കോവിഡ് അതിതീവ്ര വ്യാപന ഘട്ടത്തിലാണ്. അതിനാല്‍ തന്നെ കേരളം ശനിയാഴ്ച മുതല്‍ ലോക്ഡൗണിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഇ-സഞ്ജീവനി വഴിയുള്ള കോവിഡ് ഒ.പി. സേവനം 24 മണിക്കൂറും ലഭിക്കും. 

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവഗണിക്കാതെ ഇ-സഞ്ജീവനിയില്‍ വിളിച്ച് സംശയനിവാരണം നടത്താം. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂര്‍ച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.

E Sanjeevani Speciality Clinic

കോവിഡ് ഒ.പി. സേവനം കൂടാതെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകും. തുടര്‍ ചികിത്സയ്ക്കും പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരില്‍ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

  • https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇസഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
  • ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
  • ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
  • വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാം.
  • ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

E Sanjeevani

സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചിട്ടുണ്ട്. കോള്‍ സെന്ററിന്റെ നമ്പരുകള്‍ ഇവയാണ്. 
0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255. 

covid helpline number

പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും ഇതുവഴി സാധിക്കും. കോള്‍ സെന്ററിലേക്ക് വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യും. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.

കടപ്പാട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തിരുവനന്തപുരം

Content Highlights: eSanjeevaniOPD online registration, consultation all you needs to know, Health, Covid19, Corona Virus