താ കേരളം കാണാന്‍ കൊതിച്ച ചിരി. ഹൃദയത്തില്‍നിന്ന് വരുന്ന ഫാത്തിമത്ത് ലൈബ യുടെ പുഞ്ചിരി. സ്വര്‍ഗത്തിലെ മാലാഖയെന്നാണ് ലൈബ എന്ന പേരിന്റെ അര്‍ഥം. ഈ മാലാഖയ്ക്ക് വേണ്ടിയാണ് 2017 നവംബര്‍ 16-ന് രാത്രി കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. അന്നുവരെ ലൈബയെ കണ്ടിട്ടില്ലാത്തവര്‍പോലും അവളുടെ ഹൃദയമിടിപ്പിനായി പ്രാര്‍ഥിച്ചു. 74 ദിവസം മാത്രം പ്രായമായ ജീവനുമായി കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കേ അറ്റത്തേക്ക് മിന്നലുപോലെ പോയ ആംബുലന്‍സിന് വഴിമാറിക്കൊടുത്തു. തിരുവനന്തപുരം ശ്രീചിത്തിര ആസ്പത്രിയില്‍ നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഇന്നവള്‍ കളിച്ചുചിരിച്ച് വീട്ടില്‍ വളരുകയാണ്, വേദനയെല്ലാം മറന്ന് മാലാഖയെപ്പോലെ.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടിയ ഫാത്തിമ ലൈബയെയും കൊണ്ട് കെ.എല്‍ 14 എല്‍ 4247 നമ്പറിലുള്ള ജീവന്റെ വാഹനം പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറന്നത് വലിയ വാര്‍ത്തയായിരുന്നു. രാത്രി 8.30-ന് പരിയാരത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് പിറ്റേന്ന് പുലര്‍ച്ചെ 3.20-ന് ശ്രീചിത്തിരയ്ക്ക് മുന്നില്‍ സുരക്ഷിതമായി എത്തിയതിനുശേഷം മാത്രമാണ് ആ ദൗത്യത്തില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ ഹൃദയമിടിപ്പ് നേരെയായത്.  

ksd

കാസര്‍കോട്-ബദിയഡുക്ക റൂട്ടില്‍ ചര്‍ളടുക്കയിലെ സി.എച്ച്.സിറാജുദ്ദീന്റെയും ആയിഷത്ത് സഫ്വാനയുടെയും മകളാണ് ഫാത്തിമ ലൈബ. 2017 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയിലായിരുന്നു ജനനം. ജനിച്ചയുടന്‍ ഹൃദയവുമായി ബന്ധപ്പെട്ടുള്ള അസുഖം മനസ്സിലാക്കി കുഞ്ഞിനെ ശ്രീചിത്തിരയില്‍ കാണിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നെങ്കിലും കാര്യമായ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ അന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. വീട്ടിലെത്തി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ലൈബയുടെ ആരോഗ്യനില വഷളായി. വിദ്യാനഗര്‍ ചൈത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ എഴുതിക്കൊടുത്തു. 

കുഞ്ഞിനെ എത്രയും പെട്ടെന്ന് ശ്രീചിത്തിരയില്‍ എത്തിക്കണമെന്ന് പരിയാരത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പരിയാരത്തെ റെഡ് ഈസ് ബ്ലഡ് എന്ന സംഘടനയുടെ സെക്രട്ടറി സുഭാഷ് പരിയാരത്തിന്റെ നേതൃത്വത്തില്‍ ലൈബയെ തിരുവനന്തപുരത്തെത്തിക്കാനുള്ള ദൗത്യം കേരളം ഏറ്റെടുക്കുകയായിരുന്നു. 

സുഭാഷ് പരിയാരം വാട്സാപ്പ് കൂട്ടായ്മയിലൂടെ വിവരം ജനങ്ങളിലെത്തിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സി.പി.ടി.) കേരളയും സഹായവുമായി എത്തി. ആംബുലന്‍സ് പരിയാരത്തുനിന്ന് പുറപ്പെടുന്ന സന്ദേശം മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് പറന്നു. ജീവന്‍ തുടിക്കുന്ന സന്ദേശം കിട്ടിയവര്‍ പ്രാര്‍ഥനയോടെ കൂടുതല്‍ പേരിലേക്ക് അത് എത്തിച്ചു. തിരക്കേറിയ കവലകള്‍ ആംബുലന്‍സിനു മുന്നില്‍ ആരോഗ്യമുള്ള ഹൃദയധമനി പോലെ തുറന്നുനിന്നു. കേരള പോലീസ് ആംബുലന്‍സിന് പൈലറ്റായി മുഴുവന്‍ സമയവും ഓടി. ചില ജില്ലകളിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുന്നില്‍ വാഹനമോടിച്ച് വഴിയിലെ തടസ്സം നീക്കിക്കൊടുത്തു. 

