നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്ത്മ. ശ്വാസവഴികളിൽ നീർക്കെട്ടുണ്ടായി ആ ഭാഗം ചുരുങ്ങുന്ന ഗുരുതരമായ അവസ്ഥയാണിത്. ഇതുമൂലം ആസ്ത്മയുള്ളവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 339 മില്ല്യൺ ആളുകൾ ആസ്ത്മ ബാധിതരാണ്. എന്നാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആസ്ത്മ നിയന്ത്രിച്ചുനിർത്താനാകും.

1. ട്രിഗറുകളെ അറിയാം

ആസ്ത്മ പ്രശ്നം ഉണർത്തുന്ന ചില പ്രത്യേക ഘടകങ്ങളാണ് ട്രിഗറുകൾ. ഇവ വായുവിലുള്ള ചില അലർജനുകളാകാം. ഇവ ആസ്ത്മയുടെ തീവ്രത കൂട്ടും. കാലാവസ്ഥയിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ ഇതിന് തീവ്രത കൂട്ടും. കഠിനമായ ശാരീരിക അധ്വാനം, സാധാരണ ഫ്ലൂ പോലെയുള്ള അണുബാധകൾ, പൂമ്പൊടി, അസ്വസ്ഥതയ്ക്ക് ഇടയാക്കുന്ന ഗന്ധങ്ങൾ തുടങ്ങിയവ ഈ ട്രിഗറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

2. മാനസിക സമ്മർദം കുറയ്ക്കാം

ആസ്ത്മ പ്രശ്നം ഗുരുതരമാക്കുന്ന ട്രിഗറുകളിലൊന്നാണ് മാനസിക സമ്മർദം എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. മാനസിക സമ്മർദമുണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പ് നിരക്കും വർധിപ്പിക്കും. മരുന്നുകൾ, റിലാക്സേഷൻ ടെക്നിക്കുകൾ, യോഗ തുടങ്ങിയ പല മാർഗങ്ങളും ഉപയോഗിച്ച് മാനസിക സമ്മർദത്തെ കുറയ്ക്കണം.

3. പുകവലി നിർത്തണം

ആസ്തമ ഉള്ളവർ പുകവലിക്കരുത്. പുകവലി ശീലമുള്ളവർ എത്രയും പെട്ടെന്ന് അത് നിർത്തണം. പുകവലി നിർത്തുന്നത് വഴി ആസ്ത്മയുടെ ഗുരുതരമായ ലക്ഷണങ്ങൾ കുറയുന്നു. ആസ്ത്മ നിയന്ത്രിക്കുന്നതിന് കഴിക്കുന്ന മരുന്നുകൾ ഫലപ്രദമാവാനും ഇത് സഹായിക്കും. ഇനി പുകവലിക്കാത്ത വ്യക്തിയാണെങ്കിൽ പുകവലിക്കാരുമായി സമ്പർക്കത്തിലേർപ്പെടാതെ ശ്രദ്ധിക്കുക. മറ്റുള്ളവർ പുകവലിക്കുന്നതിന് അടുത്ത് നിങ്ങൾ നിൽക്കുന്നത് നിങ്ങളുടെ ആസ്ത്മ തീവ്രത കൂട്ടും. ഇത് ലക്ഷണങ്ങളെ ഗുരുതരമാക്കും.

4. കൃത്യമായ മരുന്നുകൾ ഉപയോഗിക്കുക

ആസ്ത്മയുള്ളവർ മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. ആസ്ത്മയുള്ള ഓരോരുത്തരുടെയും മരുന്നുകൾ വ്യത്യസ്ത ഡോസിൽ ഉള്ളതായിരിക്കും. അത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിക്കണം. ലക്ഷണങ്ങൾ ഇല്ലെങ്കിൽ മരുന്ന് കഴിക്കേണ്ടതില്ല എന്ന് ചിലർ ചിന്തിക്കാറുണ്ട്. അത് ശരിയല്ല. ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ കൃത്യമായി മരുന്ന് കഴിക്കണം.

5. പെട്ടന്നുണ്ടാകുന്ന ആസ്ത്മയെ നേരിടാൻ തയ്യാറായിരിക്കണം

ചിലപ്പോൾ പെട്ടെന്നായിരിക്കും ആസ്ത്മയുടെ പ്രശ്നങ്ങൾ ഉണ്ടാവുക. അതിനാൽ തന്നെ ആസ്ത്മ പെട്ടെന്നുണ്ടായാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരു ധാരണയുണ്ടായിരിക്കണം. സാധാരണ കഴിക്കുന്ന മരുന്നുകളും മറ്റും കൈയെത്തും ദൂരത്ത് എപ്പോഴും ലഭ്യമാക്കിയിരിക്കണം. അവയുടെ വിശദാംശങ്ങൾ എഴുതി പഴ്സിൽ വെക്കുകയും വേണം. ഇതുവഴി നിങ്ങൾക്ക് ആസ്ത്മയുണ്ടായാൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കൊപ്പമുള്ളവർക്ക് ഒരു ധാരണയുണ്ടായിരിക്കും. ആസ്ത്മ കുഞ്ഞിന് ആണെങ്കിൽ അവരുടെ സ്കൂളിലെ അധ്യാപകരെ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കണം. വേണ്ട കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയും വേണം.

Content Highlights:Five Easy Ways to Control Asthma, Health