പ്രതിരോധ കുത്തിവെപ്പുകളോട് ഇന്നും മുഖം തിരിക്കുന്ന സമൂഹം ഇവിടെയുണ്ട്. വാക്‌സിനേഷന്‍ നിഷേധിക്കപ്പെടുന്നതിലൂടെ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം കൂടിയാണ് ഇല്ലാതാക്കുന്നത്. പ്രതിരോധ മാര്‍ഗങ്ങളിലൂടെ തടയാവുന്ന ടെറ്റനസ് ബാധിച്ചു മരിച്ച പത്തുവയസ്സുകാരന്റെ വാര്‍ത്തയാണ് സമഹമാധ്യമത്തില്‍ നിറയുന്നത്. ടെറ്റനസ് രോഗത്തേക്കുറിച്ചും അതിന്റെ സങ്കീര്‍ണതകളേക്കുറിച്ചും ഡോ. ജിനേഷ് പി.എസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫേസ്ബുക് കുറിപ്പിലേക്ക്

കാലില്‍ മരക്കൊമ്പ് കുത്തി കയറിയതിനെ തുടര്‍ന്ന് ഒരു പത്തുവയസ്സുകാരന്‍ മരിച്ചു വാര്‍ത്ത വായിച്ചു, കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെച്ച്.

മരണ കാരണം ടെറ്റനസ്.

പ്രതിരോധ മാര്‍ഗങ്ങളിലൂടെ തടയാവുന്ന മരണം.

പക്ഷേ ഈ പത്തുവയസ്സുകാരന്‍ ഒരു പ്രതിരോധ കുത്തിവെപ്പുകളും ഇതുവരെ സ്വീകരിച്ചിരുന്നില്ല എന്ന് വാര്‍ത്ത. സങ്കടകരമാണ്. ഇതൊക്കെ അശ്രദ്ധ മൂലമുള്ള മരണങ്ങളല്ല. നമ്മള്‍ വിളിച്ചുവരുത്തുന്നതാണിവ. ആ കുട്ടിയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്.

ടെറ്റനസ് ബാധിച്ചവരെ കണ്ടിട്ടുണ്ടോ ?

ശരീരം വില്ലുപോലെ വളഞ്ഞ് ഭയാനകമായ വേദന അനുഭവിക്കുന്ന അവസ്ഥ.

മാംസപേശികളുടെ സങ്കോചാവസ്ഥയുണ്ടാക്കുന്ന (Muscle spasm) മാരകരോഗമാണ് ടെറ്റനസ്. സാധാരണഗതിയില്‍ കീഴ്ത്താടിയില്‍ തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ശ്വസന പ്രക്രിയയെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

ടെറ്റനസ് ഒരു ചെറിയ അസുഖമല്ല. അസുഖബാധിതനായി 25 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാവുന്ന അസുഖമാണ്.

1990ല്‍ ലോകത്താകമാനം 3,56,000 മരണങ്ങള്‍ സൃഷ്ടിച്ച അസുഖമാണ് ടെറ്റനസ്. 2015ല്‍ ലോകത്താകമാനം 59,000 മരണങ്ങള്‍. വാക്‌സിനേഷനും ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമായ ഈ കാലത്തും മരണങ്ങള്‍ ഉണ്ടാവുന്നു എന്നത് ഖേദകരമാണ്.

ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് വില്ലന്‍.

നാസി ഭരണത്തിന്റെ ഫാസിസ്റ്റ് നടപടികള്‍ മൂലം 1942ല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ജൂത വംശജനായ ജര്‍മന്‍ ഡോ. Arthur Nicolaier ആണ് ടെറ്റനസ് ടോക്‌സിന്‍ വേര്‍തിരിച്ചെടുത്തത്, 1884ല്‍.

1924ല്‍ ആണ് ടെറ്റനസ് ടോക്‌സോയ്ഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നത്. ഫ്രഞ്ച് വെറ്റിറനറി ഫിസിഷ്യന്‍ Gaston Ramon, P. Descombey എന്നിവര്‍ ചേര്‍ന്നാണ് ഡിഫ്തീരിയയ്ക്കും ടെറ്റനസിനും എതിരായ വാക്‌സിനുകള്‍ കണ്ടുപിടിച്ചത്.

അതോടെ ഈ മാരക രോഗത്തിനെതിരെ പ്രതിരോധ ശേഷി കൈവരിക്കാന്‍ നമുക്കായി.

ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായ വാക്‌സിനുകള്‍ ചിലരെങ്കിലും സ്വീകരിക്കാത്തത് ഒരു വലിയ പ്രശ്‌നമാണ്.

അതുപോലെ തന്നെ പ്രായപൂര്‍ത്തിയായവരുടെ വാക്‌സിനേഷന്‍ പ്രോട്ടോക്കോള്‍ കൃത്യമായി പ്രായോഗികമാക്കാന്‍ സാധിക്കാത്ത രാജ്യങ്ങളിലുമാന്നാണ് ഇന്ത്യ. തെറ്റിദ്ധാരണകള്‍ മൂലം ഓരോ തവണ മുറിവുണ്ടാകുമ്പോളും ടി.ടി. വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നു. ചിലരുടെയെങ്കിലും ധാരണ ആറുമാസത്തിലൊരിക്കല്‍ മുറിവുണ്ടായാല്‍ ടി.ടി. വാക്‌സിന്‍ സ്വീകരിക്കണമെന്നാണ്. ആ ധാരണ പൂര്‍ണമായും തെറ്റാണ്.

1. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പ്രതിരോധകുത്തിവെപ്പുകള്‍ എല്ലാവരും സ്വീകരിച്ചിരിക്കണം, അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ടെറ്റനസ്.

2. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ളവര്‍ക്കും (Immunized) അഞ്ചുവര്‍ഷത്തിനുള്ളില്‍ ടെറ്റനസ് വാക്‌സിന്‍ ബൂസ്റ്റര്‍ എടുത്തിട്ടുള്ളവര്‍ക്കും മുറിവുണ്ടായാല്‍ ടി.ടി. ഇന്‍ജക്ഷന്‍ എടുക്കേണ്ടതില്ല.

3. കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ളവരില്‍ അഞ്ചിനും പത്തിനും വര്‍ഷങ്ങള്‍ക്കിടയില്‍ ടെറ്റനസ് വാക്‌സിന്‍ ബൂസ്റ്റര്‍ എടുത്തിട്ടുള്ളവര്‍ക്ക് വൃത്തിയുള്ള മുറിവുണ്ടായാല്‍ ടി.ടി. ഇന്‍ജക്ഷന്‍ എടുക്കേണ്ടതില്ല. എന്നാല്‍ മുറിവ് വൃത്തിഹീനം ആണെങ്കില്‍ ടി.ടി. എടുക്കുക തന്നെ വേണം.

4. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ളവരില്‍ ടി.ടി. എടുത്തിട്ട് പത്ത് വര്‍ഷത്തിന് മുകളിലായാല്‍, മുറിവുണ്ടായാല്‍ ടി.ടി. ഇന്‍ജക്ഷന്‍ എടുക്കണം.

5. കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവര്‍ക്കും (Unimmunized) പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് അറിയാത്തവര്‍ക്കും മുറിവുണ്ടായാല്‍ ടി.ടി. കുത്തിവെപ്പ് എടുക്കണം. ഇത്തരക്കാരില്‍ മുറിവ് വൃത്തിഹീനമാണെങ്കില്‍ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി സ്വീകരിക്കേണ്ടിവരും.

മുറിവുണ്ടായാല്‍ ഡോക്ടറെ കാണിക്കുക. മുന്‍പ് സ്വീകരിച്ച പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകള്‍ കൊണ്ടുപോവുകയോ കൃത്യമായി ധരിപ്പിക്കുയോ ചെയ്യുക.

6. പ്രായപൂര്‍ത്തിയായവര്‍ക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ഉള്ള പ്രോട്ടോകോള്‍:

മുറിവുണ്ടാകുമ്പോള്‍ ഒരു ടി.ടി. കുത്തിവെപ്പെടുക്കുക, രണ്ടു മാസത്തിനു ശേഷം വീണ്ടുമൊരു കുത്തിവെപ്പ് എടുക്കുക, ആറു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ ഒരു ബൂസ്റ്റര്‍ കൂടെ എടുക്കുക. ശേഷം 5 വര്‍ഷം കൂടുമ്പോള്‍ ബൂസ്റ്റര്‍ മാത്രം എടുത്താല്‍ മതിയാകും.

കൂടാതെ ഗര്‍ഭധാരണ സമയത്തും ടി.ടി. കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്. കയ്യുടെ മുകള്‍ഭാഗത്ത് ഡെല്‍റ്റോയിഡ് മസിലില്‍ ആണ് ടി.ടി. കുത്തിവെപ്പ് എടുക്കേണ്ടത്. സാധാരണയായി വലംകയ്യന്മാരുടെ ഇടത് കയ്യിലും ഇടംകയ്യന്മാരുടെ വലത് കയ്യിലും.

ഓര്‍ക്കുക: മുറിവു പഴുക്കാതിരിക്കാന്‍ വേണ്ടിയുള്ള കുത്തിവെപ്പല്ല ടി.ടി; അപകടകരമായ ടെറ്റനസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ്.

ഒരു കാര്യം കൂടി ഓര്‍ക്കുക: ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ചെറിയ മുറിവുണ്ടാകുമ്പോഴും, ഓരോ ആറുമാസവും പോയി ടി ടി കുത്തിവയ്പ്പ് എടുക്കുക അല്ല വേണ്ടത്. മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടറെ കാട്ടി ആവശ്യമായ ചികിത്സ തേടുകയാണ് വേണ്ടത്. ആവശ്യമെങ്കില്‍ വാക്‌സിനും ആവശ്യമെങ്കില്‍ ഇമ്മ്യൂണോഗ്ലൊബുലിനും സ്വീകരിക്കണം.

വാക്‌സിന്‍ സ്വീകരിക്കാതിരുന്നത് എന്ത് കാരണം കൊണ്ടായാലും അംഗീകരിക്കാന്‍ വയ്യ. അതൊരു ധീരമായ പ്രവര്‍ത്തിയേയല്ല. കുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ് മാതാപിതാക്കളുടെ തെറ്റിദ്ധാരണകള്‍ മൂലം ഇല്ലാതാവുന്നത്. സങ്കടകരമാണ്...

ഇടതുപക്ഷ സര്‍ക്കാരിന്റെ കരട് ആരോഗ്യ നയത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു. ഏറ്റവുമധികം ജനശ്രദ്ധയും ജനപിന്തുണയും കിട്ടിയ ഒന്ന്. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന കാര്യം. പക്ഷേ പക്ഷേ അവസാന പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ അത് ഉണ്ടായില്ല.

സര്‍ക്കാര്‍ അത് വീണ്ടും പരിഗണിക്കണം. കൃത്യമായ വാക്‌സിനേഷന്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ്. കുട്ടികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്.

Content Highlights: Everything You Need to Know About the Tetanus Vaccine