Representative Image| Photo: Canva.com
അരുതാത്തത് പലതും സംഭവിക്കുകയാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന രോഗിയുടെ ക്രൂരമായ ആക്രമണത്തിൽ പിടഞ്ഞുമരിച്ച വാർത്ത കേരള മനസ്സാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ യുദ്ധക്കളങ്ങളും മോർച്ചറികളുമായി മാറുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്.
കഴിഞ്ഞ അനേകം സംഭവങ്ങളിൽ ചികിത്സപ്പിഴവ്, ആശുപത്രികളിലെ അപര്യാപ്തത എന്നിവയാരോപിച്ചാണ് ആക്രമണങ്ങളെങ്കിൽ ഇത്തവണ ഇതൊന്നുമില്ലാതെത്തന്നെ ഒരു യുവഡോക്ടറുടെ ജീവൻ, പോലീസ് അകമ്പടിയോടെ കൊണ്ടുവന്ന ഒരാൾ ഹനിക്കുന്ന കാഴ്ച ഭയാനകവും അപലപനീയവുമാണ്. അത്യാഹിത വിഭാഗങ്ങളിൽ എത്തിച്ചേരുന്ന രോഗിയുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ ആശുപത്രി അക്രമങ്ങളെ ന്യായീകരിക്കുന്ന കാഴ്ചകൾ ഈ അടുത്ത കാലത്തും നാം കാണുകയുണ്ടായി. രോഗിയുടെയും ബന്ധുക്കളുടെയും വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനം ഡോക്ടർമാർക്ക്, ആശുപത്രികൾക്ക് നേരെയാകുന്നുവെന്നത് ക്രമസമാധാനപ്രശ്നമായി അധികാരികൾ കാണേണ്ടതുണ്ട്.
അതിഗുരുതരവും അടിയന്തരചികിത്സ വേണ്ടതുമായ രോഗങ്ങളിൽ 20 ശതമാനത്തോളം മരണസാധ്യത ഉണ്ടെന്നുള്ള വസ്തുത നാം വിസ്മരിച്ചുകൂടാ. രോഗീബന്ധുക്കളുടെ വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനം ഡോക്ടറുടെ നേരെയോ ആശുപത്രിക്ക് നേരെയോ അല്ല വേണ്ടത്. ഇത്തരം സ്ഥിതിവിശേഷങ്ങൾ ഡോക്ടർമാരിൽ വിഷാദം, ഉത്‌കണ്ഠ, നിദ്രാഭംഗം, ജോലി ചെയ്യാതെ അവധിയെടുക്കൽ എന്നിവയ്ക്ക് കാരണമാകുന്നുണ്ട് എന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ 75 ശതമാനത്തോളം ഡോക്ടർമാരും തങ്ങളുടെ ജോലിക്കിടയിൽ ഒരിക്കലെങ്കിലും ശാരീരികമായോ മാനസികമായോ ഉള്ള പീഡനത്തിന് വിധേയരായവരാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം കണ്ടെത്തിയിട്ടുണ്ട്.
മറ്റേതൊരു തൊഴിൽമേഖലയെക്കാളും ശ്രദ്ധപുലർത്തേണ്ട രംഗമാണ് ചികിത്സാമേഖല. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള കൈയേറ്റങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുകയും സങ്കീർണമായ രോഗങ്ങൾ ചികിത്സിക്കുന്നതിൽനിന്നും മെഡിക്കൽ സമൂഹത്തെ പിന്തിരിപ്പിക്കുകയും ചെയ്യും. കൂടാതെ, ആശുപത്രിയിൽ ഉണ്ടാകുന്ന അക്രമങ്ങൾ നിസ്സഹായരായ, അടിയന്തരചികിത്സ കിട്ടേണ്ട, രോഗികളുടെ ജീവനെത്തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
ഉത്തരേന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ആശുപത്രി അക്രമങ്ങൾ മെഡിക്കൽ സമൂഹത്തിൽനിന്നും മനുഷ്യസ്നേഹികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു വരാൻ കാരണമാക്കിയിരുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ വിവിധ രീതിയിലാണ് ആശുപത്രി അക്രമങ്ങളെ നിർവചിച്ചിട്ടുള്ളതും ശിക്ഷാവിധികൾ തീരുമാനിച്ചിട്ടുള്ളതും. എന്നാൽ, അവയൊന്നും തന്നെ ഫലപ്രദമായി നടപ്പാക്കാൻ അധികാരികൾ ശ്രമിക്കുന്നില്ല. സാക്ഷരതയിലും സാമൂഹികബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ സമീപകാലത്തുണ്ടായ ആശുപത്രി-ഡോക്ടർ ആക്രമണങ്ങൾ ഉത്‌കണ്ഠ ഉയർത്തുന്നതാണ്.
ജീവിക്കാനും സ്വതന്ത്രവും ഭയരഹിതവുമായി ജോലി ചെയ്യുന്നതിനും അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ളതായിരിക്കെ ആരോഗ്യപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത ജനാധിപത്യധ്വംസനത്തിന്റെ മൂർധന്യതയാണെന്നേ പറയാൻ കഴിയൂ. യുദ്ധകാലങ്ങളിൽപ്പോലും ആശുപത്രിയാക്രമണങ്ങൾ നിഷിദ്ധമാണ്. മുറിവേറ്റ ശത്രു സൈന്യങ്ങളെപ്പോലും ചികിത്സിക്കുന്നതിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഒട്ടും അമാന്തം കാണിക്കാറില്ല.
കുറ്റകൃത്യങ്ങളിൽപ്പെട്ടവരെയും മാനസിക അസ്വാസ്ഥ്യമുള്ളവരെയും ആശുപത്രികളിൽ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇതിനായുള്ള മാർഗനിർദേശങ്ങൾ നിലവിലുണ്ട്. അവ സമയബന്ധിതമായി നടപ്പാക്കപ്പെടണം. കുറ്റകൃത്യങ്ങൾ ഉണ്ടായാൽ ഒരു മണിക്കൂറിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇടുകയും പ്രതികളെ ഉടനെത്തന്നെ അറസ്റ്റു ചെയ്യുകയും വേണം. പോക്സോ കോടതികൾക്ക് സമാനമായ പ്രത്യേക കോടതികൾ സ്ഥാപിക്കുകയും ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കുകയും വേണം. കേസെടുക്കാൻ തയ്യാറാവാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശനശിക്ഷാ നടപടികൾ എടുക്കേണ്ടതുണ്ട്. ആശുപത്രികൾ 24 മണിക്കൂറും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാക്കണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഐ.എം.എ. ഉൾപ്പെടെയുള്ള പ്രൊഫഷണൽ സംഘടനകൾ ഈ ആവശ്യങ്ങൾ ഉയർത്തി വിവിധ പ്രചാരണപരിപാടികളും പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. അവസാനം ഇപ്പോൾ ഒരു വനിതാ ഡോക്ടറുടെ കൊലപാതകത്തിനുൾപ്പെടെ, അതും ആശുപത്രിയിലെ സേവനത്തിനിടയിൽ, സാക്ഷിയാകേണ്ടി വരുന്നു പ്രബുദ്ധ കേരളം. ഈ രക്തസാക്ഷിത്വം തികച്ചും ഒഴിവാക്കാനാകുമായിരുന്നു.
ആശുപത്രികൾ വിമാനത്താവളങ്ങൾക്ക് സമാനമായി സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. നിലവിൽ ആശുപത്രി സംരക്ഷണ നിയമത്തിലെ പഴുതുകളെല്ലാം അടച്ച് സമഗ്രമായി പരിഷ്കരിക്കണം. അതിന് കാലതാമസം വരാതെ ഓർഡിനൻസ് പുറപ്പെടുവിക്കണം. ആശുപത്രി ആക്രമണങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രകോപനപരമായ ആഹ്വാനങ്ങളിൽനിന്നും രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പിന്തിരിയണം. ആരോഗ്യരംഗത്തെ കേരളത്തിന്റെ ശ്രേഷ്ഠമായ അവസ്ഥയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ പങ്ക് നിസ്തുലമാണ്. ഇനിയൊരു ജീവൻ ആശുപത്രി ആക്രമണത്തിൽ പൊലിയരുത്. അതിന് സാധ്യമായ രീതിയിൽ അധികാരികൾ നിയമവാഴ്ച ഉറപ്പുവരുത്തണം. വന്ദനയുടെ രക്തസാക്ഷിത്വം വൃഥാവിലാകരുത്. കേരളസമൂഹം ഒറ്റക്കെട്ടായി അതിനുള്ള തീവ്രശ്രമങ്ങൾ ഉടൻ ആരംഭിക്കുകയും ഫലപ്രാപ്തിയിൽ എത്തിക്കുകയും വേണം. അല്ലാത്തപക്ഷം കേരളം സാക്ഷിയാകുന്നത് ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയ്ക്കും ആത്മവിശ്വാസമില്ലായ്മയ്ക്കും ആയിരിക്കും. അതിന് കൊടുക്കേണ്ട വില വലുതും.
Content Highlights: dr vg pradeep kumar on dr vandana das murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..