സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ \"അതിരാണിപ്പാടം \" സ്റ്റേജ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കലയുടെ ഉത്സവം അരങ്ങേറുകയാണ്. മത്സരാർഥികളും കാണികളുമുൾപ്പെടെ വലിയൊരു ജനസമൂഹം സംഗമിക്കുന്ന സ്ഥലമായിട്ടും മാസ്കും സാനിറ്റൈസറും പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ ഈ തിരിക്കിനിടയിലും ആരും ഗൗനിക്കുന്നില്ല. ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ എക്സ്.ബി.ബി.-1.5, ബി.എഫ്.7 തുടങ്ങിയ പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കലോത്സവ വേദിയിലും മാസ്ക് നിർബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്നാൽ, കോവിഡ് ജാഗ്രത മുൻനിർത്തിയുള്ള നടപടികൾ ആരും തീരെ കണക്കിലെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹിക അകലം സാധ്യമാകാത്ത ഇടമാണെങ്കിലും മാസ്കും സാനിറ്റൈസറും എങ്കിലും നിർബന്ധമായി ഉപയോഗിക്കണമെന്ന് വ്യക്തമാക്കുകയാണ് വടകര ആശ ഹെൽത്ത് സെന്ററിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനായ ഡോ. എം.മുരളീധരൻ.
മാസ്കും സാനിറ്റൈസറുമൊന്നും ഉപേക്ഷിക്കാനുള്ള സമയം ഇതുവരെയും കൈവന്നിട്ടില്ലെന്നും നിലവിൽ വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വകഭേദങ്ങൾ കൂടി ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും പറയുകയാണ് അദ്ദേഹം.
ഒമിക്രോൺ വകഭേദം ഒരാളിൽ നിന്ന് മൂന്നോ നാലോ പേരിലേക്കൊക്കെയാണ് പകരുകയെന്നത് സംബന്ധിച്ച് പഠനങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍, BF.7 ഒരാളിൽ നിന്ന് പതിനെട്ടോളം പേർക്ക് പകരുന്നതാണ്. അതുകൊണ്ടുതന്നെ ജലദോഷം, പനി പോലുള്ള സാധാരണ ലക്ഷണങ്ങളൊക്കെയേ കാണപ്പെടൂ എങ്കിലും ഗൗരവത്തോടെ ഇതിനെ പരിഗണിക്കേണ്ടതുണ്ട്. കലോത്സവം പോലുള്ള ഇടങ്ങള്‍ ആളുകൾ കൂടുതൽ അടുത്തിടപഴകുന്ന വേദികളാണ്. രോഗം പകരാനിടയുള്ള അത്തരം സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്, ഡോ. മുരളീധരൻ പറയുന്നു.
BA.5 എന്ന വകഭേദം ശ്വാസകോശത്തേക്കാൾ തലച്ചോറിനെയാണ് ബാധിക്കുന്നത് എന്നതുസംബന്ധിച്ച പഠനങ്ങളൊക്കെ ചൈനയിൽനിന്ന് പുറത്തുവരുന്നുണ്ട് . അത്തരം സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറുമൊക്കെ കർശനമാക്കേണ്ടതാണെന്നും കലോത്സവം നടത്തിപ്പുകാർ തന്നെയാണ് അതിനുള്ള മുൻഗണന എടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ മൊത്തത്തിലെയും കേരളത്തിലെയും സാഹചര്യം എടുത്താൽ കോവിഡ് പൂർണമായി അവസാനിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. പക്ഷേ, കോവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചതുകൊണ്ടു തന്നെ പലരിലും രോഗത്തോടുള്ള ഗൗരവ സമീപനവും കുറഞ്ഞു. രോഗം ഗുരുതരമാകുന്നത് കുറഞ്ഞതുകൊണ്ടു തന്നെ പലരുടെയും ഭയവും കുറഞ്ഞു. പുതിയ വകഭേദങ്ങളിൽ രോഗം തീവ്രമാകാനുള്ള സാഹചര്യം കുറവാണെങ്കിലും രോഗവ്യാപനം കൂടുതലായിരിക്കുമെന്നതിനാൽ ജാഗ്രതയും കൂടിയേ തീരൂ. പ്രായമായവർ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരൊക്കെ ശ്രദ്ധിക്കേണ്ട വിഭാഗങ്ങളാണ്. കരുതൽ ഡോസ് എടുത്തവർ ഇന്ത്യയിൽ വളരെ കുറവായതിനാൽ അത്തരം ആളുകളൊക്കെ ശ്രദ്ധിക്കേണ്ട വിഭാഗമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കോവിഡ് മാത്രമല്ല മറ്റുരോഗങ്ങളും തടയാം
കോവിഡ് കാലമാണ് മാസ്കിനൊപ്പം ജീവിക്കാനുള്ള ശീലം പകർന്നത്. എന്നാൽ കോവിഡിനെ മാത്രമല്ല മറ്റുപല രോഗങ്ങളെയും പ്രതിരോധിക്കാൻ ഫലപ്രദമാണ് മാസ്ക് എന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ജൂലൈ മുതലിങ്ങോട്ട് മറ്റുപലരോഗങ്ങളും കുട്ടികളെ കീഴടക്കിയതായി കണ്ടിട്ടുണ്ട്. കോവിഡ് നില കുറഞ്ഞപ്പോഴും വൈറൽ പനി, ജലദോഷം, ചുമ പോലുള്ളവയുമായി അടിക്കടി ആശുപത്രികളിൽ എത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയായിരുന്നു. റെസ്പിറേറ്ററി രോഗങ്ങളെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് മാസ്ക് ഉപയോഗം എന്നതുകൊണ്ടുതന്നെ അവ കുട്ടികൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതുണ്ട്, ഡോ.മുരളീധരൻ പറയുന്നു.
ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഇക്കഴിഞ്ഞ ആഴ്ച്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വരുന്ന രണ്ടാഴ്ചയോളം നിർണായകമാണെന്നും വൈറസിന്റെ ജനിതകമാറ്റം പ്രവചനാതീതമായതിനാൽ തന്നെ വരുംകാലങ്ങളിലും കരുതിയിരിക്കണം എന്നുമാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. മുമ്പത്തെ കോവിഡ് തരംഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്.
ബി.എഫ്.7
ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുന്‍പ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.
എക്സ്.ബി.ബി. വകഭേദങ്ങൾ
ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ളതാണ് എക്സ്.ബി.ബി. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരില്‍ ഓഗസ്റ്റിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. എക്സ്.ബി.ബി.-1, എക്സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങള്‍. എക്സ്.ബി.ബി. മഹാരാഷ്ട്രയിലുള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞു.
Content Highlights: failing to maintain health guidelines to prevent covid 19 at kalolsavam venues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..