ണ്ണടയും കണ്ണട വിവാദവും ചര്‍ച്ചയാവുകയാണ്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ കണ്ണട വെയ്‌ക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച്, കാഴ്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്, അതിനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്‍ഫോക്ലിനിക്ക് എന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ ഡോ. നവജീവന്‍ നവാലയം, ഡോ. നെല്‍സണ്‍ ജോസഫ് എന്നിവര്‍. 

ഹ്രസ്വദൃഷി, ദീര്‍ഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, വെള്ളെഴുത്ത് തുടങ്ങിയ കണ്ണിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചുമാണ് ഇതില്‍ വിശദീകരിക്കുന്നത്. 

ലേഖനം പൂര്‍ണരൂപത്തില്‍

ഒരു മനുഷ്യന്റെ വലിയ ശരീരത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവര്‍ക്കും സങ്കല്‍പത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനില്‍ക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം 'കണ്ണിലെ കൃഷ്ണമണിപോലെയാണ്' കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.

ശരിക്കും എന്താണീ കാഴ്ച?നമ്മള്‍ ഒരു വസ്തുവിനെ കാണുന്നതെങ്ങനെയാണ്? 

ഒരു വസ്തുവില്‍ നിന്നും പുറപ്പെടുന്ന കിരണങ്ങള്‍ നമ്മുടെ കണ്ണിനുള്ളിലെ കാഴ്ചഞരമ്പിന്റെ ഒരു പ്രത്യേക ഭാഗത്ത് (macula) പതിക്കും. തുടര്‍ന്ന് ആവേഗങ്ങള്‍ കാഴ്ച നാഡി വഴി തലച്ചോറില്‍ എത്തുന്നു. അങ്ങനെയാണ് നമ്മള്‍ അതിനെ കണ്ടെന്ന തോന്നലുണ്ടാകുന്നത്. 

വസ്തുവില്‍ നിന്നുള്ള രശ്മികള്‍ക്ക് ലംബമായുള്ള ഭാഗവും സമാന്തരമായുള്ള ഭാഗവും ഉണ്ട്. എല്ലാവരിലും ഈ കിരണങ്ങള്‍ പതിക്കുന്നത് കാഴ്ചഞരമ്പിലെ കൃത്യം ആ ഭാഗത്തുതന്നെയാകണമെന്നില്ല. ചിലതില്‍ കാഴ്ച ഞരമ്പിനു മുന്നിലാകാം. ചിലതില്‍ പിന്നിലും. കാഴ്ച ഞരമ്പിനു മുന്നിലാണെങ്കില്‍ ആ അവസ്ഥയെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നും പിറകിലാണെങ്കില്‍ അതിനെ ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍ മെട്രോപ്പിയ) എന്നും പറയുന്നു. ഇനി രശ്മികളുടെ സമാന്തരമോ ലംബമോ ആയ ഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് കാഴ്ച ഞരമ്പിന് മുന്നിലോ മറ്റേത് കാഴ്ചഞരമ്പിലോ കാഴ്ചഞരമ്പിനു പിന്നിലോ ആണെങ്കില്‍ അതിനെ വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം എന്നും പറയുന്നു.

1. ഹ്രസ്വദൃഷ്ടി (മയോപ്പിയ)

മുന്‍പ് പറഞ്ഞതുപോലെ വസ്തുവില്‍ നിന്നുള്ള രശ്മികള്‍ കണ്ണില്‍ കൃഷ്മണി കടന്ന് കണ്ണിനുള്ളിലെ ലെന്‍സിലൂടെ കാഴ്ച ഞരമ്പിന്റെ മുന്‍പില്‍ ഫോക്കസ് ചെയ്തുകൊണ്ട് പതിക്കുന്നതിനെ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ എന്ന് പറയുന്നു. ഷോര്‍ട്ട് സൈറ്റ് എന്ന് നമ്മള്‍ വിളിക്കുന്ന പ്രശ്‌നം തന്നെ.

