ഗര്‍ഭാശയത്തിലെ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ്‌സ്; ലക്ഷണങ്ങളും ചികിത്സയും


ഡോ. നാസര്‍. ടി

Representative Image | Photo: Gettyimages.in

സ്ത്രീകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍ (ഫൈബ്രോയ്ഡ്‌സ്). നേരിട്ട് അപകടകാരിയല്ലാത്തതും, പൊതുവെ കാന്‍സര്‍ പോലെയുള്ള അവസ്ഥകളിലേക്കു മാറാന്‍ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റുപല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നതുമായ രോഗമാണ് ഇത്.

മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. പയറുമണി മുതല്‍ ചെറിയ ഫുട്‌ബോളിന്റെ വരെയത്ര വലുപ്പം വയ്ക്കാവുന്നവയാണ് ഫൈബ്രോയിഡുകള്‍.എന്താണ് ഫൈബ്രോയിഡുകള്‍?

കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയത്തില്‍ പലതരം ഫൈബ്രോയിഡുകള്‍ വളരാറുണ്ട്. ഇവയെ ഇന്‍ട്രാമ്യൂറല്‍, സബ്സെറോസല്‍, സബ്മ്യൂകോസല്‍, സെര്‍വിക്കല്‍ ഫൈബ്രോയിഡുകള്‍ എന്ന് വേര്‍തിരിക്കാം. ഗര്‍ഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇന്‍ട്രാമ്യൂറല്‍ ഫൈബ്രോയിഡുകള്‍ ആണ് വലുപ്പം കൂടാന്‍ സാധ്യതയുള്ള മുഴ.

എന്തുകൊണ്ട് ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നു?

എന്തെങ്കിലും ശാരീരിക കാരണങ്ങളാല്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോന്‍ എന്നീ ഹോര്‍മോണ്‍ ലെവലുകളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള തടിപ്പുകളെ വളരാന്‍ സഹായിക്കുന്നതാണ് പ്രധാന കാരണം. മറ്റുചിലപ്പോള്‍ കുടുംബ പാരമ്പര്യം ഇതിനൊരു കാരണമായി കണ്ടുവരാറുണ്ട്. അമിത ഭാരമുള്ള സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭാശയത്തില്‍ ഫൈബ്രോയിഡുകളായും അണ്ഡായശയത്തില്‍ സിസ്റ്റുകളായും രൂപപ്പെടുന്ന മുഴകള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.

എന്തെല്ലാമാണ് ലക്ഷണങ്ങള്‍ ?

ആര്‍ത്തവം ക്രമം തെറ്റുക, കടുത്ത രക്തസ്രാവം, മാസമുറ രക്തം കട്ടയായി കാണപ്പെടുക, മലബന്ധം, അരക്കെട്ടിന്റെ വണ്ണം വര്‍ദ്ധിക്കുക, വയറു വേദന, പുറം വേദന, കാല്‍ വേദന, വിളര്‍ച്ച ഇങ്ങനെ സാധാരണ സ്ത്രീകളിലൊക്കെ കാണപ്പെടാവുന്ന സാമാന്യ ലക്ഷണങ്ങള്‍ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.

ഗര്‍ഭപാത്രത്തിനകത്തേക്കു വളരുന്ന ഫൈബ്രോയിഡുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം തടസപ്പെടുക, ഗര്‍ഭ കാലയളവില്‍ ചിലര്‍ക്ക് മാസം തികയാതെ പ്രസവിക്കുക, ഗര്‍ഭം അലസല്‍, പ്രസവ വൈഷമ്യങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും മറ്റുചിലപ്പോള്‍ ഒട്ടും മൂത്രം ഒഴിക്കാന്‍ സാധിക്കാതെ വരികയോ ചെയ്തിട്ടു പരിശോധിക്കുമ്പോള്‍ ഫൈബ്രോയിഡുകള്‍ കണ്ടെത്താറുമുണ്ട്.

ഫൈബ്രോയിഡുകള്‍ എങ്ങനെ കണ്ടെത്താം?

രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, ഗര്‍ഭപാത്രത്തിന്റെ ഏത് ഭാഗത്താണ് ഉണ്ടാകുന്നത്, മൂത്രനാളിക്കു പുറമെ മര്‍ദ്ദം ഏല്പിക്കുന്നുണ്ടോ, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഡോക്ടര്‍ ചികിത്സ നിശ്ചയിക്കുന്നത്. ആര്‍ത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാന്‍ സാധ്യതയുണ്ട്. ഫൈബ്രോയിഡുകളെ കുറിച്ചുള്ള വ്യക്തമായ രൂപം ലഭിക്കുന്നതിനും അപകടകാരിയാണോ എന്ന് കൂടുതല്‍ മനസിലാക്കുന്നതിനും ചിലപ്പോള്‍ എംആര്‍ഐ നിര്‍ദ്ദേശിക്കാറുമുണ്ട്.

ഫൈബ്രോയിഡുകള്‍ക്കുള്ള ചികിത്സകള്‍ എന്തല്ലാം?

പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത, ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ചെറിയ ഫൈബ്രോയിഡുകള്‍ക്കു ചികിത്സയുടെ ആവശ്യമില്ല. ആറു മാസം കൂടുമ്പോള്‍ പരിശോധിച്ച് ഫൈബ്രോയിഡുകള്‍ വലുതാകുന്നില്ല എന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും. ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കില്‍ സര്‍ജറി ചെയ്ത് നീക്കാവുന്നതാണ്.

