ക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്.  

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. ഇതേ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.

വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

2014 ല്‍ ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി വ്യാപകമായി ബാധിച്ചിരുന്നു. രോഗം ബാധിച്ച നൂറുകണക്കിന് താറാവുകളെയാണ് അന്ന് കൊന്നൊടുക്കിയത്. 

രോഗം പകരുന്നത്

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. 

മനുഷ്യരിലേക്ക് പകരുന്നത്

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്. 

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ ബുദ്ധിമുട്ടാണ്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാല്‍ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാല്‍ അത് വലിയ അപകടമുണ്ടാക്കും. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്. 

duck
ആലപ്പുഴയില്‍ രോഗം ബാധിച്ച താറാവ്
ഫയല്‍ ഫോട്ടോ: പി. ജയേഷ്

പക്ഷികളിലെ രോഗലക്ഷണങ്ങള്‍

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവല്‍ കൊഴിയുക, ചലനങ്ങള്‍ക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകള്‍, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണള്‍ 

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍

സാധാരണ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും. 

ചികിത്സ

രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നല്‍കുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാന്‍ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സാധാരണ ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഉപയോഗിക്കുന്ന വാക്‌സിന്‍ എച്ച്5എന്‍1 ന് പ്രതിരോധം നല്‍കില്ല. 

രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് ഗ്രൂപ്പ് ഇവരാണ്

പക്ഷികളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ഇവരാണ്. ഇവരെ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കുകയും വേണം. 

 • പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കര്‍ഷകര്‍
 • പക്ഷി ഫാമുകളിലെ ജോലിക്കാര്‍, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍
 • ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവര്‍
 • പക്ഷിവളര്‍ത്തലില്‍ താത്പര്യം ഉള്ളവര്‍
 • പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവര്‍
 • പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാന്‍ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങള്‍
 • പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകള്‍ 
duck
ഫയല്‍ ഫോട്ടോ: പി. ജയേഷ്

മനുഷ്യരില്‍ രോഗം ഉണ്ടോ എന്നറിയാന്‍

മനുഷനില്‍ പക്ഷിപ്പനി പകര്‍ന്നിട്ടുണ്ടോയെന്നറിയാന്‍ സാധാരണയായി തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നാണ് സ്രവങ്ങള്‍ എടുക്കുന്നത്. ഈ സ്രവങ്ങള്‍ കള്‍ച്ചര്‍ ചെയ്ത് വൈറസിനെ തിരിച്ചറിയലാണ് ഒരു വഴി. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമേഴ്‌സ് ചെയിന്‍ റിയാക്ഷന്‍( RTPCR) ടെസ്റ്റ് ആണ് ആധികാരികമായ ലാബ് ടെസ്റ്റ്. രോഗിയുടെ സീറം ഉപയോഗിച്ച് എച്ച്.5 എന്‍.1 ആന്റിബോഡിയുടെ അളവ് നോക്കി രോഗനിര്‍ണ്ണയം നടത്താറുണ്ട്. 

പ്രതിരോധിക്കാന്‍

പക്ഷിപ്പനി സാധാരണമായി പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ അപൂര്‍വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇത്തരം സാധ്യതകള്‍ ഒഴിവാക്കാം. 

 • പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക.
 • ശരീരവും വസ്ത്രവും മറയ്ക്കുന്ന മേല്‍വസ്ത്രം ധരിക്കുക.
 • ഷൂസ് ഉപയോഗിക്കുക. കൈയുറകള്‍, മാസ്‌ക്, ഗോഗിള്‍സ് എന്നിവ ഉപയോഗിക്കുക.
 • രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളില്‍ നിന്നും മനുഷ്യനില്‍ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.
 • ഉപയോഗിച്ച മേല്‍വസ്ത്രവും അനുബന്ധ സാധനങ്ങളും ശാസ്ത്രീയമായി രോഗാണു വിമുക്തമാക്കുക.
 • രോഗാണു വിമുക്തമാക്കാന്‍ ശാസ്ത്രീയമായ കൈകഴുകല്‍ രീതികള്‍ ശീലിക്കുക.
 • ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക.
 • ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.
 • മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
 • ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്. 
 • രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം.
 • കത്തിക്കാന്‍ വിറക്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ഉപയോഗിക്കണം.
 • കുഴിച്ചിടുകയാണെങ്കില്‍ 20 അടി താഴ്ചയില്‍ കുഴിയെടുക്കണം. 
 • മൂന്നു മാസം വരെ ആ സ്ഥലം മറ്റൊരു ഉപയോഗത്തിനും നല്‍കരുത്. 
 • പക്ഷിപ്പനിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ അവബോധം നല്‍കുക.
 • പക്ഷികള്‍ക്ക് രോഗം വന്നാല്‍ അവയ്ക്ക് സ്വയം ചികിത്സ നല്‍കരുത്.
 • അസുഖങ്ങള്‍ പെട്ടെന്നു തന്നെ വെറ്ററിനറി ജീവനക്കാരെ അറിയിക്കുക. 
 • സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കുക
 • പക്ഷിമരണങ്ങളുണ്ടായാല്‍ അവയുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.
 • പ്രതിരോധ മരുന്ന് ലഭ്യത ഉറപ്പാക്കുക.
 • സമൂഹത്തില്‍ ആശങ്ക പരത്താതെ ശാസ്ത്രീയ ബോധവത്ക്കരണം നടത്തുക. 

മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

 • ചത്ത പക്ഷികളുടെയോ രോഗംബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.
 • രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകളും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. 
 • കോഴികളുടെ മാംസം(പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. 
 • നന്നായി പാകം ചെയ്ത മാംസവും മുട്ടയും ഉപയോഗിക്കുക.
 • നിങ്ങളുടെ അടുത്ത് അസാധാരണമാംവിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാം. 
 • പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ കാണുക.
 • വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
 • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
 • രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
 • ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. 
 • അണുനശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്. 
 • നിരീക്ഷണമേഖലയില്‍ പക്ഷികളുടെ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. 
 • ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
 • ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. 
 • പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
 • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്.
 • അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
 • വ്യാജസന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്ത് അഭ്യൂഹങ്ങള്‍ പരത്താതിരിക്കുക. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. എം. മുരളീധരന്‍
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ്

ഡോ. നിനാ കുമാര്‍
ചീഫ് വെറ്ററിനറി ഓഫീസര്‍
കോഴിക്കോട്

ലോകാരോഗ്യ സംഘടന

കൂടുതല്‍ ആരോഗ്യ അറിവുകള്‍ക്ക് മാതൃഭൂമി ആരോഗ്യമാസിക വായിക്കാം

Content Highlights: bird flu reprted in kerala kozhikode everything you need to know