-
ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന പല പകര്‍ച്ചപ്പനികളും തലപൊക്കുന്ന സമയമാണ് മണ്‍സൂണ്‍ കാലം. അതിനാല്‍ കോവിഡ് കാലത്തെ ഈ മഴക്കാലം വെല്ലുവിളികള്‍ നിറഞ്ഞതാകാനിടയുണ്ട്.
കാരണം കണ്ടെത്തണം
ഒരു രോഗം ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന് ആദ്യം വേണ്ടത് രോഗം സ്ഥിരീകരിക്കുക എന്നതാണ്. മഴക്കാലത്ത് പ്രത്യേകിച്ച് പല തരം പകര്‍ച്ചപ്പനികള്‍കൂടി ഉള്ളതിനാല്‍ പനിയുടെ കാരണം കൃത്യമായി കണ്ടുപിടിച്ച് മുന്നോട്ടുപോവുക എന്നത് വളരെ പ്രധാനമാണ്. ലോകപ്രശസ്തമായ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന 50 ശതമാനം കോവിഡ് രോഗികള്‍ക്കും അഡ്മിറ്റ് ആകുന്ന സമയത്ത് പനി ഇല്ല എന്നാണ്. അതുകൊണ്ടുതന്നെ പനി ഉണ്ടോ എന്ന് നോക്കി രോഗനിര്‍ണയം നടത്തിയാല്‍ ഭൂരിഭാഗം ആളുകളിലും കോവിഡ് രോഗനിര്‍ണയം പിഴയ്ക്കാനാണ് സാധ്യത.
10 മുതല്‍ 20 ശതമാനം കോവിഡ് രോഗികളില്‍ വയറുവേദന, വയറിളക്കം തുടങ്ങി ഉദരസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. നമ്മള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചുള്ള സ്‌ക്രീനിങ്ങിന്റെ പരിമിതികളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. രോഗലക്ഷണങ്ങള്‍ വിശകലനംചെയ്തുമാത്രമുള്ള രോഗനിര്‍ണയത്തില്‍ ഏകദേശം 50 ശതമാനം കോവിഡ് രോഗബാധിതരെ കണ്ടുപിടിക്കാനേ കഴിയൂ.
മഴക്കാലം എത്തുമ്പോള്‍
കൊറോണയോടൊപ്പമാണ് പനിക്കാലവുമെത്തുന്നതെങ്കില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കോവിഡ് 19-നെ ചെറുത്തുനിര്‍ത്താന്‍ കാണിച്ച മിടുക്ക് തുടര്‍ന്നുവരുന്ന അവസ്ഥകളില്‍ പ്രയോജനപ്പെടുമോ എന്നതാണ് കൂടുതല്‍ ആലോചിക്കേണ്ടത്. കൊറോണാ വൈറസിന്റെ സ്വഭാവവും അതിന്റെ വ്യാപനരീതിയും കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആദ്യപാദത്തില്‍ കോവിഡ് നിയന്ത്രണത്തിന് ലോകത്തിന്റെ കൈയടി വാങ്ങിയ രാജ്യമാണ് സിംഗപ്പൂര്‍. രണ്ടുമാസംകൊണ്ട് വെറും 150 കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സിംഗപ്പൂരില്‍. അമേരിക്കയിലും ഇംഗ്ലണ്ടിലും പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശരിയായ ക്വാറന്റൈന്‍ നടത്താതെ വീട്ടുകാരുമായി ഇടപഴകിയതോടെ സ്ഥിതി മാറി. വീട്ടുകാരിലേക്ക് രോഗം വ്യാപിക്കുകയും വൈകാതെ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലേക്കുകൂടി എത്തുകയും ചെയ്തതോടെ സ്ഥിതി നിയന്ത്രണാതീതമായി. പിന്നെ ദിവസേന 1500 മുതല്‍ 2000 വരെ രോഗികള്‍ സിംഗപ്പൂരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. കൊറോണാ വൈറസിന്റെ രണ്ടാം തരംഗത്തില്‍ അവര്‍ പകച്ചുപോയി എന്നതാണ് വാസ്തവം.
സിംഗപ്പൂരിന്റെ ഈ അനുഭവത്തില്‍നിന്നും നമ്മുടെ സംസ്ഥാനം പല പാഠങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. വളരെയധികം ആളുകള്‍ പല നാടുകളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അവരെ ശാസ്ത്രീയരീതികള്‍ പാലിച്ച് കൊണ്ടുവന്ന് പരിശോധനകള്‍ നടത്തി ക്വാറന്റൈന്‍ ചെയ്തില്ലെങ്കില്‍ അതിന് നമ്മളും വലിയ വില കൊടുക്കേണ്ടിവരും എന്നുതന്നെയാണ് സിംഗപ്പൂര്‍ അനുഭവത്തില്‍നിന്ന് മനസ്സിലാകുന്നത്.
ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാല്‍ നമുക്ക് ഉണ്ടാവാനിടയുള്ള അപകടം വളരെ ഗൗരവമുള്ളതുമാണ്. ഒപ്പം മഴക്കാലവും പനിക്കാലവും കൂടി എത്തുമ്പോള്‍ അത് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
പ്രയാസമാകുമോ പനികളെ തിരിച്ചറിയാന്‍?
പകര്‍ച്ചപ്പനികള്‍ പലതരമുണ്ട്. സാധാരണയായി വൈറല്‍ ഫീവര്‍, ജലദോഷപ്പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം വരെ. എല്ലാ പനികളും അപകടകാരികളല്ല. എന്നാല്‍ ചിലത് കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ജീവന്‍തന്നെ കവര്‍ന്നെടുക്കാന്‍ ശേഷിയുള്ളവയാണ്. മിക്ക പനികളുടെയും പ്രാരംഭലക്ഷണങ്ങള്‍ പൊതുവേ ഒന്നുതന്നെ ആയിരിക്കും. അതിനാല്‍ പ്രത്യേകിച്ചും കൊറോണാ മഹാമാരിയുടെ നിഴല്‍കൂടി നിലനില്‍ക്കുന്നതിനാല്‍ ഓരോ പനിയും എങ്ങനെ തിരിച്ചറിയാം എന്നും എങ്ങനെ അതിനെ നേരിടണമെന്നും നാം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്.
കോവിഡ് രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍പോലും പകുതിയിലധികം പനികളും കോവിഡുമായി ബന്ധമില്ലാത്തവയായിരിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പനികളുണ്ടാക്കുന്ന വൈറസ് വളരെ വേഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുമെങ്കിലും സാധാരണമായി മരണനിരക്ക് കുറവാണ്. എന്നാല്‍ കൊറോണാ വൈറസ് മരണത്തിന് കാരണമാവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പനിക്കാലത്തും കൊറോണാബാധിതര്‍ ഉണ്ടായാല്‍ അവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവരില്‍നിന്ന് മാറ്റിനിറുത്തി ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പനികളുടെ ലക്ഷണങ്ങളും വൈവിധ്യവും
കേരളത്തില്‍ സാധാരണമായി കണ്ടുവരുന്ന ചില പനികളുടെ പ്രധാന ലക്ഷണങ്ങളും കോവിഡ് ബാധിക്കുന്നവര്‍ക്ക് വരാനിടയുള്ള ലക്ഷണങ്ങളും തിരിച്ചറിയുകയാണ് ഈ പനിക്കാലത്തെ പ്രധാന വെല്ലുവിളി. മണ്‍സൂണ്‍ കാലത്ത് പ്രധാനമായും ജലജന്യരോഗങ്ങളും കൊതുക് പരത്തുന്ന (vector borne) രോഗങ്ങളുമാണ് കൂടുതലായി കാണണണണപ്പെടുന്നത്. മഴക്കാല രോഗങ്ങളില്‍ കോവിഡിന്റെ ലക്ഷണങ്ങളോട് സാദൃശ്യമുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന പനികളാണ് ഡെങ്കിപ്പനി, വൈറല്‍ പനി, ജലദോഷപ്പനി, എലിപ്പനി എന്നിവ. മണമറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കോവിഡിന്റെ ആദ്യലക്ഷണമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷണം മറ്റുചില പനികള്‍ക്കും ഉണ്ടാവാം.
ഡെങ്കിപ്പനിയുടെ ഭാഗമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. കഫക്കെട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവ അത്ര സാധാരണമല്ല. ശക്തമായ പനി, തലവേദന, ശരീരവേദന എന്നിവ എലിപ്പനിയുള്ളവര്‍ക്കും ഉണ്ടാവാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പനിയോടൊപ്പം വിറയല്‍, ശക്തമായ പേശിവേദന, പ്രത്യേകിച്ചും കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനും കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്തും ചുവപ്പുനിറം, കണ്ണുകള്‍ക്കും മൂത്രത്തിനും മഞ്ഞനിറം ഉണ്ടാവുക ഇവയൊക്കെ എലിപ്പനിയുടെ ലക്ഷണങ്ങളായി പരിഗണിക്കണം. കാനകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍, പൈനാപ്പിള്‍ കര്‍ഷകര്‍, പാടത്ത് പണിയെടുക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ആരംഭത്തില്‍തന്നെ എലിപ്പനി കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ എലിപ്പനി കരളിനെയും വൃക്കകളെയും ബാധിച്ച് മരണത്തില്‍വരെ കലാശിക്കാം.
പനി, വയറുവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, വയറിളക്കം ചൊറിച്ചില്‍, കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ചര്‍മം എന്നിവ മഞ്ഞനിറത്തില്‍ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഹെപ്പറ്റൈറ്റിസ്- എ ബാധിച്ചവര്‍ക്ക് സാധാരണയായി കാണപ്പെടുന്നു. ടൈഫോയ്ഡിന് ഇടവിട്ടുവരുന്ന ശക്തമായ പനി, തളര്‍ച്ച, തലവേദന, വയറുവേദന, ഛര്‍ദി ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.
മഴക്കാലത്ത് തുടരേണ്ട സുരക്ഷാമാര്‍ഗങ്ങള്‍
കൊറോണാ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. മഴക്കാലത്ത് അതിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണം.
സാമൂഹിക അകലം പാലിക്കുന്നത് കര്‍ശനമായി തുടരണം. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. വ്യക്തികള്‍ തമ്മില്‍ ഏകദേശം രണ്ടുമീറ്റര്‍ അകലം പാലിക്കുക. പൊതുഗതാഗതവും യാത്രകളും പരിമിതപ്പെടുത്തുക. മുഖാവരണം ഉപയോഗിക്കുക സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. കാലുകളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കുക.
ഒരേ കാലത്ത് പനിയും കോവിഡും
ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത കോവിഡ്രോഗികളുടെ സാന്നിധ്യത്തെക്കുറിച്ച് മഴക്കാലത്ത് അതീവശ്രദ്ധ പുലര്‍ത്തണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളുടെ കാര്യം ലോകശ്രദ്ധയില്‍പെട്ടത് 'ഡയമണ്ട് പ്രിന്‍സസ്' എന്ന കപ്പലിലുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ്.
ഏകദേശം മൂവായിരത്തി എഴുന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്ന കപ്പലില്‍നിന്ന് ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ഫെബ്രുവരി ഒന്നിനായിരുന്നു. 80 വയസ്സുള്ള ഒരു യാത്രക്കാരനിലായിരുന്നു രോഗം. തുടര്‍ പരിശോധനയില്‍ ആ കപ്പലില്‍ എഴുന്നൂറോളം പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. എന്നാല്‍ ഏറെ പ്രസക്തമായ കാര്യം ഇതില്‍ 58 ശതമാനം ആളുകള്‍ക്കും ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നതാണ്.
മഹാരാഷ്ട്രയിലെ കണക്കുകളും ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ലക്ഷണങ്ങളില്ലാത്ത രോഗികള്‍ സാമൂഹികവ്യാപനത്തിന് കാരണമാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ് ബാധിച്ച 60 മുതല്‍ 80 ശതമാനം ആളുകള്‍ക്കും ഒരു ലക്ഷണവും ഉണ്ടാകില്ല. അവര്‍ക്ക് രോഗമുണ്ടെന്ന് അവരെ ടെസ്റ്റ് ചെയ്തില്ലെങ്കില്‍ ഒരിക്കലും അറിയാന്‍ സാധിക്കില്ല. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലാത്തതിനാല്‍ അവര്‍ സമൂഹത്തില്‍ രോഗലക്ഷണം ഉള്ളവരെക്കാള്‍ കൂടുതലായി മറ്റുള്ളവരുമായി ഇടപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണം ഇല്ലാത്ത രോഗവാഹകര്‍ രോഗം പകര്‍ന്നുനല്‍കും. ഇങ്ങനെയുള്ള രോഗവാഹകര്‍ കൂടുതലും ചെറുപ്പക്കാരാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പനിക്കാലത്ത് സംഭവിക്കാനിടയുള്ള കാര്യം പനിയുടെ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ തിരിച്ചറിയാന്‍ വൈകുകയും ചെയ്യുന്നു എന്നതാവാം. ഇങ്ങനെയൊരു സാഹചര്യം മുന്‍കൂട്ടിക്കണ്ട് ഫലപ്രദമായ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
(കൊച്ചി ഡോ. ഷേണായീസ് കെയറിലെ റുമറ്റോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: Fever during Covid19 Corona Virus outbreak season be very cautious, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..