും. രോഗിയെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചാവും പോവുക. ആദ്യം ചെറിയ വിശേഷങ്ങളൊക്കെ ചോദിച്ച് രോഗിയുടെ നഖം വെട്ടിത്തന്നോട്ടെ എന്നൊക്കെ ചോദിക്കും. പതിയെ ഷുഗറും പ്രഷറുമൊക്കെ നോക്കുകയും വിവരങ്ങൾ എഴുതിയെടുക്കുകയുമൊക്കെ ചെയ്യും. കുറച്ചുകഴിയുമ്പോൾ അവർക്ക് ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും മനസ്സിലാകുകയും ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
പ്രവർത്തനരീതി
ആഴ്ചയിൽ നാലു ഹോംവിസിറ്റാണ് ഉള്ളത്. ഹോസ്പിറ്റലിൽ പോകാത്ത ദിവസങ്ങളിൽ ഹോം രജിസ്റ്റർ, കത്തീറ്റർ രജിസ്റ്റർ എന്നു തുടങ്ങി രാവിലെ തൊട്ട് വൈകുന്നേരം വരെ എഴുതിയാലും തീരാത്തത്ര രജിസ്റ്ററുകളുണ്ട്. ചുരുങ്ങിയത് അമ്പതു പേരോളം തീർത്തും കിടപ്പിലായ രോഗികളുണ്ടാവും. അവരുടെയൊക്കെ വിവരങ്ങൾ എഴുതി ചേർക്കണം. പഞ്ചായത്തിന്റെ പരിധിയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇരുന്നാണ് ഇവ തീർക്കുക. പ്രഷർ നോക്കുക, ഷുഗർ നോക്കുക, മൂത്രത്തിനും ഭക്ഷണത്തിനും വേണ്ടിയിട്ട ട്യൂബുകൾ മാറുക, മുറിവുകൾ ഡ്രസ് ചെയ്യുക, വീട്ടുകാരെ ഡ്രസ് ചെയ്യാൻ പഠിപ്പിക്കുക എന്നിങ്ങനെ നീളുന്നു ഉത്തരവാദിത്തങ്ങൾ.
സമയബന്ധിതമല്ല ഈ തൊഴിൽ
ആത്മാർഥതയോടെ ചെയ്യേണ്ട ജോലിയാണിത്. നാളെ ഞാൻ ഈ ജോലിയിൽ നിന്നുപോയാൽ ആ സ്ഥാനത്ത് വേറെയാളെ എടുക്കും. മറ്റൊരു ആനുകൂല്യങ്ങളുമില്ല. അവധികൾ ശരിക്കും ഇല്ലെന്നു തന്നെ പറയണം. ഞായറാഴ്ചകളിൽ പോലും രോഗികളുടെ വീടുകളിൽ നിന്ന് വിളി വരാറുണ്ട്. സമയബന്ധിതമായ ജോലിയല്ലിത്. ഡ്രൈവർ, ആശാവർക്കർമാർ, വളന്റിയർമാർ എന്നിവർ കൂടെയുണ്ടാകും. ശരിക്കും ഒരു ടീം വർക്കാണിത്.
വൈക്കത്തുശ്ശേരിൽ ജയചന്ദ്രൻ ആണ് ഭർത്താവ് . ദുബായിൽ എൻജിനീയറായ അർച്ചന അക്ഷയ്, പത്താം ക്ളാസുകാരനായ ജഗന്നാഥൻ എന്നിവർ മക്കൾ. മരുമകൻ അക്ഷയ്‌രാജ് (എൻജിനീയർ, ദുബായ്).
Content Highlights: florence nightingale award for palliative care nurse sheela rani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..