1967 ഡിസംബര്‍ മൂന്ന്, അന്നായിരുന്നു ലോകത്തിന്റെ 'ഹൃദയരേഖകള്‍' തിരുത്തിയെഴുതിയ സംഭവം നടന്നത്. അത് ഒരു കാര്‍ അപകടമായിരുന്നു.! 

കേപ് ടൗണിലെ സുഹൃത്തുക്കളെ സന്ദര്‍ശിച്ചതിനു ശേഷം മടങ്ങുകയായിരുന്ന ഡെനിസ് ഡാര്‍വല്‍ എന്ന ഇരുപതുകാരിയും കുടുംബവും മദ്യപിച്ച് വാഹനമോടിച്ച ഒരു ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയ്ക്കിരയാവുകയായിരുന്നു. ഡെനിസിന്റെ മാതാവ് ആന്‍ ഡാര്‍വല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളോടെ ഡെനീസ് 'കോമ'എന്ന മരണത്തിനു തുല്യമായ ജീവിതാവസ്ഥയിലേക്കും പ്രവേശിച്ചു. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഡിസംബര്‍ മൂന്നിന് രാത്രി 9 മണിക്ക് ആശുപത്രിയില്‍ വെച്ച് ഡെനിസിന്റെ തലച്ചോര്‍ പ്രവര്‍ത്തനരഹിതമായി.

ബ്രെയിന്‍ ഡെത്ത് സംഭവിച്ച ഒരാള്‍ക്ക് വേണ്ടി ഇനി തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന യാഥാര്‍ഥ്യം ഡോക്ടര്‍മാര്‍  ഡെനിസിന്റെ പിതാവ് എഡ്വാര്‍ഡിനെ അറിയിക്കുന്നതിനൊപ്പം ഹൃദയം മാറ്റിവെയ്ക്കുന്നതിനുള്ള അനുമതിയും ചോദിച്ചു. കേട്ടുകേള്‍വി പോലുമില്ലാത്ത, വെറുമൊരു പരീക്ഷണം മാത്രമായ ശസ്ത്രക്രിയയെ കുറിച്ചുണ്ടായ ആദ്യ അമ്പരപ്പിനു ശേഷം ലോകത്തിന്റെ ഹൃദയരേഖയെ തിരുത്തിയ 'അതെ' എന്ന തീരുമാനത്തിലേക്കെത്താന്‍  വെറും നാല് മിനുട്ട് മാത്രമേ പിന്നീട് ഡെനീസിന്‍റെ പിതാവിന് വേണ്ടി വന്നുള്ളൂ. 

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കേപ്പ് ടൗണിലെ ഷൂര്‍ ആശുപത്രിയിലെ പ്രമുഖ കാര്‍ഡിയാക് സര്‍ജനായ ക്രിസ്റ്റിയന്‍ ബര്‍ണാഡും രംഗത്തെത്തി. അതോടെ ലോകത്തെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ ദാതാവായി ഡെനിസ് ഡാര്‍വലും, ഹൃദയം സ്വീകര്‍ത്താവായി ലൂയിസ് വാഷ്കന്‍സ്‌കൈയും ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന പേരോടെ ഡോക്ടര്‍ ക്രിസ്റ്റിയന്‍ ബെര്‍ണാഡും ചരിത്രത്തിനൊപ്പം ചേര്‍ക്കപ്പെട്ടു.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും വെറും 18 ദിവസം മാത്രമാണ് ലൂയീസ് പിന്നീട് ജീവിച്ചത്. ന്യൂമോണിയയെ തുടര്‍ന്ന് 19-ാം ദിവസം ലൂയിസ് മരണപ്പെട്ടു. എങ്കില്‍ പോലും ആ ശസ്ത്രക്രിയ പിന്നീട് ലോകത്തിന്‍റെ, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ കമ്മ്യൂണിറ്റിയുടെ  ചരിത്രം തന്നെ തിരുത്തി. ഈ ഡിസംബര്‍ മൂന്ന് കൂടി കടന്നുപോവുമ്പോള്‍ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ അമ്പതാം വര്‍ഷത്തിലാണ് ലോകമുള്ളത്. 

