​ഗർഭധാരണം ​ഗർഭപാത്രത്തിന് പുറത്താകുമ്പോൾ; നേരത്തേ കണ്ടെത്തിയാൽ സങ്കീർണതകൾ ഒഴിവാക്കാം


Representative Image | Photo: Canva.com

എക്ടോപിക് പ്രെ​ഗ്നൻസിയെക്കുറിച്ചും അതിന്റെ സങ്കീർണതയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പങ്കുവെക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൽട്ടന്റ് ഡോ. ഷെർ‌ലി മാത്തൻ.

ചോദ്യംഞാൻ 26 വയസ്സുള്ള വിവാഹിതയാണ്. ​ഗർഭധാരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോൾ ട്യൂബിലാണ് ​ഗർഭധാരണം നടന്നതെന്നാണ് കണ്ടെത്തിയത്. ഇതിന് പ്രത്യേക മരുന്ന് നൽകുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇങ്ങനെ സംഭവിക്കുമ്പോൾ എന്താണ് ചികിത്സ? അടുത്ത ​ഗർഭധാരണത്തെയും ഇത് ബാധിക്കുമോ?

എസ്.ആർ

ഉത്തരം

​ഗർഭധാരണമെന്നത് പുതിയ ജീവന്റെ തുടിപ്പാണ്. മാതാപിതാക്കളാകാൻ കാത്തിരിക്കുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ​ഗർഭധാരണം നടന്നാൽ മാത്രം പോരാ, ആരോ​ഗ്യകരമായ ​ഗർഭമെന്നത് ഏറെ പ്രധാനമാണ്. എങ്കിൽമാത്രമേ ആരോ​ഗ്യമുള്ള കുഞ്ഞെന്ന സ്വപ്നവും സാധ്യമാകൂ.

ബീജവും അണ്ഡവും അണ്ഡവാഹിനിക്കുഴലിൽ(ഫെലോപിയൻ ട്യൂബ്) വച്ച് സംയോജിച്ച് ​ഗർഭപാത്രത്തിലേക്ക് നീങ്ങി വളരുന്നതാണ് സാധാരണ ​ഗർഭധാരണത്തിന്റെ ഘട്ടങ്ങൾ. എന്നാൽ ​ഗർഭപാത്രത്തിലല്ലാതെ അണ്ഡവാഹിനിക്കുഴലിലോ ​ഗർഭാശയമുഖത്തോ അബ്ഡൊമിനൽ കാവിറ്റിയിലോ വളരുന്ന അവസ്ഥയുണ്ടാകുന്നതിനെയാണ് എക്ടോപിക് പ്രെ​ഗ്നൻസി എന്നു പറയുന്നത്.

ഇത്തരം ​ഗർഭാവസ്ഥയുടെ കാരണം വ്യക്തമായി അറിയില്ല, അണ്ഡവാഹിനിക്കുഴലിനുള്ളിൽ വളരെ നേരിയ നാരുകൾ പോലുള്ള സീലിയ ഉണ്ട്. ഇവയാണ് ബീജസങ്കലനത്തിന് മുൻപും പിൻപും അണ്ഡത്തെയും ഭ്രൂണത്തെയുമെല്ലാം ചലിക്കാൻ സഹായിക്കുന്നത്. എന്തെങ്കിലും അണുബാധ വന്നാൽ ഈ സീലിയയുടെ ചലനം നഷ്ടപ്പെടുകയും ഭ്രൂണത്തിന് അണ്ഡവാഹിനിക്കുഴലിൽ നിന്ന് ​ഗർഭപാത്രഭിത്തിയിലെത്താൻ സാധിക്കാതെ വരികയും ചെയ്യാം. അപ്പോൾ ഭ്രൂണം അണ്ഡവാഹിനിക്കുഴലിൽ തന്നെ വളരുന്നു.

ഇത് വളരെ നേർത്തതാണ്. ആറാഴ്ച വരെ മാത്രമേ ഭ്രൂണത്തിന് അവിടെ വളരാൻ സാധിക്കൂ. അതിനുശേഷം അണ്ഡവാഹിനിക്കുഴൽ പരമാവധി വികസിച്ച് പൊട്ടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ വയറിനുള്ളിൽ രക്തസ്രാവം സംഭവിക്കുകയും ജീവൻ തന്നെ അപകടത്തിലാകാനുള്ള സാധ്യതയുണ്ടാവുകയും ചെയ്യും.

​ഗർഭധാ‌രണം സാധാരണരീതിയിൽ‌ ​ഗർഭപാത്രത്തിൽ തന്നെയാണോ എന്നറിയാൻ ആറാഴ്ചയ്ക്കുള്ളിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്തുനോക്കും. ​ഗർഭപാത്രത്തിനുള്ളിൽ സാധാരണ ​ഗർഭധാരണം കാണുന്നില്ലെങ്കിൽ സിറം ബീറ്റ എച്ച്.സി.ജി ടെസ്റ്റ് ചെയ്തു നോക്കണം. ബീറ്റ എച്ച്.സി.ജി 1000-1500 യൂണിറ്റാകുമ്പോൾ തീർച്ചയായും ​ഗർഭപാത്രത്തിനുള്ളിൽ സാധാരണ​ ​ഗർഭധാരണം വ്യക്തമാകണം, അല്ലെങ്കിൽ 48 മണിക്കൂറിനുശേഷം വീണ്ടും ബീറ്റ എച്ച്.സി.ജി ടെസ്റ്റ് ചെയ്തുനോക്കണം. അപ്പോൾ ഈ അളവ് ഇരട്ടിയായിരിക്കും. അത് 66 ശതമാനം മാത്രമേ കൂടിയിട്ടുള്ളുവെങ്കിൽ അണ്ഡവാഹിനിക്കുഴലിലെ ​ഗർഭധാരണം സംശയിക്കേണ്ടതാണ്.

വളരെ നേരത്തേ തന്നെ ഇത് കണ്ടെത്തുകയാണെങ്കിൽ മരുന്നുചികിത്സ പ്രയോജനപ്പെടുത്താം. അതിനു ചില മാനദണ്ഡങ്ങളുണ്ട്. ആരോ​ഗ്യനില തൃപ്തികരമായിരിക്കണം. ബീറ്റ എച്ച്.സി.ജി. 3000mlUവിന് താഴെയായിരിക്കണം. വലിപ്പം 3.5 സെന്റിമീറ്ററിൽ കുറവായിരിക്കണം, ഹൃദയസ്പന്ദനം തുടങ്ങിയിരിക്കാൻ പാടില്ല എന്നിവയാണവ. മരുന്ന് ഇഞ്ചക്ഷൻ നൽകിയശേഷം ബീറ്റ് എച്ച്.സി.ജി നില വിലയിരുത്തും. ഇത് സാധാരണ നിലയിലേക്ക് വരുന്നതുവരെ തുടർപരിശോധനകൾ ആവശ്യമാണ്.

മരുന്നു ചികിത്സയ്ക്കുള്ള മാനദണ്ഡങ്ങൾ പരി​ഗണിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ സർജറി ആവശ്യമായിവരാം. അണ്ഡവാഹിനിക്കുഴൽ പൊട്ടി കഠിനമായ രക്തസ്രാവമുണ്ടെങ്കിൽ അടിയന്തര സർജറി ആവശ്യമാണ്. ലാപ്രോസ്കോപിക് സർജറിയും ചെയ്യാം.

ചിലപ്പോൾ അണ്ഡവാഹിനിക്കുഴൽ മുഴുവനായും നീക്കേണ്ടതായി വരാറുണ്ട്. മറ്റുചിലപ്പോൾ ആംപുള്ളറി ഭാ​ഗത്ത് അതായത് അണ്ഡവാഹിനിക്കുഴലിന്റെ ഏതാണ്ട് മധ്യഭാ​ഗത്താണ് ഭ്രൂണമെങ്കിൽ അത് ട്യൂബ് മിൽക്ക് പ്രക്രിയയിലൂടെ മാറ്റാൻ സാധിക്കും. അല്ലെങ്കിൽ ട്യൂബിൽ ഒരു മുറിവുണ്ടാക്കി മാറ്റാവുന്നതാണ്.

നേരത്തേ കണ്ടെത്തി വേ​ഗം കൃത്യമായ ചികിത്സ നൽകിയാൽ‌ വലിയ സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. ഇത് വീണ്ടും വരാൻ സാധ്യതയുള്ളതിനാൽ അടുത്ത ​ഗർഭധാരണത്തിലും ജാ​ഗ്രത പുലർത്തേണ്ടതാണ്.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: ectopic pregnancy symptoms causes and treatments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented