Representative Image| Photo: Canva.com
ഗർഭകാലം ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ അമ്മയുടെ ദന്തസംരക്ഷണവും വളരെ വിലപ്പെട്ടതാണ്. ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതാണ്. ഗർഭിണിയുടെ ആരോഗ്യമാണ് വയറ്റിലുള്ള കുഞ്ഞിന്റെ ആരോഗ്യം. ഇതിൽ പ്രധാനപ്പെട്ട ഒന്ന് മോണയുടെ ആരോഗ്യം തന്നെയാണ്. പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം വായിൽ ഉണ്ടാവുന്ന ദോഷകരമായ ബാക്ടീരിയകളാണ്. ഇത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്നു ഇത്തരം ബാക്ടീരിയകൾ പ്രോസ്റ്റാഗ്ലാൻഡിംഗ് എന്ന കെമിക്കൽ ഉത്പാദിപ്പിക്കുന്നു. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കുന്നു. ഇതുകൊണ്ടെല്ലാമാണ് വായിലെ ബാക്ടീരിയകൾ അപകടകാരികൾ ആണെന്ന് പറയുന്നതിന്റെ അടിസ്ഥാനം.
ഗർഭകാലത്ത് സാധാരണമായി കാണുന്ന ദന്തരോഗങ്ങൾ
ദന്തക്ഷയം
പല്ലിലും മോണയിലും പറ്റിപ്പിടിക്കുന്ന ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ് എന്നിവയുടെ പ്രവർത്തനഫലമായി അസിഡിക് ബാക്ടീരിയ രൂപപ്പെടുന്നു. ഇവ പല്ലിന്റെ കടുപ്പം കൂടിയ ഭാഗങ്ങളിൽ പോടുകൾ സൃഷ്ടിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ പല്ലിന്റെ പോട് മജ്ജയിലേക്ക് കടക്കുകയും കടുത്ത വേദന ഉണ്ടാവുകയും ചെയ്യുന്നു.
മോണ രോഗങ്ങൾ
ഗർഭകാലത്ത് പ്രൊജസ്ട്രോൺ അളവ് ശരീരത്തിൽ കൂടുതലായിരിക്കും. ഇത് മോണയെ കൂടുതൽ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യവും ശുചിത്വമുള്ള മോണകളിൽ നിന്നും രക്തസ്രാവം ഉണ്ടാകാറില്ലെങ്കിലും ജിഞ്ചൈവൈറ്റിസ് അഥവാ മറ്റു മോണരോഗങ്ങളുള്ള ഗർഭിണികളിൽ അമിത രക്തസ്രാവം ഉണ്ടാകുന്നതാണ്. ഇത് ചികിത്സിക്കാതിരുന്നാൽ പെരിയഡോണ്ടിറ്റിസ് എന്ന അവസ്ഥയിലേക്ക് പോകും പിന്നീട് മോണയുടെയും പല്ലിന്റെയും ഇടയിൽ ചെറിയ അറകൾ രൂപപ്പെടും. ചുവന്നതും മൃദുലവുമായ മോണകൾ, വായനാറ്റം, പല്ലു തേക്കുമ്പോൾ ഉള്ള രക്തം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
പ്രഗ്നൻസി ഗ്രാനുലോമ
- അർബുദ ജന്യമല്ലാത്ത മുഴകളാണ് ഇത്. നാവിലും വായയുടെ മറ്റു ഭാഗത്തും കാണുന്ന മൃദുലമായ മുഴ
- രക്തസ്രാവമുള്ള വേദനാരഹിതമായ മുഴകൾ
- സാധാരണ പ്രസവശേഷം ചുരുങ്ങും ചിലപ്പോൾ ചെറിയ സർജറി വേണ്ടിവരും.
- ഭക്ഷണശേഷം പല്ലും വായയും നല്ലതുപോലെ വൃത്തിയാക്കുക
- ഫ്ലോസിങ് പല്ലിന്റെ ഇടഭാഗങ്ങളെ നല്ലപോലെ വൃത്തിയാക്കാൻ സഹായിക്കും
- പല്ല് വൃത്തിയാക്കുന്നത് പോലെ തന്നെ വളരെ നിർബന്ധമായ ഒരു കാര്യമാണ് മോണയും നാവും വൃത്തിയാക്കൽ
- മോണ,ദന്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഗർഭം ധരിക്കാൻ തയ്യാറാക്കുന്നതിനു മുൻപേ തന്നെ പരിഹരിക്കുക
- ഗർഭകാലത്ത് എക്സ്റേ എടുക്കുന്നതും ചില മരുന്നുകളും കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നതാണ്, അതിനാൽ മുൻകൂട്ടിയുള്ള ചികിത്സ ഗുണം ചെയ്യും.
- ഗർഭിണികൾ കഴിക്കുന്ന ഭക്ഷണത്തിലും ഒരുപാട് കാര്യങ്ങൾ ഉണ്ട്, കഴിക്കുന്ന ഭക്ഷണങ്ങളിൽ കൃത്രിമ മധുരം അടങ്ങിയ പല്ലിന് കേടു വരാൻ ഇടയാക്കുന്നതെല്ലാം ഒഴിവാക്കുക.
- പോഷകാഹാരങ്ങൾ പതിവാക്കുക. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ അധികമായി കഴിക്കുക
- നല്ലതുപോലെ വെള്ളം കുടിക്കുക അല്ലെങ്കിൽ വായനാറ്റം അടക്കമുള്ള കാര്യങ്ങൾ ഉണ്ടാവുന്നതാണ്
നിങ്ങൾ ഗർഭിണിയാണെങ്കിൽ അത് മുൻകൂട്ടി ഡോക്ടറെ അറിയിക്കുക. കാരണം കുഞ്ഞിന്റെ അവയവങ്ങൾ രൂപപ്പെടുന്ന ആദ്യ മാസങ്ങളിൽ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്ന മരുന്നുകളും ചികിത്സാരീതിയും ഒഴിവാക്കാവുന്നതാണ്.
ഗർഭകാലത്തെ ആദ്യത്തെ ഒന്നരമാസവും അവസാനത്തെ ഒന്നരമാസവും അത്യാവശ്യഘട്ടങ്ങൾ ഒഴികെ പല്ല് പറിക്കുന്നത് പോലെയുള്ള ചികിത്സാരീതികൾ ഒഴിവാക്കുക.
എന്നാലും ചെറിയ ദോഷകരമല്ലാത്ത പല്ല് അടയ്ക്കൽ ക്ലീനിങ് പോലെയുള്ള ചികിത്സകൾ ചെയ്യാവുന്നതിൽ വിമുഖത കാണിക്കേണ്ട ആവശ്യമില്ല.
കഴിയുന്നതും ചികിത്സ 4, 5, 6 മാസങ്ങളിലായി ചെയ്യാൻ ശ്രമിക്കുക.
ഗർഭകാലത്തെ ചെറിയ ചെറിയ മുൻകരുതലുകൾ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. വൃത്തിയുള്ള വായയും നല്ല പല്ലുകളും സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണങ്ങളാണ്.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ERNAD ബ്രാഞ്ച് മെമ്പറാണ് ലേഖിക.
Content Highlights: ental Care Before During and After Pregnancy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..