അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ പനിയെ? ലക്ഷണങ്ങൾ തിരിച്ചറിയലും ചികിത്സയും പ്രധാനം


Representative Image | Photo: Canva.com

പനി രോഗമല്ല, രോഗലക്ഷണമാണ്. അകത്ത് എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് ശരീരം നമ്മോട് പറയുകയാണ് പനിയിലൂടെ. നിര്‍ബന്ധമായി ചികിത്സ തേടേണ്ട ഒന്നല്ലെങ്കിലും പനിവന്നാല്‍ പിന്നെ ആധിയാണ്. ഉടനെ ഡോക്ടറെ കാണാതെ, മിനിമം ഒരു ആന്റിബയോട്ടിക് ഗുളികയെങ്കിലും കഴിക്കാതെ സ്വസ്ഥരാവില്ല നമ്മള്‍. പക്ഷേ അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ പനിയെ. ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിഞ്ഞാല്‍ പനി പ്രതിരോധവും എളുപ്പമാകും.

ജലദോഷപ്പനി

സാധാരണ മഴക്കാലമാകുമ്പോള്‍ കണ്ടുവരാറുള്ളതാണ് ജലദോഷപ്പനി. ജലദോഷത്തില്‍ തുടങ്ങി മൂക്കൊലിപ്പും തുമ്മലും കടന്ന് തൊണ്ടവേദനയും തലവേദനയുമായി ഒടുവില്‍ പനിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

ചികിത്സ

 • കുറച്ചുദിവസത്തെ വിശ്രമംകൊണ്ടുതന്നെ ജലദോഷപ്പനി മാറാറുണ്ട്.
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌കുകൊണ്ടോ തൂവാലകൊണ്ടോ മുഖം മറയ്ക്കണം.
 • ഇടയ്ക്കിടെ ആവിപിടിക്കുന്നത് ജലദോഷത്തിന്റെ അസ്വസ്ഥതകള്‍ മാറാന്‍ നല്ലതാണ്.
 • രോഗി ഉപയോഗിച്ച തോര്‍ത്ത്, തൂവാല തുടങ്ങിയവ കൈമാറി ഉപയോഗിക്കരുത്.
 • ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കണം.
 • ചായ, കാപ്പി എന്നിവയ്ക്ക് പകരം കഞ്ഞി, പഴച്ചാറുകള്‍ എന്നിവ കുടിക്കാം.
ഡെങ്കിപ്പനി

മഴക്കാലത്ത് വ്യാപകമായി കാണാറുള്ളത് ഡെങ്കിപ്പനിയാണ്. പ്രമേഹം, വൃക്കരോഗികള്‍, കരള്‍-ഹൃദ്രോഗമുള്ളവര്‍ എന്നിവരില്‍ പനി ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധവേണം.

കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനിയുണ്ടായശേഷമുള്ള ആദ്യ മൂന്ന്, നാല് ദിവസം പ്രധാനമാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനാല്‍ രോഗിക്ക് ചിലപ്പോള്‍ രക്തസ്രാവം കണ്ടേക്കാം.

ലക്ഷണങ്ങള്‍

രോഗബാധയുണ്ടായാല്‍ ഒരാഴ്ചയ്ക്കകം തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

 • കഠിനമായ വയറുവേദന, ഛര്‍ദി, തളര്‍ച്ച എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
 • വിളര്‍ച്ച, കൈകാലുകളില്‍ തണുപ്പ്, തലകറക്കം, നെഞ്ചുവേദന എന്നിവയും കാണാറുണ്ട്.
ചികിത്സ

 • ഡങ്കിപ്പനിക്ക് കൃത്യമായ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ പ്രതിരോധം തന്നെയാണ് പ്രധാനം.
 • പകല്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
 • പനി കുറയാനുള്ള മരുന്നുകളാണ് ഡോക്ടര്‍ നിര്‍ദേശിക്കാറുള്ളത്.
എലിപ്പനി

