Photo: PTI
കോവിഡ് കാലത്ത് നേത്രസംരക്ഷണം വളരെ പ്രധാനമാണ്. രോഗികളുമായുള്ള സമ്പര്‍ക്കം കൊണ്ടോ കൈകഴുകാതെ കണ്ണില്‍ തൊടുന്നത് വഴിയോ രോഗാണുക്കള്‍ കണ്ണുകളിലേക്ക് പടരാം. രോഗികളുമായോ സംശയകരമായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ ഇടപഴകേണ്ടി വരുമ്പോള്‍ കണ്ണിന്റെ സംരക്ഷണത്തെപ്പറ്റി പലപ്പോഴും നാം ഓര്‍ക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേത്ര സംരക്ഷണകവചം ഗുണം ചെയ്യും.
ആരെല്ലാമാണ് നേത്ര സംരക്ഷണകവചം ഉപയോഗിക്കേണ്ടത്?
- ആരോഗ്യപ്രവര്‍ത്തകര്‍
- രോഗിയെ പരിചരിക്കുന്നവര്‍
- കണ്ണുകള്‍ക്ക് ദോഷം ചെയ്യുന്ന പദാര്‍ഥങ്ങളുടെ സാന്നിധ്യത്തില്‍ ജോലി ചെയ്യുന്നവര്‍.
- കോണ്‍ക്രീറ്റ് ജോലിചെയ്യുന്നവര്‍, രാസപദാര്‍ഥങ്ങളുടെ ഫാക്ടറിയില്‍ ജോലിചെയ്യുന്നവര്‍, അമിതമായ പൊടിയുള്ള അന്തരീക്ഷത്തിലും റേഡിയേഷന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും(ഉദാ:ഇന്‍ഫ്രാറെഡ് റേഡിയേഷന്‍, ലേസര്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയവ) ജോലി ചെയ്യുന്നവര്‍, തടിപ്പണിയും ലോഹങ്ങളുടെ പണിയും ചെയ്യുന്നവര്‍.
ഗോഗിള്‍സ്
രക്തത്തുള്ളികള്‍, ശ്വാസകോശ സ്രവങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഗോഗിള്‍സ് കണ്ണിന്റെ രണ്ട് കോണുകളടക്കം പുരികം വരെയുള്ള ഭാഗങ്ങള്‍ മൂടുന്നു. കാഴ്ചമണ്ഡലം മറയുകയില്ല. ഉള്ളില്‍ പാടപിടിക്കാത്ത തരം ഗോഗിളുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ഫേസ് ഷീല്‍ഡ്
ഇത് കണ്ണിനെ മാത്രമല്ല മുഖത്തെ മുഴുവനായും അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു. തല, താടി, ചെവി എന്നിവയെല്ലാം മൂടുന്നതാണിത്. ഉപയോഗശേഷം കളയാന്‍ കഴിയും. ഇവ ഭാരം കുറഞ്ഞതും നേര്‍ത്ത സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതുമായതിനാല്‍ സര്‍ജിക്കല്‍ മാസ്‌ക്കിനോട് ചേര്‍ത്ത് ഘടിപ്പിക്കാം.
ഫുള്‍ ഫേസ് റെസ്പിറേറ്റര്‍
വിഷാംശമുള്ളവയെ പുക, ബാഷ്പം എന്നിവയെ അരിച്ചെടുത്ത് ശ്വസനയോഗ്യമാക്കുന്നതിനാല്‍ ഇവ ശ്വാസകോശ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇവ കണ്ണുകള്‍ക്കും സംരക്ഷണം നല്‍കുന്നു.
നേത്രസംരക്ഷണ കവചം ഊരുമ്പോള്‍ അതിന്റെ വള്ളിയിലോ ചെവിയില്‍ ബന്ധിപ്പിച്ച ഭാഗത്തോ പിടിച്ച് മാത്രമേ ഊരാന്‍ പാടുള്ളൂ. കണ്ണാടിയുടെ അകത്തും പുറത്തും തൊടരുത്.
തയ്യാറാക്കിയത്:
ഡോ. അനുപമാ ജനാര്‍ദനന്‍
അരവിന്ദ് ഐ ഹോസ്പിറ്റല്‍, മധുര
Content Highlights: Eye Care during Covid19 Corona Virus Pandemic, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..