മുഖസംരക്ഷണവും പരിപാലനവുമെല്ലാം സ്ത്രീകളുടെ മാത്രം കാര്യമാണെന്ന ധാരണയൊന്നും ഇപ്പോഴില്ല. ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെപ്പോലെ തന്നെ ശ്രദ്ധാലുക്കളാണ് പുരുഷന്മാര്‍. വേനല്‍ക്കാലമായതോടെ മുഖത്തെ എണ്ണമയം നഷ്ടപ്പെടുന്നതും കറുത്തപാടുകള്‍ പ്രത്യക്ഷപ്പെടുന്നതും ഒരു പ്രധാന പ്രശ്നമാണ്. ഈ വേനല്‍ക്കാലത്ത് പുരുഷന്മാര്‍ക്ക് ഇണങ്ങുന്ന ചില മുഖ സംരക്ഷണ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

നാരങ്ങ - കറ്റാര്‍വാഴ മാസ്‌ക്
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നാരങ്ങ ഒരു പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റുമാണ്. കറ്റാര്‍വാഴയും നാരങ്ങയും ചേര്‍ന്ന മിശ്രിതം മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ ഉത്തമമാണ്. കറ്റാര്‍വാഴ ഇലകള്‍ ഉടച്ച ശേഷം ഇതില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. 

ഓട്സ് - തൈര് - തക്കാളി 
മികച്ച ഭക്ഷണം എന്ന പോലെ ഓടസ് ഒരു മികച്ച സ്‌ക്രബ്ബറുമാണ്. തൈര് മുഖത്തെ കറുത്ത പാടുകള്‍ അകറ്റുന്നതിനൊപ്പം അഴുക്കുകള്‍ അകറ്റുകയും ചെയ്യുന്നു. തക്കാളി ജ്യൂസ് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇവ മൂന്നും ഒന്നിച്ച് ചേര്‍ത്ത ശേഷം നാരങ്ങ നീരും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

ആല്‍മണ്ട് - പാല്‍ - നാരങ്ങനീര്  
ആല്‍മണ്ട് മുഖത്തെ നിര്‍ജ്ജീവമായ കോശങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പാല്‍ ഉത്തമമാണ്. നാല് ആല്‍മണ്ട് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു തൊലിമാറ്റിയ ശേഷം അരച്ചെടുക്കുക. ഇതില്‍ രണ്ടു ടീ സ്പൂണ്‍ പാലും രണ്ട് മൂന്ന് തുള്ളി നാരങ്ങ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 15 ദിവസം തുടര്‍ച്ചയായി ചെയ്താന്‍ മുഖം കറുത്ത പാടുകള്‍ മാറി മുഖം തിളക്കമുള്ളതായി മാറുന്നതാണ്. 

മഞ്ഞള്‍ - തൈര് - തേന്‍
മഞ്ഞള്‍പ്പൊടി ചര്‍മ്മ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്. എന്നാല്‍ തൊലിയുടെ മൃദുത്തവും എണ്ണമയവും കാത്തു സൂക്ഷിക്കാന്‍ സഹായകരമാണ് തേന്‍. ഇവ രണ്ടും തൈരുമായി കലര്‍ത്തി മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റുന്നതിനൊപ്പം വേനല്‍ക്കാലത്ത് ചര്‍മ്മം വരളുന്നത് തടയുകയും ചെയ്യും. 

പാല്‍- ചന്ദനം- മഞ്ഞള്‍
മുഖത്തെ കറുത്തപാടുകളും സണ്‍ബേണും അകറ്റി മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ചന്ദനം. പാലും മഞ്ഞള്‍പ്പൊടിയും ചന്ദനവുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വേനല്‍ക്കാലത്തുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാര്‍ഗവുമാണ്.