അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന അന്തരിച്ച, ഡോ. ശാന്തയെ അവിടെ ഡോക്ടറുടെ പ്രിയ ശിഷ്യനായിരുന്ന ഡോ. വി.പി.ഗംഗാധരന്‍ അനുസ്മരിക്കുന്നു
അമ്മയുടെ വാത്സല്യവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവും ഏറ്റവും പുതിയ അറിവുകളും അതിനെക്കാളൊക്കെയപ്പുറം നിറഞ്ഞ മനുഷ്യസ്നേഹവും- അതാണ് ഡോ. ശാന്ത. ഒരു ഡോക്ടര്‍ രോഗിയെ ചികിത്സിക്കുമ്പോള്‍ പരിശോധനാ റിപ്പോര്‍ട്ടുകളും ചികിത്സാ രംഗത്ത് വന്നിട്ടുള്ള പുതിയ വിവരങ്ങളും മാത്രം പരിഗണിച്ചാല്‍ പോരാ എന്ന് ഞങ്ങളെ പഠിപ്പിച്ച ആൾ. ഓരോ രോഗിയും പൂര്‍ണ മനുഷ്യരാണ്. അവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകള്‍, ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയൊക്കെ രോഗത്തിന്റെയും ചികിത്സയുടെയും കാര്യത്തിലും വലിയൊരവോളം പ്രാധാന്യമുള്ളതാണ്. ആശുപത്രിയില്‍ ഒരാള്‍ ചികിത്സ തേടിയെത്തിയാല്‍ അയാളുടെ രോഗം കൃത്യമായി കണ്ടെത്തി ഏറ്റവും വേഗം ശരിയായ ചികിത്സ നല്‍കണം- അതു കഴിഞ്ഞു മതി മറ്റെന്തും എന്ന് ഡോ. ശാന്ത ഞങ്ങളെ പഠിപ്പിച്ചത് ക്ലാസ്സുകളെടുത്തിട്ടായിരുന്നില്ല. സ്വന്തം പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും കാണിച്ചു തന്നിട്ടാണ്.
ലോകത്തിലെ തന്നെ മികച്ച കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രങ്ങളിലൊന്നിന്റെ ചുമതലക്കാരിയായിരിക്കുമ്പോഴും രോഗികളുടെ കാര്യം പറയാനായി ഡോ. ശാന്തയെ ഏതു പാതിരാത്രിക്കും വിളിക്കാമായിരുന്നു. ഏതു സമയത്തും രോഗിയുടെ അടുത്തേക്ക് നേരിട്ടെത്തുകയും ചെയ്യും. ഞങ്ങള്‍ അഡയാറിലുള്ളപ്പോള്‍ രാത്രി വളരെ വൈകിയൊക്കെ ചില രോഗികളുടെ അവസ്ഥ ഗുരുതരമാകുന്ന വേളയില്‍ ഡോ. ശാന്ത നേരിട്ട് വാര്‍ഡിലെത്തിയിട്ടുണ്ട്. ആ രോഗിയുടെ ചുമതലയുള്ള ഡോക്ടര്‍ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ച് രോഗിയുടെ കൂടെയുള്ള ഒരാളെപ്പോലെ ഡോ. ശാന്ത, ശരിക്കും ശാന്തയായി നില്‍ക്കുകയേയുള്ളൂ. ചികിത്സാ കാര്യങ്ങളിലോ തീരുമാനങ്ങളിലോ ഒന്നും കയറി ഇടപെടില്ല. അപ്പോള്‍ ആവശ്യമുള്ള കാര്യങ്ങള്‍, അതെന്തു തന്നെയായാലും നിമിഷങ്ങള്‍ക്കകം എത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ഞങ്ങളെപ്പോലുള്ള കൊച്ചു ഡോക്ടര്‍മാര്‍ക്ക് ആ സമീപനം നല്‍കിയിട്ടുള്ള ആത്മവിശ്വാസവും ധൈര്യവും വാക്കുകള്‍ കൊണ്ട് പറയാവുന്നതല്ല. നമ്മുടെ രാജ്യത്ത് നമ്മുടെ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ പുതിയൊരു നിര ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുകയായിരുന്നു ഡോ. ശാന്ത. ആ സമീപനങ്ങള്‍ അവരുടെ പ്രകൃതമായിരുന്നു.
ഡയറക്ടറായിരിക്കുമ്പോഴും ഏറ്റവും ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന കാര്യങ്ങളും ചെയ്യാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല ഡോ. ശാന്തയ്ക്ക്. പഴയ ആശുപത്രിയുടെ മുകളിലെ ചെറിയൊരു മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്. ഏറ്റവും ലളിതമായ സൗകര്യങ്ങളോടെ. സ്വന്തം ജീവിതത്തില്‍ അത്രയും ലാളിത്യത്തോടെ കഴിയുകയും ചിന്തയിലും പ്രവൃത്തിയിലും മഹത്തായ ഔന്നത്യം പുലര്‍ത്തുകയും ചെയ്ത അത്യപൂര്‍വ വ്യക്തിത്വം.
ഞാന്‍ അഡയാറിലായിരിക്കുമ്പോളാണ് മോന്‍ ജനിക്കുന്നത്. വിവരം പറഞ്ഞ്, നാട്ടില്‍ പോകാനുള്ള അനുമതി ചോദിക്കാനായി ചെന്ന എനിക്ക് അനുവാദം ചോദിക്കാനുള്ള സാവകാശം പോലും തരാതെ മാഡം പറഞ്ഞു- ആഹാ! സന്തോഷം. എന്നിട്ട് താന്‍ ഇവിടെ നില്‍ക്കുകയാണോ! വേഗം പോകൂ അമ്മയുടെയും കുഞ്ഞിന്റെയും അടുത്തേക്ക്...ഇപ്പോള്‍ താന്‍ അവിടെയാണ് വേണ്ടത്. മികച്ച ഡോക്ടറും വളരെ മികച്ച ഭരണാധികാരിയും ഏറ്റവും മികച്ച ഗവേഷകയും അതിനെക്കാളൊക്കെ വലിയ മനുഷ്യസാന്നിധ്യവുമായിരുന്നു ഡോ. ശാന്ത. അവര്‍ വഹിച്ച പദവികളിലൊക്കെ പുതിയ ആളുകളെ നിയമിക്കാനാവും. എന്നാല്‍ ആ മഹത്വത്തിന് പകരം വെക്കാന്‍ മറ്റൊരാളുണ്ടാവുമെന്ന് തോന്നുന്നില്ല.
Content Highlights: Dr.V.P.Gangadharan remembers renowned oncologist Dr V. Santha chairperson of Adyar Cancer Institute, Health