സര്‍ജറി, മെഡിക്കല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടു രീതിയില്‍ നമുക്ക് ഫൈബ്രോയിഡുകള്‍ ചികിത്സിക്കാം. രോഗിയുടെ പ്രായം, കുട്ടികളുടെ എണ്ണം, ആരോഗ്യസ്ഥിതി എന്നിങ്ങനെ പല കാരണങ്ങള്‍ പരിശോധിച്ച ശേഷം ചികിത്സ നിര്‍ണ്ണയിക്കുന്നു. മരുന്നുകള്‍ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്ത്രീയുടെ ഉല്‍പാദനക്ഷമമായ കാലയളവില്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ നില ഉയര്‍ന്ന അളവിലായിരിക്കും. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ വര്‍ദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകള്‍ ഉണ്ടാകാന്‍ സാധ്യതയേറുന്നത്. ഈസ്ട്രജന്‍ ഉല്‍പാദനം കുറയ്ക്കാനുള്ള ഇന്‍ജക്ഷന്‍ നല്‍കുന്നതാണ് ഒരു ചികിത്സ.

ഗോണാഡോട്രോപ്പിന്‍ റിലീസ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്മെന്റ് ചെയ്യുമ്പോള്‍ ഫൈബ്രോയിഡ് ചുരുങ്ങുന്നു. മാസമുറ സമയത്ത് ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഇബുപ്രോഫിന്‍ അടങ്ങിയ ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ വേദന സംഹാരികളാണ്. മാത്രമല്ല രക്തസ്രാവത്തിന് പ്രേരണ നല്‍കുന്ന പ്രൊസ്റ്റ ഗ്ലാഡിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കുറയ്ക്കുന്നു.

പ്രായം കുറഞ്ഞതും വന്ധ്യതയോ ഗര്‍ഭപാത്രം നിലനിര്‍ത്തേണ്ട ആവശ്യകതയോ ഉണ്ടെങ്കില്‍ കീഹോള്‍ / റോബോട്ടിക് സര്‍ജറികളിലൂടെ വേദനയും വലിയമുറിവും രക്തനഷ്ടവും ഇല്ലാതെ ഫൈബ്രോയിഡുകള്‍ മാത്രം നീക്കം ചെയ്യുന്നത്തിനും സാധിക്കുന്നു. ഗര്‍ഭപാത്രത്തിനു പുറമെ ഒരു ചെറിയ മുറിവുണ്ടാക്കി ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാവുന്നതാണ്.

ഫൈബ്രോയിഡുകള്‍ വളരെ വലുതാണെകില്‍ മോര്‍സിലേറ്റര്‍ (Morcellator) എന്ന ഒരു ഉപകരണം വച്ച് വയറിനുള്ളില്‍ത്തന്നെ ചെറിയ കഷണങ്ങളാക്കി മുറിച്ചു ചെറിയ ട്യൂബ് വഴി പുറത്തെടുക്കുന്നു. പ്രായമായതും, ഗര്‍ഭപാത്രം നിലനിര്‍ത്തേണ്ട ആവശ്യമില്ലാത്തതുമായ സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും (hysterectomy) നിര്‍ദേശിക്കാറുണ്ട്. വന്ധ്യത ഉള്ളവര്‍ക്ക്, ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്ത്രക്രിയയായ മയോമക്ടോമി (myomectomy) ആണ് ചെയ്യുക.

കൂടാതെ എംആര്‍ഐ അസ്സിസ്റ്റഡ് അള്‍ട്രാസൗണ്ട് ടെക്നിക് - എംആര്‍ഐലൂടെ കൃത്യമായി രേഖപ്പെടുത്തിയശേഷം അള്‍ട്രാസൗണ്ട് ബീം കടത്തിവിട്ടു ഫൈബ്രോയിഡിനെ മാത്രം ചൂടാക്കി കരിച്ചുകളയുന്നു. യൂട്രയിന്‍ ആര്‍ട്ടറി എംബോളൈസേഷന്‍ ഫൈബ്രോയിഡുകളിലേക്കു രക്തം നല്‍കുന്ന രക്തകുഴലുകളെ ചെറിയ പി വി സി കണികകള്‍കൊണ്ട് തടസ്സപ്പെടുത്തി നിര്‍ജ്ജീവമാക്കുന്നു.

എന്‍ഡോമെട്രിയല്‍ എംബ്ലേഷന്‍, ന്യൂട്രീല്‍ ആര്‍ട്ടറി എംബ്ലേഷന്‍ തുടങ്ങിയ ശസ്ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്.

ഫൈബ്രോയിഡ് വരാതെ നോക്കാന്‍ സാധിക്കുമോ?

അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാര്‍ഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിര്‍ത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്‍ ഉല്‍പാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്താല്‍ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്. ഫൈബ്രോയിഡ് പ്രശ്‌നങ്ങളുള്ളവര്‍ സന്തുലിതമായ ജീവിതശൈലി നിലനിര്‍ത്തുക തന്നെ വേണം. ഫൈബ്രോയിഡ് ഉണ്ടെന്നു മനസ്സിലാക്കിയവര്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ഒരു മെന്‍സ്ട്രല്‍ ചാര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കുക. പിന്നീട് ഡോക്ടറെ കാണുമ്പോള്‍ നിഗമനം എളുപ്പമാകും.

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പ്രൊഫസറും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍

Content Highlights: fibroids symptoms and treatments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented