അപസ്മാരം എന്ന രോഗത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഈ രോഗത്തെ എങ്ങനെ തിരിച്ചറിയണം എങ്ങനെ സ്ഥിരീകരിക്കണം, അതിന്റെ വകഭേദങ്ങള്‍ എങ്ങനെ മനസ്സിലാക്കണം, കൃത്യവും ഫലപ്രദവുമായ ചികിത്സ ലഭിക്കേണ്ടതിന് എന്തുചെയ്യണം, എന്നിവയെക്കുറിച്ച് ശരിയായ ഒരു ധാരണ പലര്‍ക്കും ഉണ്ടാവില്ല. അപസ്മാരത്തെക്കുറിച്ച് എല്ലാവര്‍ക്കും ശരിയായ അവബോധം ഉണ്ടാകേണ്ടതുണ്ട്. കാരണം, ഇത് ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തെ മുഴുവന്‍ നിരാശയിലേക്കും ആശങ്കയിലേക്കും സാമൂഹിക സമ്മര്‍ദത്തിലേക്കും തള്ളിവിടുന്ന ഒരു പ്രശ്‌നം കൂടിയാണ്. ഈയൊരു അവസ്ഥയില്‍ നിന്ന് രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇന്ന് നൂതനവും ഫലപ്രദവുമായ ചികിത്സാ വിധികളുണ്ട്.
ലോകത്തെമ്പാടുമുള്ള അഞ്ചു കോടിയിലേറെ ആളുകള്‍ക്ക് അപസ്മാരമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ തന്നെ സാധാരണമായി കണ്ടുവരുന്ന ഒരു ന്യൂറോളജിക്കല്‍ രോഗാവസ്ഥ കൂടിയാണിത്.
എനിക്ക് അപസ്മാരമുണ്ടോ?
പെട്ടെന്നുള്ള ബോധക്ഷയം, കൈകാലുകളില്‍ ഉണ്ടാകുന്ന ബലംപിടിത്തം, ഇളക്കം എന്നീ ലക്ഷണങ്ങളുണ്ടാകുന്നതിനെയാണ് സാധാരണഗതിയില്‍ നാം അപസ്മാരം എന്ന് പറയുന്നത്. ഇതുകൂടാതെ കുറച്ച് നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വിചിത്രമായ പെരുമാറ്റം, അര്‍ഥശൂന്യമായ സംസാരം, കൈകാലുകളുടേയോ മുഖത്തിന്റെയോ കണ്ണിന്റെയോ ലക്ഷ്യബോധമില്ലാത്ത ചലനങ്ങള്‍ എന്നിവയും അപസ്മാര ലക്ഷണങ്ങളാവാം. ഒരു വ്യക്തിക്ക് രണ്ടോ അതിലധികമോ തവണ മറ്റ് കാരണങ്ങളില്ലാതെ (ക്രമാതീതമായ രക്തസമ്മര്‍ദം, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുക, ഉറക്കമില്ലായ്മ മുതലായവ) മേല്‍ പറഞ്ഞ ലക്ഷണങ്ങളേതെങ്കിലും ഉണ്ടാകുന്നുവെങ്കില്‍ അയാള്‍ക്ക് അപസ്മാരം എന്ന രോഗാവസ്ഥ സ്ഥിരീകരിക്കപ്പെടുന്നു.
ഇ.ഇ.ജിയും എം.ആര്‍.ഐയും
തലച്ചോറിന്റെ ആശയവിനിമയ മാധ്യമമായ വൈദ്യുതി തരംഗങ്ങള്‍ക്ക് വ്യതിയാനമുണ്ടാകുമ്പോഴാണ് അപസ്മാരമുണ്ടാകുന്നത്. അവ നിര്‍ണയിക്കാന്‍ പരിശോധനകളുണ്ട്.
എല്ലാ രോഗികളിലും ചെയ്യേണ്ട ഒരു പരിശോധനയാണ് ഇ.ഇ.ജി.(ഇലക്ട്രോ എന്‍സെഫാലോഗ്രാം). ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള ഏതാണ്ട് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇ.ഇ.ജി. 50 മുതല്‍ 70 ശതമാനം കേസുകളിലും രോഗത്തെക്കുറിച്ച് ആധികാരികമായ സൂചനകള്‍ നല്‍കുന്നു. തലച്ചോറിലെ ഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് എം.ആര്‍.ഐ.(മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്) ഉപയോഗപ്രദമാണ്.
അപസ്മാരത്തിന് ചികിത്സയുണ്ടോ? മരുന്നുകള്‍ എത്രനാള്‍ കഴിക്കണം?