Christiaan Barnard
ക്രിസ്റ്റ്യന്‍ ബെര്‍ണാഡും ഡെനിസ് ഡാര്‍വലും. Image/DailyTelegraph.com

2017ലെ കണക്കുകള്‍ പ്രകാരം ലോകവ്യാപകമായി എഴുപതിനായിരത്തോളം ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതുവരെ നടന്നതായാണ് കണക്കുകള്‍. ഇതില്‍ 3000നും 4000നും ഇടയില്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ വിജയമായിരുന്നു. 

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യ ഇപ്പോഴും ഈ മേഖലയില്‍ ശൈശവ ദശയില്‍ തന്നെയാണുള്ളത്. പ്രതിവര്‍ഷം അരലക്ഷത്തോളം പേര്‍ ഹൃദയം മാറ്റിവെയ്‌ക്കേണ്ട തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍ കഴിഞ്ഞ 24 വര്‍ഷമായി ഇന്ത്യയില്‍ ഏതാണ്ട് 350 ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. 

1994ലാണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. 40 വയസ്സുകാരനായ സ്വീകര്‍ത്താവില്‍ മുപ്പത്തഞ്ചുകാരിയുടെ ഹൃദയം മാറ്റിവെച്ചു കൊണ്ടായിരുന്നു ആദ്യ ശസ്ത്രക്രിയ. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ 20 അംഗ സംഘമായിരുന്നു ഇതിനു പിന്നില്‍. ശസ്ത്രക്രിയയ്ക്ക് ശേഷം 15 വര്‍ഷം കൂടി സ്വീകര്‍ത്താവ് ജീവിച്ചു. പിന്നാലെ എയിംസ് ആശുപത്രിയില്‍ മാത്രം അമ്പതിലധികം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതുവരെ നടന്നു. 

luise
ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഹൃദയം സ്വീകര്‍ത്താവ് ലൂയിസ് വാഷകന്‍സ്‌കൈ

കേരളത്തിലെ കണക്കുകള്‍ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന തോതിലാണുളളത്. കേരളത്തില്‍ നാല്‍പ്പതോളം ഹൃദയ ശസ്ത്രക്രിയ നടത്തിയതില്‍ 22 ശതമാനം പേരും തുടര്‍പ്രശ്‌നങ്ങളെ അതിജീവിച്ചിട്ടുണ്ട്. 2003ലാണ് ഡോ.ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യ വിജയകരമായ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. അതോടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. തുടര്‍ന്നങ്ങോട്ട് നാല്‍പ്പതോളം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളത്. കേരളത്തില്‍ നടത്തിയ ശസ്ത്രക്രിയകളില്‍ 22 ശതമാനം പേരും തുടര്‍പ്രശ്‌നങ്ങളെ പൂര്‍ണമായും അതിജീവിച്ചവരാണ്. 

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധരും അതിനാവശ്യമായ സാങ്കേതികത്വങ്ങളും കേരളത്തിനുണ്ടെങ്കിലും ഹൃദയ ദാതാക്കളും ശസ്ത്രക്രിയയ്ക്കുള്ള ചികിത്സാ ചെലവും ഇതിന് വിലങ്ങുതടിയായി മാറുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയ ഹൃദയം മാറ്റിവെയ്ക്കല്‍ അനിവാര്യമായി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിദൂര സ്വപ്‌നം മാത്രമായി ബാക്കിയാവുന്നു. ഹൃദയദാനത്തിന് സന്നദ്ധരാവുന്നവരെ ഏകോപിപ്പിക്കാനുള്ള പദ്ധതികള്‍ താളം തെറ്റിക്കിടക്കുന്നതും തടസ്സമായി തുടരുകയാണ്.