കാരണങ്ങള്‍

 • നേത്രഗോളത്തിന്റെ നീളം കൂടുതലാവുക 
 •  കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെന്‍സിന്റെയോ ആകൃതി കൂടുതല്‍ കമാനമാവുക 
 • കണ്ണിനുള്ളിലെ ലെന്‍സിനു മുന്നിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക. 
 • ലെന്‍സിന്റെ കട്ടി കൂടുതല്‍ ദൃഢമാവുക
 • കണ്ണിനുള്ളിലെ ഫോക്കസിനു സഹായിക്കുന്ന മസിലുകള്‍ക്ക് കൂടുതല്‍ വലിവ് സംഭവിക്കുക (തന്മൂലം ലെന്‍സ് കൂടുതല്‍ കമാനമാവുകയും കാഴ്ച രശ്മികള്‍ കാഴ്ചഞരമ്പിന് മുന്നില്‍ പതിക്കുകയും ചെയ്യും)

ലക്ഷണങ്ങള്‍:

 • കാഴ്ചക്ക് മങ്ങല്‍; പ്രധാനമായും അകലെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 
 • കണ്ണുവേദന, തലവേദന 
 • ചില കുട്ടികള്‍ കണ്‍പോളകള്‍ പാതിയടച്ചു കൊണ്ട് വസ്തുക്കളെ നോക്കും. 
 • കറുത്ത പൊട്ട് പോലുള്ള തടസ്സങ്ങള്‍ കണ്മുന്നില്‍ ഉണ്ടായതായുള്ള തോന്നല്‍ 
 • രാത്രിയില്‍ കാഴ്ചക്കുറവ് അനുഭവപ്പെടുക.

വളരെ ചെറിയ ശതമാനം കുട്ടികളില്‍ ഹ്രസ്വദൃഷ്ടി ജന്മനായുള്ള പ്രശ്‌നമായി തുടങ്ങുന്നു. 2-3 വയസ്സാകുമ്പോള്‍ ആവാം ഇത് കണ്ടുപിടിക്കുന്നത്. അതോടൊപ്പം ചെറിയ ഒരു കോങ്കണ്ണും ഉണ്ടാകാറുണ്ട്. ഇവരില്‍ മറ്റ് ജനിതകപരമായ നേത്രപ്രശ്‌നങ്ങളും കാഴ്ച ഞരമ്പ് സംബന്ധമായ തകരാറുകളും ഉണ്ടാകാം.

hsനമ്മുടെ നാട്ടില്‍ ഹ്രസ്വദൃഷ്ടി പ്രധാനമായും 5 വയസ്സുമുതലുള്ള കുട്ടികളില്‍ തുടങ്ങുകയും സ്‌കൂളില്‍ പോകുന്ന പ്രായത്തില്‍ കൃത്യമായ തോതില്‍ ഉയരുകയും പിന്നീട് അതെ അളവില്‍ പവര്‍ നില്‍ക്കുകയും ചെയ്യും. 20 വയസ്സിനു ശേഷം ഇത്തരക്കാരില്‍ പിന്നീട് പവര്‍ ഉയരാറില്ല. എന്നാല്‍ മറ്റ് ചിലരില്‍ ഇത് തുടര്‍ന്നും പവര്‍ കൂടുകയും കാഴ്ച ഞരമ്പുകള്‍ക്ക് ആഘാതമേല്‍ക്കുകയും പവര്‍ കൂടിയ കട്ടികണ്ണട ഉപയോഗിക്കുന്ന നിലയില്‍ വരെ എത്തുകയും ചെയ്യുന്നു. ഇവരില്‍ വളരെ ചെറിയ ശതമാനം പേര്‍ക്ക് കാലക്രമേണ അന്ധത ബാധിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ജനിതക പരമായ കാരണങ്ങളും ഉണ്ടാകും.

ചികിത്സ
കണ്ണടയുടെയോ കോണ്‍ടാക്ട് ലെന്‍സിന്റെയോ രൂപത്തില്‍ കണ്ണിന് മുന്നില്‍ ഒരു കോണ്‍കേവ് ലെന്‍സ് വയ്ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. കണ്ണട ഉപയോഗിക്കുന്നവര്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളില്‍ കണ്ണില്‍ മരുന്ന് ഒഴിച്ചുള്ള പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്.

കൃത്യസമയത്ത് കണ്ണട വയ്ക്കാതിരുന്നാല്‍ കാഴ്ച രശ്മി കൃത്യസ്ഥാനത്ത് പതിക്കാതിരിക്കുകയും തന്മൂലം ആ കണ്ണിലെ കാഴ്ചയുടെ വികാസം സാധ്യമാകാതാവുകയും ചെയ്യുന്നു (amblyopia). അതിനാല്‍ അംഗന്‍വാടി, സ്‌കൂള്‍ തലം മുതല്‍ എല്ലാ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാഴ്ചശക്തി പരിശോധിപ്പിക്കുന്നതാണ് ഉചിതം.

 ഇന്നത്തെ കാലത്ത് ലാസിക്ക് (LASIK), കൃഷ്ണമണിയിലെ (Cornea) സര്‍ജറി പോലുള്ള ചികിത്സാ രീതികള്‍, നിലവിലെ കണ്ണിനുള്ളില്‍ ഇരിക്കുന്ന ലെന്‍സിനോടൊപ്പം മറ്റൊരു ലെന്‍സും ഘടിപ്പിക്കുക (Phakic intraocular lens implantation), കൃഷ്ണമണിയില്‍ റിംഗ് വയ്ക്കുന്ന സൂക്ഷ്മ ശാസ്ത്രക്രിയകള്‍ എന്നിവ ലഭ്യമാണ്.

കാഴ്ചഞരമ്പുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളവര്‍ക്ക് ഒരു നിശ്ചിത പരിധിക്കപ്പുറം കാഴ്ചലഭ്യമല്ല. അങ്ങനെയുള്ളവര്‍ക്ക് ലോ-വിഷന്‍ കാറ്റഗറിയില്‍പ്പെടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടിവരും.

2.ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍മെട്രോപ്പിയ)

മുന്‍പ് പറഞ്ഞതുപോലെ വസ്തുവില്‍ നിന്നുള്ള രശ്മികള്‍ കാഴ്ച ഞരമ്പിന്റെ പുറകില്‍ ഫോക്കസ് ചെയ്യുന്നതിനെ ദീര്‍ഘദൃഷ്ടി അഥവാ ഹൈപ്പര്‍മെട്രോപ്പിയ എന്ന് പറയുന്നു.

കാരണങ്ങള്‍

 • നേത്രഗോളത്തിന്റെ നീളം കുറവായിരിക്കുക
 • കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെന്‍സിന്റെയോ ആകൃതി സാധാരണ കമാനാവസ്ഥയില്‍ നിന്നും കുറവായിരിക്കുക. 
 • കണ്ണിനുള്ളിലെ ലെന്‍സിനു പിറകിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക. 
 • ലെന്‍സിന്റെ കട്ടി കുറയുക.
 • ലെന്‍സ് ജന്മനാ ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ സര്‍ജറി മൂലം നീക്കം ചെയ്യേണ്ടുന്ന അവസ്ഥ വന്നാലോ ദീര്‍ഘദൃഷ്ടി ഉണ്ടാകാം.

deergലക്ഷണങ്ങള്‍

 • കാഴ്ചക്ക് മങ്ങല്‍; പ്രധാനമായും അടുത്തുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 
 • കണ്ണുവേദന, തലവേദന, കണ്ണിനുള്ളില്‍ നിന്നും വെള്ളം വരിക, വെളിച്ചത്തേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
 • കാഴ്ചക്കുറവ് മാത്രമായും അനുഭവപ്പെടുക. 
 • മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം കണ്ണിനുണ്ടാകുന്ന ആയാസം മാറ്റാനായി തുടര്‍ച്ചയായി കണ്ണ് തിരുമ്മുന്നത് മൂലം കണ്‍പോളകളില്‍ അണുബാധ ഉണ്ടാവാനിടയുണ്ട്. ചിലരില്‍ കണ്‍കുരുവായോ പോളകളില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്ന പോലെ കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാവുകയോ ചെയ്യാം.
 • വളരെ ചെറിയ നേത്രഗോളം മൂലം ദീര്‍ഘദൃഷ്ടി ഉണ്ടാകുന്നവരില്‍ ഭാവിയില്‍ ഗ്ലോക്കോമ (primary narrow angle glaucoma) വരാനുള്ള സാധ്യത കൂടുതലായിരിക്കും. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ തിരികെ പിടിക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണത്.

ചികിത്സ

കണ്ണടയുടെയോ കോണ്‍ടാക്ട് ലെന്‍സിന്റെയോ രൂപത്തില്‍ കണ്ണിന് മുന്നില്‍ ഒരു കോണ്‍വെക്‌സ് ലെന്‍സ് വയ്ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. കണ്ണട ഉപയോഗിക്കുന്നവര്‍ മുന്‍പ് പറഞ്ഞതുപോലെ തന്നെ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്. കുട്ടികളുടെ കാര്യത്തിലെ കൃത്യമായ കാഴ്ചപരിശോധനയും ശസ്ത്രക്രിയകളുടെ കാര്യവും ഹ്രസ്വദൃഷ്ടിയുടേതിനു സമാനം.

3. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)

ചിലരില്‍ രശ്മികളില്‍ ഒരെണ്ണം കാഴ്ചഞരമ്പിലും മറ്റേത് കാഴ്ചഞരമ്പിന് മുന്നിലോ (simple myopic astigmatisam) കാഴ്ചഞരമ്പിന് പിറകിലോ (simple hypermetropic astigmatisam) പതിക്കുന്നതിനെക്കുറിച്ച് മുന്‍പ് പറഞ്ഞിരുന്നല്ലോ. അല്ലെങ്കില്‍ മേല്‍പറഞ്ഞ കിരണങ്ങള്‍ രണ്ടും വ്യത്യസ്ത ഫോക്കസില്‍ കാഴ്ചഞരമ്പിന് മുന്നിലോ പിറകിലോ ഒരുമിച്ച് പതിക്കാം (compound astigmatisam). ചിലപ്പോള്‍ മേല്‍പറഞ്ഞ രണ്ട് കിരണങ്ങളില്‍ ഒരെണ്ണം കാഴ്ചഞരമ്പിന് മുന്നിലും മറ്റേത് കാഴ്ചഞരമ്പിന് പിന്നിലും ആയി ഫോക്കസ് ചെയ്തു പതിക്കാം (Mixed astigmatisam).

കാരണം

 • കൃഷ്ണമണിയുടെ (Cornea) കമാനതയിലുള്ള വ്യതിയാനങ്ങള്‍ 
 • ജനിതകപരമായ വൈകല്യം കണ്ണിനുള്ളിലെ ലെന്‍സിന്റെ കമാനതയിലുള്ള വ്യതിയാനങ്ങള്‍ 
 • ചായ്‌വോടു കടുകൂടിയതോ വളഞ്ഞതോ ആയ ലെന്‍സിന്റെ സ്ഥാനമാറ്റം
 • ലെന്‍സിന്റെ പല ഭാഗങ്ങളില്‍ കട്ടിയില്‍ ഉണ്ടാകുന്ന മാറ്റം. തിമിരം പോലുള്ള രോഗങ്ങളുടെ തുടക്കമായി ഇതുപോലുള്ള മാറ്റങ്ങളും അതിനോടനുബന്ധിച്ച് ഇടയ്ക്കിടെ കണ്ണട മാറ്റുകയും ചെയ്യേണ്ടി വരാറുണ്ട്. 
 • കാഴ്ചഞരമ്പിലെ കാഴ്ച ക്രോഢീകരിച്ചിരിക്കുന്ന ഭാഗത്തെ (macula) വളരെ അപൂര്‍വമായി കാണാറുള്ള ചരിവുകള്‍.

ലക്ഷണങ്ങള്‍

ചിലര്‍ വസ്തുക്കളെ ഫോക്കസ് ചെയ്യുമ്പോള്‍ അറിയാതെ തലചെരിച്ചു പിടിക്കാറുണ്ട്. അതിനുകാരണം മേല്‍പറഞ്ഞ 360ത്ഥ യിലുള്ള ധ്രുവരേഖകളില്‍ സമാന്തരമായതോ ലംബമായതോ ഉള്ള രേഖകളില്‍ സംഭവിച്ചിരിക്കുന്ന പവര്‍ മാറ്റം മൂലം കാഴ്ച കൃത്യമല്ലാതാവുകയും തുടര്‍ന്ന് അത് മാറ്റി കുഴപ്പമില്ലാത്ത പവറില്‍ ഉള്ള ധ്രുവരേഖകള്‍ തങ്ങളുടെ നേര്‍രേഖയില്‍ കൊണ്ടുവരാനുമാണ്.

astigഅതിനൊപ്പം

 • വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 
 • കണ്ണുവേദന
 • തലവേദന
 • കണ്ണിനുള്ളില്‍ നിന്നും വെള്ളം വരിക 
 •  വെളിച്ചത്തേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
 •  കാഴ്ചക്ക് മങ്ങല്‍ ഇവയും ഉണ്ടാവാം.

ചികിത്സ

കണ്ണട :- മേല്‍പറഞ്ഞ ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി പരിഹരിച്ച പവര്‍ അനുസരിച്ച് തന്നെയുള്ള ലെന്‍സ് ആണ് ഇവിടെയും ഉപയോഗിക്കുന്നതെങ്കിലും പക്ഷെ ഇവിടെ ധ്രുവരേഖകള്‍ ഏത് ഭാഗത്താണ് പവര്‍ വ്യത്യാസം എന്നതിനനുസരിച്ച് ആ നിശ്ചിത ഡിഗ്രിയില്‍ മാത്രമേ പവര്‍ കറക്ഷന്‍ നല്‍കുകയുള്ളൂ. മറ്റ് ഭാഗങ്ങളില്‍ അത് നോര്‍മല്‍ ആയിരിക്കും. സിലിണ്ടറിക്കല്‍ ലെന്‍സ് എന്നാണ് അത് അറിയപ്പെടുന്നത്.

