എല്ലാവർഷവും ജൂൺ മാസത്തിലെ എട്ടാം തിയ്യതിയാണ് ലോക ബ്രെയിൻ ട്യൂമർ ദിനമായി ആചരിക്കുന്നത്. ജർമ്മൻ ബ്രെയിൻ ട്യൂമർ അസോസിയേഷന്റെ നേതൃത്വത്തിൽ ഈ ദിനാചരണം പിന്നീട് ബ്രെയിൻ ട്യൂമറിനെതിരായ പോരാട്ടങ്ങളെ ഏകോപിപ്പിക്കുവാനുള്ള ദിനമായി ലോകം മുഴുവനുമുള്ള ബ്രെയിൻ ട്യൂമറിനെതിരായ പോരാളികൾ ഏറ്റെടുക്കുകയായിരുന്നു. ഒരു ലക്ഷത്തിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇന്ത്യയിൽ ഇന്ന് ബ്രെയിൻ ട്യൂമറിന്റെ വ്യാപനം കണക്കാക്കിയിരിക്കുന്നത്. കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്നതും ഫലപ്രദമായ ചികിത്സകൾ ലഭ്യമാകാതെ പോകുന്നതും മൂലം ബ്രെയിൻ ട്യൂമർ മൂലമുള്ള മരണനിരക്കും കൂടുതലാണ്.

എന്താണ് ബ്രെയിൻ ട്യൂമർ

മനുഷ്യശരീരവുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. സെറിബ്രം, സെറിബല്ലം, ബ്രെയിൻ സ്റ്റെം എന്നീ മൂന്ന് ഭാഗങ്ങളാണ് പ്രധാനമായും തലച്ചോറിൽ ഉൾപ്പെടുന്നത്. തലച്ചോറിന്റെ ഉള്ളിലോ, തലയോട്ടിയിലോ, തലച്ചോറിന്റെ ആവരണങ്ങളിലോ ഒക്കെ കാണപ്പെടുന്ന അനിയന്ത്രിതവും അസാധാരണവുമായ മുഴകളെല്ലാം ബ്രെയിൻ ട്യൂമറിന്റെ പരിധിയിൽ ഉൾപ്പെടുന്നു.. പ്രൈമറി ബ്രെയിൻ ട്യൂമറുകൾ, സെക്കൻഡറി ബ്രെയിൻ ട്യൂമറുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഇവയെ വേർതിരിക്കാം.

തലച്ചോറിന്റെ ഉള്ളിൽ നിന്നോ, തലച്ചോറിന്റെ ആവരണങ്ങളിൽ നിന്നോ, തലയോട്ടിയിൽ നിന്നോ ഉത്ഭവിക്കുന്ന ട്യൂമറുകളാണ് പ്രൈമറി ബ്രെയിൻ ട്യൂമറുകളിൽ ഉൾപ്പെടുന്നത്. മറ്റേതെങ്കിലും ശരീരഭാഗത്ത് ഉത്ഭവിക്കുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്യുന്നവയാണ് സെക്കൻഡറി വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ലക്ഷണങ്ങൾ

ട്യൂമറിന്റെ വലുപ്പം, ഏത് വിഭാഗത്തിൽ പെടുന്നതാണ്, എവിടെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ട്യൂമറിന്റെ സാന്നിദ്ധ്യം ഞരമ്പുകളെ അമർത്തിത്തുടങ്ങുമ്പോഴോ, തലച്ചോറിൽ വീക്കമോ ദ്രവമോ കെട്ടിക്കിടക്കുമ്പോഴോ ഒക്കെയായിരിക്കും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുക

തലവേദന തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി വിലയിരുത്തുന്നത്. അതിൽ തന്നെ രാവിലെ ഉറക്കമെഴുന്നേറ്റ ഉടനെ പ്രത്യക്ഷപ്പെടുന്ന തലവേദനയാണ് പ്രധാനമായും കാണപ്പെടുന്നത്. അൽപ സമയം കഴിഞ്ഞ് ഛർദ്ദിക്കുന്നതോടെ ഇതിന് കുറവനുഭവപ്പെടുകയും ചെയ്യും. സാധാരണ മൈഗ്രേനിലും കാണപ്പെടുന്നത് സമാനമായ ലക്ഷണമായതിനാൽ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്.

തലച്ചോറിന്റെ മുൻവശത്താണ് മുഴമൂലമുള്ള ഞെരുക്കം സംഭവിക്കുന്നതെങ്കിൽ സ്വഭാവത്തിൽ ചില പ്രത്യേക മാറ്റങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയിൽ പെടാം. സംസാരത്തെ ബാധിക്കുന്ന മേഖലയിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നതെങ്കിൽ സ്വാഭാവികമായ സംസാര രീതിയിൽ മാറ്റം അനുഭവപ്പെടും. ചിലരിൽ അപസ്മാരം പ്രത്യക്ഷപ്പെട്ട് കാണാറുണ്ട്. കാഴചയുടെ മേഖലയിലാണ് മുഴ സ്വാധീനം ചെലുത്തിയിരിക്കുന്നതെങ്കിൽ കാഴ്ചക്കുറവാണ് അനുഭവപ്പെടുക. ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന സെറിബല്ലത്തിന്റെ ഭാഗത്താണ് മുഴ പ്രത്യക്ഷപ്പെടുന്നതെങ്കിൽ ബാലൻസിൽ മാറ്റമുണ്ടാകും. കേൾവിയുമായ ബന്ധപ്പെട്ട ഞരമ്പുകളിൽ സമ്മർദ്ദം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേൾവിശക്തി കുറയുക എന്നതും ലക്ഷണമാണ്. അതായത് ബ്രെയിൻ ട്യൂമർ സ്വാധീനം ചെലുത്തിയിരിക്കുന്നത് തലച്ചോറിന്റെ ഏത് ഭാഗത്താണ് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക എന്നർത്ഥം.

മേൽ പറഞ്ഞിരിക്കുന്നവയെല്ലാം ബ്രെയിൻ ട്യൂമറിന്റെ പൊതുവായ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ബ്രെയിൻ ട്യൂമറാണെന്ന് കരുതി ആശങ്കപ്പെടേണ്ടതൊന്നുമില്ല, മറ്റനേകം രോഗങ്ങൾക്കും പൊതുവായി ഇത്തരം ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. എങ്കിലും വിദഗ്ദ്ധനായ ഒരു ഡോക്ടറെ സന്ദർശിച്ച് അസുഖ കാരണം എന്താണ് എന്ന് കൃത്യമായി ഉറപ്പ് വരുത്തുന്നത് നല്ലതാണ്. നേരത്തേയുള്ള രോഗനിർണ്ണയമാണ് ചികിത്സയുടെ ഏറ്റവും മികച്ച ഫലപ്രാപ്തിയിലേക്കുള്ള എളുപ്പവഴി എന്ന് കൂടി അനുബന്ധമായി ഓർമ്മിക്കുക.

രോഗനിർണ്ണയം

വിദഗ്ദ്ധനായ ഒരു ഡോക്ടർക്ക് ലക്ഷണങ്ങളിലൂടെ തന്നെ ബ്രെയിൻ ട്യൂമറിന്റെ സാന്നിദ്ധ്യത്തെ സംശയിക്കാൻ സാധിക്കും. സ്വാഭാവികമായും അടുത്ത ഘട്ടം രോഗനിർണ്ണയത്തിനാവശ്യമായ പരിശോധനകൾ നിർവ്വഹിക്കുക എന്നതാണ്. സംശയം ശരിയാണോ എന്ന് ഉറപ്പ് വരുത്താൻ പ്രധാനമായും നിർദ്ദേശിക്കുക സി. ടി. സ്കാൻ, എം ആർ ഐ ബ്രെയിൻ വിത്ത് കോൺട്രാസ്റ്റ് എന്നിവയാണ്. എല്ലാതരത്തിലുമുള്ള മുഴകളും തിരിച്ചറിയുന്നതിനും അവ ഏത് വിഭാഗത്തിൽ പെട്ടതാണ്, എ്ത്ര വലുപ്പമുണ്ട്, ഏത് സ്റ്റേജിലാണ് എന്നെല്ലാം തിരിച്ചറിയാൻ എം ആർ ഐ ബ്രെയിൻ വിത്ത് കോൺട്രാസ്റ്റിന് സാധിക്കും.

ചികിത്സ

രോഗനിർണ്ണയം നടത്തിക്കഴിഞ്ഞാൽ ഏറ്റവും മികച്ച ചികിത്സ ഏറ്റവും വേഗത്തിൽ ആരംഭിക്കുക എന്നതിനാണ് പ്രാധാന്യം. ട്യൂമറിന്റെ സ്ഥാനം, വലുപ്പം, സ്വഭാവം, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം തുടങ്ങിയ നിരവധി സാഹചര്യങ്ങളെ അപഗ്രഥിച്ച ശേഷമാണ് ചികിത്സ തീരുമാനിക്കുന്നത്. റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, മുതലായ ചികിത്സകൾ സ്വീകരിക്കാറുണ്ട്. എങ്കിലും പ്രധാനമായും സ്വീകരിക്കുന്ന രീതി ശസ്ത്രക്രിയ തന്നെയാണ്. ജനറൽ അനസ്തേഷ്യ നൽകിയ ശേഷം തലയോട്ടിയിൽ മുറിവ് സൃഷ്ടിച്ച് നിർവഹിക്കുന്ന സാധാരണ രീതിയിൽ നിന്ന് വലിയ പുരോഗതിയും മാറ്റവും ഈ രംഗത്ത് ഇതിനോടകം തന്നെ പ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.

രോഗിയെ പൂർണ്ണമായും ബോധം കെടുത്താതെ ഉണർന്നിരിക്കുന്ന അവസ്ഥയിൽ തന്നെ ശസ്ത്രക്രിയ നിർവ്വഹിക്കുന്ന രീതി ഇതിൽ പ്രധാനപ്പെട്ടതാണ്. ബോധാവസ്ഥയിലായതിനാൽ രോഗിയുമായി ശസ്ത്രക്രിയാ സമയത്ത് തന്നെ ആശയവിനിമയം നടത്തുവാനും ശസ്ത്രക്രിയയ്ക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ അവ അപ്പോൾ തന്നെ തിരുത്തുവാനും സാധിക്കും എന്നത് വലിയ നേട്ടമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് ന്യൂറോ ഫിസിയോളജിക്കൽ മോണിറ്ററിംഗ്. ബ്രെയിനിൽ ചെറിയ ഇലക്ട്രിക് കരണ്ട് വെച്ച് സ്റ്റിമുലേറ്റ് ചെയ്യുന്നു. ഇതിൽ നിന്ന് ട്യൂമർ ബാധിച്ചിരിക്കുന്ന ഭാഗം ശരീരത്തിന്റെ ഏത് പ്രവർത്തനത്തെയാണ് നിയന്ത്രിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കും. ഉദാഹരണത്തിന് കൈയുടെ ചലനത്തെ സ്വാധീനിക്കുന്ന മേഖലയാണെങ്കിൽ അത് സ്റ്റിമുലേഷനിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ആ പ്രവർത്തന മേഖലയെ സുരക്ഷിതമാക്കിക്കൊണ്ട് ശസ്ത്രക്രിയ പൂർത്തീകരിക്കാനും കഴിയുന്നു.

സമീപകാലത്ത് ഈ രംഗത്ത് വന്നിരിക്കുന്ന ചികിത്സാപരമായ പുരോഗതി വളരെ വലുതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എൻഡോസ്കോപ്പിക് സ്കൾ ബേസിസ് ശസ്ത്രക്രിയ

എൻഡോസ്കോപ്പിക് സ്കൾ ബേസിസ് സർജറി

തലച്ചോറിന്റെ അടിഭാഗത്ത് മൂക്കിനേയും തലച്ചോറിനേയും വേർതിരിക്കുന്ന മേഖലയിൽ ബാധിക്കുന്ന ട്യൂമറിനുള്ള ഫലപ്രദമായ ചികിത്സാരീതിയാണ് എൻഡോസ്കോപ്പിക് സ്കൾ ബേസിസ് സർജറി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് തലയോട്ടിയുടെ അടിഭാഗത്ത് പ്രത്യക്ഷപ്പെടുന്ന മുഴകൾക്കാണ് ഫലപ്രദമാകുന്നത്. മൂക്കിലൂടെ എൻഡോസ്കോപ്പ് സന്നിവേശിപ്പിച്ച് തലയോട്ടിയുടെ ഭാഗത്തെ ഡ്രിൽ ചെയ്ത മാറ്റിയ ശേഷം ട്യൂമർ നീക്കം ചെയ്യുന്നു.

നേരത്തെ അനുവർത്തിച്ചിരുന്ന രീതികളിൽ തലയോട്ടിക്ക് മുകളിൽ മുറിവ് സൃഷ്ടിച്ച് തലച്ചോറിനെ മാറ്റിനിർത്തി അടിഭാഗത്തുള്ള മുഴയിലേക്കെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇത് വളരെ സങ്കീർണ്ണമായ രീതിയാണ്. തലച്ചോറിന് ക്ഷതം സംഭവിക്കാനുള്ള സാധ്യതയും ഇവിടെ കൂടുതലായിരുന്നു. എന്നാൽ എൻഡോസ്കോപ്പിക് സ്കൾ ബേസിസ് സർജറിയിൽ തലച്ചോറിനെ സ്പർശിക്കേണ്ട ആവശ്യകത വരുന്നില്ല. അതുകൊണ്ട് തന്നെ സങ്കീർണ്ണതകൾക്കുള്ള സാധ്യത പതിവ് രീതികളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.

തലയോട്ടിയിലോ, മറ്റെവിടെയെങ്കിലുമോ വലിയ മുറിവ് സൃഷ്ടിക്കാതെ നാസാദ്വാരത്തിലെ സഞ്ചാരപഥത്തിലൂടെ എൻഡോസ്കോപ്പ് എന്ന ഉപകരണം തലച്ചോറിലേക്ക് സന്നിവേശിപ്പിച്ചാണ് ഇ ഇ എ നിർവ്വഹിക്കുന്നത്. എൻഡോസ്കോപ്പിലെ ക്യാമറയുടെ സഹായത്തോടെ ട്യൂമറിനെ കൃത്യമായി തിരിച്ചറിഞ്ഞ് തലച്ചോറുമായുള്ള ബന്ധം വേർപെടുത്തിയെടുത്ത് പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്.

നേട്ടങ്ങൾ

തലച്ചോറിനെ സ്പർശിക്കാതെ നാസാദ്വാരത്തിലൂടെ പ്രവേശിച്ച് അടിഭാഗത്ത് കൂടി മുഴ നീക്കം ചെയ്യുന്ന രീതിയായതിനാൽ തലച്ചോറിന് യാതൊരുവിധ തകരാറുകളും സംഭവിക്കുകയില്ല എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ നേട്ടം. രോഗിയുടെ ജീവനുള്ള ഭീഷണി, അവയവങ്ങൾക്കുണ്ടാകാനിടയുള്ള ബലഹീനത, മറ്റ് വൈകല്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാമുള്ള സാധ്യതകൾ ഈ രീതിയിൽ താരതമ്യേന വളരെ കുറവാണ്.

മറ്റ് രീതിയിലുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് രോഗിക്ക് വേദന വളരെ കുറവായിരിക്കും എന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. മാത്രമല്ല ശസ്ത്രക്രിയാനന്തരമുള്ള അസ്വസ്ഥതകളും താരതമ്യേന കുറവായിരിക്കും. വേദന നിയന്ത്രിക്കുവാൻ ശക്തമായ വേദന സംഹാരികൾ കൂടുതൽ രോഗികളിൽ ആവശ്യമായി വരാറില്ല. കുറഞ്ഞ മുറിവും കുറഞ്ഞ വേദനയും മറ്റ് അസ്വസ്ഥതകളിൽ നിന്നുള്ള ആശ്വാസവും രോഗിയെ എളുപ്പത്തിലുള്ള രോഗമുക്തിയിലേക്ക് നയിക്കാനും സഹായകരമാകുന്നു.

സ്കൾ ബേസിസിന് പുറമെ തലച്ചോറിന്റെ അറകളായ വെൻട്രിക്കിളുകളിൽ കാണപ്പെടുന്ന മുഴകൾക്കും എൻഡോസ്കോപ്പിക് രീതി ഫലപ്രദമാണ്. ഇവയ്ക്ക് മൂക്കിലൂടെയല്ലാതെ മുകളിലൂടെ തന്നെ എൻഡോസ്കോപ്പ് സന്നിവേശിപ്പിച്ച് ശസ്ത്രക്രിയ നടത്താൻ സാധിക്കും. തലയ്ക്ക് മുകളിൽ രണ്ടോ മൂന്നോ സെന്റിമീറ്റർ നീളം മാത്രമുള്ള നേർത്ത മുറിവുകൾ മാത്രമേ ഇതിൽ ആവശ്യമായി വരാറുള്ളൂ. അത്തരം ശസ്ത്രക്രിയകൾ പൂർണ്ണമായി ഫലപ്രദമാകുന്നതിന് ഏറ്റവും നിർണ്ണായകമായത് നാവിഗേഷൻ എന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ്. മുഴയുടെ സാന്നിദ്ധ്യവും ഉപകരണത്തിന്റെ സഞ്ചാരപഥവുമെല്ലാം മില്ലി മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ നിയന്ത്രിക്കുവാൻ നാവിഗേഷൻ മെഷിനിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ യാതൊരുവിധ പാകപ്പിഴകളുമില്ലാതെ ശസ്ത്രക്രിയ ഏറ്റവും മികച്ച രീതിയിൽ പുരോഗമിക്കുവാനും ട്യൂമർ ഏറ്റവും കൃത്യമായി നീക്കം ചെയ്യുവാനും സഹായകരമാവുകയും ചെയ്യുന്നു.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാ​ഗം തലവനാണ് ലേഖകൻ)

Content Highlights:endoscopic skull base surgery and brain tumors