അര്‍ബുദം എന്നാല്‍ മരണം എന്ന ധാരണയുണ്ടായിരുന്ന കാലത്താണ് ഡോ. ശാന്ത അര്‍ബുദ ചികിത്സാരംഗത്തെത്തുന്നത്. ഗൈനക്കോളജിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ അവര്‍ അര്‍ബുദ ചികിത്സയിലെത്തുന്നത് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകയായ ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ പ്രേരണയിലാണ്. മദ്രാസ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ നിയമനം ഉപേക്ഷിച്ചാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്നത്. ആദ്യ മൂന്ന് വര്‍ഷം സൗജന്യമായാണ് സേവനം അനുഷ്ഠിച്ചത്. റെസിഡന്റ് മെഡിക്കല്‍ ഓഫീസറായി തുടങ്ങി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്സണായി സ്ഥാപനത്തെ നയിച്ച ഡോ. ശാന്ത, അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകശ്രദ്ധയാകര്‍ഷിച്ച അര്‍ബുദ ഗവേഷണ, ചികിത്സാ കേന്ദ്രമാക്കി മാറ്റിയത് കനിവിന്റെ തണല്‍ വിരിച്ചായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍ധനരോഗികള്‍ക്ക് ചികിത്സ സൗജന്യമായിരുന്നു. ചികിത്സയ്‌ക്കെത്തുന്ന സാമ്പത്തികമായി ഉന്നതനിലയിലുള്ളവരില്‍നിന്ന് അധികമായി ലഭിക്കുന്ന പണം പാവപ്പെട്ടവരുടെ ചികിത്സാ ചെലവുകള്‍ക്കായി ഉപയോഗിച്ചു. മഗ്സസെ പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങള്‍ക്കൊപ്പം ലഭിച്ച തുക മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ പാവങ്ങളുടെ ചികിത്സയ്ക്കായി മാറ്റിവെച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ 12 കിടക്കകളുള്ള ആശുപത്രി എന്ന നിലയില്‍നിന്നാണ് ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്.
പല തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുപോയത്. കോവിഡ് കാലം അത്തരം ഒരു പ്രതിസന്ധിഘട്ടമായിരുന്നു. അതിനെ മറികടന്നുവരുമ്പോഴായിരുന്നു ഡോ. ശാന്തയുടെ അപ്രതീക്ഷിത വിയോഗം. അര്‍ബുദം എത്രയും നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിക്കണമെന്ന നയം പിന്തുടര്‍ന്ന ഡോ. ശാന്ത, ഡോക്ടമാര്‍ രോഗിയുടെ അസുഖം മാത്രം അറിഞ്ഞാല്‍ പോരെന്നും സാമൂഹിക, സാമ്പത്തിക സ്ഥിതികൂടി അറിയണമെന്നും വിശ്വസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.
കേരളത്തില്‍നിന്നടക്കം ഒട്ടേറെ പേര്‍ ചികിത്സയ്ക്കായി അഡയാറിലേക്ക് വണ്ടികയറിയത് ഡോ. ശാന്തയുടെ കരുതലിനെ കുറിച്ച് കേട്ടറിഞ്ഞായിരുന്നു. രാജ്യത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് തിരിച്ചറിഞ്ഞ് ഒരേസമയം ചികിത്സയിലും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും അവര്‍ ശ്രദ്ധപതിപ്പിച്ചു.
Content Highlights: Dr. V. Shanta Renowned oncologist and the chairperson of Adyar Cancer Institute Passed away, Health, Cancer Care, Adyar Cancer Institute