വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാ ദിനം ഒക്ടോബര്‍ 11 ന് ആചരിക്കപ്പെട്ടപ്പോള്‍, ഇന്ത്യയില്‍ നാം ലക്ഷ്യമിടുന്നത് പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുറയുന്നതിനെ കുറിച്ച് ഒരു അവബോധം പൊതുജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ്. 

പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുറയുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സെക്‌സ് റേഷ്യോ അറ്റ് ബെര്‍ത്ത് (SRB) എന്നാല്‍ ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ സമാന കാലയളവില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം എന്നതാണ്. മറ്റ് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃതിയുടെ തിരഞ്ഞെടുക്കലിലൂടെ (Natural sex selection) 1000 ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 950 പെണ്‍കുട്ടികള്‍ ജനിക്കുന്നതായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പൊതുവായി നോക്കിയാല്‍ ഈ നിരക്ക് 2011 ല്‍ 911 ആയിരുന്നത് 2018 ആയപ്പോഴേക്കും 899 ആയി കുറഞ്ഞിരിക്കുന്നു(സാംപിള്‍ രജിസ്‌ട്രോഷന്‍ സര്‍വേ പ്രകാരം). അതായത് 1000 ആണ്‍കുട്ടികള്‍ ഉണ്ടാകുമ്പോള്‍ 899 പെണ്‍കുട്ടികളാണ് ഇവിടെ ജനിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് കാണിക്കുന്ന മണിപ്പൂരില്‍ 757 മാത്രമാണ് പെണ്‍കുട്ടികളുടെ ജനന നിരക്ക് എന്നത് ലിംഗ വിവേചനത്തിന്റെ തീവ്രത എത്രത്തോളമെന്ന് എടുത്തു കാണിക്കുന്നു. ഇന്ത്യയിലെ ജനന നിരക്കു വെച്ച് കണക്കാക്കിയാല്‍ പ്രതിവര്‍ഷം ഏതാണ്ട് 2.5 ദശലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതെ പോകുന്നു. അഥവാ നഷ്ടമാകുന്നു.

പെണ്‍ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുറയുന്നു എന്നത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തി പെണ്‍ഭ്രൂണഹത്യ നടത്തുന്നതിന്റെ വിശ്വസനീയമായ സൂചകമായാണ് കരുതപ്പെടുന്നത്. 

ജനനശേഷമുള്ള കണക്കുകളും ഒട്ടും ആശാവഹമല്ല. 6 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ കണക്കെടുത്താല്‍ ഏതാണ്ട് 1.5 ദശലക്ഷം പെണ്‍കുട്ടികളുടെ കുറവ് പ്രതിവര്‍ഷം ഉണ്ടാകുന്നു. 

യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് ( UNFPA) പ്രസിദ്ധീകരിച്ച 'ടex Ratio at birth, recent trends 2020' എന്ന റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടികളുടെ ജനന നിരക്ക് ആണ്‍കുട്ടികളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ഈ റിപ്പോര്‍ട്ടില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക്, കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടികളുടെ ജനന നിരക്കിലുണ്ടാകുന്ന വ്യതിയാനം, നിലവിലുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ എണ്ണം തുടങ്ങിയവ പഠന വിധേയമാക്കിയിരിക്കുന്നു. അതുപോലെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി, നഗരങ്ങളിലും ഗ്രാമങ്ങളിലും വസിക്കുന്നവര്‍ തുടങ്ങിയ ഘടകങ്ങള്‍ പെണ്‍കുട്ടികളുടെ ജനനനിരക്കിനെ എങ്ങനെ ബാധിക്കുന്നു എന്നും അപഗ്രഥിച്ചിരിക്കുന്നു.

പല സ്രോതസ്സുകളില്‍ നിന്ന് സ്വീകരിച്ച കണക്കുകള്‍ ഈ പഠനത്തില്‍  ഉപയോഗപ്പെടുത്തിയിരിക്കുന്നു. 2011 ലെ സെന്‍സസ്, സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം, ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ തുടങ്ങിയവയില്‍ നിന്നൊക്കെ കണക്കുകള്‍ സ്വീകരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ പഠനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലായത് 6 വയസ്സില്‍ താഴെയുള്ള ആണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് 4 ദശലക്ഷത്തോളം പെണ്‍കുരുന്നുകള്‍ ലിംഗ വിവേചനം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം നഷ്ടമാകുന്നു എന്നാണ്. ഇതില്‍ 2.5 ദശലക്ഷം പെണ്‍കുരുന്നുകള്‍ പിറവിക്കു മുന്‍പേ കുരുതി കൊടുക്കപ്പെടുന്നു എന്ന തിരിച്ചറിച്ച് ഏറെ വേദനാ ജനകമാണ്. 1.5 ദശലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ജനനശേഷം നഷ്ടമാകുന്നു. അതായത് ശിശുമരണ നിരക്കില്‍ 1.5 ദശലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍, ആണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതലായി രാജ്യത്ത് ഒരു വര്‍ഷം മരണപ്പെടുന്നു.

സമാനരീതിയിലുളള ഭക്ഷണവും, ചികിത്സയും ആരോഗ്യപരിരക്ഷയും ലഭിച്ചാല്‍ ആണ്‍കുട്ടികളെക്കാള്‍ അതിജീവനശേഷി ഉള്ളത് പെണ്‍ കുട്ടികള്‍ക്കാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്കയുളവാക്കുന്നു.

വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറവ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്. കേരളം ഉള്‍പ്പെടെയുള്ള തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നില താരതമ്യേന ഭേദമാണ്.

പെണ്‍കുട്ടികളുടെ എണ്ണം താരതമ്യേന കുറഞ്ഞു കാണുന്നത് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ്. അതു പോലെ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലും. ഇതിന് കാരണമായി പറയപ്പെടുന്നത് പ്രസവത്തിന് മുന്‍പ് സ്‌കാനിങ്ങ് തുടങ്ങിയ പരിശോധനകള്‍ ചെയ്യാനും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തി പെണ്‍ഭ്രൂണഹത്യ നടത്താനും അവസരം ലഭിക്കുന്നത് സാമ്പത്തികമായും സാമൂഹികമായും മുന്നോക്കം നില്‍ക്കുന്നവരിലാണ് എന്നതാണ്. 

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് തടയാന്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീനാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക്ക്‌സ് ആക്റ്റ് (PCPNDT Act) ഇന്ത്യയില്‍ നിലവിലുണ്ട്. എന്നിരുന്നാല്‍ പോലും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തി, പെണ്‍ ഭ്രൂണഹത്യ നടത്തുന്നു എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (2019-2020) പ്രകാരം കേരളത്തിലെ പെണ്‍കുട്ടികളുടെ ജനനനിരക്ക് (SRB) 951 ആണ്. 2015-16 ല്‍ ഇത് 1047 ആയിരുന്നു. ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന മറ്റൊരു സംസ്ഥാനം ഗോവയാണ്. ബീഹാര്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് മേഘാലയ, നാഗാലാന്റ് ദാദ്രാനഗര്‍ ഹവേലി, ഡാമന്‍ ഡിയു, തുടങ്ങിയവയാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

ഇനി നമുക്ക് കേരളത്തിലേക്ക് വരാം. കേരളത്തിലെ പെണ്‍കുട്ടികളുടെ ജനന നിരക്ക് ആശാവഹമാണോ? 

നാച്ചുറല്‍ സെക്‌സ് സെലക്ഷന്‍ പ്രകാരം 950 പെണ്‍കുട്ടികള്‍ ജനിക്കേണ്ട ഇടത്ത് 951 പെണ്‍കുട്ടികള്‍ കേരളത്തില്‍ ജനിക്കുന്നു എന്ന് കരുതി ആശ്വസിക്കാന്‍ കഴിയില്ല. കാരണം 2015 -16ല്‍ 1047 പെണ്‍കുട്ടികള്‍ ജനിച്ച നമ്മുടെ സംസ്ഥാനത്ത് 2020 ലെ കണക്ക് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികള്‍ മാത്രമാണ് ജനിച്ചത്. 

കേരളത്തില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗം കുറയുന്നു എന്നത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 1046 എന്ന നിരക്കില്‍ നിന്ന് 951 എന്ന നിരക്കിലേക്ക് എത്താന്‍ 5 വര്‍ഷം മാത്രമാണ് എടുത്തത്.

എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്?

സാക്ഷരതയില്‍ മുന്‍പന്തിയില്‍.. 
മാതൃമരണനിരക്ക് ഏറ്റവും കുറവ്.. 
ശിശു മരണ നിരക്ക് ഏറ്റവും കുറവ്..
ആയുര്‍ ദൈര്‍ഘ്യം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ സൂചികകളില്‍ എല്ലാം  മുന്‍പന്തിയില്‍..

കേരളത്തില്‍ ഈ രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനേകം ഗൈനക്കോളജിസ്റ്റുമാരില്‍ ഒരാള്‍ പോലും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തി പെണ്‍ ഭ്രൂണമാണെന്ന് തിരിച്ചറിഞ്ഞ് ഭ്രൂണഹത്യ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. 

എന്തായിരിക്കും പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുറയാന്‍ കാരണം?
പഠനങ്ങള്‍ നടത്തേണ്ട  രംഗമാണിത്.

വിവാഹപ്രായം ഉയരുന്നു, പഠനത്തിനും ജോലി കാര്യങ്ങള്‍ക്കുമായി ഗര്‍ഭധാരണം മാറ്റി വയ്ക്കപ്പെടുന്നു തുടങ്ങിയ കാരണങ്ങളാലും, ഭക്ഷണം, വ്യായാമം, പരിസ്ഥിതി തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലവും വന്ധ്യത വര്‍ധിച്ചുവരുന്നു. പ്രത്യുത്പാദന നിരക്ക് കുറയുന്നു എന്നത് ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതിന് കാരണമായി അനുമാനിക്കപ്പെടുന്നു.

ഭാരത സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസമാണ് പിന്‍മുറക്കാരില്‍ ഒരാളെങ്കിലും പുത്രനായിരിക്കണം എന്നത്. കാരണം വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നതും പുത്രന്‍മാരുടെ ധര്‍മമായാണ് കരുതപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടികളാണങ്കില്‍ വിവാഹിതരായി മറ്റു കുടുംബങ്ങളിലേക്ക് ചേക്കേറുന്നു. അപ്പോള്‍ പിന്‍മുറക്കാരില്‍ ഒരാളെങ്കിലും ആണ്‍കുട്ടി ആകണം എന്ന മാതാപിതാക്കളുടെ സ്വാര്‍ത്ഥത ചിലപ്പോഴെങ്കിലും പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നു. ആദ്യകുട്ടി പെണ്ണായാല്‍ ആണ്‍കുട്ടി ജനിക്കുന്നതു വരെ പ്രസവിക്കുന്ന അമ്മമാരെ പലപ്പോഴും കാണാറുണ്ട്. എന്നാല്‍ രണ്ട് ആണ്‍കുട്ടികള്‍ ആയി കഴിഞ്ഞാല്‍ പെണ്‍കുഞ്ഞിനായി പ്രസവിക്കുന്നവര്‍ ചുരുക്കമാണ്.

സാമൂഹികമായും സാമ്പത്തികമായും സ്ത്രീ ഒരു ബാധ്യതയാണെന്ന ചിന്ത മാറാത്തിടത്തോളം പെണ്‍കുരുന്നുകള്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. സമൂഹത്തിന്റെ ചിന്തകള്‍ മാറണം. അവള്‍ക്ക് വേണ്ടത് വിദ്യാഭ്യാസവും ജോലിയുമാണ്. അതു കഴിഞ്ഞു മതി വിവാഹം. സ്വയംപര്യാപ്തയായി,  ജീവിക്കാന്‍ അറിയുന്നവളായി അവളെ വളര്‍ത്തണം. അല്ലാതെ അന്യവീട്ടിലേക്ക് കെട്ടിച്ചുവിടാനായി വളര്‍ത്തുന്ന നേര്‍ച്ച കോഴികളായല്ല പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തേണ്ടത്.

വിവാഹശേഷം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയില്ല എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ് മാറ്റപ്പെടേണ്ടത്. ജോലി ചെയ്യാനും ധനം ആര്‍ജ്ജിക്കാനും കഴിയുന്നതിനോടൊപ്പം ആര്‍ജ്ജിച്ച ധനം സ്വന്ത ഇഷടപ്രകാരം ചെലവഴിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും കൂടി ഉണ്ട് എന്ന് സ്ത്രീകളും സമൂഹവും തിരിച്ചറിയുന്നിടത്താണ്  ഇത്തരം കാഴ്ചപാടുകള്‍ മാറ്റപ്പെടുന്നത്.

പൊളിച്ചെഴുതേണ്ടത് പൊളിച്ചെഴുതണം. വിശ്വാസങ്ങളിലും ആചാരങ്ങളിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാകണം.

(കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക)

Content Highlights:  Female feticide in India Kerala, Health

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം