പസ്മാരരോഗത്തെക്കുറിച്ചറിയാത്തവരും, അപസ്മാര രോഗബാധിതരായ ഒരാളെയെങ്കിലും പരിചയമില്ലാത്തവരും വളരെ കുറവായിരിക്കും. അത്രത്തോളം വ്യാപകവും സാധാരണവുമായ അസുഖം എന്ന നിലയിൽ (ഏതാണ്ട് ആയിരത്തിൽ അഞ്ച് പേർക്ക് എന്ന നിലയിൽ) അപസ്മാരം നമ്മുടെ സമൂഹത്തിൽ സാന്നിധ്യമറിയിച്ച് കഴിഞ്ഞിരിക്കുന്നു. മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമുള്ള അസുഖങ്ങളിലൊന്ന് എന്ന സവിശേഷതയും അപസ്മാരത്തിനുണ്ട്.

തലച്ചോറിലെ ന്യൂറോണുകളുടെ ഇലക്ട്രിക്കൽ സർക്യൂട്ടറിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഇത് മൂലം ശക്തമായ വിറയൽ, പെട്ടെന്നുള്ളതും ഹ്രസ്വമായതുമായ അസാധാരണ സ്വഭാവം, കൈകാലുകളുടെയോ മുഖത്തെയോ പേശികളുടെ ക്രമരഹിതമായ ചലനം, ചില സമയങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ എന്നിവയിലേതെങ്കിലും കാണപ്പെടാറുണ്ട്. അപസ്മാര രോഗചികിത്സ ഫലപ്രദമായി മാറുവാൻ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാന കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.

1) അവബോധം (Education)

ഫലപ്രദമായി ചികിത്സിക്കാവുന്നതും ചിലപ്പോൾ ഭേദപ്പെടുത്താവുന്നതുമായ രോഗമാണ് അപസ്മാരം. ഈ രോഗത്തെക്കുറിച്ച് വ്യാപകമായുള്ള തെറ്റിദ്ധാരണകളും തെറ്റായ അറിവുകളുമാണ് രോഗചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി. രോഗബാധിതനായ വ്യക്തിയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, പൊതുസമൂഹത്തിനുമെല്ലാമുള്ള തെറ്റായ മുൻധാരണകൾ സ്വാഭാവികമായും രോഗബാധിതനെ നിരാശ, അനിശ്ചിതത്വം, ദു:ഖം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ബന്ധങ്ങളിലും തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും, സാമൂഹിക ജീവിതത്തിലുമെല്ലാം അവർക്ക് ശരിയായ സ്ഥാനവും പരിഗണനയും ലഭിക്കാതെ പോകുന്നു.

തെറ്റായ രോഗനിർണയവും ചികിത്സയും കാരണം രോഗിയുടെ ശിഷ്ടജീവിതകാലം മുഴുവൻ ഈ പീഢനം തുടരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അപസ്മാര രോഗചികിത്സയിൽ പരമപ്രധാനമായ കാര്യം രോഗിയുടേയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മനസ്സിലേക്ക് അപസ്മാര രോഗം എന്താണ് എന്നതിനെക്കുറിച്ചും രോഗിയുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ചും കൃത്യമായ അവബോധം (Education) നൽകുക എന്നതാണ്. മേൽ പറഞ്ഞവരെ സംബന്ധിച്ച് മാത്രമല്ല അപസ്മാരത്തിന്റെ നിലവിലുള്ള ചികിത്സാ രീതികളെക്കുറിച്ചും, പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവരെ പോലും ബോധവത്‌കരിക്കേണ്ട സാഹചര്യം നിലവിലുണ്ട്.

2) ആത്മവിശ്വാസം വളർത്തൽ (Encourgement)

അപസ്മാരം ബാധിച്ച ഓരോ വ്യക്തിക്കും രോഗത്തിൽ നിന്ന് മുക്തിനേടി ആഹ്ലാദകരമായ ജീവിതം നയിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയുണ്ട് എന്ന് അവർ അറിയേണ്ടതുണ്ട്. അപസ്മാരത്തിനെതിരായ ഈ യുദ്ധത്തിൽ ഒരിക്കലും അവനെ നിരാശപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്ന ആത്മവിശ്വാസം അവരിൽ ബോധപൂർവ്വം വളർത്തിയെടുക്കേണ്ടതുണ്ട്. ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചിട്ടും അപസ്മാരത്തെ നിയന്ത്രിച്ച് നിർത്താൻ സാധിക്കാത്തവർക്ക് എപ്പിലെപ്സി ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടാൻ സാധിക്കുമെന്നതും ഓർമ്മിക്കുക. ഇതിലൂടെ മിക്കവർക്കും സാധാരണവും ആരോഗ്യപൂർണമായതുമായ ജീവിതം നയിക്കാൻ സാധിക്കും. നിരാശയുടെ ലോകത്തേക്കല്ല, ആത്മവിശ്വാസത്തിന്റെ ലോകത്തേക്ക് നമുക്കവരെ നയിക്കാം.

3) അനുകമ്പ (Empathy)

രോഗബാധിതൻ നേരിടുന്ന വെല്ലുവിളികളേയും, വൈകാരികാവസ്ഥകളെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും അനുകമ്പയോടെയും സഹാനുഭൂതിയോടെയും അദ്ദേഹത്തെ സമീപിക്കാനുള്ള മാനസിക വ്യാപ്തിയും കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, പരിചരണം നൽകുന്നവർക്കും, ചികിത്സിക്കുന്നവർക്കും ഉണ്ടായിരിക്കണം. രോഗിക്ക് ചുറ്റും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ഒരു കവചം ഇതിലൂടെ സൃഷ്ടിക്കാൻ സാധിക്കണം. മറ്റുള്ളവർ സൃഷ്ടിക്കുന്ന അനാവശ്യമായ ആകുലതകൾ, തെറ്റായ അറിവുകൾ മുതലായവയുടെയെല്ലാം അക്രമണങ്ങളിൽ നിന്നും ആ വ്യക്തിയെ സംരക്ഷിച്ച് നിർത്താൻ അനുകമ്പയോട് കൂടിയ ഇടപെടലുകൾക്ക് സാധിക്കും.

4) ആത്മാഭിമാനം (Empowerment)

അനുകമ്പയോടെയും, സ്നേഹത്തോടെയുമൊക്കെ അവരുമായി ഇടപഴകുമ്പോഴും ആത്യന്തികമായി അവരെ ശാക്തീകരിക്കാനും അവരിൽ ആത്മാഭിമാനം വളർത്തുവാനും സാധിക്കണം. രോഗത്തിന്റെ ആരംഭം മുതൽ പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ച് കഴിഞ്ഞ ശേഷമായിരിക്കും രോഗി പലപ്പോഴും നമ്മുടെ അരികിലെത്തുന്നത്. ഇത് അവരുടെ ആത്മവിശ്വാസത്തെയും, ആത്മാഭിമാനത്തെയും ധൈര്യത്തെയുമെല്ലാം ഇല്ലാതാക്കിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നമുക്ക് ഇവയെ തിരികെ കൊണ്ടുവരേണ്ടതുണ്ട്.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവരെ പിന്തുണയ്ക്കാനും ഉയർത്തിക്കാണിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമത്തിലൂടെ അവരുടെ മനസ്സിലേറ്റ മുറിവുകളെയും കളങ്കങ്ങളെയും കഴുകിക്കളഞ്ഞ് ആത്മാഭിമാനത്തെ തിരികെയെത്തിക്കാൻ സാധിക്കണം. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സ്കൂളുകളിലും ജോലിസ്ഥലങ്ങളിലുമാണ്. ഇവിടങ്ങളിൽ മറ്റുള്ളവരുമായി തുല്യമായ അവസരങ്ങൾ രോഗബാധിതനായ വ്യക്തിക്ക് ഉറപ്പ് വരുത്തണം.

5) അപസ്മാര ചികിത്സാകേന്ദ്രം (Epilepsy Cetnre)

സാധാരണ ഒരു ചികിത്സാ കേന്ദ്രം മാത്രം ആവശ്യമായ നിര്രാസ രോഗാവസ്ഥയല്ല അപസ്മാരം. സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രം (Epilepsy Centre) എന്ന നൂതന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുകയാണ് ഇതിന് ശരിയായ രീതി. വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സമഗ്രമായ ഒരു ചികിത്സാ സംവിധാനമാണ് അപസ്മാര ചികിത്സാ കേന്ദ്രങ്ങളിൽ വിഭാവനം ചെയ്യപ്പെടേണ്ടത്. ഇതിനായി വിവിധ മേഖലകളെ സമന്വയിപ്പിച്ച, സുസംഘടിതവും അത്യാധുനികവുമായ സംവിധാനങ്ങളാണ് കൂട്ടിയോജിപ്പിക്കേണ്ടത്.

രോഗി ആദ്യമായി സന്ദർശനത്തിനെത്തുമ്പോൾ ദീർഘമായി സംഭാഷണം നടത്തുകയും ഇതിലൂടെ രോഗാവസ്ഥയെക്കുറിച്ച് ഏകദേശ ധാരണ കൈവരിച്ച ശേഷം ചികിത്സയുടെ പ്രാഥമിക രൂപം എപ്പിലെപ്സി ക്ലിനിക്കിൽ വെച്ച് തയ്യാറാകുന്നു. മിക്കവാറും രോഗികൾക്കെല്ലാം തന്നെ ഇ.ഇ.ജി. (Eletcreencephalogram) ആവശ്യമായി വരും. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകൾക്ക് ഇ.ഇ.ജി. റിപ്പോർട്ടിൽ നിന്ന് തന്നെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഏകദേശരൂപം ലഭിക്കും. ചിലർക്ക് വീഡിയോ റെക്കോർഡിങ് ആവശ്യമായി വരാം. ഇതിന് ചിലരിൽ മണിക്കൂറുകൾ മുതൽ മറ്റ് ചിലരിൽ ദിവസങ്ങൾ വരെ സമയം ആവശ്യമായി വരന്നേക്കാനിടയുണ്ട്. പ്രത്യേകം സജ്ജീകരിച്ച എപ്പിലെപ്സി മോണിറ്ററിങ്യൂണിറ്റിലാണ് (EMU) വീഡിയോ റെക്കോർഡിങ് നടത്തുന്നത്. രോഗം പ്രത്യക്ഷപ്പെടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വീഡിയോയിൽ രേഖപ്പെടുത്തപ്പെടും. പിന്നീട് ഈ ദൃശ്യങ്ങളെ ഇ.ഇ.ജിയിലെ വ്യതിയാനങ്ങളുമായി വിശകലനം ചെയ്യുന്നു. ശരീരത്തിൽ മുറിവുകൾ സൃഷ്ടിക്കാത്ത എം.ആർ.ഐ., പെറ്റ് സി.ടി. പോലെയുള്ള രോഗനിർണയ പരിശോധനകളും ചിലരിൽ ആവശ്യമായി വന്നേക്കാം.

ഇങ്ങനെ ലഭിക്കുന്ന വിശദമായ പരിശോധനാ ഫലങ്ങളെ അപസ്മാര ചികിത്സയുടെ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം ഡോക്ടർമാരുമായി ഒരുമിച്ചിരുന്ന് ചർച്ചാ വിധേയമാക്കുന്നു (പേഷ്യന്റ് മാനേജ്മെന്റ് കോൺഫറൻസ്). ന്യൂറോളജിസ്റ്റുകൾ, ന്യൂറോസർജന്മാർ, ന്യൂറോ റേഡിയോളജിസ്റ്റുകൾ, ന്യൂറോ സൈക്കളോജിസ്റ്റുകൾ, ജനിതകരോഗ വിദഗ്ധർ, തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന ഈ ടീമിനെ എപ്പിലെപ്സി ടീം എന്ന് വിളിക്കുന്നു. രോഗത്തിന്റെ സമഗ്രവും ശാസ്ത്രീയവുമായ അവലോകനത്തിന് ഈ എപ്പിലെപ്സി ടീമിന്റെ നേതൃത്വം വളരെയേറെ ഗുണം ചെയ്യുന്നു. നിലവിൽ രാജ്യത്ത് വളരെ കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമേ എപ്പിലെപ്സി സെന്ററുകൾ പ്രവർത്തിക്കുന്നുള്ളൂ.

6. അപസ്മാര ശസ്ത്രക്രിയ (Epilepsy Surgery)

കഴിഞ്ഞ രണ്ട് ദശകങ്ങളായി അപസ്മാരചികിത്സയിൽ വലിയ പുരോഗതികളാണ് സംഭവിച്ചിരിക്കുന്നത്. ഉയർന്ന ഫലപ്രാപ്തിയും കുറഞ്ഞ പാർശ്വഫലങ്ങളുമുൾപ്പെടെയുള്ള മരുന്നുകളുടെ കണ്ടുപിടുത്തം ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ ഈ രംഗത്തെ ഏറ്റവും വലിയ പുരോഗതി എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്നത് അപസ്മാര ശസ്ത്രക്രിയയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ്. ഇതുവരെയുണ്ടായിരുന്നതിൽ നിന്നുള്ള വിപ്ലവകരമായ പരിവർത്തനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് അപസ്മാര ശസ്ത്രക്രിയാ രംഗം വികസിച്ചിരിക്കുന്നത്.

അപസ്മാരത്തിന്റെ ഉറവിട കേന്ദ്രം കൃത്യമായി നിർണയിച്ച ശേഷം ആ ഭാഗത്തെ എടുത്ത് മാറ്റുകയോ ആ ഭാഗത്തിലേക്കുള്ള അപസ്മാര കാരണമായ അവസ്ഥയെ വിച്ഛേദിക്കുകയോ ചെയ്യുന്നതാണ് അപ്സമാര ശസ്ത്രക്രിയയിലെ പ്രധാനപ്പെട്ട രീതി. ദിവസവും അപസ്മാരം സംഭവിക്കുന്നവരിലും, ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചിട്ടും അപസ്മാരം നിയന്ത്രിക്കാൻ സാധിക്കാത്തവരിലും 60 ശതമാനം മുതൽ 80 ശതമാനം വരെ പേരിൽ ഈ ശസ്ത്രക്രിയയിലൂടെ അസുഖം പൂർണമായി ഭേദമാവുകയോ, അസുഖത്തിന്റെ തീവ്രതയിൽ വലിയ മാറ്റം സംഭവിക്കുകയോ ചെയ്യുന്നു.

രോഗത്തിന് കാരണമാകുന്ന ഒറ്റ കേന്ദ്രം മാത്രമായി കണ്ടെത്താൻ സാധിക്കാതെ വരുന്ന ഘട്ടങ്ങളിൽ ശസ്ത്രക്രിയ ഇതര മാർഗ്ഗങ്ങളായ വേഗസ് നെർവ് സ്റ്റിമുലേഷൻ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്നിവയും സ്വീകരിക്കാറുണ്ട്. കഴുത്തിന്റെ മുകൾ ഭാഗത്തുള്ള വേഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കുന്നതിലൂടെ അപസ്മാരത്തെ നിയന്ത്രിക്കുന്ന രീതിയാണ് വേഗസ് നെർവ് സ്റ്റിമുലേഷൻ. തലച്ചോറിന്റെ ആഴത്തിലുള്ള ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന രീതിയാണ് ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ.

ഫലപ്രദമായ ഇത്തരം ചികിത്സാരീതികൾ നിലവിൽ ലഭ്യമാണെങ്കിലും അവ അർഹതപ്പെട്ടവരിലേക്ക് എത്തിച്ചേരാനെടുക്കുന്ന കാലതാമസവും, ഈ ചികിത്സാരീതികൾ ഏറ്റവും മികച്ച രീതിയിൽ നൽകാൻ സാധിക്കുന്ന എപ്പിലെപ്സി സെന്ററുകളുടെ അഭാവവുമാണ് അപസ്മാര ചികിത്സാ രംഗം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി

7. ആശ്രയ ഗ്രൂപ്പുകൾ (Epilepsy Support Groups/systems)

അപസ്മാര ബാധിതർക്ക് ആശ്രയിക്കാനും ആവശ്യമായ പിൻതുണകൾ നൽകാനും സാധിക്കുന്ന സംവിധാനങ്ങൾ നിലവിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിലവിലില്ല. അതുകൊണ്ട് തന്നെ രോഗത്തിന്റെ തീക്ഷ്ണത മൂലം പലരുടേയും ജീവിതം തന്നെ ഗതിമാറ്റപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

രോഗബാധിതനായ വ്യക്തിയുടെ സാമൂഹികവും, മാനസികവും, വൈകാരികവുമായ അവസ്ഥാവിശേഷങ്ങളോടൊപ്പം തന്നെ ശസ്ത്രക്രിയയും വേഗസ് നെർവ് സ്റ്റിമുലേഷനും മൂലമുണ്ടാകുന്ന സാമ്പത്തികമായ ബുദ്ധിമുട്ടുകളിലും അവർക്ക് ആശ്രയിക്കാനും പിൻതുണ നൽകാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടാവണം. അപസ്മാര രോഗബാധിതരെ നമുക്ക് പിന്തുണയ്ക്കാം, അവരുടെ മാറ്റത്തിന് നമുക്ക് വഴിയൊരുക്കാം.

(കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ
സീനിയർ കൺസൾട്ടന്റും എപ്പിലെപ്സി സ്പെഷ്യലിസ്റ്റുമാണ് ലേഖകൻ)

Content Highlights:Epilepsy Seven important things to know,Health,Epilepsy