ആർത്തവദിനങ്ങളിലെ അസ്വസ്ഥതകളിൽ ഒന്നാണ് ഈർപ്പവും ചൂടും കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ. ചിലർക്ക് സാനിറ്ററിപാടുകളും മറ്റും അലർജിയായി തുടയിലെയും മറ്റും തൊലി പോകുന്ന അവസ്ഥയും ചൊറിച്ചിലും ഉണ്ടാകാം. ഈ പീരിഡ് റാഷസ് പലപ്പോഴും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്. ഇരിക്കാനും നടക്കാനും പോലും പ്രശ്നങ്ങളുണ്ടാവാം. എന്നാൽ ചെറിയ ചില കാര്യങ്ങൾകൊണ്ട് ഈ അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെടാനാവും.

1. സാനിറ്ററി പാഡിന് പകരം

പീരിഡ് റാഷസിന് പ്രധാനകാരണങ്ങളിലൊന്നാണ് സാനിറ്ററി പാഡുകൾ. ഏതെങ്കിലും ഒന്ന് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മറ്റൊരു ബ്രാൻഡ് പരീക്ഷിക്കാം. കോട്ടൺ പാഡുകൾ പീരിഡ് റാഷുകൾ കുറയ്ക്കും. ഇനി വ്യത്യാസമൊന്നുമില്ലെങ്കിൽ പാഡുകൾക്ക് പകരം ടാംമ്പൂൺസ്, മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിക്കാം.

2. പാഡുകൾ മാറ്റാം

വളരെ നേരം ഒരേ പാഡ് തന്നെ ഉപയോഗിക്കാതെ നാല് മണിക്കൂർ കൂടുമ്പോൾ പാഡുകൾ മാറ്റാം. പാഡിലെ ഈർപ്പവും കെമിക്കലുകളും വളരെ നേരം ശരീരത്തിൽ തങ്ങി നിന്ന് പീരിഡ് റാഷസ് ഉണ്ടാക്കാം.

3. പാകത്തിനുള്ള അടിസ്ത്രങ്ങൾ

ആർത്തവകാലത്ത് കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കാം. ഇത് വിയർപ്പ് അമിതമായി തങ്ങി നിൽക്കുന്നത് ഒഴിവാക്കും ഈർപ്പം വലിച്ചെടുക്കുകയും ചെയ്യും. ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കാൻ മറക്കേണ്ട. പീരിഡ് റാഷസ് വരാതിരിക്കാൻ ഇത് സഹായിക്കും.

4. ശുചിത്വം

ആർത്തവ ദിനങ്ങളിലെ ശുചിത്വം പീരിഡ് റാഷസ് ഒഴിവാക്കും. കൃത്യമായ ഇടവേളകളിൽ പാടുകൾ മാറ്റുക, യോനീഭാഗവും മറ്റും ചെറുചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക... എന്നിവ ശീലമാക്കാം. റാഷസ് മാത്രമല്ല അണുബാധകളും ഇതിലൂടെ ഒഴിവാകും.

5. ടാൽക്കംപൗഡർ

ഡയപ്പറുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളിൽ തടിപ്പുകളും പോറലുകളും ഉണ്ടാകാറുണ്ട്. ഇതുപോലെയാണ് ആർത്തവ സമയത്തും സംഭവിക്കുന്നത്. കുട്ടികൾക്ക് ടാൽക്കംപൗഡർ പുരട്ടുന്നതുപോലെ പീരിഡ്റാഷസ് ഒഴിവാക്കാനും ടാൽക്കംപൗഡർ നല്ലതാണ്.

Content Highlights:Five simple ways to prevent period rashes