ചിലര്‍ക്ക് ചെറിയ സ്‌പോട്ടിങ്, മറ്റുചിലര്‍ക്ക് നല്ല ബ്ലീഡിങ്; നേരം തെറ്റി നേരത്തെ എത്തുന്ന ആര്‍ത്തവം


എം. സന്ധ്യ

3 min read
Read later
Print
Share

യു.പി.ക്ലാസ്സിലേക്കാവുമ്പോഴേക്കും ഋതുമതികളാവുകയാണ് ഇപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികളും. പണ്ട് ഒന്‍പതിലോ പത്തിലോ ഒക്കെ ആയിരുന്നെങ്കില്‍ ഇന്നത് നേരം തെറ്റി നേരത്തെ വന്നുതുടങ്ങി. 

Representative Image | Photo: Gettyimages.in

വണി അഞ്ചാംക്ലാസ്സിലേക്കായിട്ടേ ഉള്ളൂ. കണ്ടാല്‍ അത്ര വലിപ്പമൊന്നുമില്ല. പെട്ടെന്നൊരു ദിവസം അവള്‍ വല്യ കുട്ടിയായി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ആധിയായി. 'ഇപ്പോഴത്തെ കുട്ടികള്‍ക്കൊക്കെ എന്തു നേരത്തെയാ? അയ്യോ,ഇനി എന്തു ചെയ്യും?' വീട്ടുകാരുടെ വെപ്രാളം കണ്ട് ഇതെന്ത് കുന്തമാണെന്ന് പിടികിട്ടാതെ കുഞ്ഞാവണി അന്തംവിട്ടുനിന്നു.

നേരത്തെ എത്തുന്ന ആര്‍ത്തവവുമായി ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പൊരുത്തപ്പെടാന്‍ കുട്ടിക്ക് പ്രയാസമായിരിക്കും എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ ഇത്രയധികം ആശങ്കപ്പെടേണ്ടതില്ലെന്നതാണ് സത്യം. എത്ര മെലിഞ്ഞിരിക്കുന്ന കുട്ടിയാണെങ്കിലും സ്തനവളര്‍ച്ച, സ്വകാര്യഭാഗങ്ങളിലെ ചെറിയ തോതിലുള്ള രോമവളര്‍ച്ച തുടങ്ങി ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ടാവും. അവ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. എന്നുകരുതി ഇതുകണ്ടാലുടനെ തന്നെ ആര്‍ത്തവം വരണമെന്നുമില്ല. പക്ഷേ, അപ്പോള്‍മുതല്‍ ഏതുസമയത്തും അത്തരത്തിലൊരു യാഥാര്‍ഥ്യം സ്വീകരിക്കാന്‍ തയ്യാറായിരിക്കുക. ശാരീരികവളര്‍ച്ച തുടക്കത്തിലേ കൂടുതലുള്ള കുട്ടികള്‍ക്ക് ഇതിനുള്ള സാധ്യത കുറച്ചുകൂടി ഉയര്‍ന്നതായിരിക്കും.

രക്ഷിതാക്കള്‍ക്കും വേണം മുന്നൊരുക്കം!

കുട്ടികളുടെ ശരീരവളര്‍ച്ചയില്‍ വ്യത്യാസം കണ്ടുതുടങ്ങുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ഈ വിഷയത്തെ കുറിച്ച് ആവശ്യമായ ധാരണകള്‍ ഉണ്ടാക്കിയെടുക്കണം. തുടക്കത്തില്‍, അധികം ആഴത്തിലേക്കു കടക്കാതെ തന്നെ വരാന്‍ പോകുന്ന സംഗതിയെ കുറിച്ച് കുട്ടിയോട് സംസാരിക്കാം. അവര്‍ ഒരു പെണ്ണായി മാറുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണിതെന്ന് പോസിറ്റീവായി പറഞ്ഞുകൊടുക്കാം. അത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ( ചെറിയ രക്തക്കറയോ മറ്റോ) ഉടനെ അമ്മയേയോ അച്ഛനെയോ സ്‌കൂളില്‍ വച്ചാണെങ്കില്‍ ടീച്ചറെയോ അറിയിക്കണമെന്നും പറയാം. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്ന് കുട്ടിക്ക് തിരിച്ചറിവുണ്ടാക്കുക പ്രധാനമാണ്. ആവശ്യത്തില്‍ കവിഞ്ഞ ഉത്കണ്ഠ ഗുണം ചെയ്യില്ലെന്നു മാത്രമല്ല,ദോഷവും ചെയ്യും.

Also Read

'വെറും' മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ...

പനിയോടൊപ്പം കുമിളകളും; കുട്ടികളിൽ പടരുന്ന ...

അതിരാവിലെയുള്ള തലവേദന, താളം തെറ്റിയ ഹൃദയമിടിപ്പ്; ...

രോഗം മാറാനോ മൂത്രപാനം?; ശരീരത്തിലെ മാലിന്യം ...

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ ...

എനിക്കുമാത്രമാണോ ഇങ്ങനെ?

ചിലപ്പോള്‍ കൂട്ടുകാരികളേക്കാള്‍ മുന്‍പെ മുതിരുന്നത് നിങ്ങളുടെ കുട്ടിയായിരിക്കും. 'അയ്യോ, എന്തു കഷ്ടം' എന്ന രീതിയില്‍ കുട്ടികളുടെ മുന്‍പില്‍ വച്ച് അക്കാര്യം ചര്‍ച്ച ചെയ്യരുത്. തനിക്ക് അരുതാത്തതെന്തോ സംഭവിച്ചെന്ന തോന്നലാവും അത് കുട്ടിയിലുണ്ടാക്കുക. കൂട്ടുകാര്‍ക്കും ഉടനെ ആകുമെന്നും മോള്‍ മിടുക്കിയായി ഇതിനെ കൈകാര്യം ചെയ്യുന്നുണ്ടെന്നുമൊക്കെ പറഞ്ഞ് അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കണം.

വൃത്തിയാണ് പ്രധാനം

പ്രായം കൊണ്ടും മനസ്സും കൊണ്ടും ചെറിയ കുട്ടികളായതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്തെ ശുചിത്വത്തെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം. സ്‌കൂളിലായാലും പാഡ്, സമയത്ത് മാറ്റണമെന്നും സ്വകാര്യഭാഗങ്ങള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കി സൂക്ഷിക്കണമെന്നും മറ്റും പറഞ്ഞുകൊടുക്കണം. ഉപയോഗശേഷം പാഡ് കളയേണ്ട രീതിയും പറഞ്ഞുകൊടുക്കണം. ആണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന സ്‌കൂളാകുമ്പോള്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ മടികാണിച്ചെന്നിരിക്കും. അക്കാര്യം അധ്യാപകരുമായി സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. കുട്ടിയുടെ വൈകാരികമാറ്റങ്ങളെ പരിഗണിക്കുക.

അവള്‍ കുട്ടിയല്ലേ?

എത്ര വലുതായാലും നമ്മുടെയൊക്കെ മനസ്സില്‍ അവരെപ്പോഴും കുട്ടികളായിരിക്കും. അതുകൊണ്ടുതന്നെ ഇത്ര നേരത്തെയോ എന്ന ചിന്ത നമ്മളെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ കുട്ടികള്‍ വളരെ പെട്ടെന്ന് ഇതുമായി പൊരുത്തപ്പെട്ടുകൊള്ളും. അമിതമായ ആശങ്ക കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ആര്‍ത്തവത്തിനു ശേഷമുള്ള കാലയളവില്‍ പോഷകങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ പ്രധാന വളര്‍ച്ചയുടെ കാലയളവാണ് ഇക്കാലം.

വരാം വരാതിരിക്കാം

തുടക്കത്തില്‍ ചിലപ്പോള്‍ മഷി കുടഞ്ഞപോലെ ചെറിയ സ്പോട്ടിങ്ങായിട്ടായിരിക്കും പെണ്‍കുട്ടികളില്‍ ആര്‍ത്തവം പ്രത്യക്ഷപ്പെടുക. ചിലര്‍ക്കാണെങ്കില്‍ ആരംഭത്തിലേ നല്ല ബ്ലീഡിങ്ങ് കാണും. മറ്റുചിലര്‍ക്കത് കൂടുതല്‍ ദിവസം കാണും. ചിലര്‍ക്ക് ചില മാസങ്ങളില്‍ വരണമെന്നേ ഇല്ല. ഇത്തരത്തില്‍ ആര്‍ത്തവം ക്രമത്തിലായി വരാന്‍ സമയം എടുക്കും. അതുകണ്ട് ഉടനെ ആശങ്കപ്പെട്ട് ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ട കാര്യമില്ല. അവര്‍ കുട്ടികളല്ലേ? ശരീരത്തിന് അതൊക്കെ െേനരയാക്കിയെടുക്കാന്‍ സമയം കൊടുക്കുക. ആര്‍ത്തവം തുടങ്ങി രണ്ടുമൂന്ന് വര്‍ഷങ്ങളായിട്ടും സ്ഥിതിയില്‍ മാറ്റമില്ലെങ്കില്‍ മാത്രം ഡോക്ടറുടെ സഹായം തേടാം. അല്ലാതെ എനിക്ക് പണ്ട് കിറുകൃത്യമായിരുന്നു എന്ന മട്ടില്‍ വീരവാദങ്ങള്‍ മുഴക്കി കുട്ടിയെ പേടിപ്പിക്കരുത്. സാഹചര്യം ഏതാണെങ്കിലും അത് വീടായാലും സ്‌കൂളായാലും മറ്റ് സ്ഥലങ്ങളായാലും അവിടെ വച്ച് ഇക്കാര്യം കൈകാര്യം ചെയ്യാന്‍ കുട്ടിയെ പാകപ്പെടുത്തുകയാണ് പ്രധാനം. ഓരോ ശരീരവും അതിന്റെ പ്രത്യേകതകളും വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞാല്‍ തന്നെ പകുതിപ്പേടികളും പടികടക്കും.

ആര്‍ത്തവവുമായി ബന്ധപ്പെട്ട കുട്ടികളുടെ ആശങ്കകള്‍ അകറ്റാന്‍ ചില ടിപ്സുകള്‍...

എന്താണ് ആര്‍ത്തവം, എത്ര ദിവസത്തിനുള്ളില്‍ ഇത് വരും, എന്താണ് ആര്‍ത്തവചക്രം,സാനിറ്ററി നാപ്കിന്‍ വയ്ക്കേണ്ട വിധം,ആര്‍ത്തവത്തിനൊപ്പം ഉണ്ടാകാനിടയുള്ള ശാരീരിക മാറ്റങ്ങള്‍, വൈറ്റ് ഡിസ്ചാര്‍ജ് തുടങ്ങിയവയെ കുറിച്ചെല്ലാം കുട്ടികള്‍ക്ക് നേരത്തെ തന്നെ പറഞ്ഞുകൊടുക്കണം. അതുമായി ബന്ധപ്പെട്ടുണ്ടാകാനിടയുള്ള വയറുവേദനയെ കുറിച്ചും മറ്റ് വേദനകളെ കുറിച്ചുമെല്ലാം സൂചിപ്പിക്കാം. അത്തരം വേദനകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും പറയാം. ഇതെല്ലാം ഒരു പരിധി വരെ കുട്ടികളെ ടെന്‍ഷന്‍ ഫ്രീ ആക്കും.

കുട്ടിക്ക് നേരത്തെ ആണ് ആര്‍ത്തവം ആയതെന്ന തോന്നല്‍ ഒരിക്കലും കുട്ടികളുടെ മുന്‍പില്‍ വച്ച് പ്രകടിപ്പിക്കാതിരിക്കുക.

കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റേണ്ടതുണ്ടെന്നും അതില്‍ മടിയോ നാണക്കേടോ വിചാരിക്കരുതെന്നും പറഞ്ഞ്കൊടുത്ത് ആത്മവിശ്വാസം പകരണം. പുറത്തുപോകുന്ന രക്തം മോശം രക്തം ആണെന്ന രീതിയിലൊന്നും പറഞ്ഞുകൊടുക്കരുത്.

മറ്റ് കുട്ടികള്‍ കളിയാക്കിയാലുടനെ വിഷമിക്കേണ്ടതില്ലെന്നും അത്തരം സാഹചര്യം എങ്ങനെ നേരിടണമെന്നും പറഞ്ഞുകൊടുക്കാം. ഇത് തികച്ചും ജൈവികമായ ഒരു കാര്യമാണെന്ന് അവര്‍ മനസ്സിലാക്കുകയാണ് പ്രധാനം.

ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകാന്‍ ഒരു സ്ത്രീക്ക് ഇത് അത്യാവശ്യമാണെന്ന് പറയാം. കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് തിരിച്ചുപറയുന്ന കുട്ടികളാണ് ഇന്നത്തെ ജനറേഷന്‍. അവരോട്, നമുക്കിഷ്ടമുണ്ടായാലും ഇല്ലെങ്കിലും ഹൃദയം പോലെ, വൃക്ക പോലെ സ്വാഭാവികമായി ശരീരം ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറയാം. അത് തികച്ചും സാധാരണമായ ഒരു കാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിലാണ് കാര്യം.

വേദനകളും മറ്റും കൂടുതലാണെങ്കില്‍ ഡോക്ടറോട് ചോദിച്ച് മരുന്ന് കഴിക്കുന്നതിന് കുഴപ്പമൊന്നുമില്ലെന്നും പറയാം.

രതി മനോജ്, സെക്ഷ്വാലിറ്റി ഹെല്‍ത്ത് എജ്യുക്കേറ്റര്‍

ചിട്ടപ്പെടുത്താം ജീവിതം

നേരത്തെ ആര്‍ത്തവം ഉണ്ടാകുന്ന കുട്ടികളില്‍ മുതിരുമ്പോള്‍ ചിലപ്പോള്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം പോലുള്ള അസുഖങ്ങള്‍ കണ്ടുവരാറുണ്ട്. എന്നുകരുതി ഉടനെ ഭയപ്പെടാതെ തുടക്കം മുതലേ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് പ്രധാനമായും വേണ്ടത്. ദേഹമനങ്ങിയുള്ള കളികളില്‍ ഏര്‍പ്പെടുക,വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പൊണ്ണത്തടി ഉണ്ടാകാതെ നോക്കണം. മൊബൈലും ടിവിയും കണ്ട് മടിപിടിച്ചിരിക്കാന്‍ വിടാതെ കുട്ടികളെ ഓടിച്ചാടി നടക്കാന്‍ പ്രേരിപ്പിക്കണം. ആര്‍ത്തവം ഭയപ്പെടേണ്ട ഒന്നല്ലെന്നും നേരത്തെയുള്ള ആര്‍ത്തവം ഇപ്പോള്‍ സ്വാഭാവികമാണെന്നും മനസ്സിലാക്കിയാല്‍ മതി.

ഡോ.വിജയലക്ഷ്മി,
ഗൈനക്കോളജിസ്റ്റ്, കോയാസ് ഹോസ്പിറ്റല്‍,രാമനാട്ടുകര

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: early puberty for girls, precocious puberty, causes and consequences of early puberty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


drug addictionh
Premium

6 min

ഫാര്‍മസിസ്റ്റുകള്‍ വെറുമൊരു പാലമല്ല; സാമൂഹികാരോഗ്യത്തിന്റെ പതാകവാഹകരാണ്‌

Sep 25, 2023


salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


Most Commented