ksdഅഞ്ഞൂറിലേറെ കിലോമീറ്റര്‍ നീണ്ട ഓട്ടത്തിനിടയില്‍ കുഞ്ഞിന് പാല്‍കൊടുക്കാനും ആംബുലന്‍സില്‍ ഇന്ധനം നിറയ്ക്കാനുമായി കോഴിക്കോട്ടെ പെട്രോള്‍ പമ്പില്‍ മാത്രമാണ് 10 മിനുട്ട് നിര്‍ത്തിയത്. തിരുവനന്തപുരം അതൊന്ന് മാത്രമായിരുന്നു കുഞ്ഞുമായി പുറപ്പെടുമ്പോള്‍ മനസ്സിലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട് അടുക്കത്ത്ബയലിലെ അബ്ദുള്‍ തമീം പറഞ്ഞു. കാറ്റിനൊപ്പം പറന്ന 6.50 മണിക്കൂറിനിടയില്‍ ?േബ്രക്കില്‍ കാലമര്‍ത്തുമ്പോള്‍ കുഞ്ഞിന്റെ മുഖംമാത്രമായിരുന്നു മനസ്സില്‍ തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ വളയം പിടിച്ച അബ്ദുല്‍ തമീമിനെത്തേടി ആശംസകള്‍ ഏറെയെത്തി. 

ദൗത്യത്തില്‍ പങ്കുചേര്‍ന്നവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസം ലൈബയും കുടുംബവും ശ്രീചിത്തിരയിലുണ്ടായിരുന്നു. തിരുവനന്തപുരം ബീമാപള്ളിയില്‍നിന്ന് എന്നും കുടുംബത്തിനുള്ള ഭക്ഷണമെത്തി. 15 ദിവസത്തെ വാടകയും അവിടെനിന്ന് കിട്ടിയതായി സിറാജുദ്ദീന്‍ പറഞ്ഞു. 

ആയിഷത്ത് സഫ്വാനയ്ക്കും കുഞ്ഞിനുമൊപ്പം സിറാജുദ്ദീന്റെ മാതാവ് ജമീലയും ബന്ധു സത്താറുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കാനും പരിചരിക്കാനുമായി ദേളി ഷിഫാ സഅദിയ ആസ്പത്രിയിലെ നഴ്സ് ജിന്റോ മാണിയും ദൗത്യത്തില്‍ ചേര്‍ന്നു. 

ഹൃദ്രോഗ വിദഗ്ധരായ ഡോ. ബൈജു എസ്.ധരന്‍, ഡോ. ദീപ എസ്.കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഡോക്ടര്‍മാര്‍ പറഞ്ഞയുടന്‍ ബന്ധുക്കള്‍ വാട്സാപ്പ് വഴി ലോകത്തെ അറിയിച്ചു. ജീവനുവേണ്ടിയുള്ള ദൗത്യം വിജയിച്ച സന്തോഷത്തോടെയാണ് കേരളം ആ ശബ്ദസന്ദേശം കേട്ടത്. 

അല്‍ ഹം ദുലില്ലാ. ഈ നാടിന്റെ പ്രയത്‌നവും പ്രാര്‍ഥനയുമാണ് അവളില്‍ തുടിക്കുന്നത്. 
ഇപ്പോള്‍ കൃത്യമായ ഇടവേളകളിലെ പരിശോധന മാത്രമാണുള്ളത്. ഇനി ഒക്ടോബറിലാണ് അത്. 10 മാസം പ്രായമായ ലൈബയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി സിറാജുദ്ദീനും സഫ്വാനയും പറഞ്ഞു. 
ദുബായിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു സിറാജുദ്ദീന്‍. 13 വര്‍ഷത്തെ പ്രവാസം മതിയാക്കി ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് അദ്ദേഹം. ആംബുലന്‍സ്, ആസ്പത്രിച്ചെലവ്, വാടക, ഭക്ഷണം അങ്ങനെ എല്ലാംചേര്‍ത്ത് ലൈബയുടെ ചികിത്സയ്ക്ക് വലിയൊരു തുകയാണ് ചെലവായത്.

പിണറായി വിജയന്‍ കാസര്‍കോട്ട് വന്നപ്പോള്‍ ആയിഷത്ത് സഫ്വാന അപേക്ഷ നല്‍കിയിരുന്നു. വില്ലേജ് ഏതാണെന്ന് അന്വേഷിച്ച് ഒരുവിളിമാത്രമാണ് അതിനെത്തുടര്‍ന്ന് നാളിതുവരെ വന്നതെന്ന് അവര്‍ പറയുന്നു.