സ്ത്മ രോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സകളില്‍ ഒന്നാണ് ഇന്‍ഹേലറുകള്‍. ഇവ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണുള്ളത്.

ഇന്‍ഹേലറുകളെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകളും അവയുടെ യാഥാര്‍ഥ്യവും അറിയാം.

തെറ്റിദ്ധാരണ:

സ്ഥിരമായി ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നത് അഡിക്ഷനുണ്ടാക്കും

യാഥാര്‍ഥ്യം:

ആസ്ത്മ ഒരു ദീര്‍ഘകാല രോഗമാണ്. ഇന്‍ഹേലറുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ചികിത്സയിലൂടെ ഈ രോഗം നിയന്ത്രിക്കാം. ആസ്ത്മ പൂര്‍ണമായും ഭേദമാകില്ല. അതിനാല്‍ തന്നെ ഇന്‍ഹേലറുകള്‍ ആസ്ത്മ രോഗികളുടെ കൈത്താങ്ങാണ്. വളരെ പെട്ടെന്ന് ആസ്ത്മ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇന്‍ഹേലറുകള്‍ സഹായിക്കും. അങ്ങനെ രോഗാവസ്ഥ മെച്ചപ്പെടുത്തി ജീവിതം ബുദ്ധിമുട്ടുകളില്ലാതെ കൊണ്ടുപോകാനാകും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് ഉപയോഗിക്കുന്നതു പോലെയോ കണ്ണട ഉപയോഗിക്കുന്നതുപോലെയോ തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ അഡിക്ഷന്‍ അല്ല.

തെറ്റിദ്ധാരണ:

ഇന്‍ഹേലറുകളില്‍ സ്റ്റിറോയ്ഡുകളുണ്ട്. അത് ദോഷകരമാണ്

യാഥാര്‍ഥ്യം:

സ്റ്റിറോയ്ഡ് ഉപയോഗിച്ചാല്‍ വളര്‍ച്ച മുരടിപ്പ്, എല്ലുകള്‍ക്ക് ബലക്കുറവ് തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ വായിലൂടെ കഴിക്കുന്ന ഗുളിക രൂപത്തിലുള്ള സ്റ്റിറോയ്ഡുകളുടെ ആയിരത്തിലൊരംശം(മൈക്രോഗ്രാം) മാത്രമാണ് ഇന്‍ഹേലറുകളില്‍ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ്.

മാത്രവുമല്ല, ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ മരുന്ന് ശ്വാസനാളിയിലേക്ക് നേരിട്ടാണ് പ്രവേശിക്കുന്നത്. അല്ലാതെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നില്ല. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുളിക ഉപയോഗിക്കുന്നതിനേക്കാള്‍ കുറവായിരിക്കും. ആസ്തമയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ആസ്ത്മ നിയന്ത്രണത്തില്‍ നിര്‍ത്താനും സ്റ്റിറോയ്ഡുകള്‍ ആവശ്യമാണ്. അവ കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കുട്ടികളിലെ വളര്‍ച്ചയെ ബാധിക്കുകയും അത് ദീര്‍ഘകാല സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും.

തെറ്റിദ്ധാരണ:

ഇന്‍ഹേലറുകളേക്കാള്‍ ഫലപ്രദം വായിലൂടെ കഴിക്കാവുന്ന മരുന്നുകളാണ്

യാഥാര്‍ഥ്യം:

പല പഠനങ്ങളും വ്യക്തമാക്കുന്നത് വായിലൂടെ കഴിക്കുന്ന മരുന്നുകള്‍ക്ക് ഫലപ്രാപ്തിക്കുറവാണെന്നാണ്. കാരണം അവ ആസ്ത്മയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ദീര്‍ഘസമയം എടുക്കുമെന്നാണ്. ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ മരുന്ന് നേരിട്ട് ശ്വാസനാളികളിലേക്കാണ് പ്രവേശിക്കുന്നത്. അപ്പോള്‍ രോഗത്തിന് ഉടനടി ശമനം ലഭിക്കും. അതിനാല്‍ വളരെ കുറഞ്ഞ ഡോസ് മരുന്ന് മാത്രമേ ഉപയോഗിക്കേണ്ട ആവശ്യമുള്ളൂ. അതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ കുറവുമാണ്. ഉദാഹരണമായി, രണ്ട് എം.ജി.യുടെ ഗുളിക ഉപയോഗിക്കുന്നത് ഇന്‍ഹേലറിലൂടെ 20 പഫ് എടുക്കുന്നതിന് തുല്യമാണ് എന്നാണ്.

തെറ്റിദ്ധാരണ:

കടുത്ത ആസ്ത്മയ്ക്ക് മാത്രമേ ഇന്‍ഹേലറുകള്‍ ഉപയോഗിക്കാവൂ

യാഥാര്‍ഥ്യം:

ഇന്‍ഹേലറുകള്‍ മരുന്നുകള്‍ തന്നെയാണ്. അവ രോഗമുക്തി നല്‍കുക മാത്രമല്ല രോഗത്തെ ഫലപ്രദമായി ചെറുക്കുകയും ചെയ്യും. ഒരു ദീര്‍ഘകാല രോഗമാണെങ്കിലും ആസ്ത്മ പൂര്‍ണമായും നിയന്ത്രണത്തില്‍ നിര്‍ത്താവുന്ന രോഗമാണ്. പൂര്‍ണമായും മുക്തി നേടാനാവില്ലെങ്കിലും ചികിത്സിച്ചില്ലെങ്കില്‍ രോഗം നിയന്ത്രണാതീതമാവാനും ഗുരുതരമാവാനും ഇടയുണ്ട്. അതിനാല്‍ ആസ്ത്മ ചികിത്സയില്‍ ഇന്‍ഹേലറുകള്‍ കൃത്യമായി ഉപയോഗിക്കണം. അതുവഴി രോഗം ഗുരുതരമാവാതെ നോക്കാം.

തെറ്റിദ്ധാരണ: 

ആസ്തമ പൂര്‍ണമായും മാറും

യാഥാര്‍ഥ്യം:

ആസ്ത്മ ഒരു ദീര്‍ഘകാല രോഗമാണ് (chronic). ഇന്‍ഹേലറുകളോ മറ്റ് എന്ത് മരുന്നുകളോ ഉപയോഗിച്ചാലും അത് പൂര്‍ണമായും ഭേദമാകില്ല. എന്നാല്‍ കൃത്യമായി ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും നിയന്ത്രിച്ച് സാധാരണ ജീവിതം നയിക്കാനാകും. മരുന്ന് ഉപയോഗിക്കാതിരുന്നാല്‍ ആസ്ത്മ പെട്ടെന്ന് ഗുരുതരമാവാന്‍ ഇടയുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി ഫോളോഅപ്പ് നടത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള അളവില്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ ഉപയോഗിക്കണം.

Content Highlights: Five myths and facts about inhalers