മേല്‍പറഞ്ഞ അതേ ആശയം ഉള്‍കൊണ്ടുള്ള കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാം. ലാസിക്ക് ( LASIK) പോലുള്ള ലേസര്‍ ചികിത്സകളും, കൃഷ്മണിയിലെ സര്‍ജറികളും ഇന്ന് ലഭ്യമാണ്. ലെന്‍സിലെയോ കൃഷ്ണമണിയിലേയോ ഏത് ചികിത്സ ആണെങ്കിലും പിറകിലുള്ള കാഴ്ചഞരമ്പിന്റെ ശക്തിക്ക് അനുസരിച്ചിരിക്കും പിന്നീടങ്ങോട്ട് തുടര്‍ന്നുള്ള കാഴ്ച.

4. വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ)

പ്രായമാകുമ്പോള്‍ നമ്മുടെ കണ്ണിന് ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുകയും അത് മൂലം അടുത്തുള്ള വസ്തുക്കളെ കാണാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. നമ്മള്‍ കാണാറില്ലേ ചിലര്‍ കൈനീട്ടി പത്രം ദൂരത്തേക്ക് വച്ച് വായിക്കുന്നത് !.

അതിനുകാരണം പ്രായമാകുമ്പോള്‍ കണ്ണിനുള്ളിലെ ലെന്‍സിനു കട്ടി കൂടുകയും, ലെന്‍സിനെ ബന്ധിപ്പിച്ചിരിക്കുന്ന മസിലുകള്‍ക്ക് (ciliary muscle) ഇലാസ്റ്റിസിറ്റിയും പവ്വറും നഷ്ടമാവുകയും ചെയ്യുന്നതാണ്. അത് മൂലം അടുത്തുള്ള വസ്തുക്കളില്‍ നിന്നും കണ്ണിനുള്ളിലേക്ക് പതിക്കുന്ന രശ്മികളെ ഫോക്കസ് ചെയ്തു കൃത്യമായി കാഴ്ചഞരമ്പിലേക്ക് വീഴ്ത്താനാവാതെ പോവുകയും ചെയ്യുന്നു. സാധാരണയായി നാല്‍പത് വയസ്സിന് ശേഷമുള്ള ആളുകള്‍ പത്രം വായിക്കാനാകുന്നില്ല, സൂചിയില്‍ നൂല് കൊരുക്കാന്‍ പറ്റുന്നില്ല എന്ന പരാതിയുമായാണ് വരാറുള്ളത് !.

vellezhuthചികിത്സ

അടുത്തുള്ള ജോലികള്‍ ചെയ്യാനും വായിക്കാനുമായി (Reading glass) കോണ്‍വെക്‌സ് ഗ്ലാസ്സുകള്‍ നല്‍കുക. പിന്നീട് അത് വര്‍ഷം തോറും അത് പരിശോധിച്ച് പവര്‍ മാറ്റം വരുത്തുകയാണ് സാധാരണയായി ചെയ്യാറുള്ളത്.

ലാസിക്ക് (LASIK), സര്‍ജറികള്‍ എന്നിവയും തിമിരശാസ്ത്രക്രിയക്കു ശേഷം കണ്ണിനുള്ളില്‍ വയ്ക്കുന്ന വിഷമദൃഷ്ടിയും കൂടി പരിഹരിക്കുന്ന ലെന്‍സുകളും ഇപ്പോള്‍ ലഭ്യമാണ്.

ഒരു കാര്യമോര്‍ക്കുക കണ്ണട വച്ചിട്ടും കൃത്യമായ കാഴ്ച ലഭിക്കുന്നില്ല എന്ന പരാതിയുമായി ഇടയ്ക്കിടെ ആളുകള്‍ വരാറുണ്ട്. പല തവണ കാഴ്ച പരിശോധിച്ചിട്ടും കാണാനാകുന്നില്ലെങ്കില്‍ കാഴ്ചരശ്മി കടന്നുപോകുന്ന നേത്രഗോളത്തിലെ മുന്‍വശം മുതല്‍ തലച്ചോറില്‍ വരെ എവിടെയും പ്രശ്‌നം ഉണ്ടാകാനിടയുള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നേക്കാം.