അപസ്മാരത്തിന്റെ വകഭേദം തിരിച്ചറിഞ്ഞ ശേഷം മാത്രമേ ചികിത്സ ആരംഭിക്കാനാകൂ. ഒരു വ്യക്തിയുടെ ശരീരഘടന, ആരോഗ്യസ്ഥിതി, മറ്റ് രോഗങ്ങള്‍, ഉപയോഗിക്കുന്ന മറ്റ് മരുന്നുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ചികിത്സ ആരംഭിക്കുന്നത്. ചില അപസ്മാരങ്ങളില്‍ മൂന്നോ നാലോ വര്‍ഷമേ ചികിത്സ ആവശ്യമായി വരുന്നുള്ളൂ. മറ്റ് ചിലരില്‍ ജീവിതകാലം മുഴുവന്‍ ചികിത്സ വേണ്ടി വന്നേക്കാം. 70 ശതമാനം രോഗികളിലും മരുന്നുകൊണ്ട് അപസ്മാരം പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കും.
മരുന്നുകള്‍ പരാജയപ്പെട്ടാലോ?
മൂന്നില്‍ ഒരു രോഗിക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നേക്കാം. ഈ കൂട്ടരില്‍ എല്‍.വി.ഇ.ഇ.ജി. (Longterm Video EEG) എന്ന പരിശോധന നടത്തുന്നത് കൃത്യമായ ഒരു ഉത്തരം കണ്ടെത്തുവാന്‍ സഹായകരമാകുന്നു. ഈ പരിശോധനയില്‍ രോഗിയെ 24 മുതല്‍ 72 മണിക്കൂര്‍ വരെ നിരന്തരമായി ഇ.ഇ.ജി. പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഈ കാലയളവില്‍ മരുന്നുകളുടെ അളവ് കുറച്ച് രോഗിക്ക് അപസ്മാരമുണ്ടാകാന്‍ അനുവദിക്കുകയും ക്യാമറയില്‍ പകര്‍ത്തി അതിന്റെ വിശദാംശങ്ങള്‍ പഠിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ എം.ആര്‍. ഐ. എപ്പിലെപ്സി പ്രോട്ടോക്കോള്‍, പെറ്റ് സ്‌കാന്‍, സ്റ്റീരിയോ ഇ.ഇ.ജി. എന്നിങ്ങനെ പല ടെസ്റ്റുകളും ആവശ്യമായി വന്നേക്കാം.
ഇവയുടെ സഹായത്താല്‍ അപസ്മാരത്തിന്റെ ഉത്ഭവസ്ഥാനം/സ്രോതസ്സ് കണ്ടെത്തി അതിനെ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ നോര്‍മലായ തലച്ചോറിന്റെ ഭാഗങ്ങളില്‍ നിന്ന് അതിന്റെ കണക്ഷന്‍ വിച്ഛേദിക്കുകയോ ചെയ്യുന്നതിനാല്‍ രോഗിക്ക് അപ്സമാരത്തില്‍ നിന്നും ആശ്വാസമോ, സ്വാതന്ത്ര്യമോ ലഭിക്കാന്‍ ഇടയാകുന്നു. ഇതുകൂടാതെ കഴുത്തിലെ ചില ഞരമ്പുകളിലോ (Vegus nerve stimulation), മസ്തിഷ്‌കത്തിന്റെ ഉള്ളിലെ ചില കോശങ്ങള്‍ ഉത്തേജിപ്പിക്കുന്നതു മൂലമോ അപസ്മാരം നിയന്ത്രിക്കാന്‍ കഴിയും. ആഹാരത്തില്‍ കൊഴുപ്പിന്റെയും പ്രോട്ടീനിന്റെയും അളവ് കൂട്ടി, കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നതും (Ketogenic Diet) അപസ്മാരത്തിന് ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ്.
അപസ്മാരമുള്ളവര്‍ക്ക് ഗര്‍ഭിണിയാകാമോ?
ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് ഹാനികരമല്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുകയും ഇതിനൊപ്പം ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ കഴിക്കുകയും ചെയ്യുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങളുണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. ചില മരുന്നുകള്‍ സ്ത്രീകള്‍ കൂടുതല്‍ കാലം ഉപയോഗിക്കുകയാണെങ്കില്‍ ആര്‍ത്തവത്തില്‍ വ്യത്യാസങ്ങളും ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. മേല്‍പറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
അപസ്മാരത്തിനെതിരെയുള്ള യുദ്ധം വിജയിക്കണമെങ്കില്‍ നാം ഒരുമിച്ച് സമഗ്രമായ ഒരു ചികിത്സാ പദ്ധതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സമൂഹത്തില്‍ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനുള്ള ശ്രമങ്ങളും വര്‍ധിപ്പിക്കണം. അതിനായി പ്രയത്‌നിക്കാം.
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: epilepsy symptoms and treatment, health, epilepsy