വായനതുടങ്ങുംമുമ്പേ നായകനെ പരിചയപ്പെടാം: ഡോ. സലീം ഷഫീഖ്. യു.കെ.യിലെ ബര്‍മിങാം ഉസ്റ്റര്‍ എന്‍.എച്ച്.എസ്. ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറക്ടറാണ്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിസ്റ്റില്‍ അംഗം. ഒട്ടേറെ വൈദ്യശാസ്ത്രസമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ലോകപ്രശസ്ത ഹെമറ്റോളജിസ്റ്റ്. തിരുവനന്തപുരത്ത് ജനിച്ച് കോഴിക്കോട്ടെത്തി പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഡോക്ടര്‍ ആയിരക്കണക്കിന് പേരുടെ കാന്‍സര്‍ രോഗം ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും തനിക്ക് ഈ രോഗം വരുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല. തന്നെ ബാധിച്ച രോഗത്തോട് പതറാതെ യുദ്ധംചെയ്യാന്‍ പ്രചോദനമായത് താന്‍ ചികിത്സിച്ച ധീരരായ രോഗികള്‍ തന്നെയാണെന്ന് നന്ദിയോടെ സ്മരിക്കുന്ന സലീം ഷഫീഖ് ഇപ്പോള്‍ കൊറോണ ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട്. അദ്ദേഹത്തിന്റെ ജീവിതം പ്രചോദനാത്മകമായ പോരാട്ടത്തിന്റെ കഥയാണ്.
ട്രിവാന്‍ഡ്രം ഡയറീസ്
മൂന്നുതലമുറയായി ഡോക്ടര്‍മാരുടെ കുടുംബമാണ് ഞങ്ങളുടേത്. ഉപ്പൂപ്പ മേജര്‍ ഡോ. പി.എ. കാസിം ആര്‍മിയില്‍ ഡോക്ടറായിരുന്നു. കരസേനയില്‍നിന്ന് വിരമിച്ചശേഷം അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ അദ്ദേഹം താമസിച്ചു. എന്റെ ഉപ്പ ഡോ. സലീം പഠിച്ചത് നാഗര്‍കോവിലിലാണ്. ഉപ്പൂപ്പ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിന്റെ അഞ്ചുമക്കളും ഡോക്ടര്‍മാരായി. ഇപ്പോള്‍ കുടുംബത്തില്‍ എന്റെ സഹോദരരും കസിന്‍സുമടക്കം 25-ലധികം ഡോക്ടര്‍മാരുണ്ട്.
തിരുവനന്തപുരത്തായിരുന്നു ഞാന്‍ പത്താംക്ലാസ്വരെ പഠിച്ചത്. അതിനുശേഷം എം.ബി.ബി.എസും എം.ഡി.യും കഴിഞ്ഞശേഷമാണ് യു.കെ.യിലേക്ക് ചേക്കേറിയത്. ഞാന്‍ പഠിക്കുന്ന സമയത്ത് ഉപ്പ ഡോ. സലീം യു.കെ.യിലെ ലെസ്റ്ററില്‍ ജോലിചെയ്യുകയായിരുന്നു. എട്ടുവര്‍ഷത്തോളം അവിടെ കഴിഞ്ഞശേഷം അദ്ദേഹം തിരിച്ചുവന്ന് കേരള മെഡിക്കല്‍ സര്‍വീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി. അതിനിടെ ഡെപ്യൂട്ടേഷനില്‍ ലണ്ടനിലേക്കുപോയ അദ്ദേഹത്തിന് അവിടെ അഞ്ചുവര്‍ഷത്തിലധികം ജോലിചെയ്ത് തിരിച്ചുവന്നപ്പോള്‍ നിയമനം ലഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു.
ആ സമയത്താണ് എനിക്ക് ഉപ്പ പഠിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിസിന് പ്രവേശനം ലഭിക്കുന്നത്. അങ്ങനെ 1983-'89 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി. പഠിച്ചുകൊണ്ടിരിക്കുന്നകാലത്ത് അവധിദിവസങ്ങളില്‍ ഞാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറും. അച്ഛന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ച്ചെന്ന് കൂടെനിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു. ഹൗസ് സര്‍ജന്‍സി ഞാന്‍ കോഴിക്കോട്ടാണ് ചെയ്തത്. പി.ജി.ക്ക് പഠിച്ചതും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു. 1992-ല്‍ പഠനം പൂര്‍ത്തിയാക്കി. അന്ന് ഹെമറ്റോളജി കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമേയുള്ളൂ. അച്ഛന്റെകൂടെ ഡിഗ്രി കാലഘട്ടംമുതല്‍ വര്‍ക്കുചെയ്തതിനാല്‍ ഞാനും ഹെമറ്റോളജിയില്‍തന്നെ സ്‌പെഷ്യലൈസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഹെമറ്റോളജി പരിശീലനത്തിനായാണ് ഞാന്‍ യു.കെ.യിലേക്ക് പോയതും. 1994 മുതല്‍ ബര്‍മിങാമിനടുത്ത വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ആശുപത്രിയിലായിരുന്നു പരിശീലനം. അവിടത്തെ പരീക്ഷകള്‍ എഴുതി പാസായി, 2002 മുതല്‍ ഹെമറ്റോളജി കണ്‍സള്‍ട്ടന്റായി ലണ്ടനില്‍ ജോലിചെയ്യാന്‍ തുടങ്ങി.
വിളിക്കാതെവന്ന അതിഥി
ഒരുപാട് അര്‍ബുദരോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്തിയ ആളാണ് ഞാന്‍. സ്വന്തം ശരീരത്തില്‍ അര്‍ബുദബാധ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുറംവേദനയിലായിരുന്നു തുടക്കം. നെഞ്ചിനുനേരെ പിറകിലാണ് വേദനവന്നത്. സാധാരണനിലയില്‍ അവിടെ പുറംവേദനവരാന്‍ സാധ്യതയില്ല. അതിങ്ങനെ വരുകയും പോകുകയും ചെയ്തതിനാല്‍ കുറച്ചുനാള്‍ കാര്യമാക്കിയില്ല. ഔദ്യോഗിക ആവശ്യങ്ങളുമായി അമേരിക്കയിലൊക്കെ പോയി. അപ്പോഴൊന്നും വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോഴും ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ കാണാന്‍തുടങ്ങി. ഇത് വേറെ ഏതോ രോഗത്തിന്റെ ലക്ഷണമാണെന്ന് തോന്നി. സുഹൃത്തായ സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റിനെ കാണിച്ചു. ഹെല്‍ത്ത് ക്ലബ്ബില്‍ പോകുന്നതുകൊണ്ടു സംഭവിച്ച പേശിവലിവായിരിക്കാമെന്നും കുറച്ച് വിശ്രമിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ഞാനും അതു കാര്യമാക്കിയില്ല. വീണ്ടും ജോലിക്കുപോവാന്‍തുടങ്ങി. അപ്പോഴും ഇരിക്കുമ്പോള്‍ പ്രശ്‌നമുണ്ട്. വേദന വീണ്ടും കൂടിയപ്പോള്‍ കണ്ട മറ്റൊരു ഡോക്ടറുടെ നിഗമനവും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നായിരുന്നു. അപ്പോള്‍ എം. ആര്‍.ഐ. ചെയ്തുനോക്കാമെന്ന് ഞാനാണ് പറഞ്ഞത്. അദ്ദേഹം ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് എന്റെ നിര്‍ബന്ധം കാരണം സമ്മതിച്ചു. അര്‍ബുദത്തിന്റെ ഒരു ലക്ഷണവും അന്ന് എന്നില്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞവര്‍ഷം ജനുവരി 14-ന് രാത്രി കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞരമ്പ് തുടിക്കുന്നതുപോലെതോന്നി. എന്തോ പന്തികേടുണ്ടെന്ന് വീണ്ടും തോന്നിയതുകൊണ്ട് എം. ആര്‍.ഐ. സ്‌കാന്‍ ചെയ്തുനോക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു. ഫെബ്രുവരി 12-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ ബാച്ചില്‍ പഠിച്ചവര്‍ ഒത്തുകൂടുന്നുണ്ടായിരുന്നു. അതിനുവേണ്ടി നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. വിമാനടിക്കറ്റ് മാത്രം ബുക്കുചെയ്തിരുന്നില്ല. ജനുവരി 16-ന് രാവിലെ എട്ടുമണിക്കായിരുന്നു സ്‌കാനിങ്. അതുകഴിഞ്ഞ് ഒന്‍പത് മണിക്ക് ക്ലിനിക്കിലേക്ക് പോയി. പത്തരയ്ക്ക് ഒരു മെസേജ് വന്നു. റേഡിയോളജിസ്റ്റിനെ ഒന്ന് വിളിക്കണമെന്നായിരുന്നു അത്. റേഡിയോളജിസ്റ്റിനെ വിളിച്ചപ്പോള്‍ തിരക്കിലായിരുന്നു. എന്റെ ഉള്ളില്‍ ഭയം നിറയാന്‍തുടങ്ങി. കംപ്യൂട്ടറില്‍ എനിക്കുതന്നെ എക്സറേ നോക്കാന്‍ കഴിയും. നിയമപരമായ തെറ്റാണെങ്കിലും ഞാനത് പരിശോധിച്ചു. നട്ടെല്ലില്‍ ചെറിയൊരു ക്ഷതം കാണുന്നു. അതാണ് വേദനയ്ക്ക് കാരണം. ഉടന്‍ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. കാന്‍സറാണെന്ന് എനിക്ക് മനസ്സിലായിരുന്നു. എല്ലിനെ ബാധിക്കുന്ന അര്‍ബുദം, മൈലോമയാണിത്. അര്‍ബുദം വരുന്നതോടെ എല്ലുകള്‍ ചുരുങ്ങുകയും പൊട്ടിപ്പോകുകയും ചെയ്യുന്ന അവസ്ഥ. ഭാര്യയ്ക്കും വലിയ ടെന്‍ഷനായി. റിസല്‍ട്ട് അറിയുന്നതിന് തൊട്ടുമുമ്പ് അവസാനമായി എന്നെ കണ്‍സള്‍ട്ട് ചെയ്യാന്‍വന്ന രോഗിക്കും എനിക്കു വന്നതിന് സമാനമായ അര്‍ബുദമായിരുന്നു!
ഡോക്ടര്‍ രോഗിയാവുമ്പോള്‍
കണ്‍സള്‍ട്ടിങ് സമയം കഴിഞ്ഞ ഉടന്‍ നഴ്സിനോട് പറഞ്ഞ് എന്റെ രക്തപരിശോധന നടത്തി. വളരെ വേഗത്തില്‍തന്നെ അവര്‍ അതിന്റെ റിസല്‍ട്ട് കൊണ്ടുവന്നു. ശരീരത്തില്‍ മറ്റെവിടെയും അര്‍ബുദബാധ ഇല്ലെന്നും നട്ടെല്ലില്‍ മാത്രമാണ് ബാധിച്ചതെന്നും മനസ്സിലായി. മൈലോമ തന്നെയാണെന്ന് ഉറപ്പായതിനാല്‍ ബോണ്‍മാരോ ടെസ്റ്റ് നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ജീവിതത്തില്‍തന്നെ ഏറ്റവും സമ്മര്‍ദം അനുഭവിച്ച മണിക്കൂറുകളായിരുന്നു അത്. എന്റെ മുന്നില്‍ അര്‍ബുദബാധയുമായി എത്തുന്ന ഓരോ രോഗിയും അനുഭവിക്കുന്ന മാനസികസമ്മര്‍ദമെന്താണെന്ന് ആ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു. എന്റെ രോഗവിവരം അറിഞ്ഞതോടെ ആറ് ആഴ്ചത്തേക്ക് സിക്ക് നോട്ട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍ന്മാര്‍ രോഗികളായാല്‍ അവിടത്തെ രീതി അതാണ്.
പിറ്റേദിവസം ബോണ്‍മാരോ ടെസ്റ്റ് നടത്തി. പിന്നാലെ പെറ്റ് സ്‌കാന്‍ ചെയ്തു. അതിലും ഫലം നെഗറ്റീവായതോടെ നട്ടെല്ലില്‍ തന്നെ ഉണ്ടായ അര്‍ബുദമാണെന്നും ശരീരത്തിന്റെ മറ്റുഭാഗത്തുനിന്ന് പടര്‍ന്നതല്ലെന്നും ഉറപ്പിച്ചു. ബോണ്‍മാരോയില്‍ വളരെക്കുറച്ച് മാത്രമേ അര്‍ബുദസെല്ലുകളെ കാണാന്‍ കഴിഞ്ഞുള്ളൂ. അത് സംശയത്തിനിടയാക്കി. നട്ടെല്ലില്‍ ഉടന്‍തന്നെ റേഡിയോതെറാപ്പി ചെയ്യണം എന്ന് ഡോക്ടര്‍മാരുടെ സംഘം തീരുമാനത്തിലെത്തി.
ഞാന്‍ ചികിത്സിക്കുന്ന മൈലോമ രോഗികളുടെ ഒരു സോഷ്യല്‍മീഡിയ ഗ്രൂപ്പ് ഉണ്ട്. ഞാനാണ് ഗ്രൂപ്പിന്റെ ലീഡര്‍. എന്റെ രോഗവിവരം അറിഞ്ഞതോടെ അവര്‍ക്കൊന്നും അത് വിശ്വസിക്കാനായില്ല. ലണ്ടനില്‍ അതിവിദഗ്ധനായൊരു സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റുണ്ടെന്ന് ആ ഗ്രൂപ്പില്‍ ചിലര്‍ പറഞ്ഞു. ഷോണ്‍ മലോയ് എന്നാണ് ഡോക്ടറുടെ പേര്. ആ പേര് മുന്‍പ് പലതവണ ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വളരെ തിരക്കുള്ള ഡോക്ടറാണ്. എന്റെ സെക്രട്ടറിയോട് അപ്പോയ്മെന്റ് ഫിക്സ് ചെയ്യാന്‍ പറഞ്ഞു. അതുവരെയുള്ള എല്ലാ പരിശോധനാഫലങ്ങളും ഓണ്‍ലൈന്‍ വഴി അദ്ദേഹത്തിന് അയച്ചുകൊടുത്തു. ഡോക്ടര്‍മാര്‍ക്കിടയില്‍ പൊതുവേ ഈഗോ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ യു.കെ.യില്‍ അത്തരം കാര്യങ്ങള്‍ വളരെ എളുപ്പമാണ്.
അന്നുരാത്രി ഡോ. ഷോണ്‍ എന്റെ ഫോണിലേക്ക് വിളിച്ചു. തത്കാലത്തേക്ക് റേഡിയോതെറാപ്പി അടക്കം ഒരു ചികിത്സയും ആരംഭിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റേഡിയോ തെറാപ്പി ചെയ്താല്‍ രോഗം സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റാരുടെയും നിര്‍ദേശത്തിന് തത്കാലം ചെവികൊടുക്കേണ്ടതില്ലെന്നും തന്നെ വിശ്വാസമാണെങ്കില്‍ അങ്ങോട്ട് ചെല്ലണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ്തപ്പോള്‍ അവരാരും എതിര്‍ത്തില്ല. കാരണം എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഷോണ്‍ മലോയിയുടേത്.
പിറ്റേന്നു രാവിലെതന്നെ ഞാന്‍ ലണ്ടനിലെ ആശുപത്രിയില്‍ അദ്ദേഹത്തെ കാണാന്‍ചെന്നു. പടച്ചട്ടയ്ക്ക് സമാനമായൊരു കവചം രോഗബാധയുള്ള ഭാഗത്ത് ധരിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. നട്ടെല്ലിന്റെ ചലനത്തെ ആ കവചം സംരക്ഷിക്കും. അതിനുവേണ്ടി എന്റെ നെഞ്ചളവ് എടുത്തു. കവചം ധരിച്ച് സ്റ്റിറോയ്ഡുകള്‍കൂടി തുടങ്ങിയതോടെ വേദന കുറഞ്ഞു. ചികിത്സ അതിവേഗം മുന്നോട്ടുപോയി. സാധാരണ രോഗികള്‍ക്ക് ഉണ്ടാകുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഒന്നും എനിക്കുണ്ടായില്ല എന്നത് അനുഗ്രഹമായി. അതിനിടെ രോഗവിവരം പരസ്യമായിക്കഴിഞ്ഞിരുന്നു. ഒരുപാട് കത്തുകള്‍ വന്നു. അതില്‍ സുഹൃത്തുക്കള്‍മുതല്‍ എന്റെ രോഗികള്‍വരെയുണ്ടായിരുന്നു. ഒരു അസുഖം വന്നാല്‍ കേരളത്തിലാണെങ്കില്‍ എങ്ങനെ മറച്ചുവെക്കാം എന്നാണ് നമ്മള്‍ ചിന്തിക്കുന്നത്. അത് തെറ്റായ രീതിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏത് രോഗം ആര്‍ക്കുവന്നാലും ആദ്യം രോഗിയെ അതിനെക്കുറിച്ച് ബോധവാനാക്കും. പിന്നെ രോഗിയുമായി ബന്ധമുള്ള എല്ലാവരെയും അറിയിക്കും. എല്ലാവരും കൂടിയാണ് രോഗത്തെ നേരിടുക. അവിടെ രോഗം കുറച്ചുകൂടി പെട്ടെന്ന് കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാല്‍ രോഗത്തില്‍നിന്ന് പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്. ഇതുപോലുള്ള രോഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കപ്പെടുന്നുവോ അത്രയും നല്ലതാണ്. രക്തപരിശോധനയിലൂടെയാണ് കണ്ടുപിടിക്കേണ്ടത്.
രഹസ്യങ്ങളില്ല, പരസ്യമാണ് എല്ലാം
ആശുപത്രിയില്‍ പോകാത്ത ദിവസം ഞങ്ങളുടെ ആശുപത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഞാന്‍ രോഗത്തെക്കുറിച്ചൊരു പോസ്റ്റിട്ടു. കാരണം എന്റെ രോഗത്തെക്കുറിച്ച് നഴ്സുമാരടക്കം ആശുപത്രിയിലെ പലര്‍ക്കും അറിവില്ലായിരുന്നു. അവരുടെ അറിവിലേക്കായിരുന്നു ആ കുറിപ്പ്. എന്നാല്‍, ആ ഗ്രൂപ്പ് ഒരു പബ്ലിക് ഗ്രൂപ്പ് ആയിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം പലരും അതോടെ രോഗവിവരമറിഞ്ഞു. പിന്നെ എന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. ഡോക്ടര്‍ക്കുതന്നെ വലിയ രോഗം വരുമ്പോള്‍ അതിനൊരു വാര്‍ത്താപ്രാധാന്യമുണ്ടല്ലോ? ബോധവത്കരണ പരിപാടികള്‍ നടത്തുന്ന പല സംഘടനകളും എന്നെത്തേടിയെത്തി. പല ചാരിറ്റി സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ പേരുകൂടി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. ഞാന്‍ സമ്മതംമൂളി.
ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ വലിയ പ്രശ്‌നങ്ങളുള്ളതായി എനിക്ക് തോന്നിയില്ല. ആശുപത്രിയില്‍ വീണ്ടും ജോയിന്‍ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിച്ചു. മാനേജ്മെന്റ് ജോലികള്‍ മാത്രം ചെയ്യാമെന്നും തത്കാലം ക്ലിനിക്കില്‍ ഇരിക്കില്ലെന്നുമാണ് ഞാന്‍വെച്ച നിര്‍ദ്ദേശം. ആശുപത്രി അത് അംഗീകരിച്ചു. അങ്ങനെ ജനുവരിയില്‍ രോഗബാധിതനായ ഞാന്‍ ഫെബ്രുവരിയില്‍തന്നെ ജോലിയില്‍ തിരിച്ചെത്തി. അത് രോഗികളടക്കം പലര്‍ക്കും അതിശയമായി. അര്‍ബുദബാധിതനായ ഒരാള്‍ മൂന്ന് ആഴ്ച മാത്രം ചികിത്സനടത്തി ജോലിക്ക് തിരിച്ചുവന്നത് പല രോഗികള്‍ക്കും പ്രചോദനവും പ്രതീക്ഷയും നല്‍കി.
ആ ദിവസങ്ങളിലൊന്നില്‍ ആശുപത്രിയില്‍വെച്ച് എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഇത്തരം രോഗികളില്‍ സാധാരണയായ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അത് അര്‍ബുദചികിത്സയുടെ പാര്‍ശ്വഫലമായി ചിലപ്പോള്‍ സംഭവിക്കുന്നതാണ്. അതാണോ എന്ന സംശയത്തില്‍ ഞാന്‍ ഡോക്ടറെ സമീപിച്ചു. കാര്‍ഡിയോളജിസ്റ്റിനെ കാണാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഹൃദയത്തിന് കാര്യമായ കുഴപ്പമുണ്ടെന്ന് കാര്‍ഡിയോളജിസ്റ്റ് പരിശോധനയ്ക്കുശേഷം പറഞ്ഞു. അമലോയ്ഡ് ടെസ്റ്റ് നടത്തണം. അമലോയ്ഡോസിസ് എന്നാല്‍ ഹൃദയം, വൃക്ക എന്നിവയെ ബാധിക്കുന്ന രോഗാവസ്ഥയാണ്. മൈലോമയുള്ളവര്‍ക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലുമാണ്. ആ രോഗം വന്നാല്‍ പ്രശ്‌നമാണ്. അതോടെ ഞാന്‍ വീണ്ടും നിരാശനായി. ഒരുവിധത്തില്‍ രക്ഷപ്പെട്ടുവരുമ്പോഴാണ് അടുത്തപ്രശ്‌നം. എന്നാല്‍, ആ ടെസ്റ്റിന്റെ റിസള്‍ട്ട് നോര്‍മലായതോടെ ആശ്വാസമായി. നാലുഘട്ടങ്ങളിലാണ് മൈലോമ ചികിത്സയുടെ ആദ്യഭാഗം പൂര്‍ത്തിയാക്കുന്നത്. അതുകഴിഞ്ഞാല്‍ ഒരു മാസം പൂര്‍ണ വിശ്രമമാണ്. ശേഷം സ്റ്റെറ്റം സെല്‍സ് ശേഖരിക്കും. പിന്നെ അതിന്റെ ചികിത്സയാണ്. ഈ ചികിത്സ നടക്കുന്നതിനിടെ ഒരുദിവസം കാലില്‍ കത്തികുത്തിയിറക്കിയതുപോലെ ഒരുവേദന. ഉറങ്ങാന്‍പോലും പറ്റാത്ത അവസ്ഥ. ഞരമ്പില്‍ സംഭവിച്ച ആഘാതമായിരുന്നു അതിനു കാരണം. അത് ആദ്യഘട്ട ചികിത്സയുടെ വൈകിയുള്ള പാര്‍ശ്വഫലമായിരുന്നു. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നായിരുന്നു അത്. ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോള്‍ മരുന്ന് നിര്‍ദേശിച്ചു. അത് കഴിച്ചപ്പോള്‍ വേദന കുറയുകയും ചെയ്തു. എന്നാല്‍, വേദനകാരണം സാധാരണ ധരിക്കുന്ന ഷൂസ് ധരിക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് എന്റെ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പാദരക്ഷ ഇടാതെ നടക്കാന്‍തന്നെ പറ്റില്ല. ആ സമയത്ത് വേദനയില്ലാതെ നടക്കാവുന്ന ഒരു ഷൂവിനായുള്ള അന്വേഷണത്തില്‍ സഹായിച്ചത് എന്റെ മകളാണ്. ഹെല്‍ത്ത്കെയര്‍ പ്രൊഫഷണല്‍സ് ഉപയോഗിക്കുന്ന അകത്ത് എയര്‍ കുഷ്യനുള്ള ഷൂസുകള്‍ കണ്ടെത്തി ധരിക്കാന്‍ തുടങ്ങിയതോടെ ആ വേദനയ്ക്കും ആശ്വാസമായി.
ആശുപത്രിക്കാലം
ബോണ്‍മാരോ ട്രാന്‍സ്പ്‌ളാന്റ് നടത്തി. എന്റെ ശരീരത്തിലെ ബോണ്‍മാരോ തന്നെയാണ് ഉപയോഗിച്ചത്. സര്‍ജറിക്കുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീമോ ചെയ്യുന്നതിനാല്‍ ഈ സമയം ഒന്നും കഴിക്കാന്‍ പറ്റില്ല. ഭക്ഷണത്തിനൊന്നും രുചി തോന്നില്ല. മുടി മുഴുവന്‍ പോയി. വായയ്ക്ക് പ്രശ്‌നം വരും. ഞാന്‍ ചികിത്സിച്ച രോഗികള്‍ തന്നെയാണ് അതിന് പരിഹാരം പറഞ്ഞുതന്നത്. ചികിത്സാസമയത്ത് വായില്‍ ഐസ് ക്യൂബ് വെച്ചാല്‍മതി. അങ്ങനെയൊരു രീതി ഡോക്ടറായ എനിക്ക് അറിയില്ലായിരുന്നു. നഴ്സുമാരാണ് ഇത്തരം വഴികളെക്കുറിച്ച് കൃത്യമായി അറിവുള്ളവര്‍. കാരണം രോഗികളുടെ കൂടെനില്‍ക്കുന്നത് അവരാണ്. കീമോ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞതുപോലെ ഐസ് ക്യൂബ് വെച്ചതിനാല്‍ വായില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. ഒന്നര മണിക്കൂറോളം നേരം വായില്‍ ഐസ് വെക്കണം. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും ഉപകാരപ്പെട്ടു. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്ക് തിരിച്ചു. തുടര്‍ചികിത്സ മുടക്കമില്ലാതെ നടന്നു. ഈ ഘട്ടത്തില്‍ ഭാര്യ ഷബാനമാണ് ഏറെ വിഷമിച്ചത്. പക്ഷേ, അവളെന്റെ കൂടെത്തന്നെനിന്ന് രോഗത്തെ നേരിട്ടു. മകനും മകളും ലണ്ടനില്‍ പഠിക്കുകയാണ്. രണ്ടുപേരും രോഗവിവരം അറിഞ്ഞപ്പോള്‍ ഓടിയെത്തി, കൂടെത്തന്നെ നിന്നു. അസുഖകാലത്ത് വീട്ടില്‍ ഒന്നും പാചകം ചെയ്യേണ്ടിവന്നില്ല. സുഹൃത്തുക്കളാണ് ഭക്ഷണം പാകംചെയ്ത് കൊണ്ടുവന്നിരുന്നത്.
ശാരീരികമായി വലിയ പ്രശ്‌നങ്ങളില്ലെന്ന് തോന്നിയപ്പോള്‍ നാട്ടിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. അങ്ങനെ വിടാന്‍ പറ്റില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കൃത്യമായ നിര്‍ദേശങ്ങളോടെ യാത്രാനുമതി നല്‍കി. ഒരുമാസം കേരളത്തില്‍ കഴിഞ്ഞത് എനിക്ക് പുതിയ ഊര്‍ജം നല്‍കി. എട്ടുമാസത്തോളം ഞാന്‍ ജോലിയില്‍നിന്ന് വിട്ടുനിന്നു. അതിനുശേഷം തിരികെ പ്രവേശിച്ചപ്പോള്‍ ഒരുപാട് രോഗികള്‍ കാണാന്‍വന്നു. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവരുടെ മാതാപിതാക്കളും എല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥനകളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇപ്പോള്‍ ഞാന്‍ പുതിയൊരു ഡോക്ടറാണ്. ഇതുവരെ ഞാന്‍ അര്‍ബുദത്തെക്കുറിച്ച് പഠിച്ച് ചികിത്സിക്കുന്ന ഡോക്ടറായിരുന്നു. ഇപ്പോള്‍ ഞാന്‍ അര്‍ബുദം ബാധിച്ച് അതില്‍നിന്ന് മുക്തിനേടി ചികിത്സനടത്തുന്ന ഡോക്ടറായിരിക്കുന്നു. രോഗത്തിന്റെ വേദനയും സമ്മര്‍ദവും എത്രയാണെന്ന് ഏതൊരു രോഗിയെപ്പോലെയും ഇപ്പോള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് മനസ്സിലാകും.
അതെ, സലീം ഷഫീഖ് ഇപ്പോള്‍ പുതിയൊരു മനുഷ്യനും ഡോക്ടറുമാണ്. രോഗികളുടെ മനസ്സറിഞ്ഞ് ചികിത്സിക്കുകയും രോഗങ്ങള്‍ക്കുള്ള വലിയ മരുന്ന് മനസ്സുതന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഭിഷഗ്വരന്‍.
Content Highlights: Dr Salim Shafeek, Haematologist, Cancer, Shabnam Shafeek
alokviswa@gmail.com