പ്രതീകാത്മകചിത്രം | Photo: gettyimages.in
വളരെ സാധാരണമായി കണ്ടു വരുന്ന ഒരു ചര്‍മ്മ രോഗമാണ് എക്‌സിമ. ലോകത്ത് പലയിടങ്ങളിലും സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ച എക്‌സിമ അവബോധ വാരം (Eczema Awareness Week) ആയി ആചരിക്കപ്പെടുന്നു.
എന്താണ് എക്‌സിമ
ലളിതമായി പറഞ്ഞാല്‍ ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് (Inflammation) ആണ് എക്‌സിമ അഥവാ ഡെര്‍മടൈറ്റീസ്. 'എക്‌സിമ് ' എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ഥം തിളച്ചു മറിയുക (to boil out) എന്നാണ്. എക്‌സിമ എന്ന ഈ തിളച്ചു മറിയല്‍ ചര്‍മ്മത്തിന്റെ ഒരു തരം പ്രതിപ്രവര്‍ത്തനം ആണ്. അതു ശരീരത്തിനുള്ളില്‍ ഉള്ള ഘടകങ്ങളോട് (Endogenous factors) ആകാം, പുറമെയുള്ള ഘടകങ്ങളോടും (Exogenous factors) ആകാം.മൂന്നു ഘട്ടങ്ങളില്‍ ആയാണ് ഇത് സംഭവിക്കുന്നത് :
- അക്യൂട്ട് എക്‌സിമ ( Acute eczema )
- സബ് അക്യൂട്ട് എക്‌സിമ ( Sub acute eczema)
- ക്രോണിക് എക്‌സിമ ( Chronic eczema )
സബ് അക്യൂട്ട് എക്‌സിമായിലാകട്ടെ ചൊറിച്ചിലോട് കൂടി മൊരിച്ചില്‍ (scaling) , പൊറ്റ (crusting) എന്നീ ലക്ഷണങ്ങള്‍ കാണുന്നു.
ക്രോണിക് എക്‌സിമ കാലപ്പഴക്കം ചെന്ന ഇനമാണ്. ഇതില്‍ ചൊറിച്ചിലിനോടൊപ്പം ചര്‍മ്മം കറുത്ത്, കട്ടി കൂടി (lichenification) കാണപ്പെടുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എക്‌സിമ പകരില്ല.
പലതരം എക്‌സിമ ഉണ്ട്
1. ശരീരത്തിനു പുറമെയുള്ള ഘടകങ്ങള്‍ മൂലം ഉണ്ടാകുന്ന ചില എക്‌സിമകള്‍
1. കോണ്‍ടാക്ട് ഡെര്‍മടൈറ്റിസ് (Contact dermatitis)-സിമന്റ്, നിക്കല്‍ (ആഭരണങ്ങള്‍, വാച്ച് ), റബ്ബര്‍ (ചെരിപ്പ് ), ചില സസ്യങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി പല ഇനം പദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി മൂലം ഉണ്ടാകുന്നു. അലര്‍ജിയുള്ള പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം വന്ന ശരീരഭാഗത്ത്, സമ്പര്‍ക്കം വന്ന മാതൃകയില്‍ എക്‌സിമയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു.
2. ഫോട്ടോഡെര്‍മടൈറ്റിസ് (Photodermatitis)- സൂര്യപ്രകാശം മൂലം ഉണ്ടാകുന്നു. സൂര്യപ്രകാശം ഏല്‍കുന്ന ശരീരഭാഗങ്ങളില്‍ (മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം) കാണപ്പെടുന്നു.
3. ഇന്‍ഫെക്റ്റീവ് ഡെര്‍മടൈറ്റിസ് (Infective dermatitis)- അണുബാധ മൂലം അതിനു അടുത്തായി എക്‌സിമ കണ്ടു വരുന്നു.
ശരീരത്തിനുള്ളിലുള്ള ഘടകങ്ങള്‍ മൂലം ഉണ്ടാകുന്ന ചില എക്‌സിമകള്‍
അസ്റ്റിയാടോട്ടിക് എക്‌സിമ (Asteatotic eczema)-വരണ്ട ചര്‍മ്മം മൂലം, പ്രധാനമായും കാലുകളില്‍ ഉണ്ടാകുന്നു.
സെബോറിക് ഡെര്‍മടൈറ്റിസ്( Seborrhoeic dermatitis )- ശരീരത്തിലും ശിരോചര്‍മ്മത്തിലും ഉണ്ടാകാവുന്ന ചുവന്ന ചൊറിച്ചിലോടു കൂടിയ പാടുകള്‍. ഈ പാടുകള്‍ സ്‌നേഹഗ്രന്ഥികള്‍ കൂടുതലായി കാണുന്ന ശിരോചര്‍മ്മം, പുരികം, കണ്‍പോളകള്‍ (blepharitis), മൂക്കിന്റെ വശങ്ങള്‍, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകള്‍, കക്ഷം, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും കാണപ്പെടുക.
വരിക്കോസ് എക്‌സിമ (Varicose eczema)-വരിക്കോസ് വെയ്ന്‍ കാരണമുള്ള രക്തയോട്ടത്തിലെ അപാകത മൂലം കണങ്കാലില്‍ കണ്ടു വരുന്നു.
അടോപിക് എക്‌സിമ (Atopic eczema)-ആസ്തമ, മൂക്കൊലിപ്പ് പോലെയുള്ള അലര്‍ജികള്‍ക്കൊപ്പം കണ്ടു വരുന്നു.
പോംഫോലിക്‌സ് (Pompholyx)-കൈപ്പത്തിയിലും കാല്‍പാദത്തിലും ചൊറിച്ചിലിനോടൊപ്പം മുത്തു പോലെ വെള്ളം നിറഞ്ഞ കുമിളകള്‍ കണ്ടു വരുന്നു.
നമ്മുലാര്‍ എക്‌സിമ (Nummular eczema)-വൃത്താകൃതിയിലുള്ള പാടുകളായി, കാലുകളില്‍ കണ്ടു വരുന്നു.
രോഗനിര്‍ണ്ണയം
ലക്ഷണങ്ങള്‍ മാത്രം ആശ്രയിച്ചു എക്‌സിമ രോഗനിര്‍ണയം നടത്താനാകും, എന്നാല്‍ എക്‌സിമയുടെ കാരണം കണ്ടു പിടിക്കാനായി ഡോപ്‌ളര്‍ സ്‌കാന്‍ ( വരിക്കോസ് എക്‌സിമ ) , അല്ലര്‍ജിക് പാച്ച് ടെസ്റ്റ് (അല്ലര്‍ജിക് കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് ), ബയോപ്‌സി (മറ്റു രോഗങ്ങളില്‍ നിന്നും തിരിച്ചറിയാന്‍ ) എന്നീ ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം.
ചികിത്സ
ഒഴിവാക്കാന്‍ പറ്റുന്ന പ്രതികൂല ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് എക്‌സിമക്കുള്ള ശാശ്വതപരിഹാരം.
ഉദാഹരണത്തിന് :
- കോണ്‍ടാക്ട് ഡെര്‍മടൈറ്റിസില്‍ അലര്‍ജി ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- ഫോട്ടോഡെര്‍മടൈറ്റിസില്‍ അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക, കുട , തൊപ്പി, ഗ്ലൗസ്, സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കുക.
- ഇന്‍ഫെക്റ്റീവ് ഡെര്‍മടൈറ്റിസില്‍ അണുബാധ ചികില്‍സിക്കുക.
- അസ്റ്റിയാടോട്ടിക് എക്‌സിമ, പോംഫോലിക്‌സ്, നമ്മുലാര്‍ എക്‌സിമ എന്നിവയില്‍ മോയ്സ്ചറൈസേര്‍ ഉപയോഗിക്കുകയും സോപ്പുകളുടെ അമിതോപയോഗം കുറയ്ക്കുകയും ചെയ്യുക.
- സെബോറിക് ഡെര്‍മടൈറ്റിസില്‍ താരനുള്ള ചികിത്സ കൂടി വേണം.
- വരിക്കോസ് എക്‌സിമയില്‍ വരിക്കോസ് വെയ്‌നുള്ള ചികിത്സ കൂടി ചെയ്യുക.
- അടോപിക് എക്‌സിമ (Atopic eczema)യില്‍ അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക, ചര്‍മ്മം വരണ്ടതാകാതെ സൂക്ഷിക്കുക.
Content Highlights: Eczema: Symptoms, treatment, causes, and types
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..