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. രോഗാണുകലര്‍ന്ന വെള്ളം കുടിക്കുന്നതും എലിപ്പനിക്ക് കാരണമാകാം. എലിപ്പനി മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. മൃഗങ്ങളെ പരിപാലിക്കുന്നവര്‍, അഴുക്കുള്ള ഇടങ്ങളില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗംവരാന്‍ സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

 • രണ്ടു മുതല്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ ഇനിപറയുന്ന രോഗലക്ഷണങ്ങള്‍ കണ്ടേക്കാം.
 • അതിശക്തമായ വിറയലോടെയുള്ള പനി
 • തലവേദന, ശക്തമായ പേശീവേദന.
 • കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം.
 • കഠിനമായ ശരീരവേദനയും കണ്ണില്‍ ചുവപ്പുനിറവും കണ്ടാല്‍ ഡോക്ടറെ കാണാണം.
ചികിത്സ

 • രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങണം.
 • ഡോക്‌സിസൈക്ലിന്‍, പെന്‍സിലിന്‍ പോലുള്ള ആന്റിബയോട്ടിക്കുകളാണ് ചികിത്സയില്‍ പ്രധാനമായി ഉപയോഗിക്കുന്നത്.
 • വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.
 • കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
 • മലിനജലത്തില്‍ ജോലിചെയ്യുന്നവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം.
വെസ്റ്റ്‌നൈല്‍ പനി

ക്യുലക്‌സ് കൊതുകുകള്‍ വഴിയാണ് വെസ്റ്റ്‌നൈല്‍ പനി പകരുന്നത്. ജപ്പാന്‍ജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് കാണാറുള്ളത്.

ലക്ഷണങ്ങള്‍

 • രോഗബാധിതരായ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായി കാണാറില്ല. എങ്കിലും ഇനി പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.
 • തലവേദന, പനി
 • തലചുറ്റല്‍, പേശീവേദന, ഓര്‍മ നഷ്ടമാവല്‍
 • ചിലരില്‍ തലവേദന, പനി, ചൊറിച്ചില്‍ എന്നിവയും കണ്ടേക്കാം.
ചികിത്സ

 • വെസ്റ്റ്‌നൈല്‍ പനിക്ക് കൃത്യമായ ചികിത്സയില്ല. പ്രതിരോധം തന്നെയാണ് പ്രധാനം.
 • കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
 • കൊതുകുവല ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയും ചെയ്യാം.
 • കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങളും പുരട്ടാം.
കുട്ടികള്‍ക്ക് പനി വന്നാല്‍

കുട്ടികളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന പനി മാതാപിതാക്കളെ ആശങ്കപ്പെടുത്താറുണ്ട്. ശരീര ഊഷ്മാവ് ഉയരുക, കൈകാലുകളില്‍ വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പനി സംശയിക്കാം. സാധാരണ ഊഷ്മാവില്‍ ഉള്ള വെള്ളംകൊണ്ട് കുഞ്ഞിന്റെ ശരീരം നനച്ചുതുടയ്ക്കുന്നത് നല്ലതാണ്. കക്ഷം, തുടയുടെ മേല്‍ഭാഗത്തെ മടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നന്നായി തുടയ്ക്കണം. പനി കുറയുന്നില്ലെങ്കിലും സ്വയംചികിത്സയ്ക്ക് നില്‍ക്കാതെ വൈദ്യസഹായം തേടാം.

പനിക്കുള്ള പാരസെറ്റാമോള്‍ മരുന്ന് ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ നല്‍കണം. ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആര്‍.എസ്. ലായനി എന്നിവ നല്‍കുന്നതും ഗുണകരമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുലയൂട്ടുന്ന കുഞ്ഞിന് പനിയുണ്ടെങ്കിലും അത് തുടരാം. മരുന്ന് നല്‍കിയിട്ടും പനി കുറയാതിരിക്കുകയും മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്താല്‍ ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകണം.

കടപ്പാട്

ഡോ. ജിതേഷ്. കെ
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മെയ്ത്ര ഹോസ്പിറ്റല്‍
കോഴിക്കോട്‌

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: fever types causes symptoms and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented