അരൂർ: ഒടുവിലത്തെ രോഗിക്കും ചികിത്സ നിർദേശിച്ച് കാർത്തികവിളക്ക് തെളിക്കാനായി വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലെത്തിയതായിരുന്നു ഡോ. സീന... പെട്ടെന്നാണ് ആൾക്കൂട്ടത്തിന് നടുവിൽ ചലനവും ബോധവുമറ്റ് ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോക്കേറ്റ് വീണതാണെന്ന് ആരോ പറയുന്നതുകേട്ടു. പിന്നെ മറ്റൊന്നുമാലോചില്ല... സീനയുടെ ഉള്ളിലെ ആതുരശുശ്രൂഷക പെട്ടെന്ന് ഉണർന്നു.

വായിൽ രക്തംനിറഞ്ഞ്, ഹൃദയമിടിപ്പുപോലും നിലച്ച സ്ഥിതിയിലായിരുന്നു ആ ചെറുപ്പക്കാരൻ. ഡോ. സീന പെട്ടെന്ന് കൃത്രിമശ്വാസം നൽകി. ഹൃദയമിടിപ്പ് കൈവന്നതോടെ ആംബുലൻസെത്തി. എല്ലാവരും ചേർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് ആളെ എത്തിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ചന്തിരൂർ പോലീസ് സ്റ്റേഷന് എതിർവശം ദേശീയപാതയോരത്താണ് ഡോ. സീന, അപകടത്തിൽപ്പെട്ട് അണഞ്ഞുപോകുമായിരുന്ന ഒരാളുടെ ജീവന് കാർത്തികവിളക്കിന്റെ ശോഭ പകർന്നത്.

ചന്തിരൂർ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. സീന, ജോലികഴിഞ്ഞ് വോളോർവട്ടത്തെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് അത്യാഹിതത്തിൽപ്പെട്ട അരൂർ വൈദ്യുതിസെക്ഷനിലെ ജയകുമാറിനെ (50) കാണുന്നത്.

ചന്തിരൂരിലെ ലോഡ്ജിന് തീപിടിത്തമുണ്ടായതിനെ തുടർന്ന് തകരാറിലായ വൈദ്യുതിലൈനുകൾ നേരെയാക്കാൻ പോസ്റ്റിൽ കയറിയ ജയകുമാർ, ഷോക്കേറ്റ് നിലംപതിക്കുകയായിരുന്നു. ഉയരത്തിൽ നിന്ന് വീണ വൈദ്യുതിജീവനക്കാരൻ ചലനമറ്റ് കിടന്നപ്പോൾ മറ്റെല്ലാവരും എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു.

ഈ സമയത്താണ് തികഞ്ഞ ആത്മധൈര്യത്തോടെ ഡോ. സീന വേണ്ട ശശ്രൂഷ ചെയ്തത്. കാർത്തികവിളക്ക് തെളിക്കാൻ വൈകിയെങ്കിലും ഒരു കുടുംബത്തിന്റെ വിളക്ക് അണയാതിരിക്കാൻ തന്നാൽ കഴിയുന്നത് ചെയ്തു എന്ന കൃതാർഥതയിലാണ് ഡോക്ടർ.

Content Highlights: Dr. Seena, Basic Life Saving Support, First Aid