തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വിറയല്‍; ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഗൗരവമായി കണ്ട് ചികിത്സ തേടണം


ഡോ. രശ്മി എം. നായര്‍

ശബ്ദവുമായി ബന്ധപ്പെട്ട് പൊതുവേയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടുതലും കാണുന്നത് പ്രൊഫഷണല്‍ വോയ്സ് യൂസേഴ്സിലാണ്.

Representative Image| Photo: Gettyimages

ജോലിയുടെ ഭാഗമായും മറ്റും ശബ്ദം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന പലരിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വ്യതിയാനം, തൊണ്ടയടപ്പ് തുടങ്ങി പല സൂചനകളായി അത് അസ്വസ്ഥതപ്പെടുത്തും. ചിലപ്പോള്‍ ശബ്ദം പൂര്‍ണമായും നഷ്ടമായിപ്പോകുന്ന അവസ്ഥയും അനുഭവപ്പെടാം. മിക്കപ്പോഴും നിസ്സാരപ്രശ്‌നങ്ങളാവും ഇതിന് കാരണം. എന്നാല്‍, ഇത്തരം സൂചനകളെ എല്ലായ്പോഴും അവഗണിക്കാനും പാടില്ല. ഗൗരവമായ രോഗാവസ്ഥയുടെ സൂചനകളായും ശബ്ദവ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശബ്ദപ്രശ്‌നങ്ങള്‍ ആരിലൊക്കെ?

ശബ്ദവുമായി ബന്ധപ്പെട്ട് പൊതുവേയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൂടുതലും കാണുന്നത് പ്രൊഫഷണല്‍ വോയ്സ് യൂസേഴ്സിലാണ്. ഇവരാണ് ശബ്ദത്തെ കൂടുതലായി നിരന്തരം ഉപയോഗിക്കുന്നത്. പാട്ടുപാടുക, ദീര്‍ഘനേരം ക്ലാസുകളെടുക്കുക, പ്രസംഗിക്കുക തുടങ്ങിയവ ഇവരുടെ ജോലിയുടെ ഭാഗമാണ്. ഇങ്ങനെ പ്രൊഫഷണല്‍ വോയ്‌സ് യൂസേഴ്സിനെ മൂന്നുവിഭാഗങ്ങളായി തിരിക്കാറുണ്ട്.

ലെവല്‍ വണ്‍-പ്രൊഫഷണല്‍ വോയ്‌സ് യൂസേഴ്‌സ്: ഗായകര്‍, നടീനടന്മാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ശബ്ദത്തിന്റെ ഗുണനിലവാരം ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ലെവല്‍ ടു: ജോലിയുടെ ഭാഗമായി ശബ്ദം ഉപയോഗിക്കേണ്ടിവരുന്നവരാണിവര്‍. എന്നാല്‍ ശബ്ദത്തിന്റെ ഗുണനിലവാരം അത്ര നിര്‍ബന്ധമല്ല. അധ്യാപകര്‍, പ്രാസംഗികര്‍, അഭിഭാഷകര്‍ എല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.

ലെവല്‍ ത്രീ: ജോലിയുടെ ഭാഗമായി ശബ്ദത്തിന് വലിയ പ്രാധാന്യം ഇല്ലാത്ത വിഭാഗക്കാരാണിവര്‍.

ശബ്ദപ്രശ്‌നങ്ങളുടെ കാരണങ്ങള്‍

 • ശബ്ദത്തിന്റെ അമിതോപയോഗവും അതുമായി ബന്ധപ്പെട്ട് സ്വനതന്തുക്കള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ശബ്ദവ്യതിയാനത്തിനുള്ള പൊതുവേയുള്ള കാരണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ തൊണ്ടയ്ക്ക് വിശ്രമം നല്‍കുന്നതിലൂടെത്തന്നെ പരിഹരിക്കാന്‍ സാധിക്കാറുണ്ട്.
 • എന്നാല്‍, ഇതല്ലാതെ ഒട്ടേറെ കാരണങ്ങള്‍ ശബ്ദവ്യത്യാസത്തിന് ഇടയാക്കാറുണ്ട്.
 • സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ശബ്ദവ്യത്യാസത്തിനിടയാക്കും. അക്യൂട്ട് ഇന്‍ഫെക്ഷന്‍ പെട്ടെന്നുതന്നെ ഭേദമാകുന്നതാണ്. എന്നാല്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന അണുബാധകള്‍ നീണ്ടുനില്‍ക്കുന്ന ശബ്ദപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം. ഉദാഹരണമായി ക്ഷയരോഗംപോലുള്ളവ ശബ്ദത്തെയും ബാധിക്കാറുണ്ട്.
 • തൊണ്ടയ്ക്ക് ബലം നല്‍കി സംസാരിക്കുന്ന രീതി ശബ്ദത്തിന് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതിന് മസില്‍ ടെന്‍ഷന്‍ ഡിസ്ഫോണിയ(Muscle tension dysphonia) എന്നാണ് പറയുക.
 • അസിഡിറ്റി ശബ്ദത്തെ ബാധിക്കാം.
 • സ്വനപേടകത്തിലോ അതിനോട് ചേര്‍ന്ന ഭാഗങ്ങളിലോ ഉണ്ടാകുന്ന തടിപ്പുകളും ശബ്ദവ്യത്യാസത്തിന് കാരണമാകും.
 • നാഡീസംബന്ധമായ അസുഖങ്ങളും ശബ്ദപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. നാഡീതകരാറുകള്‍ സ്വനപേടകത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കും. അതുകാരണം ശബ്ദത്തിന് തകരാറുകള്‍ സംഭവിക്കാം. നാഡീസംബന്ധമായ പല അസുഖങ്ങളുടെയും ലക്ഷണമായി ശബ്ദത്തകരാറുകള്‍ കാണാറുണ്ട്.
 • ഉറക്കക്കുറവ്, പുകവലി തുടങ്ങിയവയും ശബ്ദത്തെ ബാധിക്കും.
 • ഹോര്‍മോണ്‍ തകരാറുകള്‍ ശബ്ദത്തെ ബാധിക്കാം.
ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍

തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വിറയല്‍, ജലദോഷമോ കഫക്കെട്ടിനോ ശേഷം ശബ്ദം പൂര്‍ണമായും തടസ്സപ്പെടുക എന്നീ അവസ്ഥകള്‍ വരാം. ചിലര്‍ക്ക് ഉറക്കെ സംസാരിക്കാന്‍ പറ്റാതാവും. മറ്റുചിലര്‍ക്ക് തുടര്‍ച്ചയായി സംസാരിക്കുമ്പോള്‍ ക്ഷീണവും കഴുത്തില്‍ വേദനയും ഉണ്ടാകാം. ഇങ്ങനെയുള്ള ശബ്ദവ്യത്യാസം മൂന്നാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ഗൗരവമായി കണ്ട് ചികിത്സ തേടണം.

പരിശോധന

ശബ്ദത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ആദ്യം വോയ്സ് അസസ്മെന്റ് നടത്തും. തുടര്‍ച്ചയായി സംസാരിക്കാന്‍ നിര്‍ദേശിക്കും. അപ്പോള്‍ ശ്വാസോച്ഛ്വാസവും ശബ്ദവും കൃത്യമായി കോഡിനേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടോ?, തൊണ്ടയില്‍ കൂടുതല്‍ ബലം നല്‍കിയാണോ സംസാരിക്കുന്നത്? വായ ശരിയായി തുറന്നുതന്നെയാണോ സംസാരിക്കുന്നത്? എന്നതെല്ലാം വിശകലനം ചെയ്യും. പാട്ടുകാരുടെ കാര്യത്തില്‍ അവരെ പാട്ടുപാടിച്ച് നോക്കിവേണം വിലയിരുത്താന്‍. അതിന് ശേഷം എന്‍ഡോസ്‌കോപി പരിശോധന ആവശ്യമായി വന്നേക്കാം.

ചികിത്സ മൂന്നുതരത്തില്‍

 • ശബ്ദപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തുടങ്ങുന്നതിനുമുന്‍പ് എന്ത് കാരണംകൊണ്ടാണ് ഇതുണ്ടായതെന്ന് കൃത്യമായി വിലയിരുത്തണം. അതിനുശേഷം ചികിത്സാരീതി തീരുമാനിക്കും. പ്രധാനമായും മൂന്നുതരത്തിലാണ് ചികിത്സ. വോയ്സ് തെറാപ്പി, െമഡിക്കല്‍ ചികിത്സ, സര്‍ജറി എന്നിവയാണവ.
 • ശബ്ദം അമിതമായി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വോയ്സ് തെറാപ്പി മതിയാകും. സ്വനപേടകത്തിന് ആവശ്യമായ വിശ്രമം നല്‍കുക, അതിനുശേഷം ശബ്ദത്തെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നതാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്.
 • മറ്റ് കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന ശബ്ദത്തകരാറുകള്‍ പരിഹരിക്കാന്‍ മരുന്നുചികിത്സ ആവശ്യമായി വരും. അണുബാധകള്‍, അസിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണെങ്കില്‍ അവ പരിഹരിക്കാനുള്ള മരുന്നുകള്‍ നല്‍കും. ശബ്ദത്തിനുണ്ടാകുന്ന വിറയല്‍ മാറ്റുന്നതിന് ബോട്ടൊക്‌സ്(botox) ഇന്‍ജക്ഷന്‍ നല്‍കാറുണ്ട്.
 • ശബ്ദമുണ്ടാകുന്ന ഭാഗത്തെ പേശികളുടെ അനക്കക്കുറവുകാരണം ശബ്ദപ്രശ്‌നങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് ചികിത്സകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ തൈറോപ്ലാസ്റ്റി (Thyroplasty) പോലുള്ള ശസ്ത്രക്രിയ വേണ്ടിവന്നേക്കും.
 • തൊണ്ടയിലെ കാന്‍സര്‍ കാരണമാണ് ശബ്ദപ്രശ്‌നങ്ങളുണ്ടായതെങ്കില്‍, കാന്‍സറിന്റെ സ്റ്റേജ് അനുസരിച്ച് സര്‍ജറിയോ റേഡിയേഷനോ വേണ്ടിവരും.
 • ആണ്‍കുട്ടികളില്‍ സ്‌ത്രൈണ ശബ്ദമാണെങ്കില്‍, അത് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ചികിത്സാരീതികളുണ്ട്. ഒരു പരിധിവരെ ഇത് വോയ്‌സ് തെറാപ്പിയിലൂടെ തന്നെ പരിഹരിക്കാനാകും.
ശബ്ദശുചിത്വം പാലിക്കാം

 • ശബ്ദത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ശബ്ദശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക, തൊണ്ട വരണ്ടിരിക്കുന്നത് ശബ്ദത്തെ ബാധിക്കും. സ്വനതന്തുക്കളില്‍ നനവ് നിലനിര്‍ത്താന്‍ ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വരെ വെള്ളമെങ്കിലും ദിവസവും കുടിക്കുക.
 • ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. അമിതമായ എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. അസിഡിറ്റിപോലുള്ള പ്രശ്‌നങ്ങള്‍ ശബ്ദത്തെ ബാധിക്കാം.
 • ഉറക്കം ശരിയായില്ലെങ്കില്‍ ശബ്ദത്തെ ബാധിക്കും. അതുകൊണ്ട് പതിവായി ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണം.
 • 15-20 ലധികം ആളുകളെ അഭിസംബോധന ചെയ്യുമ്പോള്‍ മൈക്ക് ഉപയോഗിക്കണം.
 • മറ്റ് ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംസാരിക്കാതിരിക്കുക.
 • തൊണ്ട ശുദ്ധീകരിക്കുന്ന ശീലമുണ്ടെങ്കില്‍(Throat clearing) അത് മാറ്റണം. അത് ശബ്ദത്തെ ബാധിക്കും. തൊണ്ട ക്ലിയര്‍ ചെയ്യാനുള്ള തോന്നല്‍ ചിലപ്പോള്‍ അസിഡിറ്റിയോ അലര്‍ജിയോ കാരണമായിരിക്കും. അങ്ങനെയാണെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം.
 • തുടര്‍ച്ചയായ ഫോണ്‍ സംസാരം ഒഴിവാക്കണം.
 • തൊണ്ടവേദനയോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളപ്പോള്‍ സംസാരം കുറയ്ക്കണം.
 • സ്വനപേടകത്തിന് സഹായകരമായ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍- വോക്കല്‍ വാംഅപ്, പാട്ടുകാര്‍ പരിപാടിക്ക് മുന്‍പായി ചെയ്യാന്‍ ശ്രദ്ധിക്കണം.
 • സ്വനപേടകത്തിന് ആവശ്യമായ വിശ്രമം നല്‍കുക.
ശബ്ദം പുറത്തുവരുന്നത് എങ്ങനെ

ശ്വാസകോശത്തില്‍നിന്ന് പുറന്തള്ളുന്ന ഉച്ഛ്വാസവായുവാണ് ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്ന്. ആ ഉച്ഛ്വാസവായു സ്വനപേടകത്തിലെ സ്വനതന്തുക്കളിലൂടെ കടന്നുപോകുമ്പോള്‍ അവ കമ്പനം ചെയ്യപ്പെടും. എല്ലാ തന്ത്രിവാദ്യങ്ങളിലും തന്ത്രികള്‍ കമ്പനം ചെയ്യുമ്പോഴാണല്ലോ സംഗീതം സൃഷ്ടിക്കപ്പെടുന്നത്. അതുപോലെ ഉച്ഛ്വാസവായു സ്വനതന്തുക്കളെ കമ്പനം ചെയ്യിക്കുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഈ ശബ്ദം തൊണ്ടയിലൂടെ കടന്ന് വായയിലൂടെയും മൂക്കിലൂടെയും പോകുമ്പോള്‍ അവിടെയുള്ള വായുവില്‍ അതിന്റെ പ്രതിധ്വനികള്‍ ഉണ്ടാകും. അങ്ങനെയാണ് നമുക്ക് കേള്‍ക്കാന്‍ പാകത്തിലുള്ള ശബ്ദമായി മാറുന്നത്. ശ്വസനം, സ്വനതന്തുക്കളുടെ കമ്പനം, പിന്നീടുണ്ടാകുന്ന പ്രതിധ്വനി എന്നീ മൂന്ന് കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഒത്തുചേരുമ്പോഴാണ് മനുഷ്യശബ്ദം ഉണ്ടാകുന്നത്.

സംസാരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് സന്ദേശങ്ങളെത്തും. അപ്പോള്‍ സ്വനതന്തുക്കള്‍ അടയ്ക്കാന്‍ ശ്വാസനാളത്തിലെ പേശികള്‍ക്ക് നിര്‍ദേശം ലഭിക്കും. അപ്പോള്‍ ഉച്ഛ്വാസവായു സ്വനതന്തുക്കളില്‍ തട്ടി അവയെ കമ്പനം ചെയ്യിപ്പിച്ചുകൊണ്ട് കടന്നുപോകും. സ്ത്രീകളില്‍ സെക്കന്‍ഡില്‍ 180-220 തവണയും പുരുഷന്മാര്‍ക്ക് സെക്കന്‍ഡില്‍ 90-140 തവണയും ശരാശരി ഇങ്ങനെ അടച്ചുതുറക്കലുകള്‍ നടക്കുന്നു. അപ്പോള്‍ ശബ്ദ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

പതുക്കെ സംസാരിച്ചാല്‍ ഗുണമുണ്ടോ?

ഉറക്കെ സംസാരിക്കുന്നതുപോലെത്തന്നെ, സ്വകാര്യം പറയുന്നത് പോലെ പതുക്കെ സംസാരിക്കുന്നതും സ്വനപേടകത്തിന് സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്. ഒരു കൈയകലത്തില്‍ ഇരിക്കുന്നവരോട് എത്ര ശബ്ദത്തിലാണോ നമ്മള്‍ സംസാരിക്കുന്നത് അതാണ് അനുയോജ്യമായ ശബ്ദം എന്ന് കണക്കാക്കാം.

ശബ്ദത്തിലെ വ്യത്യാസങ്ങള്‍

ഓരോരുത്തരുടെയും ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്ക് പല ഘടകങ്ങള്‍ കാരണമാകാറുണ്ട്. ശബ്ദം വളരെ ഉച്ചത്തിലും ഏറ്റവും താഴ്ന്നും പുറപ്പെടുവിക്കാന്‍ കഴിയുന്നത് ഉച്ഛ്വാസവായുവിന്റെ അളവിലെ വ്യത്യാസം അനുസരിച്ചിരിക്കും. സ്വനതന്തുക്കള്‍ എത്ര വേഗത്തില്‍ കമ്പനം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശബ്ദത്തിന്റെ പിച്ച് തീരുമാനിക്കുന്നത്. അതുപോലെ സ്വനതന്തുക്കളുടെ കട്ടി, നീളം തുടങ്ങിയ ഘടനാപരമായ കാര്യങ്ങളും അതിനെ നിര്‍ണയിക്കുന്നുണ്ട്. തൊണ്ടയുടെയും വായയുടെയും മൂക്കിന്റെയും ഘടനാപരമായ ചെറിയ വ്യത്യാസങ്ങളാണ് ഓരോവ്യക്തിയുടെയും ശബ്ദത്തെ വ്യത്യസ്തമാക്കുന്നത്.

( ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് )

കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ലാരിങ്കോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റാണ് ഡോ. രശ്മി എം. നായര്‍

Content Highlights: ear and its health sound and laryngology


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented