Representative Image | Photo: Gettyimages.in
ലോകത്താകമാനം കേൾവി സംബന്ധമായ തകരാറുകളുള്ളവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ജനസംഖ്യയിൽ നാലിൽ ഒരാൾക്ക് കേൾവിത്തകരാറുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ കേൾവി സംബന്ധമായ തകരാറുകൾ അധികരിക്കുന്നു എന്ന് അന്വേഷിക്കുമ്പോൾ പൊതുവെ ലഭിക്കുന്ന ഉത്തരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇയർ ബഡ്‌സിന്റെയും ഇയർഫോണിന്റെയും ഉപയോഗം. ഇതിൽ ശാസ്ത്രീയമായ യാഥാർത്ഥ്യമുണ്ടോ? ഇയർഫോൺ ഉപയോഗിക്കുന്നത് മൂലം കേൾവിത്തകരാറുകൾ സംഭവിക്കാറുണ്ടോ? വ്യാപകമായ ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിൽ നമ്മൾ ശ്രമിക്കുന്നത്.
ശബ്ദത്തിന്റെ തീവ്രത
പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മൾ കേൾക്കുന്ന ശബ്ദം നമുക്ക് ഹാനികരമാകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കുന്നത്. ഇതിൽ ഒന്നാമത്തേത് എത്ര ഉച്ചത്തിലാണ് ശബ്ദം കേൾക്കുന്നത് എന്നതാണ്. രണ്ടാമത്തേത് അകലത്ത് നിന്ന് ശബ്ദം കേൾക്കുന്നു എന്നതും, മൂന്നാമത്തേത് എത്രനേരം ശബ്ദം കേൾക്കുന്നു എന്നതുമാണ്.
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ എന്ന സൂചിക ഉപയോഗിച്ചാണ്. സാധാരണയായി നമ്മൾ സംസാരിക്കുന്ന ശബ്ദത്തിന്റെ അളവ് 30 മുതൽ 60 ഡെസിബെൽ വരെയാണ്. ഉച്ചത്തിൽ സംസാരിക്കുമ്പോൾ ഇത് 70 മുതൽ 90 ഡെസിബെൽ വരെയായി ഉയരാം. ശബ്ദം 120 ഡെസിബെലിന് മുകളിേക്ക് ഉയരുന്നത് ചെവിക്ക് വേദന ഉളവാക്കുന്ന അവസ്ഥയിലെത്തിക്കും. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇയർഫോൺ മുതലായവയുടെ പൊതുവായ ശബ്ദത്തിന്റെ അളവ് 80 ഡെസിബൽ മുതൽ 110 ഡെസിബൽ വരെയാണ്. ചെവിക്കുള്ളിലേക്ക് തിരികെ വെക്കുന്ന ഇയർഫോൺ ഉപയോഗിക്കുമ്പോൾ ഇത് ഇയർ ഡ്രമ്മുമായി വെച്ച് പുലർത്തുന്ന അകലം എന്നത് കേവലം അര ഇഞ്ച് മാത്രമാണ്. ചെവിയുടെ പുറത്ത് സ്ഥാപിക്കുന്ന ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോൾ ശബ്ദവും ഇയർ ഡ്രമ്മുമായുള്ള അകലം അൽപ്പം കൂടി വർദ്ധിക്കും. സ്പീക്കർ ഉപയോഗിച്ചാണ് ശ്രവിക്കുന്നതെങ്കിൽ സ്വാഭാവികമായും അകലം കുറച്ച് കൂടി വർദ്ധിക്കും.
85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് സ്വാഭാവികമായി തന്നെ കേൾവിശേഷിയെ ദോഷകരമായി ബാധിക്കും. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല. പ്രായം കൂടുന്നതിനനുസരിച്ച് കേൾവി നാശത്തിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്യും. യാത്ര ചെയ്യുമ്പോൾ ഹെഡ് സെറ്റ് ഉപയോഗിക്കുന്നവർ കുറച്ച് കൂടി ശ്രദ്ധ പുലർത്തണം. യാത്രചെയ്യുന്ന വാഹനത്തിന്റെ ശബ്ദം നമ്മുടെ ചെവിയിലേക്ക് എന്ത് തന്നെയായാലും എത്തിച്ചേരും, ഇതു തന്നെ എഴുപതോ എൺപതോ ഡെസിബെൽ ഉണ്ടാകും ഇതോടൊപ്പം ഇയർഫോണിന്റെ ശബ്ദം കൂടി എത്തുമ്പോൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്.
കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണും ടാബ്ലെറ്റു ലാപ്‌ടോപ്പുമെല്ലാം എത്തിക്കഴിഞ്ഞ കാലത്താണ് നമ്മൾ ജീവിക്കുന്നത്. കാർട്ടൂണുകളും വീഡിയോകളുമൊക്കെ അവർ തുടർച്ചയായി കാണുന്നത് സ്വാഭാവികമായി കുഞ്ഞുങ്ങളിലെ കേൾവി ശക്തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
60-60 റൂൾ എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അതായത് നമ്മൾ ഉപയോഗിക്കുന്ന ഡിവൈസിന്റെ 60% ശബദം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. മുഴുവൻ ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 എന്നത് സമയത്തെ സൂചിപ്പിക്കുന്നതാണ്. 60 മിനിട്ടിൽ കൂടുതൽ സമയം തുടർച്ചയായി ശബ്ദം കേൾക്കാൻ പാടില്ല.
ശബ്ദം കേൾക്കുന്ന ഉറവിടം അൽപ്പം അകലത്തായി സെറ്റ് ചെയ്യുക. അത് ടി വി ആയാലും ഫോൺ ആയാലും ബാക്കിയുള്ള ഏത് ഡിവൈസായാലും പരമാവധി അകലം പാലിക്കാൻ ശ്രമിക്കുക.
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക.
ചെവിയിൽ മൂളക്കം, ചെവി അടച്ചിരിക്കുക, കേൾവിക്കുറവ് പോലെ തോന്നുക മുതലായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും ഡോക്ടറെ കാണിക്കുക. നേരത്തെ തകരാറുകൾ കണ്ടുപിടിച്ചാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്ന് ഓർമ്മിക്കുക.
ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ സ്‌പെഷ്യലിസ്റ്റ് ഇ എൻ ടി സർജൻ ആണ് ലേഖകൻ
Content Highlights: earphones cause hearing loss, headphones and hearing Loss, world hearing day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..