പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രായമേതായാലും സ്വന്തം കാര്യങ്ങള്‍ പരാശ്രയം കൂടാതെ ചെയ്യാനാകുക എന്നത് തന്നെയാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ഒരു ലക്ഷണം. അങ്ങനെ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് അടിസ്ഥാനപരമായുള്ള ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. വ്യായാമം എന്ന് കേള്‍ക്കുമ്പോള്‍ സിക്‌സ് പാക്ക് വയറും വിങ്‌സും ട്രൈസപ്‌സുമുള്ള ശരീരം നേടാനുള്ളതാണെന്ന് ധരിക്കേണ്ടതില്ല. പേശികള്‍ അയഞ്ഞുപോകാതെ ശക്തിപ്പെട്ടുതന്നെയിരിക്കാനുള്ള ഒരു ദിനചര്യ മാത്രമായി കണ്ടാല്‍ മതി.
പല്ലുതേപ്പും കുളിയും പോലെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു നിര്‍ബന്ധകാര്യമാണ് വ്യായാമം. ഓരോരുത്തരുടെ അടിസ്ഥാന ആരോഗ്യത്തിനും ആവശ്യകതയ്ക്കും അനുസരിച്ച് ഈ വ്യായാമങ്ങള്‍ക്ക് മാറ്റമുണ്ടാകാമെന്ന് മാത്രം.
ആവശ്യകത
പ്രായമേറുന്നതനുസരിച്ച് മിക്കവര്‍ക്കും പേശികളുടെയും എല്ലുകളുടെയും ശക്തി കുറയും. മെറ്റബോളിസം സ്വാഭാവികമായും മന്ദഗതിയിലാകും. ഇത് ശരീരഭാരം ആനുപാതികമല്ലാതെ കൂടുന്നതിന് ഇടയാക്കും. വ്യായാമം മെറ്റബോളിസം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട രോഗപ്രതിരോധവും ദഹനപ്രവര്‍ത്തനവും ലഭിക്കും. ഇതിനെല്ലാം പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും വ്യായാമത്തിന്റെ പങ്ക് വലുതാണ്.
നടത്തം
വ്യായാമങ്ങളുടെ കാര്യത്തില്‍ ഏറ്റവും ആയാസരഹിതമായി ചെയ്യാവുന്ന ഒന്നാണ് നടത്തം. ശ്വാസകോശത്തിനും രക്തചംക്രമണത്തിനും തലമുതല്‍ ഉപ്പൂറ്റിവരെയുള്ള പേശികളുടെ ചലനത്തിനും നടത്തം ഏറെ ഗുണകരമാണ്. അത് എത്രവേഗമേറിയതായാലും പതുക്കെയായാലും. 15 മിനിറ്റോളം കുറഞ്ഞത് നടക്കണം. വീഴ്ചകളെ ഭയക്കുന്നുണ്ടെങ്കില്‍ വാക്കറിന്റെയോ മറ്റോ സഹായം തേടാം. നടത്തം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും വിദഗ്ധ അഭിപ്രായങ്ങളുണ്ട്.
സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍
ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താനും, പേശികള്‍ക്ക് ആയാസം ലഭിക്കാനും സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ഏറെ ഗുണം ചെയ്യും. ചിലത് ചുവടെ:
• കസേരയില്‍ ഇരുന്ന് എഴുന്നല്‍ക്കുക. വീണ്ടും ഇരിക്കുക. ഇങ്ങനെ അഞ്ച് തവണ ചെയ്യാം.
• ചുമരിന് സമാന്തരമായി അരയടി വിട്ട് നില്‍ക്കുക. ഇരുകൈകളും ചുമരില്‍ കുത്തി 'പുഷ് അപ്പ്' മാതൃകയില്‍ ചെയ്യുക. ഇങ്ങനെ അഞ്ചുതവണ ആവര്‍ത്തിക്കാം.
• കസേരയുടെ ചാരുന്ന ഭാഗം പുറകില്‍നിന്ന് പിടിച്ച് നില്‍ക്കുക. കാലുകള്‍ മുട്ടുവരെയുള്ള ഭാഗം തറയ്ക്ക് സമാന്തരമായി ഉയര്‍ത്തുക.
• താടിഭാഗം പരമാവധി താഴ്ത്തുക. ശേഷം വലതുഭാഗത്ത് കൂടി മുകളിലേക്ക് ഉയര്‍ത്തി ഇടത് വശത്ത് കൂടി വീണ്ടും പൂര്‍വ സ്ഥിതിയില്‍ എത്തിക്കുക. ഒരു വൃത്തംവരച്ചപോലെ. ഇങ്ങനെ ഓരോ തവണ ചെയ്ത ശേഷം തിരിച്ചും (ആന്റി ക്‌ളോക്ക് വൈസ്) ചെയ്യണം. ഇങ്ങനെ രണ്ട് മുതല്‍ അഞ്ചുതവണ വരെ ചെയ്യാം.
• ഒരു കൈ അരക്കെട്ടില്‍ താങ്ങിയ ശേഷം മറുകൈ മുകളിലേക്ക് ഉയര്‍ത്തണം. ഉയര്‍ത്തിയ കൈ തലയ്ക്ക് മുകളിലൂടെ മറുവശത്തേക്ക് പരമാവധി കൊണ്ടുവരിക. ഇത് രണ്ട് കൈകള്‍ കൊണ്ടും ആവര്‍ത്തിച്ച് ചെയ്യാം.
• നേരെ നിവര്‍ന്ന് നിന്നുകൊണ്ട് കാലുകള്‍ നിലത്തുറപ്പിച്ച് നില്‍ക്കുക. അരയ്ക്കു മുകളിലുള്ള ഭാഗം ഒരു വശത്ത് നിന്ന് മറ്റു വശത്തേക്ക് തിരിച്ച് കൊണ്ടുവരുക. എത്രത്തോളം കഴിയുന്നോ അത്രത്തോളം ട്വിസ്റ്റ് ചെയ്യാം. ഇതേരീതിയില്‍ മറുവശത്തേക്കും ചെയ്യുക.
• ശരീരത്തിലെ മസിലുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സഹായിക്കുന്ന ഇത്തരം വ്യായാമങ്ങള്‍ ചെയ്യാന്‍ റെസിസ്റ്റന്റ് ബാന്റ്, മെഡിസിന്‍ ബോള്‍ എന്നിവ ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
പ്രിജു പുതുക്കുടി
(ഫിറ്റ്നസ് ട്രെയിനര്‍, ഫിറ്റ്ഫാറ്റ് സ്റ്റുഡിയോ, കോഴിക്കോട്)
Content Highlights: excercise, immunity, digestive functions, metabolism, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..