Image credit: Twitter
ലോകത്തെല്ലാവരുമിപ്പോള്‍ കൊറോണ വൈറസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍, ലോകത്തെ മുഴുവന്‍ വീട്ടിലിരുത്തിയ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് കാലം മറന്നുകളഞ്ഞ ജൂണ്‍ അല്‍മേഡ എന്ന ശാസ്ത്രജ്ഞയാണ്.
സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഒരു ദരിദ്ര കുടുംബത്തില്‍ 1930 ല്‍ ജനിച്ച അവര്‍ 16-ാം വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്താന്‍ നിര്‍ബന്ധിതയായി. ഒരു സാധാരണ ലാബ് ടെക്‌നീഷ്യനായി ജീവിതമാരംഭിച്ച അവര്‍ വിവാഹശേഷം കാനഡയിലേക്ക് കുടിയേറി. ഒന്റാറിയോ അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബിലെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് വിദഗ്ധയായിരിക്കെയാണ് വൈറസുകളെക്കുറിച്ചുള്ള പഠനത്തെ മാറ്റിമറിച്ച ഒട്ടേറെ സംഭാവനകള്‍ അവര്‍ ശാസ്ത്രലോകത്തിന് നല്‍കിയത്.
വൈറസുകളുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നെങ്കിലും ആരും അവയെ അതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ സൂക്ഷ്മജീവികളെ വളരെ കൃത്യമായി കാണാമെങ്കിലും അവയില്‍നിന്നും വൈറസുകളെയും കോശങ്ങളെയും മറ്റു വസ്തുക്കളെയും തിരിച്ചറിയുന്നത് ദുഷ്‌കരമായിരുന്നു. വിപ്ലവകരവും ലളിതവുമായ തന്റെ പുതിയരീതിയിലൂടെ ജൂണ്‍ അല്‍മേഡ ഈ വെല്ലുവിളി മറികടന്നു.
രോഗബാധിതരില്‍ നിന്നെടുത്ത ആന്റിബോഡികളെ ഉപയോഗിച്ച് വൈറസുകളെ തിരിച്ചറിയാമെന്ന് അല്‍മേഡ മനസ്സിലാക്കി.
വൈറസുകളിലെ ആന്റിജനുകളോട് പ്രതികരിക്കുന്ന ആന്റിബോഡികള്‍ അവയെ വലയം ചെയ്യും. ഇത്തരത്തില്‍ വൈറസുകളെ തിരിച്ചറിയാന്‍ അല്‍മേഡ തയ്യാറാക്കിയ രീതിയാണ് ഇന്നും വൈറോളജിസ്റ്റുകളുപയോഗിക്കുന്നത്.
ഗര്‍ഭിണികളില്‍ അഞ്ചാംപനിയുണ്ടാക്കുന്ന റൂബെല്ല വൈറസിനെ കണ്ടെത്തിയതടക്കമുള്ള ബഹുമതികള്‍ ജൂണ്‍ അല്‍മേഡയുടെ പേരിലുണ്ട്. 1964-ല്‍ തന്റെ 34-ാം വയസ്സില്‍ ലണ്ടനിലെ സെയ്ന്റ് തോമസ് മെഡിക്കല്‍ സ്‌കൂളില്‍ ശാസ്ത്രജ്ഞയായിരിക്കുമ്പോഴാണ് ജൂണിന്റെ ശ്രദ്ധയില്‍ കൊറോണ വൈറസ് പെടുന്നത്.
ജലദോഷമെന്ന് സംശയിച്ച ചില രോഗികളുടെ ലക്ഷണങ്ങളില്‍ അസാധാരണ മാറ്റംകണ്ട ഡേവിഡ് ടെറല്‍ എന്ന ഡോക്ടറാണ് വൈറസിനെ തിരിച്ചറിയാന്‍ ജൂണ്‍ അല്‍മേഡയുടെ സഹായമഭ്യര്‍ഥിച്ചത്. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ കണ്ട തവിട്ടുനിറമുള്ള ചെറിയപുള്ളികളെ ചുറ്റുന്ന പ്രകാശവലയവും അവയെപൊതിഞ്ഞ മുള്ളുകളുമുള്ള വൈറസ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ബി814 എന്ന് പേരിട്ടിരുന്ന വൈറസിന് സൂര്യന്റെ പ്രകാശവലയമായ കൊറോണയോടുള്ള സാമ്യം പരിഗണിച്ച് ലാറ്റിനില്‍ കിരീടം എന്നര്‍ഥം വരുന്ന കൊറോണയെന്ന പേരുനല്‍കിയത് ഇരുവരും ചേര്‍ന്നാണ്.
കോഴികളിലെ ബ്രോങ്കൈറ്റിസും എലികളിലെ ഹെപ്പറ്റൈറ്റിസും പുതിയൊരു തരം വൈറസിന്റെ ഫലമാണെന്ന ജൂണിന്റെ നേരത്തേയുള്ള പഠനം തള്ളിയ വിദഗ്ധര്‍ക്ക്, അതും കൊറോണയാണെന്ന് സമ്മതിക്കേണ്ടിവന്നു.
2007-ല്‍ തന്റെ 77-ാം വയസ്സില്‍ മരണമടയുന്നതിന് മുമ്പ് എച്ച്.ഐ.വി. വൈറസിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തിയ പഠനത്തിനും അവര്‍ നേതൃത്വം നല്‍കി.
മരണത്തോടെ ലോകം മറന്നുകളഞ്ഞ ആ ശാസ്ത്രജ്ഞയെ ഓര്‍ക്കാന്‍ കൊറോണ വൈറസ് വ്യാപനം വേണ്ടിവന്നുവെന്നത് ദുഃഖകരമായൊരു സത്യമാണ്.
Content Highlights: First scientist who identify Corona Virus, Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..